
ഡി.അനിൽകുമാറിന്റെ ആറു കവിതകൾ
1. അവിയങ്കോര
ചാക്കാല കഴിഞ്ഞു
പക്കിയായി
ആത്മാവ് വീട്ടിൽ വന്നു
‘അപ്പാ അപ്പാ’യെന്ന്
ഞങ്ങളൊമ്പതും ആർത്തു.
തൈലം പെരട്ടി
കെടന്നതേയുള്ളൂ അമ്മ
ഒറ്റകുത്തിന് കൊണ്ടയ്ക്ക്
പിടിച്ചു നിർത്തി
തെറിച്ച കടലാളത്തിൽ
നാല് പളളുരിച്ചു
‘അപ്പാ അപ്പാ
അപ്പന്റെ ചെറകെന്തായിങ്ങനെ
കല്ലറയിലെ കെടപ്പെങ്ങനെ’
ഞങ്ങളൊമ്പതും മുട്ടുകുത്തി
‘വലയെടുക്ക് മക്കളെ
മേലാട്ട് നടക്ക്
അവിയങ്കോര പാവി
തിരിച്ചണയാം’
നേരം വെട്ടം വച്ചു
ഈരഞ്ചീലയോടെ
ഞങ്ങള് പത്താളും
വന്നേറി
നല്ല ഒറക്കത്തിലാ അമ്മ
‘പ്ഫാ ! എണീക്കെടി’
അപ്പന്റെ ആട്ട്
അവിയങ്കോര വെന്തു മണത്തു
മരിച്ചീനിയും ഉപ്പും മുളകും
ഏമ്പക്കം വിട്ട് അപ്പനെറങ്ങി
‘അപ്പാ അപ്പാ അപ്പനെങ്ങോട്ടാ
ഇവിടിരുന്നോണം
ഞങ്ങള് പത്താളും പോയി കെടക്കാം
കല്ലറയിൽ’
1. കടലെറങ്കണ പെണ്ണുങ്കോ
കടപ്പെറം വെളുത്തു
ചരുവം കമിഴ്ത്തി
ചന്തിയുറപ്പിച്ച
മീൻക്കാരി പെണ്ണുങ്ങൾ
മുറുക്കാൻ തുപ്പളി
വിരൽ വിടവിലൂടെ
പമ്പരം കണക്ക് വിട്ട്
മുടിയിഴകളിലെ
പേൻ ഞെരിച്ച്
അവന്തചീല
അഞ്ചാറു വട്ടം കെട്ടി
പെരുത്ത കലിയിൽ
പള്ളുരിച്ചു
സൂര്യൻ കറുത്തു
പെണ്ണുങ്ങളായ പെണ്ണുങ്ങൾ
വള്ളം തള്ളി
കടലിലിട്ടു
തലമോരിയിലൊരുത്തി
കടബോട്ടിലൊരുത്തി
തോർത്ത് തലേ ചുറ്റി
കൈ പിറകെ കൂട്ടി
മൂന്നാമതൊരുത്തി
തണ്ടു വലിക്കാൻ
നാലാമതൊരുത്തി
തൂണ്ടയിടാൻ
അഞ്ചാമതൊരുത്തി
പെണ്ണുങ്ങൾ
കടൽ കടന്നേ പോയല്ലോ
മീൻ കൊയ്യാൻ പോയല്ലോ
3. രാവൽ
അമ്മാമ്മ
പിച്ചാത്തി രാവുന്നു
അതിരാവിലെ
സമയം
നാല്
നാലര
കോഴി കൂവുന്നില്ല
വെട്ടവും വെളിച്ചവും വീണിട്ടില്ല
തലേന്ന് കൊണ്ടിട്ട ആമ
മണ്ണ് ക്രാവി ക്രാവി
നെഞ്ചത്തടിക്കുന്നത്
കേട്ടതാണ്
അതിന്റെ അനക്കം മാത്രമേ
ഇപ്പോൾ ഉള്ളൂ
അമ്മാമ്മ
കല്ലിലുരച്ച്
പിച്ചാത്തി
രാ
വു
ക
യാ
ണ്
കൈകൾ വെട്ടിയിട്ടുണ്ട്
കേൾക്കാനില്ല നെഞ്ചത്തടി
കഴുത്തു കണ്ടിച്ചു കാണും
പരക്കുന്നുണ്ട് തണുപ്പിൽ ഒരു ചൂട്
പള്ളയിൽ കത്തിയിറക്കി
കഷ്ണം കഷ്ണമായി വീതം –
വയ്ക്കുന്നു, പെരുകുന്നു
അയൽവക്കക്കാരുടെ ഒച്ച
പച്ചമണ്ണും മാംസവും ചേർത്ത്
കുട്ടയിൽ
ചരുവത്തിൽ
ചാക്കിൽ
കൊണ്ടു പോകുന്നു ആൾക്കാർ
ചന്തയിൽ പോകുമ്മാമ്മയുടെ
പതിഞ്ഞ കാലടിയും അകന്നു.
