(എട്ടാമത് നവമലയാളി സാംസ്കാരിക പുരസ്കാരം എം പി പരമേശ്വരന് സമർപ്പിച്ചുകൊണ്ട് നടത്തിയ ഉൽഘാടനപ്രസംഗത്തിൻ്റെ ലിഖിതരൂപം)
എം പി പരമേശ്വരൻ: ദർശനത്തിൻ്റെ സൂക്ഷ്മത, പ്രയോഗത്തിൻ്റെ പൂർണ്ണത – സി പി ജോൺ
ഇത്തവണത്തെ നവമലയാളി പുരസ്കാരം നൽകുന്നത് പ്രിയങ്കരനായ എം പി പരമേശ്വരനാണ്. എംപി പരമേശ്വരൻ എനിക്കാരാണ്, എൻറെ തലമുറയ്ക്കാരാണ്, എംപി പരമേശ്വരന്മാരെ സൃഷ്ടിച്ച രാഷ്ട്രീയപരിസരം എന്താണ് എന്നതെല്ലാം ചെറിയ വാക്കുകളിൽ പരിശോധിക്കുവാൻ മാത്രമാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. നിങ്ങളിൽ മിക്കവർക്കും അറിയുന്നതുപോലെ ഞങ്ങൾ സ്നേഹത്തോടെ എം പി എന്ന് വിളിക്കുന്ന എം പി പരമേശ്വരൻ, 1960-കളിൽ തന്നെ റഷ്യയിൽ നിന്നും ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച്.ഡി എടുത്ത ഒരു വിദഗ്ധനാണ്. അതെല്ലാം കഴിഞ്ഞ് ഏതൊരു ഘട്ടത്തിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായി മാറിയത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടുമില്ല അദ്ദേഹം എന്നോടൊട്ട് പറഞ്ഞിട്ടുമില്ല. ചിന്താ പബ്ലിഷേഴ്സിന്റെ ചുമതലക്കാരിൽ പ്രമുഖൻ ആയിട്ടുള്ള വ്യക്തി എന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ ആദ്യം അറിയുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും അദ്ദേഹത്തിൻറെ ധിഷണയുടെയും ചൂടും വെളിച്ചവും ഏറ്റുകൊണ്ടാണ് എന്റെ തലമുറയിൽപ്പെട്ട വിദ്യാർത്ഥി നേതാക്കളും ശാസ്ത്ര-സാഹിത്യ പ്രവർത്തകരും വളർന്നതും വലുതായതും.

ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത് — ഞാൻ എസ്എഫ്ഐയുടെ പ്രസിഡൻ്റ് ആയിരുന്നപ്പോഴാണോ, അതോ അതിനു തൊട്ടുമുൻപുള്ള കാലത്താണോ എന്ന് കൃത്യമായി ഓർമ്മയില്ല, 1979-ലോ 80-ലോ മറ്റോ ആണ് – ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വഞ്ചിയൂരിലുള്ള ഓഫീസിൽ വച്ചാണ്. നിരവധി അടുപ്പുകളിലായി വെള്ളം ചൂടാക്കുകയും, അരി വേവിക്കുകയും, അവയിലെല്ലാം തെർമോമീറ്ററുകൾ കിട്ടിത്ത തൂക്കുകയും ഒക്കെ ചെയ്തു വച്ചിരുന്ന ഒരു ഇമ്പ്രോവൈസ്ഡ് ലബോറട്ടറിയിൽ അദ്ദേഹം പല പരീക്ഷണങ്ങളും ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അത്. എന്താണ് എംപി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഞാൻ ചോദിച്ചു.
