1

അന്തർജ്ജനം.

എന്തൊരു വാക്കാണത്. ( ആത്തേമ്മാര് ഇതിന്റെ മലയാളം ) . അന്തർജ്ജനം എന്ന വാക്കിന്റെ പ്രായോഗികമായ അർത്ഥം  തടവുപുള്ളി എന്നായിരുന്നു. ഈ അർത്ഥത്തിൽ നിന്നാണ് ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ‘ എന്ന സദിശശീർഷകം ഉണ്ടായത് എന്ന് ഊഹിക്കാൻ തോന്നുന്നു.

ആണും പെണ്ണും തമ്മിലുള്ള ഇഷ്ടം പ്രകൃതിയിൽ ഉള്ളതാണ്. യാഥാസ്ഥിതിക നമ്പൂതിരി സംവിധാനത്തിൽ ഇത് ഇല്ല. ആചാരങ്ങളും കീഴ് വഴക്കങ്ങളും കൊണ്ട് ‘ പ്രണയം, അനുരാഗം തുടങ്ങിയ  സാദ്ധ്യതകൾ കർശനമായി വിലക്കപ്പെട്ടുപോന്നു.

യൗവനം  എന്ന അനുഭവം തന്നെ റദ്ദാക്കപ്പെട്ടുവെന്നാണ് കരുതേണ്ടത്. ആൺകോയ്മയുടെയും  വൃദ്ധാധികാരത്തിന്റെയും അടിത്തറയ്ക്കും മേൽക്കൂരയ്ക്കും  ഇടയിലായിരുന്നു ഇല്ലങ്ങളിലെയും  മനകളിലെയും ജീവിതം. വെള്ളംകെട്ടിക്കിടക്കുന്ന പഴയകുളമായിരുന്നു അതിന് പറ്റിയ ഉപമേയം. വേദവാക്യങ്ങൾ അർത്ഥഗതിയില്ലാതെ ആ സമുദായ ഗൃഹത്തിൽ ചുറ്റിത്തിരിഞ്ഞു. നാടകീയമായി ഒന്നും സംഭവിക്കാറുണ്ടായിരുന്നില്ല. ഈ അവസ്ഥയാണ് ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്കി’നെ സാധ്യമാക്കിയത്.

1929 ഡിസംബർ 24 ന്റെ തണുത്ത രാത്രിയെ ചൂടുപിടിപ്പിച്ച  ആ നാടകത്തിൽ നമ്പൂതിരിമാർ മാത്രമേ കളിച്ചുള്ളൂ. അവർ തന്നെ അവരുടെ ജീവിതം അവർക്കു തന്നെ കാണാനായി കലയാക്കിക്കളിച്ചു എന്ന് ജനാധിപത്യത്തിന്റെ നിർവ്വചനത്തെ ഓർത്തുകൊണ്ട് പറയാം. ദൃശ്യവിദ്യാഭ്യാസമായിരുന്നു അത്. തങ്ങൾക്ക് ഏറെ പരിചിതമായ സ്വജീവിതരംഗങ്ങൾ  അവർ തന്നെ കണ്ടപ്പോൾ സ്വന്തം അവസ്ഥയിലെ ആഴമേറിയ വൈരുധ്യങ്ങൾ അവർ കണ്ടറിഞ്ഞു . ആചാരമെന്ന് കണ്ട് അനുസരിച്ച് പോന്ന മിക്കതും  കാലോചിതമല്ല എന്ന് സ്വയം തിരുമാനിക്കാൻ കാണികൾക്ക് കഴിഞ്ഞു. പ്രക്ഷോഭ – പ്രചരണ ( agit – prop ) നാടകമായിരുന്നു അത്. ഒരു ഇല്ലത്തിന്റെ സാധാരണ ദൃശ്യപ്രകൃതങ്ങൾ നാടകയരങ്ങിൽ കാട്ടിയപ്പോൾ അവയ്ക്കുണ്ടായ അർത്ഥ മാറ്റങ്ങൾ  ശ്രദ്ധേയമായിരുന്നു. സാധാരണത്വത്തിന്റെ പ്രസാധനം (എഡിറ്റിംഗ്) വഴിയുണ്ടാക്കുന്ന കലാത്മകതയെന്ത്  എന്ന്  വ്യക്തമാക്കിയ അവതരണമായിരുന്നു അത്.  കലയിലെ യാഥാർത്ഥ്യത്തിന്റെ സവിശേഷതകൾ കണ്ടറിയാൻ പ്രയോജനപ്പെടുന്ന രംഗപാഠമായി അത് പലർക്കുമനുഭവപ്പെട്ടിരിക്കണം. നാടകം വെറും വിനോദമല്ല എന്ന് പലരും നടാടെ അറിഞ്ഞു എന്നും കരുതാം.

