(ഡി അനിൽകുമാറിൻ്റെ കവിതകളെക്കുറിച്ച് അൻവർ അലി)

ലൈറ്റിട്ട
വീടുകൾപോലെയാണ്
രാത്രിപോയ വള്ളങ്ങൾ
കരയെ നോക്കി നിൽക്കുന്നത്
– – – -(രായ്ക്ക് രാമാനം)

ഡി അനിൽകുമാർ

എന്ന് കേരളമെന്ന മലയാഴത്തീരത്തെ ഒരു കവി നിത്യജീവിതക്കാഴ്ച പോലെ എഴുതുന്നത് ആദ്യമായാണ്. ഇതര മലയാളകവികൾ അറബിക്കടലോരത്തു നിന്നുകൊണ്ട് നൂറ്റാണ്ടുകളായി കണ്ടുപോന്നത് ‘ഭാരതീപദാവലിയുടെ തിരമാലകൾ തോറ്റുന്ന വാരിധി’യും (എഴുത്തച്ഛൻ) ‘ചിന്തയാം കട’ലും ‘മോഹമാം ജലധി’യും ‘പരിഭീകരസിന്ധു’വും (കുമാരനാശാൻ) ഒക്കെയായിരുന്നു. നമ്മുടെ കാൽപ്പനികതയും ആധുനികതയും കണ്ടതോ, ‘അപാരതയുടെ നീലഗംഭീരോദാരച്ഛായ’യാൽ ‘അന്തർലോചനം’ തുറപ്പിക്കുന്ന ‘ദൃപ്തസാഗര'(ജി.ശങ്കരക്കുറപ്പ്) ത്തിൻ്റെ അഭൗമപ്രകൃതിയും “ഞെക്കിക്കൊലപ്പെടുത്തും മുൻപു പത്നിയെ കെട്ടിപ്പുണരും ദുരന്തപാത്രത്തിൻ്റെ ചിത്തം കണക്കെക്കിടന്നിരുമ്പുന്ന” (ബാലചന്ദ്രൻ ചുള്ളിക്കാട്) ‘സാർവ്വലൗകിക മനുഷ്യാവസ്ഥ’യുടെ അലകടലുകളും.

തൻ്റെ കൗമാരകാലരചനകളിലൊന്നിൽ തന്നെ “കപ്പലിൽ നിൽക്കുന്ന എനിക്ക് / ഹാർബർ അനങ്ങുന്നതായിട്ടേ തോന്നൂ” (ലോഡിങ്) എന്ന സുലളിതമായ കടൽത്തൊഴിലാളിയുക്തികൊണ്ട് നോക്കുകോണി (Point of view) നെ തലതിരിച്ചിട്ട ഡി അനിൽകുമാർ മൂന്നാം കവിതാസമാഹാരത്തിലെത്തുമ്പോൾ കടൽപ്പരപ്പിൻ്റെയും കടലാഴത്തിൻ്റെയും നോക്കുകോണിനെ പുതിയ ജലക്കാഴ്ചകളുടെ കണ്ണിലൂടെ മാറ്റിയെഴുതുന്നു —

വെള്ളത്തിനടിയിൽ കാറ്റ്
അലയ്ക്ക് അകമ്പടിയാകും
വെള്ളത്തിനടിയെന്ന് നമ്മള് പറയും
വെള്ളത്തിനത് മേളാണ്
—–(കുഴിയാളി)

കരയിൽനിന്നുള്ള നോക്കുകോണിനൊപ്പം കാവ്യഭാഷ എന്നു നാം വിളിച്ചുപോന്ന മൊഴിമുറകൾ മിക്കവയും ഒഴിവാക്കപ്പെടുകയോ പൊളിച്ചെഴുതപ്പെടുകയോ ചെയ്യുന്നവയാണ് അനിൽകുമാറിൻ്റെ ചങ്കൊണ്ടോ പറക്കൊണ്ടോ, (2016) അവിയങ്കോര (2020) എന്നീ ആദ്യ രണ്ടു സമാഹാരങ്ങളിലെയും കവിതകൾ. ആദ്യപുസ്തകത്തിന്റെ ആമുഖത്തിൽ അനിൽ അത് പച്ചയ്ക്ക് പറഞ്ഞുവയ്ക്കുന്നുണ്ട് : “ഇത് കവിതകളല്ല. കുറെ പള്ളുകളാണ്. ഏലം പോടുന്നതിനിടയിൽ ഒരുത്തൻ ഉരിച്ചത്. മീൻ വിൽക്കുന്നതിനിടയിൽ വേറൊരുത്തി കൊണച്ചത്. പാഠപുസ്തകം തന്ന ഉദാത്തമായ ഭാഷ പൊള്ളയാണെന്ന തിരിച്ചറിവാണ് പള്ളുകളിലേക്കും മരവിപ്പുകളിലേക്കും തിരിയാൻ എന്നെ പ്രേരിപ്പിച്ചത്” (ചങ്കൊണ്ടോ പറക്കൊണ്ടോ – പു. 8). എന്നാൽ രാവൽ എന്ന മൂന്നാം സമാഹാരത്തിലെത്തുമ്പോൾ അനിലിന്റെ വിധ്വംസകമൊഴി തമിഴകദ്രാവിഡത്തിൻ്റെ ചില പൊതുതുറസ്സുകളിലേക്കും മാനകമലയാളത്തിൻ്റെ പുതുഭംഗികളിലേക്കുമെല്ലാം ബഹുശാഖിയായി വളരുന്നതു കാണാം.