കാട് വെട്ടരുത് എന്ന് വെറുതേ പറഞ്ഞിട്ട് കാര്യമില്ല; സാധാരണക്കാരായ മനുഷ്യർ കാട്ടിൽ പോകുന്നതും അവിടെ മരങ്ങൾ വെട്ടുന്നതും മറ്റും വിറക് ശേഖരിക്കുന്നതിനാണ്. ഇത്ര ലക്ഷം വീടുകളിൽ ഇത്ര ടൺ വിറക് ആവശ്യമുണ്ട്. അപ്പോൾ ഇന്ധനക്ഷമത കൂടിയ അടുപ്പുകൾ ലക്ഷക്കണക്കിന് ഉണ്ടാക്കിയാൽ, വിറകിൻ്റെ ആവശ്യം പകുതിയായി കുറയും എന്നതിലുള്ള എം പിയുടെ കാൽക്കുലേഷനുകളായിരുന്നു മറുപടി. ഡിമാൻഡും സപ്ലൈയും തമ്മിൽ എങ്ങനെയാണ് പ്രായോഗിക തലത്തിൽ ബന്ധിപ്പിക്കേണ്ടത് എന്നാണ് എം പി അതിലൂടെ എനിക്ക് വിശദീകരിച്ചത്. ശാസ്ത്രമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും കേവല വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിൽ മാത്രം ഉണ്ടായിരുന്ന എനിക്ക് ഇത്ര സൂക്ഷ്മമായിട്ടാണോ ശാസ്ത്രജ്ഞന്മാർ ചിന്തിക്കുന്നത് എന്നോർത്ത് അത്ഭുതം തന്നെയുണ്ടായി. പുകയില്ലാത്ത അടുപ്പുകൾ എന്ന് പറയുമ്പോൾ അത് പുക കണ്ണിലേക്ക് അടിക്കുന്നത് തടയുന്നതിന് മാത്രമാണ് എന്ന് ആളുകൾ വിചാരിക്കുന്നിടത്ത് കാടുവെട്ടുന്നത് കുറയണമെങ്കിൽ പുകയില്ലാത്ത അടുപ്പ് ഉണ്ടാകണം എന്ന നിഗമനത്തിലേയ്ക്ക് അവരെ എത്തിക്കാൻ ശ്രമിക്കുന്ന മനുഷ്യനാണ് എം പി. ആ എഴുപതുകൾ സൈലൻ്റ് വാലിയുടെ കാലവുമായിരുന്നു.
കഴിഞ്ഞവർഷം, അദ്ദേഹം വീൽചെയറിൽ ആയതിനു ശേഷം, വയനാട്ടിലെ ഒരു ഗ്രാമത്തിൽ ഞാനൊരു പരിപാടിയിൽ പങ്കെടുക്കാൻ ചെന്നപ്പോൾ അവിടെ എംപിയും വന്നിട്ടുണ്ട്. സി കെ ജാനു അടക്കമുള്ള നിരവധി ആദിവാസി ഗോത്ര നേതാക്കളൊക്കെയും അവിടെയുണ്ട്. അവിടുത്തെ പഞ്ചായത്ത് പ്രസിഡണ്ടും, കഷ്ടകാലത്തിന്, അവിടെയുണ്ടായിരുന്നു. ഞങ്ങളെല്ലാം ഒരേ സെഷനിലാണ് പങ്കെടുത്തത്. എംപി വീൽചെയറിൽ പങ്കെടുക്കാൻ വന്നപ്പോൾ ആളുകൾ വിചാരിച്ചത് ഇദ്ദേഹം എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട് പോകുമെന്നായിരിക്കണം. അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിച്ചു- “ഈ പഞ്ചായത്തിൽ എത്ര പശുക്കൾ ഉണ്ട്?” പഞ്ചായത്ത് പ്രസിഡൻറ് അതിശയിച്ചു പോയിട്ടുണ്ടാകണം, അവർക്കത് അറിയില്ലായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റിന് തൻ്റെ പഞ്ചായത്തിൽ എത്ര പശുക്കൾ ഉണ്ട് എന്ന് അറിയാൻ പാടില്ല എന്നതാണ് അന്ന് എം പി അവതരിപ്പിച്ച സ്റ്റാറ്റിസ്റ്റിക്സിലെ ഒന്നാമത്തെ കാര്യമായത്. പഞ്ചായത്ത് പ്രസിഡൻ്റിന് അത് അറിവുണ്ടായിരുന്നില്ലെങ്കിലും എം പി ആ പഞ്ചായത്തിൽ എത്ര പശുക്കൾ ഉണ്ടെന്നും മറ്റുമൊക്കെയുള്ള കണക്കൊക്കെ അന്വേഷിച്ച് പഠിച്ചിട്ടാണ് അവിടെ വന്നിട്ടുള്ളത്. അവയിൽ നിന്നും ശരാശരി ഇത്ര പാലാണ് കിട്ടുന്നതെന്നും ഇത്ര ലിറ്റർ പാല് കൂടി ഒരു പശുവിൽ നിന്നും ശരാശരി കിട്ടിയാൽ ആ പഞ്ചായത്തിലെ പ്രോട്ടീൻ ലഭ്യത മെച്ചപ്പെടും എന്നുമുള്ള കണക്ക് അദ്ദേഹത്തിൻറെ കയ്യിൽ ഉണ്ടായിരുന്നു. അതാണ് എംപി പരമേശ്വരൻ.
