പുലി പുള്ളികള്‍ വെളിവാക്കുന്നു

(ഹിന്ദുത്വ ഭീകരതയുടെ കഥ: അദ്ധ്യായം 19)

 

ക്ഷീണഘട്ടത്തില്‍നിന്ന് കരകയറാന്‍ തുടങ്ങിയതോടെ, ഹിന്ദു വംശീയവാദികള്‍, ഒരു ഘട്ടത്തില്‍ ഒളിപ്പിച്ചുവെക്കാന്‍ നിര്‍ബന്ധിതമായ ഹിന്ദു രാഷ്ട്രവാദം പുറത്തെടുക്കാന്‍ തുടങ്ങി. ഹിന്ദു വംശീയ ഐക്യം നിലനിര്‍ത്താന്‍ തക്കവണ്ണമുള്ള ന്യൂനപക്ഷ വിരോധത്തിനൊപ്പംതന്നെ തൊലിക്കടിയിലെ മനുവാദ സങ്കല്പനങ്ങളും തരം കിട്ടുമ്പോഴൊക്കെ വെളിപ്പെടുത്താന്‍ തുടങ്ങി. ഗോള്‍വാള്‍ക്കറും ഭാരതീയ ജനസംഘും ഒന്നിച്ചാണ് അതിന് മുന്നിട്ടിറങ്ങിയത്. വൈദേശാകാധിപത്യത്തില്‍നിന്നും മുക്തി നേടിയ ശേഷമുള്ള സ്വതന്ത്ര ഇന്ത്യയുടെ ചരിത്രസന്ദര്‍ഭത്തെ അവര്‍ അങ്ങനെയല്ല കണ്ടത്. അവരെ സംബന്ധിച്ചിടത്തോളം വേദകാലം തൊട്ടുള്ള അഖണ്ഡചരിത്രമാണ് ഇന്ത്യയുടേത്. അതാകട്ടെ കെട്ടിച്ചമച്ച ഹിന്ദുചരിത്രമാണ് താനും. അങ്ങനെ തനി വര്‍ഗ്ഗീയമായ ഒരു ചരിത്രദര്‍ശനത്തെ സാംസ്‌കാരിക ദേശീയത എന്ന നിലയില്‍ അവതരിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഒരേ സമയം മതം എന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക സങ്കല്പനത്തേയും താരതമ്യേന പുതുതായ ദേശീയത എന്ന സാമൂഹിക, സാംസ്‌കാരിക സങ്കല്പനത്തേയും ചാരിനിന്നുകൊണ്ടുള്ള ഫാസിസ്റ്റ് ചരിത്രദര്‍ശനമായിരുന്നു അത്.

1972-ല്‍, പ്രവര്‍ത്തനത്തിന്റെ 21 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഭാരതീയ ജനസംഘ് അവരുടെ പാര്‍ട്ടി രേഖകള്‍ ക്രോഡീകരിച്ച് ഒരു പുസ്തകം പുറത്തിറക്കുകയുണ്ടായി. അതില്‍ അവരുടെ തത്ത്വങ്ങളും നയങ്ങളും ഇലക്ഷന്‍ മാനിഫെസ്റ്റോകളും ഭരണഘടനയും ഉള്‍ക്കൊള്ളിച്ചിരുന്നു. അതിന്റെ അവതാരിക എഴുതിയ അടല്‍ ബിഹാരി വാജ്‌പേയ് അവരെത്തന്നെ പ്രതിഷ്ഠിച്ചത് ഒരു മധ്യവര്‍ത്തി പാര്‍ട്ടിയായാണ്. ഇടതുപക്ഷവും തീവ്ര വലതുപക്ഷവും തങ്ങളെ ആക്രമിക്കുന്നതായുള്ള ഒരു നുണ അദ്ദേഹം അതില്‍ വരച്ചിട്ടു. ഇന്ത്യയില്‍ അന്നുണ്ടായിരുന്ന ‘ഏറ്റവും വലത്തോട്ട് ചാഞ്ഞ’ പാര്‍ട്ടിയാണ് അതിനെത്തന്നെ മധ്യവര്‍ത്തി പാര്‍ട്ടിയായി പ്രതിഷ്ഠിക്കുന്നത് എന്നോര്‍ക്കണം. കോണ്‍ഗ്രസ്സിന്റെ ഇടം പിടിച്ചെടുക്കുക എന്നത് അന്നത്തെ രാഷ്ട്രീയ പരിസ്ഥിതിയില്‍ ജനസംഘിന്റെ ലക്ഷ്യമായതിനാലാണ്, രേഖകളില്‍ കൂടി ഒരു അസത്യ സ്ഥാപനത്തിന് മുതിരുന്നത്.

അടല്‍ ബിഹാരി വാജ്‌പേയ്

ഇങ്ങനെ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൊണ്ട് പുലിയെ പൂച്ചയായി അവതരിപ്പിക്കാനാണ് ജനസംഘ് ഇതിലൂടെ ശ്രമിച്ചത്. അതിനവരെ സഹായിച്ചത് ഫാസിസത്തെയും ഹിന്ദുവംശീയതയേയും പുത്തനുടുപ്പ് അണിയിച്ച ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മ മാനവവാദമാണ്. എങ്കിലും ചിലയിടത്തെങ്കിലും ആ ഉടുപ്പ് കീറുമ്പോള്‍ പുലിയുടെ പുള്ളി പുറത്താകുന്നത് കാണാം. ഉദാഹരണത്തിന് അവര്‍ അവരുടെ ദേശീയ നയമായി അവതരിപ്പിക്കുന്നത് ഒരു രാഷ്ട്രം, ഒരു ജനത, ഒരു സംസ്‌കാരം എന്നതാണ്. ഇന്ത്യയെപ്പോലെ ബഹുസംസ്‌കൃതികളുടെ രാജ്യത്തില്‍ ഏകസംസ്‌കാരം അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതില്‍പ്പരം ഫാസിസ്റ്റ് സമീപനം മറ്റൊന്നില്ലല്ലോ. ഒരു രാഷ്ട്രം എന്ന തലക്കെട്ടിനടിയില്‍ എഴുതിയത് നോക്കുക. ‘പക്ഷേ, ഇന്ത്യന്‍ ജനതയെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം എന്നും ന്യൂനപക്ഷം എന്നും വേര്‍തിരിക്കുന്നതും ആ അടിസ്ഥാനത്തില്‍ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നയങ്ങള്‍ രൂപീകരിക്കുന്നതും തെറ്റാണ്. ഈ സമീപനം യുക്തിരഹിതവും ദേശീയതയുടെ സ്വാഭാവികതയെ വഞ്ചിക്കുന്നതുമാണ്. ഇത്തരത്തിലുള്ള വര്‍ഗ്ഗീകരണത്തിന് ഭരണനിര്‍വ്വഹണത്തിലോ രാഷ്ട്രീയത്തിലോ ഒരു സ്ഥാനവുമില്ല.’