അത് കളിച്ച 1929 തന്നെയായിരുന്നു അതിന്റെ കാലം. കേരളജീവിതത്തിന്റെ ഓരോ അടരിലും മാറ്റം എന്ന വിഷയം സന്നിഹിതമായിക്കഴിഞ്ഞ കാലം.

മാറ്റം എന്നത് അനിവാര്യമാണെന്ന് ഏതെങ്കിലും നിലയിൽ ധരിക്കലും അതിനായി എതെങ്കിലും അളവിൽ പ്രവർത്തിക്കലുമാണ് യൗവനത്തിന്റെ ലക്ഷണമെന്ന് അന്ന് വ്യക്തമായിരുന്നു.

എന്തുകൊണ്ട് ( വടക്കിനിയേടേത്ത് ) ഇല്ലപ്പറമ്പിൽ കളിച്ചു?  സ്ത്രീകളടക്കം കാണണം നാടകം. അവർ പുറത്തെ കളിക്കു വരില്ല. ഇല്ലത്തു തന്നെ കളിച്ച നാടകം സ്വന്തം നില മാറി നിന്നു കാണാൻ അവരെ സഹായിച്ചു. മനസ്സിലാക്കലാണ് മാറ്റത്തിന്റെ ആദ്യരംഗം .

2

പട്ടിയായി ജനിക്കാം,, പൂച്ചയായി ജനിക്കാം. മറ്റേതു നികൃഷ്ടജീവിയായും ജനിക്കാം. നമ്പൂതിരി സമുദായത്തിലെ അപ് ഫനാവാൻ മാത്രം വയ്യ ” : നാടകത്തിലെ വി.എം. എന്ന ചെറുപ്പക്കാരന്റെ മൊഴിയാണ്. അപ്ഫന്മാർ അനാഥരായിരുന്നു – അന്യവത്കൃതരും. ഉറ്റവരില്ല – ഉഭയവുമില്ല. അവരുടെ സംഘം ചേരലും സമരം ചെയ്യലുമാണ് ഈ നാടകത്തിലും കലാശിച്ചത്.

ഇല്ലത്തിനപ്പുറം ഉലകമുണ്ട്. അമ്പലത്തിനപ്പുറം അകലങ്ങളുണ്ട്. ഒരു തപാൽ വിലാസത്തിലെന്ന പോലെ പുറംലോകങ്ങളെ കാണിച്ചുകൊടുത്ത  നാടകമാണ് ഇത്. മദിരാശിയുണ്ട്. ലണ്ടൻ ഉണ്ട്. പാരീസ്  ഉണ്ട് . ഈ ദേശങ്ങളൊക്കെ ആധുനികതയുടെ  അരങ്ങുകളായി നാടകത്തിൽ വരുന്നു.

കോടതിയുണ്ട്. കോടതിയുത്തരവ്  അനുസരിക്കാതിരിക്കാൻ വയ്യാത്ത ഒന്നാവുന്നത്  അത് ആചാരത്തിനപ്പുറത്തെ ആധുനികതയായതിനാലാണ്.