തന്റെ ജീവിതം മുഴുവൻ ശാസ്ത്രത്തിൻറെ സൂക്ഷ്മതകളിൽ അതിനെ കാണുകയും സാങ്കേതികവിദ്യയുടെ പൂർണ്ണതയിൽ അതിനെ പ്രയോഗിക്കുകയും, ജനകീയമായ ഒരു ശാസ്ത്ര പ്രസ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്ത, കേരളത്തിൽ സമാനതകൾ ഇല്ലാത്ത ശാസ്ത്രജ്ഞനും അധ്യാപകനും ശാസ്ത്രപ്രവർത്തകനുമാണ് എം പി പരമേശ്വരൻ. അദ്ദേഹത്തിൻറെ ധിഷണാവൈഭവത്തെക്കുറിച്ച് അല്പമായി ഞാൻ സൂചിപ്പിക്കാൻ ശ്രമിച്ചത് നിങ്ങൾക്ക് ഏറെക്കുറെ മനസ്സിലായിട്ടുണ്ടാകും എന്ന് കരുതട്ടെ.
ചിന്തയുടെ ചുമതലക്കാരുമൊക്കെയായ സിപി നാരായണൻ, എം പി പരമേശ്വരൻ, തോമസ് ഐസക്ക്, ഡോക്ടർ ഇക്ബാൽ, പിന്നെ ഞാനുമെല്ലാം അടങ്ങിയ ഒരു സംഘം ഉണ്ടായിരുന്നു മുൻപ്. പട്ടത്തെ എൽഐസി ലെയ്നിലാണ് അന്ന് എം പി താമസിക്കുന്നത്. എല്ലാ ആഴ്ചയും അദ്ദേഹത്തിൻ്റെ വീട്ടിൽ ഞങ്ങൾ ഒത്തുകൂടും. ഉപചാരങ്ങൾ ഒന്നുമില്ല. നേരെ കാര്യത്തിലേക്ക് കടക്കും. ആ ആഴ്ചയിൽ ഇതിൽ ഏതെങ്കിലും ഒരാൾ കണ്ടുവെച്ചിട്ടുള്ള ഏതെങ്കിലും ഒരു വിഷയം അന്ന് അവിടെ വിശദമായി ചർച്ച ചെയ്യുന്നതാണ് രീതി.