അതായത്, ന്യൂനപക്ഷ അവകാശമെന്നത് നീക്കം ചെയ്യേണ്ട ഒന്നായിട്ടാണ് ജനസംഘ് കണ്ടത്. ജനാധിപത്യത്തിന്റെ അടിസ്ഥാനമായി ലോകം രേഖപ്പെടുത്തിയിട്ടുള്ള ഒരാശയം പ്രാതിനിധ്യത്തിന്റേതാണ്. ഈ പ്രാതിനിധ്യ ജനാധിപത്യത്തേയാണ് ജനസംഘ് നിരാകരിക്കുന്നത്. ഒറ്റ ജനത എന്ന കാല്പനിക ആശയത്തിന്റെ പിറകില്‍ ന്യൂനപക്ഷാവകാശ ധ്വംസനത്തിന്റെ വലിയ പുള്ളിയാണ്, ഫാസിസ്റ്റ് പുലി വെളിവാക്കുന്നത്. ഒറ്റ സംസ്‌കാരം എന്ന തലക്കെട്ടിനടിയില്‍ ഭാരതീയ സംസ്‌കൃതി എന്ന ഒന്നിനെ അമൂര്‍ത്തമായി മുന്നോട്ടുവെക്കുന്നുണ്ട്. അത് ഏതെങ്കിലും ഗോത്രമായോ തത്ത്വമായോ ബന്ധപ്പെട്ടതല്ല എന്ന ഗീര്‍വാണമൊക്കെ ആദ്യം മുഴക്കുന്നുണ്ടെങ്കിലും യഥാസ്ഥാനത്തെത്തുമ്പോള്‍ പുലിയുടെ പുള്ളി തെളിയുന്നുണ്ട്.

‘ഭാരതീയ രാഷ്ട്രത്തിന്റെ പൊതുസമ്പത്തിന് വഴി തെളിച്ച എല്ലാ ഗോത്രങ്ങള്‍ക്കും, വേദകാലം തൊട്ട് ഇടമുറിയാതെ ഒഴുകുകയും ചരിത്രത്തിന്റെ വിവിധഘട്ടങ്ങളില്‍ അതുമായി സമ്പര്‍ക്കപ്പെട്ട വ്യത്യസ്ത ജനതകളും ഗോത്രങ്ങളും സംസ്‌കൃതികളും ചെയ്ത സംഭാവനകളെ ആഗിരണം ചെയ്യുകയും ഉള്‍ക്കൊള്ളുകയും ചെയ്തുകൊണ്ട് അവയെ മുഖ്യധാരയുടെ ഒഴിവാക്കാനാകാത്ത ഭാഗമാക്കിത്തീര്‍ത്ത ഭാരതീയ സംസ്‌കൃതിയില്‍, അവരവരുടെ ഓഹരിക്ക് അവകാശമുണ്ട്. ഭാരതീയ സംസ്‌കൃതി അതിനാല്‍ ഭാരതവര്‍ഷം എന്നപോലെ ഏകവും അവിഭാജ്യവുമാണ്. സംയുക്ത സംസ്‌കൃതിയെ സംബന്ധിച്ച ഏത് സംസാരവും അതിനാല്‍ അസത്യം മാത്രമല്ല, ആപത്കരം കൂടിയാണ്. കാരണം അത് ദേശീയൈക്യത്തെ ക്ഷീണിപ്പിക്കുന്നതിനും വിഭജനോന്മുഖതയെ സഹായിക്കുന്നതിനും മാത്രമേ ഉതകൂ.’
സവര്‍ക്കറുടെ ഹിന്ദുത്വ നിര്‍വ്വചനത്തെ ആസ്പദമാക്കിയുള്ള സമീപനമാണ് മേല്‍ ഉദ്ധരണിയില്‍ തെളിഞ്ഞുകാണുന്നത്. അതായത് ഇന്ത്യ പിതൃഭൂമിയും പുണ്യഭൂമിയുമായവര്‍ക്ക് മാത്രമേ ഈ രാഷ്ട്രത്തിന്റെ രാഷ്ട്രീയ ഭാഗധേയത്തില്‍ പങ്കുചേരാനാകൂ. മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും പുണ്യസ്ഥലങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തായതിനാല്‍ അവ വേദസംസ്‌കൃതിയുടെ ഭാഗമല്ല. അല്ലെങ്കില്‍ ഹിന്ദുത്വത്തിന്റെ ചരിത്ര ദര്‍ശനത്തിന് പുറത്താണ്. സവര്‍ക്കറുടെ നിര്‍വ്വചനം കണക്കിലെടുത്താല്‍ മതങ്ങള്‍ ഉണ്ടായ ദേശങ്ങളെ കേന്ദ്രമാക്കിയുള്ള മൂന്നോ നാലോ രാജ്യങ്ങള്‍ക്ക് മാത്രമേ ലോകത്ത് നിലനില്‍ക്കാനാകൂ. അല്ലാത്തപക്ഷം, വ്യത്യസ്ത രാജ്യങ്ങളിലെ വ്യത്യസ്തമതക്കാര്‍ക്ക് അസ്തിത്വം നഷ്ടപ്പെടും. വ്യത്യസ്ത രാജ്യങ്ങളില്‍ കുടിയേറിയ ഹിന്ദുക്കള്‍തന്നെ പുറത്താക്കപ്പെടുന്ന വാദം ആണത്.

സവർക്കർ

ഹിന്ദുത്വയെ അടിസ്ഥാനപ്പെടുത്തിയ ദേശീയ ദര്‍ശനമാണ് ജനസംഘിന്റെ എന്ന് വ്യക്തമായി വെളിപ്പെടുത്തുന്ന വാചകങ്ങളാണ് ഇവ. അതായത് ഹിന്ദുത്വ മുന്നോട്ടുവെക്കുന്ന സംസ്‌കൃതി സങ്കല്പമാണ് ഭാരതീയ സംസ്‌കൃതി എന്ന മട്ടില്‍ ഏക സംസ്‌കാരമായി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന നാനാത്വ സങ്കല്പത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ് ഇത് ചെയ്യുന്നത്. നിരോധനത്തെ മറികടക്കാനാണ് ആര്‍.എസ്.എസ്., ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമായി തീര്‍ന്നത് എന്നത് നാം കണ്ടു. എന്നാല്‍ അവരുടെ മുന്‍കൈയില്‍ രൂപംകൊണ്ട രാഷ്ട്രീയ കക്ഷി, യഥാര്‍ത്ഥ നിറം വെളിവാക്കിക്കൊണ്ട് ഏകശിലാത്മകമായ സംസ്‌കാരത്തിനുവേണ്ടി വാദിക്കുന്നതിലൂടെ അവരുടെ യഥാര്‍ത്ഥ ഉദ്ദേശം എന്തെന്ന് കാണിച്ചുതരുന്നു.

ഭാഷകളുടെ കാര്യത്തിലും നാനാത്വത്തെ നിഷേധിക്കുന്ന നിലപാടാണ് ഈ നയരേഖ സ്വീകരിക്കുന്നത്. ഇന്ത്യയിലെ ഭാഷകള്‍ മുഴുവന്‍ വ്യത്യസ്ത കുടുംബ പാരമ്പര്യങ്ങളില്‍ പെട്ടവയാണെന്ന് ഭാഷകളെ കുറിച്ച് സാമാന്യജ്ഞാനമുള്ളവര്‍ക്കറിയാം. എന്നാല്‍ ഈ ഭാഷാവൈവിധ്യങ്ങളെ നിരാകരിക്കുന്ന തരത്തില്‍ സംസ്‌കൃതത്തെ ദേശീയ ഭാഷയായും ഹിന്ദിയെ ഔദ്യോഗിക ഭാഷയായും പ്രഖ്യാപിക്കുന്ന നയമാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്. ഉറുദുവിനോടുള്ള സമീപനവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഉറുദു സംസാരിക്കുന്നവരില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളായതിനാല്‍ ഉറുദു സ്വതന്ത്രാസ്തിത്വമുള്ള ഭാഷയായി അവര്‍ അംഗീകരിക്കുന്നില്ല. ‘ഉറുദു ഒരു വ്യത്യസ്ത ഭാഷയല്ല. അത് ഹിന്ദിയുടെ ഒരു ശൈലി മാത്രമാണ്’ എന്ന് പറഞ്ഞതിന് ശേഷം ‘അതിന് നമ്മുടെ സാഹിത്യത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്’ എന്ന് കൂടി പറയുന്നു. പുലി ഇവിടെ പുള്ളി വെളിവാക്കുന്നത്, ഉറുദുവിന്റെ ദൈനംദിന ഉപയോഗത്തെ വെട്ടിമാറ്റി, അതിനെ സാഹിത്യഭാഷയുടെ തലത്തിലേയ്ക്ക് ‘കരേറ്റി’യാണ്. അതോടൊപ്പം ‘അതിന്റെ (ഉറുദു) യഥാര്‍ത്ഥ പുരോഗതി, കാംക്ഷിക്കുന്നത്, അത് ദേവനാഗരി ലിപിയില്‍ എഴുതപ്പെടണമെന്നാണ്.’