നാടകത്തിൽ പല ഭാഷകൾ ഉണ്ട്. സംസ്കൃതത്തിൽ തുടങ്ങുന്നു ഋഗ്വേദത്തിന്റെ ഉച്ചാരണത്തിൽ. പാരമ്പര്യത്തിന്റെ ഒച്ചയാണത്. നാടകം തീരുന്നത് ഹിപ് ഹിപ് ഹൂറൈ എന്ന ഇംഗ്ളീഷ് കുരവയിൽ.  കുരവയിടുന്നത് ഒരു നമ്പൂതിരിക്കൂട്ടം.അത് ആധുനികതയുടെ ശബ്ദപ്രതീകം.  ആധുനികതയെ വേട്ടിട്ടാണ് അരങ്ങ് പിരിയുന്നത്.

നാടകത്തിൽ പല തരം മലയാളങ്ങൾ. നമ്പൂതിരിമലയാളത്തിന്റെ ആർക്കൈവാണ് നാടകം. സർക്കാർ മലയാളവും കോടതി മലയാളവും ഉണ്ട്, തമിഴ് ഉണ്ട്. ഇംഗ്ലീഷ് മൊഴികൾ പലതുണ്ട്.

കീഴാള മലയാളവും ഉണ്ട്. ചെറുമിയുടെയും ജ്ഞാനാധികാരിയായ ഓതിയ്ക്കനും ( ചരിത്രത്തിന്റെ ) മുക്കൂട്ടപ്പെരുവഴിയിൽ വെച്ച് കാണുന്നുണ്ട്. ശരിയായ കൺഫ്രന്റേഷൻ. ചെറുമി ചോദിക്കുന്നു: “അടിയങ്ങളും മനുശ്യന്മാരല്ലേ മ്പ്രണാ?” അന്തർജ്ജനത്തിന് സാധ്യമല്ലാത്ത ഭാഷാ വിന്യാസം പുറംജാതിയ്ക്ക് സാധിക്കുന്നു.

(ഇതു കാണുമ്പോൾ വടക്കേ വടക്കൻ മലയാളി പൊട്ടൻതെയ്യത്തോറ്റമോർക്കുന്നു.)

3.

1919 – ൽ ‘ചിന്താവിഷ്ടയായ  സീത’ വന്നു.പത്തുകൊല്ലം കഴിഞ്ഞ് ഈ നാടകം. ഇതിൽ ചിന്താവിഷ്ടയായ  തേതി ഉണ്ട്. അവൾ ഉറക്കെ ചിന്തിക്കുന്നു, സംസാരിക്കുന്ന സ്ത്രീകൾ ഇതിൽ കുറേ ഉണ്ട്, കവിതയെഴുതുന്ന സ്ത്രീകളും.ആഖ്യാനത്തിനുള്ള അവകാശം നേടിയവർ.

‘ഇന്ദുലേഖ’യാണ് കേരളത്തിലെ നവോത്ഥാനത്തിന്റെ മാസ്റ്റർ ടെക്സ്റ്റ്  എന്ന് പറയാറുണ്ട്. ഈ നാടകത്തിന് പല നിലകളിൽ ‘ ഇന്ദുലേഖ’യുമായി ബന്ധം കാണുന്നു. മാധവൻ രണ്ടിലും യുവാവായി ഉണ്ട്, പ്രണയം ഉണ്ട്, വൃദ്ധമാംഗല്യ കഥയുണ്ട്.   യുവാക്കളുടെ വിവാഹത്തിന് തടസ്സം ഉണ്ട്,ദൂരദേശങ്ങൾ ഉണ്ട്. ഇംഗ്ലിഷ് അടക്കമുള്ള ആധുനികസ്ഥാപനങ്ങൾ ഉണ്ട്. ആശയചർച്ചയുണ്ട്, യൗവനത്തിന്റെ വിജയം ഉണ്ട്.

4.

1929 ഡിസംബർ 24 ന്റെ നാടകാവതരണം ഇരമ്പുന്ന വിജയമായിരുന്നു.