അക്കാലത്തെല്ലാം എത്രയാണ് അദ്ദേഹം എഴുതിയത്! കൃഷ്ണകുമാറിനെ പോലെ അദ്ദേഹത്തിൻറെ ഒപ്പം ശാസ്ത്രരംഗത്ത് പ്രവർത്തിച്ച ആളുകളെ നിങ്ങൾക്കറിയാം. അതിനിടയിലാണ് സാക്ഷരത പ്രസ്ഥാനം തുടങ്ങുന്നത്. എത്ര മണിക്കൂറാണ് എം പി പരമേശ്വരൻ ഒരു ദിവസം പ്രവർത്തിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം, എത്ര പശുക്കൾ ഉണ്ട് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചുപോയ പഞ്ചായത്ത് പ്രസിഡന്റിനെ പോലെ, നമുക്ക് അറിഞ്ഞുകൂടാ. എം പി പരമേശ്വരൻ ശാസ്ത്ര കാര്യങ്ങൾക്ക് വേണ്ടി എത്ര മണിക്കൂറുകൾ, അങ്ങനെ എത്ര ദിവസം, എത്ര ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾ, പതിറ്റാണ്ടുകൾ, അങ്ങനെ ചെയ്തു എന്നത് മറ്റൊരു സ്റ്റാറ്റിസ്റ്റിക്സ് ആണ്. അക്ഷീണയജ്ഞം എന്നൊക്കെ നമ്മൾ കേട്ടിട്ടേയുള്ളൂ. അക്ഷീണനായി പ്രവർത്തിക്കുകയായിരുന്നു എം പിയുടെ രീതി. ട്രെയിനിൽ പോകുമ്പോഴും വായിക്കുക മാത്രമല്ല, കാര്യമായി എഴുതുകയും ചെയ്യുക. ഞാൻ തമാശയ്ക്ക് ചോദിക്കും, എം പീ ട്രെയിനിൽ പോകുമ്പോൾ വായിച്ചാൽ പോരെ, എഴുതണോ എന്ന്. ഇന്നതൊക്കെ ഇത്രയൊക്കെ എഴുതി കൊടുക്കാമെന്ന് ഏറ്റിടുള്ളതാണ്, ഞാനല്ലാതെ താൻ എഴുതിക്കൊടുക്കുമോ എന്ന് സരസമായി കലഹിക്കാനും അദ്ദേഹത്തിന് യാതൊരു മടിയുമില്ലായിരുന്നു.
ആ കാലത്തൊക്കെയാണ് അദ്ദേഹം നിരവധിയായ മഹത്തുക്കളുടെ പുസ്തകങ്ങൾ കേരളത്തിന് പരിചയപ്പെടുത്തിയത്. അദ്ദേഹം കേരളത്തിന് പരിചയപ്പെടുത്തിയ ഏറ്റവും വലിയ ഗ്രന്ഥകാരൻ രാഹുൽ സാംകൃത്യായനാണ്. രാഹുൽ സാംകൃത്യായനെയും കൊസാംബിയെയും എനിക്ക് പരിചയപ്പെടുത്തിയത് എം പി പരമേശ്വരനല്ല – തമരടിച്ച് പാറ പൊട്ടിച്ചിരുന്ന പൈലി എന്ന ഒരു തൊഴിലാളിയാണ്. കുന്നംകുളത്തെ ബസ് സ്റ്റാൻഡിൽ അന്ന് അങ്ങനെ ഒരു കൂട്ടായ്മയുണ്ട്. പൈലി, ചുമ്മാർ, സുബ്രഹ്മണ്യൻ തുടങ്ങിയ തൊഴിലാളികളടങ്ങിയ ഒരു കൂട്ടം. ഒരു കാലഘട്ടത്തിൽ രാഹുൽ സാംകൃത്യായനും കൊസാംബിയുമെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് നല്ലപോലെ അറിയുന്ന പേരുകളായിരുന്നു. പിന്നെ എവിടെയോ അതെല്ലാം മുറിഞ്ഞു പോയി. ആ മുറിഞ്ഞുപോയ കണ്ണികളെ കൂട്ടിയിണക്കാൻ എംപി വളരെ യത്നിച്ചു. ആയിരക്കണക്കിന് പേജുകൾ എഴുതി, ആയിരക്കണക്കിന് പുസ്തകങ്ങൾ വിറ്റഴിച്ചു. അദ്ദേഹത്തിൻറെ കൃതികൾ മാത്രമല്ല, Man makes himself എന്നതുപോലെയുള്ള പ്രസിദ്ധങ്ങളായ പുസ്തകങ്ങളൊക്കെ ഏതാണ്ട് ഒരു ലഘുലേഖകാരൻ ലഘുലേഖകൾ പ്രചരിപ്പിക്കുന്നത് പോലെയാണ് അദ്ദേഹം പ്രചരിപ്പിച്ചത്. ആ വിധമാണ് എംപി പ്രവർത്തിച്ചത്.

അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ രാഷ്ട്രീയ അഭിപ്രായങ്ങളും സംഘടനാ അഭിപ്രായങ്ങളുമെല്ലാം ഉണ്ടായിരുന്നു. ഞാൻ വളരെ കാലമായി അദ്ദേഹത്തിൻറെ രാഷ്ട്രീയവൃത്തത്തിൽ ഉൾപ്പെടാത്ത ആളാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണ്. അങ്ങനെ ആരുമായും അധികമൊന്നും സംസാരിക്കാത്ത ഇഎംഎസ് നമ്പൂതിരിപ്പാടുമായി വളരെയധികം അടുത്ത സംസാരിക്കുവാൻ ലൈസൻസ് ഉള്ള ആളുമായിരുന്നു എം പി. ഒരിക്കൽ താൻ ഇഎംഎസിനോട് പറഞ്ഞതായി എംപി തന്നെ എന്നോട് പറഞ്ഞിട്ടുള്ള ഒരു സംഭവമുണ്ട്. സഖാവ് ജനറൽ സെക്രട്ടറി ആയിരിക്കുമ്പോൾ തന്നെ വേറൊരു ജനറൽ സെക്രട്ടറിയെ കാണണമെന്നാണ് തൻ്റെ ആഗ്രഹം എന്ന് എംപി ഇഎംസ്സിനോട് പറഞ്ഞു. സഖാവ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറണം എന്നാണ് ആ തമാശയുടെ അർത്ഥം എന്ന് മനസ്സിലാക്കിയ ഇഎംഎസ് അന്ന് വളരെയേറെ ചിരിച്ചത്രെ. എന്നാൽ അദ്ദേഹം അങ്ങനെതന്നെ ചെയ്യുകയും ചെയ്തു. എംപി പറഞ്ഞതുകൊണ്ടാണ് ഇഎംഎസ് ചെയ്തത് എന്ന് ഞാൻ പറയുന്നില്ലെങ്കിലും, അങ്ങനെ ആരുടെയും മുഖത്തുനോക്കി വളരെ സരസമായ തരത്തിൽ, വളരെ ഷാർപ്പായ കാര്യങ്ങൾ പറയാൻ കഴിയുന്ന വിധം – സാരസ്യവും മൂർച്ചയും ഒരുമിപ്പിക്കാൻ കഴിയുന്ന വിധം – ഭാഷാബലമുള്ള വളരെ ചുരുക്കം ആളുകളിലൊരാളാണ് എംപി.
ചടങ്ങിലെ സമയക്കുറവ് കൊണ്ട് ഞാൻ ചുരുക്കുകയാണ്.
എംപിയെ കുറിച്ച് വളരെ വിശദീകരിക്കാനല്ല ഞാനിവയെല്ലാം പറഞ്ഞത്. നമുക്ക് നമ്മെത്തന്നെ നോക്കാനുള്ള ഒരു കണ്ണാടി സൃഷ്ടിക്കാനുള്ള എളിയ ശ്രമം മാത്രമായിരുന്നു എൻ്റേത്. എം പി പരമേശ്വരൻ എന്തൊക്കെയാണ് ചെയ്തത് എന്നതിൻ്റെ കൂടെത്തന്നെ നമ്മൾ എന്തെങ്കിലും ചെയ്തോ എന്ന ചോദ്യവും അങ്ങനെവരുമ്പോൾ കാണാനാകും. സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ചെറിയ ചെറിയ കാര്യങ്ങളൊക്കെ ചെയ്യുമ്പോഴേയ്ക്കും അതിനെയെല്ലാം മാഗ്നിഫൈയിംഗ് ഗ്ലാസ്സ് വെച്ചാണ് അവരവർ തന്നെ നോക്കിക്കാണുന്നത്. പക്ഷേ തൻറെ ജീവിതത്തെ ഡീമാഗ്നിഫൈ ചെയ്ത് കണ്ട ഒരാളാണ് എം പി പരമേശ്വരൻ. തന്നിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെ പത്തിൽ ഒന്നായി മാത്രമേ അദ്ദേഹം കണ്ടിട്ടുള്ളൂ. തനിക്ക് പത്ത് ഗുണങ്ങൾ ഉണ്ടെങ്കിലും ഒരെണ്ണമെങ്കിലും ഉണ്ടെന്നുതന്നെ അദ്ദേഹം നടിച്ചിട്ടില്ല. പക്ഷേ ആ എളിമയൊന്നും തൻറെ അഭിപ്രായങ്ങൾ പറയുന്നതിൽ തടസ്സമായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം പലതരത്തിലുള്ള വലിയ തിരിച്ചടികൾ പാർട്ടിയിൽ നിന്നും ഏറ്റുവാങ്ങിയിട്ടുണ്ട്. അതൊക്കെ സൈലൻറ് വാലിയുടെ കാലം മുതൽക്കേ ഉണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിൽ ഞാൻ 78- ലാണ് അംഗമായത്. അന്ന് സൈലൻറ് വാലി പദ്ധതി നടപ്പിലാക്കണോ വേണ്ടയോ എന്നുള്ള തർക്കം പ്രമേയ രൂപത്തിൽ സെനറ്റിൽ വന്നു. അന്ന് ഇടതുപക്ഷത്തിന്റെ പൊതുവായ സമീപനം പദ്ധതി നടപ്പിലാക്കണം എന്നായിരുന്നു. എന്നാൽ എംപി പരമേശ്വരനുമായി ബന്ധം ഉണ്ടായിരുന്നതുകൊണ്ടും ശാസ്ത്ര സാഹിത്യ പരിഷത്തുമായി ലോലമായ ഒരു ബന്ധം ഉണ്ടായിരുന്നതുകൊണ്ടും അത് ശരിയല്ല എന്ന് തോന്നിയ ഒരു വിദ്യാർത്ഥി പ്രവർത്തകനായിരുന്നു ഞാൻ. എന്നാൽ അന്ന് ശിവദാസമേനോൻ നൽകിയ വിപ്പൊക്കെയുണ്ടായിരുന്നു. മനസ്സില്ലാ മനസ്സോടെ ആ വിപ്പ് ഞാൻ അംഗീകരിക്കുകയായിരുന്നു. അത് അനുസരിച്ചില്ലായിരുന്നെങ്കിൽ എൻറെ പേരിൽ അന്നേ നടപടി ഉണ്ടാകുമായിരുന്നു. എംപിക്ക് എതിരെയായി അന്ന് വലിയ ക്യാമ്പയിനൊക്കെയുണ്ടായി. ഇലക്ട്രിസിറ്റി വർക്കർ എന്ന് പറയുന്ന മാസികയും മറ്റും അദ്ദേഹത്തിന് എതിരെ രാഷ്ട്രീയമായ അർത്ഥത്തിൽ വളരെ derogatory ആയിട്ടുള്ള പദങ്ങളൊക്കെ ഉപയോഗിച്ചാണ് പ്രചരണം നടത്തിയത്. ഞാൻ അവയൊന്നും ഇവിടെ പരാമർശിക്കുന്നില്ല. എംപി അതൊന്നും പക്ഷേ മൈൻഡ് ചെയ്യാതെ അചഞ്ചലനായി നിൽക്കുകയായിരുന്നു. ഇഎംഎസ്സൊന്നും അദ്ദേഹത്തിനെതിരെ പറയുകയോ പ്രവർത്തിക്കുകയോ ഉണ്ടായില്ല. പിന്നീടാണ് നാലാം ലോകവും അതുമായി ബന്ധപ്പെട്ടുള്ള നിരവധി പ്രശ്നങ്ങളുമെല്ലാം വരുന്നത്. എംപി പരമേശ്വരന് പക്ഷേ ഇവയൊന്നും പ്രശ്നമായിരുന്നില്ല; ഇവിടെ എത്ര പശുക്കളുണ്ട് എന്ന് പഞ്ചായത്ത് പ്രസിഡണ്ടിനോട് ചോദിക്കുന്നതിന് ഒന്നും തടസ്സമല്ല എന്നതുപോലെ തന്നെ.