ഹിന്ദിക്ക് അധിനിവേശം നടത്താനുള്ള ഒരു ഭാഷാദേശമാക്കി ഉറുദുവിനെ മാറ്റിയെഴുതുകയാണ് ഈ നയരേഖ. ഒരു ഭാഷയുടെ ശരീരത്തില്‍നിന്ന് വെട്ടിമാറ്റാവുന്ന ഒന്നാണ് ലിപി എന്ന ആശയവും അത് മുന്നോട്ടുവെക്കുന്നു. ചുരുക്കത്തില്‍ ഹിന്ദിക്ക് അധിനിവേശം നടത്താനുള്ള ഉപഭാഷകളാക്കി ഷെഡ്യൂള്‍ഡ് ഭാഷകളെയും മുഴുവന്‍ സംസ്ഥാനങ്ങളേയും ജനസംഘിന്റെ നയരേഖ മാറ്റിയെഴുതുന്നു. അവര്‍ അവരുടെ വിദ്യാഭ്യാസ നയത്തെ ക്രോഡീകരിച്ചത് നമുക്കൊന്നു പരിശോധിക്കാം.

1. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലൂടെ.
2. ദ്വിതീയ തലത്തിലും ഉന്നതതലത്തിലുമുള്ള വിദ്യാഭ്യാസം മാതൃഭാഷയിലൂടെ, ഹിന്ദി നിര്‍ബന്ധ വിഷയമായി സ്വീകരിച്ചുകൊണ്ട്.
3. ഹിന്ദി മാതൃഭാഷയായവര്‍ മറ്റൊരു ഇന്ത്യന്‍ ഭാഷ കൂടി പഠിക്കേണ്ടതാണ്.
4. രാഷ്ട്രഭാഷയായ സംസ്‌കൃതത്തിന്റെ പഠനം നിര്‍ബന്ധിതമാക്കണം.

അതായത് ഇന്ത്യയില്‍ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍, നിര്‍ബന്ധിതമായി പഠിച്ചിരിക്കേണ്ട രണ്ടു ഭാഷകള്‍, ഹിന്ദിയും സംസ്‌കൃതവുമാണ്. ഇതു കൂടാതെ ‘രാജ്യത്തെമ്പാടും ഹിന്ദി എന്ന മാധ്യമത്തില്‍ കൂടി പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കണ’മെന്നും നയരേഖ നിര്‍ദ്ദേശിക്കുന്നു. രാജ്യത്തിന്റെ ഭാഷാ ഫെഡറല്‍ സ്വഭാവത്തെ ചോദ്യം ചെയ്യുന്നതാണ് ഈ നിര്‍ദ്ദേശം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അങ്ങനെ ഇന്ത്യന്‍ ഫാസിസത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യങ്ങളായി ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്നിവയെ മുന്നോട്ടുവെക്കുകയാണ് ഈ നയരേഖയിലൂടെ ജനസംഘ് ചെയ്തത്. 1967-ല്‍ സീറ്റ് നിലയില്‍ ഒരു കുതിപ്പ് സാധ്യമാക്കിയ പശുവിനേയും അവര്‍ മറന്നില്ല. സാമ്പത്തിക നയത്തിന്റെ ഭാഗമായിട്ടാണ് ഗോവധ നിരോധനത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നതും ശ്രദ്ധേയം. ഗോവധം ഭരണഘടനയുടെ ഭാഗമാക്കി തീര്‍ക്കുമെന്നും രാജ്യത്തിന്റെ കാലിസമ്പത്ത് സംരക്ഷിക്കാനും അഭിവൃദ്ധിപ്പെടുത്താനുമുള്ള പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്നും നയരേഖ പറയുന്നു.

ഈ നയരേഖയ്‌ക്കൊപ്പംതന്നെ 1951 മുതലുള്ള ജനസംഘിന്റെ തെരഞ്ഞെടുപ്പു മാനിഫെസ്‌റ്റോകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആദ്യ മാനിഫെസ്റ്റോയില്‍തന്നെ (1951), അഭാരതീയ നയങ്ങളെ തുറന്ന് എതിര്‍ക്കുന്നുണ്ട്. ഭാരതീയം, അഭാരതീയം എന്ന് ഹിന്ദു വംശീയവാദികള്‍ പറയുമ്പോള്‍ ബ്രാഹ്‌മണിസത്തിന് അനുകൂലം, ബ്രാഹ്‌മണിസത്തിന് പ്രതികൂലം എന്നാണ് നാം മനസ്സിലാക്കേണ്ടതെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെ വായിച്ചാല്‍ സ്വതന്ത്ര ഇന്ത്യ പിന്തുടരുന്നത് പ്രതി ബ്രാഹ്‌മണിസമാണെന്നാണ് അവര്‍ ആരോപിക്കുന്നത് എന്ന് മനസ്സിലാക്കാം. ജനസംഘിന്റെ അടിസ്ഥാന തത്ത്വങ്ങളായി അതില്‍ പറയുന്നത് ഒരു രാജ്യം, ഒരു രാഷ്ട്രം, ഒരു സംസ്‌കാരം എന്നിവയാണ്. പില്‍ക്കാലത്ത് അത് ഒരു രാഷ്ട്രം, ഒരു ജനത, ഒരു സംസ്‌കാരം എന്നിങ്ങനെയായി പരിണമിച്ചത് നാം കണ്ടു. ഭാരതീയ ദേശീയത എന്ന ആശയത്തെ അമൂര്‍ത്തമായി അവതരിപ്പിക്കുക മാത്രമേ, ആദ്യ തെരഞ്ഞെടുപ്പിന്റെ ഈ മാനിഫെസ്റ്റോ ചെയ്തിട്ടുള്ളൂ. നിരോധനം പിന്‍വലിച്ച് ഏതാണ്ട് രണ്ടു വര്‍ഷത്തിനകത്താണ് തെരഞ്ഞെടുപ്പ് നടന്നത് എന്ന കാര്യം മനസ്സിലാക്കിയാല്‍ ബ്രാഹ്‌മണിസത്തെ ആവൃതമാക്കിക്കൊണ്ടുള്ള ഈ നിലപാട് തിരിച്ചറിയാന്‍ കഴിയും. എങ്കില്‍പ്പോലും പലയിടത്തും പുള്ളിപ്പുലിയുടെ പുള്ളികള്‍, ഈ ആദ്യ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും പ്രത്യക്ഷപ്പെടുന്നത് കാണാം. അതില്‍ ആദ്യത്തേത് മതേതരത്വത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ്. ‘ഇന്നത്തെ നിലയില്‍ മതേതരത്വം ഈ രാജ്യത്ത് വ്യാഖ്യാനിക്കപ്പെടുന്നത്, മുസ്ലീം പ്രീണന നയത്തിന്റെ പര്യായമായാണ്. മതേതരത്വത്താല്‍ നിര്‍മ്മിക്കപ്പെട്ട ദേശീയത എന്ന് വിളിക്കപ്പെടുന്നത് ദേശീയതയോ മതേതരത്വമോ അല്ല. മറിച്ച് ഈ രാജ്യത്തോടുള്ള വിധേയത്വം അധരവ്യായാമം ആയി പ്രകാശിപ്പിക്കുന്നതിനുപോലും കൂലി ആവശ്യപ്പെടുന്ന വര്‍ഗ്ഗീയതയോടുള്ള സമരസപ്പെടല്‍ മാത്രമാണ്.’