നാടകത്തെ അവഗണിച്ച്  ഉറങ്ങിക്കിടന്നവർ  കയ്യടിയൊച്ച കേട്ട്  ഉണർന്നുവന്ന് ടിക്കറ്റെടുത്ത് കാണിക്കുട്ടത്തിന്റെ ഭാഗമായി. (തങ്ങൾക്ക് മുന്നിലെ ഓലമറ നമ്പൂതിരി സ്ത്രീകൾ ഒരു രംഗം കഴിയുമ്പോഴേക്കും  തൂണിളക്കി പൊളിച്ചു മാറ്റിക്കളഞ്ഞു -പിന്നീടുണ്ടായ ഒരു അവതരണസ്ഥലത്ത് .)

നാടകമെഴുതിയ വി.ടി.യെ അപായപ്പെടുത്താൻ ആ യുവനേതാവ് കുളിക്കാൻ പോകുന്ന വഴിക്കരികിലെ മരത്തിൽ വലിയൊരു കല്ലുമായി  ഒരുത്തൻ ഒളിഞ്ഞിരുന്നു. നമ്പൂതിരി തന്നെ — അശാന്തിക്കാരൻ. അന്ന് വി ടി ആ വഴിക്ക് പോയില്ല, അനിയൻ പോയി. ആളുമാറി കല്ല് താഴേക്കിട്ടു. വീണത് കാലിലായതു കൊണ്ട് ജീവൻ പോയില്ല.

5.

പൗരോഹിത്യത്തിന് വീണ്ടും സാംസ്ക്കാരികാധികാരം കൈവരുമ്പോൾ, ചത്ത ആചാരങ്ങൾ തിരികെയെത്തുമ്പോൾ, പുതിയ ആചാരങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ, ജാത്യഭിമാനം കൊടിയേറുമ്പോൾ , വലതുപക്ഷ രാഷ്ടീയം മത-ജാതി സ്വത്വങ്ങളെ ഉണർത്തിയെടുക്കുമ്പോൾ ആചാരലംഘനത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും  ഈ നാടകത്തിന് പുതിയ പ്രസക്തി കൈവരുന്നു. നാടകം പഴകിയിട്ടില്ല . 

നാടകത്തിലെ ഒരു അനുരഞ്ജനസന്ദർഭത്തോട് (നാടകാന്ത്യത്തിലെ ഒരു സന്ദർഭമാണിത്. മാധവൻ പറയുന്നു:  ( ” പുരുഷന്റെ മേന്മയ്ക്കു വേണ്ടി സ്ത്രീ അബലയായിത്തന്നെ ഇരിക്കട്ടെ. എന്നാൽ അവളുടെ ആനതമായ തോളിലാണ് ഗൃഹമെന്ന മഹാ സ്ഥാപനത്തിന്റെ ഭാരം.അവളുടെ മാതൃഹൃദയത്തിനലിവുണ്ടാകണം , സമുദായത്തിന്റെ വളർച്ചയ്ക്ക്. അവളുടെ പട്ടുടയാട തന്നെ ചീന്തേണ്ടി വരും, രാജ്യത്തിന്റെ മുറികെട്ടാൻ  ” ) വിമർശനാത്മകമായ നിലപാടെടുക്കാൻ പുതിയ അവതരണ വേദിയിൽ സ്ത്രീകൾ തയ്യാറായതിന് ഈ ലേഖകൻ സാക്ഷി.

അടുക്കളയിൽ നാടകത്തിന്റെ തൊണ്ണൂറാം വാർഷികം ആയിരുന്നു ഈ ഡിസംബർ

2019 അവതരണത്തിൽ നിന്നാണ് ഫോട്ടോകൾ

  • അമ്പിളി കലാസമിതി ,വട്ടംകുളം, എടപ്പാൾ
  • സംവിധാനം: സി.എം. നാരായണൻ (ആറങ്ങോട്ടുകര)

Comments

comments