മഷി ഉണങ്ങാത്ത പേന എന്നെല്ലാം മഹാകവികളെക്കുറിച്ചും സാഹിത്യകാരരെക്കുറിച്ചും പറയുന്നതുപോലെ ഉറങ്ങാത്ത ബുദ്ധിയുടെയും മനസ്സിൻറെയും ഉടമസ്ഥനാണ് അദ്ദേഹം. അദ്ദേഹത്തിൻറെ ഒരു എളിയ വിദ്യാർത്ഥി എന്ന നിലയിലാണ് ഞാൻ മാർക്സിസത്തിൻ്റെ അടിസ്ഥാനപാഠങ്ങൾ പഠിക്കാൻ ഇടയായത്. അതിനാൽത്തന്നെ മൂലധനത്തിന്റെ സംഗ്രഹം ഞാൻ ചെയ്യുന്ന കാലത്ത് ഭയന്നിട്ട് എംപിയെ കാണാൻ ഞാൻ പോയിരുന്നില്ല. തന്നോടാരാ ഇതൊക്കെ ചെയ്യാൻ പറഞ്ഞത്, താൻ അതൊന്നും ചെയ്യേണ്ട കാര്യമില്ല എന്നൊക്കെ കേൾക്കേണ്ടി വന്നാലോ എന്നായിരുന്നു. ഭാഗ്യവശാൽ അതിൻറെ ഒന്നാം വാല്യത്തിൻ്റെ അഞ്ചാംപതിപ്പ് ഇപ്പോൾ വന്നു, ഇതുവരെ അങ്ങനെയൊന്നും പറഞ്ഞില്ല.
എന്തായാലും, തൃശ്ശൂരിൽ അദ്ദേഹത്തിന് ഒരു പുരസ്കാരം നൽകുന്ന ചടങ്ങിൽ ഉൽഘാടകനായി വരാൻ കഴിഞ്ഞത് എനിക്ക് ജീവിതത്തിലെത്തന്നെ വലിയ ഒരു അവാർഡ് ലഭിച്ചതുപോലെയാണ് ഞാൻ കണക്കാക്കുന്നത്. അദ്ദേഹം ഇന്നിവിടെ എത്തിച്ചേർന്നിട്ടില്ല. അദ്ദേഹത്തിൻ്റെ ആരോഗ്യകാരണങ്ങളാൽ ഇന്ന് ഞാൻ അദ്ദേഹത്തിൻറെ അടുത്തേക്ക് പോയി കാണുന്നില്ല. മറ്റൊരു ദിവസം അദ്ദേഹത്തെ പോയി കാണണമെന്നും കുറച്ചുനേരം സംസാരിക്കണം എന്നും ആഗ്രഹമുണ്ട്. എൻ്റെ അന്വേഷണങ്ങൾ ദയവായി അദ്ദേഹത്തെ അറിയിക്കണം.
ലാഭത്തെ ചേതമായും, ചേതത്തെ ഞാൻ ലാഭമായും കാണുന്നു എന്ന, ബൈബിളിലെ പ്രസിദ്ധമായ ഒരു വരി പോലെ, പലരും ലാഭമായി കാണുന്നതിനെ ചേതമായിട്ടും ചേതമായി കാണുന്നതിനെ ലാഭമായിട്ടും കാണാൻ കഴിഞ്ഞ, ധൈഷണിക ജീവിതത്തിൻറെ ഒരു ഭാഗം വലിച്ചെറിഞ്ഞ്, അതിനെ നിസ്സാരമായി കണ്ട മഹാനായ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തിൻറെ ചിന്തകൾ ഒരിക്കലും മങ്ങാതിരിക്കട്ടെ എന്ന് ആശിച്ചുകൊണ്ട്, അദ്ദേഹത്തിൻറെ ബൗദ്ധികസംഭാവനകൾക്ക് മുന്നിൽ ഒരിക്കൽ കൂടി നമ്രശിരസ്കരനായി നിന്നുകൊണ്ട് എൻ്റെ വാക്കുകൾ ചുരുക്കുന്നു. എട്ടാമത് നവമലയാളി പുരസ്കാരം ശ്രീ എം പി പരമേശ്വരന് നൽകുന്ന ഈ യോഗം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.
—-
(എട്ടാമത് നവമലയാളി സാംസ്കാരിക പുരസ്കാരം എം പി പരമേശ്വരന് സമർപ്പിച്ചുകൊണ്ട് 2026 ആഗസ്റ്റ് 9-ന് തൃശൂർ സാഹിത്യ അക്കാദമിയിൽ കേരള ഗതാഗതമന്ത്രി സി പി ജോൺ നടത്തിയ ഉൽഘാടനപ്രസംഗത്തിൻ്റെ ലിഖിതരൂപം. പ്രസംഗത്തിൻ്റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക )
Transcription : swathi george







Be the first to write a comment.