എന്നുവെച്ചാല്‍, മുസ്ലീം പ്രീണനമാണ് ഈ രാജ്യത്തിലെ ഭരണഘടനയ്ക്ക് അടിസ്ഥാനം എന്ന സത്യരഹിതമായ പ്രസ്താവന ഒരു മടിയും കൂടാതെ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. മുസ്ലീങ്ങള്‍ക്ക് യഥാര്‍ത്ഥ രാജ്യസ്‌നേഹമില്ലെന്നും അവര്‍ രാജ്യസ്‌നേഹം എന്ന പേരില്‍ നടത്തുന്നത് വെറും അധരവ്യായാമം മാത്രമാണെന്നും വരികള്‍ക്കിടയിലൂടെ പറഞ്ഞുവെക്കുന്നു. പാകിസ്ഥാന്‍പോലെ ഒരു ഇസ്ലാമിക രാജ്യം രൂപംകൊണ്ടിട്ടും അങ്ങോട്ടുപോകാതെ ഇന്ത്യയില്‍ തുടര്‍ന്ന മുസ്ലീം ജനസമൂഹത്തിന്റെ നേര്‍ക്കാണ് ഈ കൊഞ്ഞനംകുത്തല്‍ എന്നോര്‍ക്കണം. പശു സംരക്ഷണത്തിനായുള്ള നിലപാട്, കശ്മീരിന് പ്രത്യേക പദവി നല്‍കിയതിലുള്ള എതിര്‍പ്പ്, ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനുള്ള നീക്കം, സംസ്‌കൃതഭാഷയോടുള്ള കണക്കില്‍ കവിഞ്ഞ ആഭിമുഖ്യം എന്നിങ്ങനെ പില്‍ക്കാലത്ത് ഹിന്ദു വംശീയവാദികള്‍ മുന്നോട്ടു കൊണ്ടുപോയ നയങ്ങള്‍ ആദ്യമായി ക്രോഡീകരിച്ച് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത് ഇതിലൂടെയാണ്. ഇന്ന് ഹിന്ദു വംശീയവാദികള്‍ തങ്ങളുടേതായ രീതിയില്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന അംബേദ്കര്‍ ബിംബത്തെ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അങ്ങനെയല്ല കണ്ടിരുന്നത് എന്നതിന്റെ തെളിവുകളും ഇതില്‍ വ്യക്തമായി കാണാം. നമുക്കറിയാവുന്ന കാര്യം, ബ്രാഹ്‌മണിസത്തിന്റെ മേല്‍ക്കോയ്മയെ നിയമപരമായി ഇല്ലായ്മ ചെയ്യാനായി ഹിന്ദു കോഡ് ബില്‍ കൊണ്ടുവരിക എന്നത് ആദ്യ മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന അംബേദ്കറുടെ ജന്മാഭിലാഷമായിരുന്നു. അത് നടക്കാതെ പോയതില്‍ പ്രതിഷേധിച്ചു കൂടിയാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്. ആ ഹിന്ദു കോഡ് ബില്ലിനെ എങ്ങനെയാണ് ഹിന്ദു വംശീയവാദികള്‍ കണ്ടതെന്ന് ഈ മാനിഫെസ്റ്റോയില്‍ നമുക്ക് പരിശോധിക്കാം. ‘സാമൂഹിക പരിഷ്‌കരണം മുകളില്‍നിന്നുള്ള അടിച്ചേല്പിക്കല്‍ ആകരുത് എന്നതാണ് പാര്‍ട്ടി മുറുകെ പിടിക്കുന്നത്. അത് സമൂഹത്തിനുള്ളില്‍നിന്നാണ് പ്രവര്‍ത്തിക്കേണ്ടത്. ഹിന്ദു കോഡ് ബില്ലില്‍ വിഭാവനം ചെയ്ത വിദൂരവ്യാപക ഫലങ്ങള്‍, അവയ്ക്കുവേണ്ടിയുള്ള ശക്തമായ ജനകീയ ആവശ്യം ഉയരുന്നില്ലെങ്കില്‍ നടപ്പാക്കാന്‍ പാടുള്ളതല്ല. അവയെ സംബന്ധിച്ച വ്യക്തമായ ജനകീയ വിധി വോട്ടര്‍മാരില്‍നിന്ന് ഉണ്ടാകാത്തിടത്തോളവും.’

ബ്രാഹ്‌മണിസത്തിന് മേല്‍ക്കോയ്മയുള്ള ശ്രേണീകൃതമായ ഹിന്ദുസമൂഹത്തിന്റെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നുള്ള ആവശ്യം ആദ്യമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വരത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തെരഞ്ഞെടുപ്പു രംഗത്ത് മുഴങ്ങുകയായിരുന്നു, ഇതിലൂടെ. ഭരണകൂടം, മതകാര്യങ്ങളില്‍, അവ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തന്നെയായാലും ഇടപെടരുതെന്ന് തിലകിനെപ്പോലുള്ളവര്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് ഒരു കാലത്ത് ആവശ്യപ്പെട്ടത്, സ്വദേശി ഭരണകൂടത്തോടും ആവശ്യപ്പെടുകയായിരുന്നു ജനസംഘ്. ബ്രാഹ്‌മണിസ്റ്റ് രാഷ്ട്രീയത്തിന്റെ അനുസ്യൂതി അവകാശപ്പെടുന്ന പുള്ളിയാണ്, പുലി ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.

അംബേദ്കർ

1954ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ അടിസ്ഥാന ആശയങ്ങളുടെ പട്ടിക ചെറുതായി ഒന്ന് പരിഷ്‌കരിക്കപ്പെടുകയുണ്ടായി. ഒരു രാജ്യം, ഒരു ജനത, ഒരു സംസ്‌കാരം, ഒരു രാഷ്ട്രം, ഒരു ആദര്‍ശം എന്നിങ്ങനെ അഞ്ചായി അതിനെ വിപുലപ്പെടുത്തി. അതില്‍ ഒരു ആദര്‍ശം എന്നതൊഴികെയുള്ളവയെല്ലാം നാം ചര്‍ച്ച ചെയ്തതാണ്. ഒരു ജനത എന്നത് അടിസ്ഥാന ആശയങ്ങളിലൊന്നായി പ്രത്യക്ഷപ്പെടുന്നതും 1954ലാണ്. ഒരു ആദര്‍ശം എന്ന തലക്കെട്ടിന് കീഴെ, പക്ഷെ എഴുതിച്ചേര്‍ത്തിട്ടുള്ളത് നാം മുമ്പേ ചര്‍ച്ച ചെയ്ത മുസ്ലീം, മതേതരത്വ വിരോധ കാര്യങ്ങളാണ്. പശു എന്ന തലക്കെട്ടിന് കീഴെ ഗോവധ നിരോധനം കൊണ്ടുവരും എന്ന് പ്രഖ്യാപിക്കുന്നതിനോടൊപ്പം ‘പശു നമ്മുടെ അന്തസ്സിന്റെ അടയാളവും നമ്മുടെ സംസ്‌കാരത്തിന്റെ അനശ്വരമായ പ്രതീകവും’ ആയി വിശേഷിപ്പിക്കുകയുമുണ്ടായി. വീണ്ടും പശുവിന് വിശേഷണങ്ങള്‍ കൊടുക്കുന്നുണ്ട്. ‘അനാദികാലം മുതലേ അതിനെ സംരക്ഷിക്കുകയും ആരാധിക്കുകയും ചെയ്തു വരുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥ തന്നെയും പശുവിനെ ആശ്രയിക്കുന്ന ഒന്നാണ്. അതിനാല്‍ പശുസംരക്ഷണം എന്നത് നമ്മുടെ വിശുദ്ധമായ ഉത്തരവാദിത്വം മാത്രമല്ല, ഒഴിവാക്കാനാവാത്ത ആവശ്യം കൂടിയാണ്. അതിന്റെ വധം തുടരുന്നിടത്തോളം കാലം പശുവിനെ സംരക്ഷിക്കുക എന്നതും അതിനെ അഭിവൃദ്ധിപ്പെടുത്തുക എന്നതും അസാധ്യമാണ്. അതിന്റെ എണ്ണത്തിലുള്ള ഇടിവിനെ പിടിച്ചുനിര്‍ത്താനുള്ള ഒരേ ഒരു പോംവഴി അതിന്റെ കൊല ഇപ്പോള്‍ മുതല്‍ നിരോധിക്കലാണ്.’