വിഛേദത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും അളവറ്റ ഊർജ്ജം ഈ കാവ്യപ്രതിഭയിലേക്ക് ആവാഹിക്കപ്പെട്ടത് എങ്ങനെയാവാം?

അനിലിൻ്റെ അത്ഭുതലോകം

അനിലിൻ്റെ മൊഴിയുലകം ഒരേസമയം കിനാവും യാഥാർത്ഥ്യവുമാണ്. ആദ്യകാലകവിതകൾ മുതലേ അതിൽ മിത്തിക്കൽ ആയ ഒരു തീരദേശമായാലോകവും യഥാർത്ഥ ജീവിതം തൂറാനും പെടുക്കാനുമിരിക്കുന്ന ഒരു കടപ്പുറവും ഒന്നിച്ചു പുലരുന്നുണ്ട്. ആലീസിന്റെ അത്ഭുതലോകം പോലെ അനിലിന്റെ അത്ഭുതലോകം എന്നു വിളിക്കാവുന്ന ആ മൊഴിപ്പരപ്പിൽ, “വാളുവേഗത്തിൽ / യാത്ര ചോദിക്കുന്ന റാളുകളുണ്ട് /പകലെണ്ണിത്തീരാത്ത /ചാക്കാണിയുണ്ട് /മലർന്ന സുന്ദരി മണങ്കുണ്ട് /മഷികുലുക്കിപ്പക്ഷി /കണവയുണ്ട്” (കടൽശംഖ്). പക്ഷേ അതേ “കടപ്പുറത്തിന്റെ അപ്പുറവും ഇപ്പുറവും ഇരുന്നാണ്” ഞാനും നീയും തൂറുന്നത്. “നീ പെരട്ടം കഴുകുന്നത്/ പാറകൾക്കിടയിലെ/ വെള്ളത്തിലും/  ഞാൻ കഴുകുന്നത്/ തിരയടിക്കുന്നിടത്തുമാണ്…/… എൻ്റെ പെരട്ടം കണ്ടതായി/ നീയോ/ നിൻ്റെ പെരട്ടം കണ്ടതായി/ ഞാനോ/ മിണ്ടിയിട്ടില്ല”. കടലാഴത്തിലുമുണ്ട് മായയും ഉണ്മയും. താഴേക്കൂളിയിട്ട് വിളഞ്ഞ ചിപ്പിക്കുമ്പാരമറുത്തു നിവരുംനേരം “സൂക്ഷിച്ചു നോക്കിയാൽ/ ചിപ്പിയിൽ കാണാം/ ചിപ്പിയെടുത്ത് മറയുന്നൊ/ രാൾരൂപം” (ചിപ്പി). അതേ ആഴത്തിൽ നൂറ്റാണ്ടു മുമ്പ് താണുപോയ പറങ്കിക്കപ്പലും അതിലഴിഞ്ഞ ഒടലും വെള്ളം കക്കുന്ന ഇരുമ്പുമണവുമുണ്ട്(പാര്). ഓഖിപ്പെരുങ്കാറ്റിൽ മരിച്ചവർ പെണമായോ പ്രേതമായോ കടലിനടിത്തട്ടിൽ ഒഴുകിനടക്കുന്നുണ്ട് (കാറ്റ് കൊണ്ടുപോയവർ).