നേരം
ഏഴ്
ഏഴര
പകൽ വന്നു വീടിന്റെ മുഞ്ഞിയിലടിച്ചു
വാതിൽ തുറക്കുമ്പോൾ
വെയില് കൊള്ളാനിരിക്കുന്നു ആമത്തോട്
4. തെങ്ങരനീര്
ഗുജറാത്തിന്
കുയറാത്തെന്നേ പറയൂ അപ്പൻ
മംഗലാപുരത്തിന്
മങ്ങലപ്പുരം
മുംബൈയ്ക്ക് പോമ്പെ
കാണാത്ത ദേശങ്ങൾക്ക് കിഴക്ക്
അപ്പൻ വള്ളമോടിച്ചു കേറ്റിയ ഇടങ്ങളാണിവയെല്ലാം
തിരയടിച്ചു തകർന്നപ്പോൾ നീന്തിക്കേറിയ ഇടങ്ങളാണിവയെല്ലാം
ഉണ്ടെന്നും ഇല്ലെന്നും ആളുകൾ
പറഞ്ഞറിഞ്ഞ ഇടങ്ങളാണിവയെല്ലാം
ആന്തമാൻ അപ്പന് അന്തോണി
കവരത്തി കബീർ
ദാമൻ ദിയൂ ദാമോരൻ
ഡെറാഡൂണോ ഡാർജലിങ്ങോ
ഡെല്ലിയോ
അപ്പൻ കണ്ടിട്ടില്ല
അങ്ങനെ ചിലയിടങ്ങൾ ഉണ്ടെന്നറിയാതെ തന്നെ മരിച്ചു.
തിരയിൽ കാല് നനച്ചു ഇടയ്ക്കിടെ പറയുമായിരുന്നു
“ഞാൻ ഒലകത്തെ തൊട്ടു
ഒലകം എന്നെ തൊട്ടു”
എന്നാലൊന്ന് പറയട്ടെ അപ്പാ
അപ്പൻ നേപ്പാളിനെ തൊട്ടിട്ടില്ല
അഫ്ഗാനിസ്ഥാനെ തൊട്ടിട്ടില്ല
ഭൂട്ടാനെയോ ബൊളീവിയെയോ
മംഗോളിയെയോ തൊട്ടിട്ടില്ല
വളളം മറിഞ്ഞാണ് അപ്പൻ മരിച്ചത്
അപ്പനൊപ്പം നീന്തിയ കുമ്പാരിമാർ
പറയും
“കടലിനുള്ളിൽ കണ്ടമാനം കരകൾ.
ഏതോ ഒരു കരയിൽ തീ കായുന്നു അയാൾ
അടുത്ത തെങ്ങരനീരിന് ഒഴുകിയെത്തും
നോക്കിക്കോ.”
*തെങ്ങരനീര്
കടലിനുള്ളിൽ പലതരം നീരുകൾ ഉണ്ട്. പല നീരും പല ദിശകളിലേക്കാണ് ഒഴുകുന്നത്. തെക്ക് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്ന നീരാണ് തെങ്ങരനീര്.