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള സമത്വത്തെ ആദ്യം മധുരമുള്ള വാക്കുകള്‍കൊണ്ടും പിന്നീട് പുലിയുടെ പുള്ളി വെളിപ്പെടുത്തിയും ഈ മാനിഫെസ്റ്റോയും വെളിപ്പെടുത്തുന്നുണ്ട്. മതപരമായ ന്യൂനപക്ഷതയെ ജനസംഘ് അംഗീകരിക്കുന്നില്ലെന്ന് അത് കട്ടായമായി പ്രഖ്യാപിക്കുന്നുണ്ട്. സ്വാര്‍ത്ഥപരമായ വിചാരങ്ങളില്‍നിന്ന് അത്തരം വിഭാഗങ്ങളും ധാരകളും ഉണ്ടാക്കുന്ന ദേശാതീതമായ വിധേയത്വത്തെ എതിര്‍ക്കുന്നു എന്ന് പറയുമ്പോള്‍ നാം നേരത്തെ ചര്‍ച്ച ചെയ്ത സവര്‍ക്കറിയന്‍ പൗരത്വ സങ്കല്പത്തേയാണ് ഈ മാനിഫെസ്റ്റോയും മുന്നോട്ടുവെക്കുന്നത്. ഇന്ത്യ പിതൃഭൂമിയും പുണ്യഭൂമിയുമായ ആളുകള്‍ക്ക് മാത്രം പൗരത്വം നല്കുന്ന ഫാസിസ്റ്റ് പൗരത്വ സങ്കല്പം. അവരെ ഉരുക്കുമുഷ്ടികള്‍കൊണ്ടു നേരിടണം എന്നും മാനിഫെസ്റ്റോ പറഞ്ഞുവെക്കുന്നു.

വിഭജനം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം വേദനാജനകമായിരുന്നെങ്കിലും അതിന്റെ ഫലമായുണ്ടായ പാകിസ്ഥാനെ സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ലോകവും ഇന്ത്യതന്നെയും അംഗീകരിച്ചു പോന്നിരുന്നു. ഒരു ദേശരാഷ്ട്രം എന്ന നിലയ്ക്ക് പാകിസ്ഥാന്റെ ചെയ്തികളോട് ഇന്ത്യയ്ക്ക് തൃപ്തിയും അതൃപ്തിയുമൊക്കെ തോന്നുന്നത് അക്കാലത്ത് സ്വാഭാവികമായിരുന്നു. പാകിസ്ഥാന്‍, ഇന്ത്യയോട് തെറ്റു ചെയ്യുമ്പോഴെല്ലാം ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും പൊതുവേ ഇന്ത്യന്‍ ജനതയും അവരുടെ നീക്കങ്ങളെ അപലപിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാനെ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ അസ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഒരു ജനാധിപത്യ പാര്‍ട്ടികളും അവരുടെ അജണ്ടയായി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ജനസംഘ് ഈ മാനിഫെസ്റ്റോയിലൂടെ അതും ചെയ്യുന്നു. ‘പാകിസ്ഥാനിലെ ഏതെങ്കിലും ഒരു പ്രവിശ്യ അതിന്റെ സര്‍ക്കാരിന്റെ സമഗ്രാധിപത്യ സ്വഭാവംകൊണ്ടോ വിഭജനംകൊണ്ടുണ്ടായ സഹനങ്ങള്‍കൊണ്ടോ മടുത്ത് നമ്മുടെ സമാധാനപരവും പുരോഗാമിയുമായ സ്വതന്ത്രജീവിതത്തോട് ആഭിമുഖ്യം പുലര്‍ത്തി ഭാരതവര്‍ഷവുമായി ബന്ധം പുലര്‍ത്തുകയാണെങ്കില്‍, ജനസംഘ് ആ നീക്കത്തെ സ്വാഗതം ചെയ്യുകയാണ്’ എന്ന് ആ മാനിഫെസ്റ്റോയില്‍ കാണാം. മറ്റൊരു സ്വതന്ത്ര രാഷ്ട്രത്തെ ഛിദ്രിപ്പിക്കാന്‍ ശ്രമിക്കുന്നത്, പച്ചയ്ക്ക് വിളിച്ചുപറയാന്‍ ശ്രമിക്കുന്നത് അതിന്റെ വലിയൊരു ഫാസിസ്റ്റ് പുള്ളിയെ പ്രദര്‍ശിപ്പിക്കലാണ് എന്നതില്‍ തര്‍ക്കമുണ്ടാകാന്‍ വഴിയില്ല.

ഭാഷയുടെ കാര്യം വരുമ്പോള്‍ 1951-ല്‍ എന്നപോലെ പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലൂടെ, എന്നാല്‍ മറ്റു ഉന്നത വിദ്യാഭ്യാസ ഘട്ടങ്ങളില്‍ ഹിന്ദി നിര്‍ബന്ധിതഭാഷയായിരിക്കുക എന്ന നയം തന്നെയാണ് ജനസംഘ് സ്വീകരിക്കുന്നത്. അതേ സമയം ഇംഗ്ലീഷിന്റേയും ഉറുദുവിന്റേയും കാര്യത്തില്‍ അങ്ങേയറ്റത്തെ നിഷേധാത്മക നയമാണ് അവര്‍ 1954-ല്‍ സ്വീകരിച്ചത്. ഉറുദുവിനെ ഭരണഘടന അംഗീകരിച്ച ഭാഷ എന്ന നിലയില്‍നിന്ന് നീക്കം ചെയ്യും എന്നവര്‍ പ്രഖ്യാപിക്കുന്നു. സംസ്‌കൃതത്തെ ഉദ്ധരിക്കാനുള്ള പ്രത്യേക നടപടി സ്വീകരിക്കുമെന്നും. വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഖണ്ഡികയില്‍ ‘പെണ്‍കുട്ടികളുടെ പ്രത്യേക ആവശ്യകതകള്‍ പരിഗണിച്ച്, അവരെ ആദര്‍ശാത്മകരായ വീട്ടുവനിതകളും അമ്മമാരും ആക്കുന്നതിനും അവരില്‍ ദേശീയബോധം വികസിപ്പിക്കുന്നതിനും സ്വാശ്രയത്വം കൊണ്ടുവരുന്നതിനുമായി പ്രത്യേകം സിലബസ്സ്’ തയ്യാറാക്കുമെന്ന് ഈ മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നുണ്ട്. ബ്രാഹ്‌മണിസത്തിന്റെ സഹജമായ കാഴ്ചപ്പാടാണ് ഇതില്‍ പ്രതിഫലിക്കുന്നത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. 1951നേക്കാള്‍ അങ്ങനെ പുള്ളികള്‍ വെളിപ്പെടുത്തിയ പുലിയെ നമുക്ക് ഈ മാനിഫെസ്റ്റോയിലൂടെ കാണാന്‍ കഴിയുന്നു.