Two Octopi by John Singer Sargent. courtesy-wikicommons

ആദ്യകാലം തൊട്ടേ അനിലിൻ്റെ ദൃശ്യ – യാഥാർത്ഥ്യ ചിത്രണങ്ങൾ പലതും ആനിമേഷനുകളിലെന്നോണം മായികമായി പരിണമിക്കുന്നവയാണ്. ചിലപ്പോൾ “കുട്ടികൾ തൊഴ പിടിച്ചും മടിവളച്ചും കടലാ”വുകയും “കടൽ ചൂര പാഞ്ഞേന്ന് ലേലംവിളിച്ച് മീനാ”വുകയും മീൻ വൈകുന്നേരങ്ങളിൽ ‘ഓരിയാൻ’ അഥവാ കടപ്പുറത്തെ മൂത്ത കുടിയനായി പള്ളുരിക്കുകയും (ഓരിയാൻ) ചെയ്യുന്നു. മറ്റു ചിലപ്പോൾ വീട്ടുനടയത്ത് തൊട്ടുകളിക്കാനായി മകൾ വരച്ചിട്ട ചതുരം, പുലർച്ചെ തിരയിൽ മരംതള്ളുന്നവൻ്റെ തലച്ചോറിലിരുന്ന് ഒച്ചവയ്ക്കും; കടൽനീലയിലെത്തുമ്പോൾ മക്കൾ തലച്ചോറീന്ന് വിരിഞ്ഞ വലകളിലേക്കിറങ്ങി ‘ഏക്കരി’ൽ ചതുരം വരയ്ക്കും (കൊടുവാമീൻ). കടപ്പുറം വെളുക്കുമ്പോൾ “ചരുവം കമിഴ്ത്തി ചന്തിയുറപ്പിച്ച മീൻകാരിപ്പെണ്ണുങ്ങൾ” സൂര്യൻ കറുക്കുമ്പോൾ വള്ളംതള്ളി കടലിലിട്ട് തണ്ടും ചൂണ്ടയുമേന്തി കടൽ കടന്നേ പോകും, മീങ്കൊയ്യാൻ  (കടലെറങ്കണ പെണ്ണ്ങ്കോ). ഒരോർമ്മയുടെ തിരയിരമ്പത്തിനൊടുവിൽ പൊടുന്നനെ ‘വീടകം കടലാ’വും. അമ്മ ചങ്കും അപ്പൻ പറക്കും (കൊമ്പൻസ്രാവിൻ്റെ ചിറകുണക്കിയത്) ‘ഞാൻ’ കടൽക്കുതിരയുമായി മാറും (ചങ്കൊണ്ടോ പറക്കൊണ്ടോ). കടൽക്കാക്ക, അവിയങ്കോര, ചേട്ടത്തി, അമ്മേടപ്പൻ തുടങ്ങി ആദ്യസമാഹാരങ്ങളിലെ നിരവധി കവിതകൾ പച്ചപ്പരമാർത്ഥത്തിൽനിന്ന് മായക്കിനാവിലേക്കുള്ള പകർച്ചയാണ്. അവയിൽ ചിലതിൽ മരിച്ചവരുടെ ആത്മാക്കൾ ഒരു മായികാഭിചാരത്തിലെന്നോണം ഇതര ജൈവരൂപങ്ങളായി — അപ്പൻ പക്കിയായും (അവിയങ്കോര) കട്ടമരം കമഴ്ന്ന് ചത്തവൻ കടൽക്കാക്ക (കടൽക്കാക്ക) യായും —പരിണമിക്കുകയുമാണ്.

തെക്കൻകേരളത്തിലെ ഒരു നെയ്തൽനാടിൻ്റെ മായികാഭിചാരങ്ങളിലൂടെയും മായികസഞ്ചാരികളിലൂടെയും മായാജീവപ്രകൃതിയിലൂടെയും ഉരുവംകൊള്ളുന്നതാണ് അനിലിൻ്റെ അത്ഭുതലോകം. പക്ഷേ വർണ്ണശബളമായൊരു സങ്കൽപ്പലോകമല്ല, കീഴാള മനുഷ്യരും അവരുടെ എളിയ സൂക്ഷിപ്പുകളും പരിസരങ്ങളും സ്വപ്നസങ്കടങ്ങളും ചേർന്നു സൃഷ്ടിക്കുന്ന ഭാവനാദേശമാണത്. രാവൽ എന്ന മൂന്നാം സമാഹാരത്തിലെത്തുമ്പോൾ ഈ ലോകം ഇതര തിണകളിലേക്കും പുതു കടലാഴങ്ങളിലേക്കും പല കാലങ്ങളിലേക്കും വികസ്വരമാവുന്നു. വൃദ്ധ’ദേവത’യെയും നായാടി’യപ്പൂപ്പനെ’യും പോലെ മറുതിണകളിൽനിന്ന് നെയ്തലിലേക്കെത്തുന്ന മാന്ത്രിക സഞ്ചാരികൾ, ആമയിറച്ചിക്കായി പുലർച്ചെ കത്തി രാവുന്ന അമ്മാമ്മയുടെയും ഊരിലെ ചാവും കോളും പ്രവചിക്കാൻ നൂറ്റാണ്ടായി തെയ്യംകെട്ടുന്ന തുറയിലച്ചൻ്റെയും മായികാഭിചാരങ്ങൾ, യഥാർത്ഥത്തിൽ ഇല്ലാത്ത ചെറൂളക്കിളിയും കുഴിച്ചിട്ട അടയ്ക്ക മുളച്ചുപറക്കുന്ന അടയ്ക്കാക്കിളിയും പോലുള്ള മായപ്പക്ഷികൾ, കടൽത്തീരത്തെ ഇല്ലാമാവുകൾ പ്ലാവുകൾ, കടലിനും കാറ്റിനും ചൊരിമണൽച്ചാറ്റിനും ഇടയ്ക്കെപ്പോഴോ തഴച്ച ‘അശോക’മരം, ബേത്തിമാരൻ്റെ കിഴക്കൻ കാട്ടുതാരകളിൽ വാലിലും വെള്ളക്കൊമ്പിലും ജാലം പുരട്ടിയ ആനക്കൂട്ടം, കബനിയുടെ മെലിഞ്ഞ വടിവുകളിൽ കൂട്ടമായിരുന്നു കഥ പറയുന്ന, പലപാട് മിന്നിമായുന്ന, കല്ലേമുട്ടി പള്ളത്തി മീൻപറ്റം…. എന്നിങ്ങനെ ചുഴലുകയും പരക്കുകയും ചെയ്യുന്നു, ആ ലോകം.