5. തെറിച്ച കടലാളം
കടല് വരുന്ന പോലാണമ്മേ
അപ്പൻ കുടിച്ച് കൂത്താടണ
അപ്പന് പെറക്കാത്ത വേല ചെയ്യണ
കടലടിക്കണ പോലാണമ്മേ
അപ്പൻ കൂമ്പിലിട്ട് കുത്തണ
ഇടിച്ചീഞ്ച പരുവത്തിലാക്കണ
കടല് നിവരുന്ന പോലാണമ്മേ
നീ നിവരണ
ഒപ്പാരിയിട്ടോടിയൊളിക്കണ..
അപ്പനല്ലമ്മേ നമ്മുടെ അപ്പനല്ലേ
വേളാവും ചീലാവും പടണ കൈയ്യല്ലേ
പാറപോലത്തെ കരുത്തല്ലേ
കടല് പാടണ പോലാണമ്മേ
അപ്പൻ കുണ്ഠണി ചൊല്ലണ
കണ്ടവർക്ക് നീ അറവാണിയും
തേവിടിച്ചിയുമാകണ
കൊഴലെടുക്കണ്ടമ്മേ നെടുക്കണ്ട
അപ്പനല്ലമ്മേ നമ്മുടെ അപ്പനല്ലേ
കടല് കരയണ പോലാണമ്മേ
നമ്മള് കരയണ
കടല് ചിരിക്കണ പോലാണമ്മേ
ഒലകം ചിരിക്കണ
6. ചങ്കൊണ്ടോ പറക്കൊണ്ടോ
ചങ്കൊണ്ടോ പറക്കൊണ്ടോ
കടൽക്കുതിരയൊണ്ടോ
ചണനൂൽ സഞ്ചിയും പിടിച്ച്
പഴയ ചെത്തമായി മൂപ്പൻ
എടുക്കാൻ മറന്നതാണ്
ചെറ്റകൾ സിമന്റായപ്പോൾ
ചങ്കിനെ പറക്കിനെ
കടൽക്കുതിരയെ
സ്രാവിന്റെ റക്ക വെട്ടി
വെറിച്ച വെയിലത്തുണക്കിയാൽ
പറക്ക്
കടലിനുള്ളിൽ ചങ്ക്
ചങ്കിനുള്ളിൽ പൂച്ചാണ്ടി
പൂച്ചാണ്ടിയ്ക്കുള്ളിൽ ചളുവ
പെറുന്ന അപ്പനാണ്
കടൽക്കുതിര
ആണാപെറന്തവൻ കൊണ്ടുവരും
പെണ്ണാപെറന്തവൾ വച്ചിരിക്കും
മക്കളെടുത്തു വിൽക്കും
മച്ചമ്പിയുടെ വള്ളം
കോടിയിലെത്തുമ്പോൾ
കണ്ടില്ലല്ലോ?
സ്രാവുകൾ മരണപ്പെട്ടോ?
ചങ്കുകൾ മണ്ണിലായോ?
കടൽക്കുതിര പേര് മാറ്റിയോ?
സഞ്ചി വിരിക്കൂ
വിൽക്കാനുണ്ടല്ലോ
വീടകം കടല്
ചങ്ക് അമ്മ
പറക്ക് അപ്പൻ
കടൽക്കുതിരയായി
കറുത്തവൻ വയറൻ
നീണ്ടചുണ്ടൻ ഞാനും
—
(ഡി അനിൽകുമാറിൻ്റെ മുൻപ് പ്രസിദ്ധീകൃതമായ ആറ് കവിതകളാണ് ഇവ.
അദ്ദേഹത്തിൻ്റെ കവിതകളെക്കുറിച്ച് കവി അൻവർ അലി എഴുതിയ കവിതയുടെ ഉപ്പുപാതയിലൂടെ എന്ന കുറിപ്പിന് അനുബന്ധമായി എഴുത്തുകാരൻ്റെ അനുവാദത്തോടെ പുനഃപ്രസിദ്ധീകരിക്കുന്നത്. )






Be the first to write a comment.