1957ലെ തെരഞ്ഞെടുപ്പ്, സ്വാതന്ത്ര്യത്തിന്റെ പത്തു വര്‍ഷത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്, അക്കൊല്ലത്തെ ജനസംഘിന്റെ മാനിഫെസ്റ്റോ ആരംഭിക്കുന്നത്. പാകിസ്ഥാനെ ശത്രുരാഷ്ട്രമായി പ്രഖ്യാപിച്ചു തുടങ്ങുന്ന മാനിഫെസ്റ്റോ, ശക്തവും ആയുധബലവുമുള്ള രാഷ്ട്രം എന്ന സവര്‍ക്കറുടെ സങ്കല്പത്തെയാണ്, ആ പേര് പറയാതെ പിന്‍പറ്റുന്നത്. അതോടൊപ്പം നെഹ്‌റുവിനെ നേരിട്ടാക്രമിക്കുന്ന നിലപാടും മാനിഫെസ്റ്റോ സ്വീകരിക്കുന്നു. മന്ത്രിമാര്‍ എല്ലാവരും പ്രധാനമന്ത്രിയുടെ സന്തുഷ്ടിയാണ് കാംക്ഷിക്കുന്നതെന്നും അതുവഴി മുഴുവന്‍ ഭരണനിര്‍വ്വഹണ സംവിധാനവും ഒരു വ്യക്തിഗത കള്‍ട്ടിന്റെ ഇരയായി തീര്‍ന്നിരിക്കുകയാണ് എന്നും ഈ മാനിഫെസ്റ്റോ പറയുന്നു.

ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് ചേര്‍ന്ന മാനിഫെസ്റ്റോ എന്ന നിലയില്‍ സ്വയം പുള്ളികളെ പ്രകാശിപ്പിക്കാന്‍ മാത്രമുള്ള കരുത്ത് ഫാസിസ്റ്റ് പുലി ആര്‍ജ്ജിക്കുന്നത് നമുക്ക് ഇതില്‍ ദര്‍ശിക്കാം. ഒരു സൈനിക ഭരണകൂടത്തെക്കുറിച്ചുള്ള ആഗ്രഹം ഈ മാനിഫെസ്റ്റോയുടെ പ്രത്യേകതയാണ്. ചെറുപ്പക്കാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം ഇത് മുന്നോട്ടുവെക്കുന്നു. ഒപ്പം വിശാലമായ ഒരു ടെറിട്ടോറിയല്‍ സൈന്യത്തിന്റെ സ്ഥാപനവും. ശക്തമായ ഒരു ഇന്റലിജന്‍സ് വകുപ്പും അതിര്‍ത്തികളില്‍ സുശക്തമായ ഒരു അതിര്‍ത്തി പോലീസ് സംവിധാനവും അതിന്റെ പ്രഖ്യാപനങ്ങളായി നാം വായിക്കുന്നു. അകത്തും പുറത്തും ശത്രുക്കളെ എപ്പോഴും കാണുന്ന, അവരോട് പൊരുതാനുള്ള ശക്തി നിരന്തരം ആര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ആണത്ത ഭരണകൂടത്തെയാണ്, ജനാധിപത്യത്തിന്റെ സൗജന്യങ്ങളിലൂടെ അത് വെളിവാക്കുന്നത്. സാധാരണയില്‍നിന്നും വിഭിന്നമായ ആര്‍.എസ്.എസ്സിന്റെ ഹിന്ദു വംശീയവാദവും മാനിഫെസ്റ്റോയില്‍ ഇടം പിടിച്ചതായി നാം കാണുന്നു. ‘അസ്പൃശ്യതയും ജാതിയും തുടച്ചു മാറ്റിക്കൊണ്ട് ഹിന്ദു സമൂഹത്തിനുള്ളില്‍ സമത്വത്തിന്റേയും ഏകതയുടേയും അനുഭവം ഉളവാക്കുക’ എന്നും ‘ഭാരതീയ സംസ്‌കൃതിയിലേയ്ക്ക് ഉള്‍ച്ചേര്‍ത്തുകൊണ്ട് എല്ലാ ഹിന്ദുക്കളേയും ദേശീയവത്ക്കരിക്കുക’ എന്നും ഇന്ത്യയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു പാര്‍ട്ടി എഴുതിച്ചേര്‍ത്തിരിക്കുന്നത് അത്ഭുതത്തോടെയല്ലാതെ വായിക്കുക വയ്യ. കാരണം, ഇന്ത്യന്‍ പൗരന്മാരുടെ സമത്വത്തേയും ഏകതയേയും പറ്റി പറയേണ്ടിടത്ത് അവര്‍ സംസാരിക്കുന്നത് ഹിന്ദുക്കളുടെ സമത്വത്തെക്കുറിച്ചും ഏകതയെക്കുറിച്ചുമാണ്. ഇന്ത്യ എന്നാല്‍ ഹിന്ദു എന്ന അവരുടെ യഥാര്‍ത്ഥ പുള്ളി അറിയാതെ സ്വദര്‍ശനം കാണിക്കുകയാണ് അവിടെ.

ഹിന്ദുമതം എന്നത് മതം എന്ന നിലയില്‍ എത്ര ദുര്‍ബലമാണെന്ന്, അതിനുള്ളിലേക്ക് പാളിനോക്കിയാല്‍ അറിയാന്‍ കഴിയും. മതം എന്നതിനേക്കാള്‍ അത് മതമില്ലായ്മയാണെന്നും. അത് തിരിച്ചറിഞ്ഞുകൊണ്ട് അതിനെ ഇല്ലാത്ത വംശീയതയുടെ അടിസ്ഥാനത്തില്‍ ഐക്യപ്പെടുത്തുകയും അതിനെ ദേശീയതയായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക എന്ന ആര്‍.എസ്.എസ്സിന്റേയും ഹിന്ദുത്വവാദികളുടേയും അജണ്ട അപ്പാടെ ഈ മാനിഫെസ്റ്റോയില്‍ പ്രത്യക്ഷപ്പെടുന്നു.

മുസ്ലീങ്ങള്‍ക്കെതിരെയുള്ള സ്ഥിരം വാദങ്ങള്‍ക്ക് പുറമേ ക്രിസ്ത്യാനികള്‍ക്കെതിരെയും ഈ മാനിഫെസ്റ്റോ കര്‍ക്കശമായി സംസാരിക്കുന്നു. വിദേശ പ്രേഷിതപ്രവര്‍ത്തകരുടെ പിടിയില്‍നിന്ന് ഭാരതത്തിലെ ക്രിസ്ത്യാനികളെ വിമോചിപ്പിക്കണമെന്ന് ഇത് കഠിനമായി ആവശ്യപ്പെടുന്നു.

ഹിന്ദു വംശീയതയുടെ അടിസ്ഥാനത്തിലുള്ള ഭരണകൂടത്തിന്റേയും സമൂഹത്തിന്റേയും സ്ഥാപനം, ന്യൂനപക്ഷ സങ്കല്പനത്തോടും അതിനുള്ളില്‍പ്പെടുന്ന മതങ്ങളോടുള്ള വിദ്വേഷം, സൈനിക ഭരണകൂടത്തോടുള്ള ആഭിമുഖ്യം എന്നിവയ്ക്ക് പുറമേ, ഇന്ത്യയിലെ ബഹുസ്വര സമൂഹത്തോട് നീതി പുലര്‍ത്തുന്ന ഫെഡറല്‍ സ്വഭാവത്തേയും ഈ മാനിഫെസ്റ്റോ കടുത്ത ശത്രുതയോടെ നേരിടുന്നു. ഒറ്റരാഷ്ട്ര സങ്കല്പമാണ് ഇത് മുന്നോട്ടുവെക്കുന്നത്. അതിനുവേണ്ടി, പില്‍ക്കാലത്ത് 2014-ല്‍ സ്ഥാനമേറ്റെടുത്ത നരേന്ദ്ര മോദി സര്‍ക്കാരിന് വേണ്ടി അന്നത്തെ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച, രാജ്യത്തെമ്പാടും സാധുതയുള്ള ചരക്ക് സേവന നികുതി (ജി.എസ്.ടി.) യുടെ പ്രാഗ്‌രൂപം ഈ മാനിഫെസ്റ്റോയില്‍ കൂടിയാണ് ഹിന്ദുത്വ രാഷ്ടീയം ആദ്യം അവതരിപ്പിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും നികുതി ഏകീകരിക്കുക, സംസ്ഥാനാന്തര നികുതി ഒഴിവാക്കുക, ഒറ്റബിന്ദുവിനെ അടിസ്ഥാനപ്പെടുത്തിയുള്ള നികുതി കൊണ്ടുവരിക തുടങ്ങിയവയെല്ലാം ഈ മാനിഫെസ്റ്റോയില്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതായത് ഫെഡറലിസത്തിനെതിരെ ഒരു കേന്ദ്രീകൃത ഭരണകൂട സങ്കല്പത്തിന് യോജിച്ച സമ്പദ്‌വ്യവസ്ഥയും അത് വിഭാവനം ചെയ്യുന്നു. കശ്മീരിനെ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയണമെന്ന ആവശ്യം ഇതിലും ഉന്നയിക്കുന്നുണ്ട്.

നരേന്ദ്ര മോദി

മറ്റൊരു പ്രധാനപ്പെട്ട വസ്തുത, നെഹ്‌റു കൊണ്ടുവന്ന ഹിന്ദു കോഡ് ബില്‍ എടുത്തുകളയും എന്ന ഭീഷണി ഇതില്‍ ഉന്നയിക്കുന്നുണ്ട് എന്നതാണ്. ഹിന്ദു വിവാഹ നിയമവും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവുമാണ് എടുത്തുകളയും എന്ന് പറയുന്നത്. 1947-ല്‍ അംബേദ്കര്‍ കൊണ്ടുവരാനാഗ്രഹിച്ചതായിരുന്നു ഹിന്ദു കോഡ് ബില്‍. അന്നത്തെ സാഹചര്യത്തില്‍ അത് നടക്കാതെ പോയി. പിന്നീട് ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിജയിച്ചതോടെയാണ് നെഹ്‌റു പല ബില്ലുകളായി ഹിന്ദു കോഡ് ബില്ലിന്റെ അന്തസ്സത്തയെ വിജയിപ്പിച്ചെടുക്കുന്നത്. അതാണ് പിന്‍വലിക്കുമെന്ന് മാനിഫെസ്റ്റോ അവകാശപ്പെടുന്നത്. അതോടൊപ്പംതന്നെ ഗോവധനിരോധനത്തെപ്പറ്റിയും പതിവുപോലെ ഈ മാനിഫെസ്റ്റോയും സംസാരിക്കുന്നു.

ഇത് സൂചിപ്പിക്കുന്നത് 1957 എത്തുമ്പോഴേക്കും പാര്‍ലമെന്ററി വ്യവസ്ഥയിലൂടെ ഹിന്ദുത്വഫാസിസം കൊണ്ടുവരാനുള്ള പദ്ധതിയുടെ ബ്ലൂ പ്രിന്റ് തയ്യാറായിക്കഴിഞ്ഞു. പിന്നീടുള്ള ജനസംഘിന്റെ മാനിഫെസ്റ്റോകളൊക്കെത്തന്നെ ഇതിന്റെ ആവര്‍ത്തനങ്ങളാണെന്ന് കാണാം. 1962ലെ മാനിഫെസ്റ്റോയില്‍ സൈനികശക്തി വര്‍ദ്ധിപ്പിക്കാനുള്ള ആയുധങ്ങള്‍ സമാഹരിക്കുന്നതിനെപ്പറ്റി പറയുന്നു. മിസൈല്‍, അന്തര്‍വാഹിനികള്‍ തുടങ്ങിയ ആധുനിക സൈനികവാഹനങ്ങളും ആയുധങ്ങളും ശേഖരിക്കുക, എന്‍.സി.സിയിലൂടെ വ്യാപക സൈനികവല്‍ക്കരണം നടപ്പാക്കുക, ടെറിറ്റോറിയല്‍ ആര്‍മി വികസിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അത് മുന്നോട്ടുവെക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷ സങ്കല്പനത്തെ നിരാകരിക്കുന്നു. വിദേശ പ്രേഷിതപ്രവര്‍ത്തകര്‍ക്ക് ആദിവാസി മേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുക്കില്ല എന്ന് പ്രഖ്യാപിക്കുന്നു. ഇന്ത്യയില്‍ കേന്ദ്രീകൃത ഭരണരൂപം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഹിന്ദിയുടെ അടിച്ചേല്‍പ്പിക്കലിനായി പഞ്ചവത്സര പദ്ധതി കൊണ്ടുവരുന്നതിനെപ്പറ്റിയും സാങ്കേതികവും ശാസ്ത്രീയവുമായ നാമകരണങ്ങള്‍ക്ക് സംസ്‌കൃതം ഉപയോഗിക്കുന്നതിനെപ്പറ്റിയും സംസാരിക്കുന്നു.

1967ലെ മാനിഫെസ്റ്റോയുടെ പ്രത്യേകത, നെഹ്‌റുവിന്റെ മരണശേഷമുള്ള തെരഞ്ഞെടുപ്പിനെ ലാക്കാക്കിയാണ് അത് തയ്യാറാക്കിയത് എന്നതാണ്. ഇതിലും സൈനികശക്തി വര്‍ദ്ധിപ്പിക്കുക, ആണവായുധങ്ങള്‍ നിര്‍മ്മിക്കുക, അതിര്‍ത്തിയിലെ ജനസംഖ്യ നിയന്ത്രിക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതോടൊപ്പം ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കുന്ന ഗൂഢലക്ഷ്യം മുന്‍നിര്‍ത്തി ‘ഇന്ത്യന്‍ ഏകതയേയും പരമാധികാരത്തേയും ഭീഷണിപ്പെടുത്തുന്ന അഞ്ചാംപത്തി’കളെ ഇല്ലായ്മ ചെയ്യുമെന്നുള്ള പ്രഖ്യാപനവും ഉണ്ട്. ഏക സിവില്‍ കോഡ് എന്ന ആശയവും ഈ മാനിഫെസ്റ്റോയില്‍ ഇടം പിടിച്ചു. പ്രത്യേകമായി എടുത്തു പറയേണ്ട പുതിയ ഫാസിസ്റ്റ് ആശയം, ആയുധങ്ങള്‍ കൊണ്ടുനടക്കാനുള്ള അവകാശം, മൗലികാവകാശമാക്കുമെന്ന പ്രഖ്യാപനമാണ്. ഹിംസാത്മകമായ ഒരു സമൂഹസങ്കല്പത്തെ ഒരു ഉളുപ്പും കൂടാതെ (രാജ്യത്തിന്റെ ഗാന്ധിയന്‍ സ്മരണയെ തകര്‍ക്കാനാകും), ഇതിലൂടെ മുന്നോട്ടു വെക്കുന്നു.

ഉദ്യോഗസ്ഥ സംവിധാനത്തിലാണ് ആര്‍.എസ്.എസ്. വ്യാപകമായി നുഴഞ്ഞു കയറിയിട്ടുള്ളത് എന്നത് നാം നിരീക്ഷിച്ചതാണ്. വിഭജന കാലത്ത് പോലീസ് സേനയും മറ്റ് ഉദ്യോഗസ്ഥ വകുപ്പുകളും വിഭജിക്കപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാന്‍ ആര്‍.എസ്.എസ്. കേഡര്‍മാര്‍ക്ക് കഴിഞ്ഞു. അതോടൊപ്പംതന്നെ ഹിന്ദു വംശീയതയുടെ ലക്ഷ്യങ്ങളോട് കൂറുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥരെ തങ്ങളിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇന്ത്യയിലെ ഉദ്യോഗസ്ഥ ശ്രേണിയുടെ മുകള്‍ത്തട്ടില്‍ ബ്രാഹ്‌മണരും മറ്റ് ഉന്നത ജാതിക്കാരുമാണ് വിഹരിച്ചിരുന്നത് എന്നതായിരുന്നു അതിന്റെ കാരണം. രണ്‍ധാവയെപ്പോലുള്ള പോലീസ് ഓഫീസര്‍മാരും കെ.കെ. നായരെപ്പോലുള്ള മജിസ്‌ട്രേട്ടുമാരും ഹിന്ദു വംശീയവാദത്തെ എങ്ങനെയാണ് സഹായിച്ചതെന്നും നാം കണ്ടു. പക്ഷേ, നിയമപ്രകാരം ഇന്ത്യയിലെ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗത്തിനും പ്രത്യക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കിയിട്ടുള്ളതിനാല്‍ ഉദ്യോഗസ്ഥ സംവിധാനത്തിനുള്ളിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അത് അപ്രാപ്യമായിരുന്നു. ഒരു ഫാസിസ്റ്റ് ഭരണകൂട ദര്‍ശനത്തില്‍, ഭരണകൂടത്തിന്റെ രാഷ്ട്രീയക്കൈ ആയാണ് ഉദ്യോഗസ്ഥ സംവിധാനം പ്രവര്‍ത്തിക്കേണ്ടത് എന്നതിനാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമേലുള്ള പ്രത്യക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള വിലക്ക് എടുത്തുകളയുമെന്ന് ഈ മാനിഫെസ്റ്റോ പറയുന്നുണ്ട്. കൂടാതെ പതിവുപോലെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള വകുപ്പും ഇതില്‍ ഉള്‍ക്കൊള്ളിച്ചതായി കാണാം. ഹിന്ദി, സംസ്‌കൃതം, പ്രാദേശിക ഭാഷ എന്നൊരു ത്രിഭാഷാ പദ്ധതിയും ഇത് മുന്നോട്ടുവെക്കുന്നുണ്ട്. പശുക്കള്‍ക്കായി എല്ലാ ഗ്രാമങ്ങളിലും മേച്ചില്‍ സ്ഥലമൊരുക്കുമെന്നും പാലുത്പന്നങ്ങള്‍ വിറ്റഴിക്കാനായി പരിഷ്‌കൃത പാല്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നു.ഇന്ദിരാ ഗാന്ധി

1971ലെ മാനിഫെസ്റ്റോ ഒരു ഭാഗത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ ആണ് നേരിടുന്നത്. ഇന്ദിരാഗാന്ധിയെ ഹിന്ദു വിരുദ്ധയാക്കി ചിത്രീകരിക്കാന്‍, കേരളത്തിലെ കോണ്‍ഗ്രസ്സ് – മുസ്ലീംലീഗ് സഖ്യത്തെയാണ് മാനിഫെസ്റ്റോ ചൂണ്ടിക്കാണിക്കുന്നത്. ഒരു സാമുദായിക പാര്‍ട്ടി എന്ന നിലയ്ക്കല്ല, വര്‍ഗ്ഗീയ കക്ഷി എന്ന നിലയ്ക്കാണ് ലീഗിനെ മാനിഫെസ്റ്റോ അവതരിപ്പിക്കുന്നത്. ജിന്നയുടെ മുസ്ലീംലീഗിന്റെ തുടര്‍ച്ചയാണ് കേരളത്തിലെ മുസ്ലീംലീഗ് എന്നത് പറയാതെ പറയുന്നു. ‘ഇന്ദിരാഗാന്ധി, ഈ രാജ്യത്തില്‍ മുസ്ലീംലീഗിന്റെ സര്‍വ്വവ്യാപിയായ തിരിച്ചുവരവിന് അവസരമൊരുക്കിയിരിക്കുന്നു,’ എന്ന് മാനിഫെസ്റ്റോ പറയുന്നു. ‘കേരളത്തിലെ മുസ്ലീംലീഗ് ഒരു വര്‍ഗ്ഗീയ കക്ഷിയല്ലെന്ന് പ്രധാനമന്ത്രി പൊതുമണ്ഡലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നു,’ എന്നും മാനിഫെസ്റ്റോയിലുണ്ട്. ഉറുദുവിനെ സംസ്ഥാന ഭാഷാ പട്ടികയില്‍നിന്ന് മാറ്റം ചെയ്യണമെന്ന ആവശ്യത്തില്‍നിന്നും ഈ മാനിഫെസ്‌റ്റോ ചെറുതായി തെന്നിമാറുന്നത് നമുക്ക് കാണാന്‍ കഴിയും. അത് ഉറുദുവിനെ പ്രോത്സാഹിപ്പിക്കും എന്ന് പറയുന്നു. അതോടൊപ്പംതന്നെ യു.പിയിലും ബീഹാറിലും മധ്യപ്രദേശിലും ഒക്കെ രണ്ടാം ഭാഷയായി ഉറുദുവിനെ അവരോധിക്കാനുള്ള നീക്കം എതിര്‍ക്കപ്പെടേണ്ടതാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഈ മാനിഫെസ്റ്റോയ്ക്കില്ല.

1951 മുതല്‍ 1971 വരെയുള്ള, ജനസംഘിന്റെ മാനിഫെസ്‌റ്റോകളാണ് നാം പരിശോധിച്ചത്. സൈനിക സ്റ്റേറ്റ്, സമൂഹത്തെ സൈനികവല്‍ക്കരിക്കുക, ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാന്‍ എന്ന മട്ടിലുള്ള ഏകശിലാത്മക സംസ്‌കാരം അവതരിപ്പിക്കുക, കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തുകളയുക, ഏക സിവില്‍ കോഡ് സ്ഥാപിക്കുക, ഹിന്ദുമതത്തെ അതിന്റെ വൈരുദ്ധ്യങ്ങളെ ഗൗനിക്കാതെ രാഷ്ട്രമതമാക്കി സ്ഥാപിക്കുക തുടങ്ങി ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ എല്ലാ മുദ്രാവാക്യങ്ങളും ഒന്നൊന്നായി ഇവയില്‍ കാണാന്‍ കഴിയും; പുലി പുള്ളികള്‍ വെളിവാക്കും പോലെ!

Comments

comments