അനിലിൻ്റേത് അത്ഭുതലോകമാവുന്നത് പലപ്പോഴും കുട്ടിത്തത്തിൻ്റെ കണ്ണിലൂടെ. രാവലിലെ ആദി, ദേവത, അപ്പൂപ്പൻ, തുറയിലച്ഛൻ, ജലകണം, കുരുടനും കുട്ടിയും, അലിവ്, ഓടം തുടങ്ങിയ രചനകളിലെല്ലാം ഏറിയോ കുറഞ്ഞോ ഈ കാഴ്ചയുണ്ട്. ‘ആദി’ എന്ന ആദ്യരചനയിൽ തന്നെ, കടൽപ്പണിക്കാരനായ അപ്പനുമൊത്ത് അനന്തവിശാലതയിലേക്കു തുഴയുന്ന തൻ്റെ ആത്മകഥനത്തെ, ഗലീലിതീരത്തെ പിതാവിൻ്റെയും പുത്രൻ്റെയും സുവിശേഷത്തിലേക്ക് അനിൽ വിളക്കിച്ചേർക്കുന്നു —

ആദിയിൽ നീലയായിരുന്നു
പിന്നെ ജലവും
അപ്പൻ പറഞ്ഞു; പോരുന്നോ ?

…..

വെള്ളത്തിൽ കാലുവച്ചു ഞാൻ
ആഴത്തിനൊത്തു
ശൂന്യതയിൽ തലപൊക്കി ഞാൻ
ഉയരത്തിനൊത്തു
അപ്പൻ പറഞ്ഞു;
“നീയിപ്പോൾ യഹോവയായി
നിന്നെ ഞാൻ
മനുഷ്യരെ പിടിക്കുന്നവനാക്കാം.”
—-(ആദി)

അപ്പനൊപ്പം ഇറങ്ങിപ്പുറപ്പെട്ട കുട്ടി ഈ കീഴാളമായാലോകത്തിലുടനീളമുണ്ട്; അടിത്തട്ടിലും അകലെയും നിന്നെത്തുന്ന മനുഷ്യാനുഭവസ്പന്ദങ്ങൾക്കായി കടലിൻ്റെ ആഴത്തിലും തീരത്തും ചൂണ്ടയിട്ട് ജാഗ്രനായി കാത്തിരിക്കുന്ന ആ അത്ഭുതബാലകനിലേക്കു മൊഴിയിറങ്ങിവരുന്ന മായാമനുഷ്യരെ നോക്കൂ — പുറപ്പെട്ടുപോയ സ്വന്തം കണവനെത്തേടി  “സൂര്യനെ തെളിച്ചുവരുന്ന പുലരിയോ പുലരിയെ ഉണർത്തിവരുന്ന സൂര്യനോ” പോലെ കടപ്പുറത്തെത്തുന്ന വൃദ്ധദേവത (ദേവത), “അഗസ്ത്യാർകൂടമലയടിവാരത്തീന്ന്” കയ്യിൽ പുലിയും കരടിയും സിംഹവുമായി “ഒരു കാതം ഇരുകാതം പലകാതം താണ്ടി” വരുന്ന അപ്പുപ്പൻ (അപ്പുപ്പൻ), ഇരന്നു വാങ്ങിയ ചോറ് കാക്കകൾക്കു കൂടി വിതറി സ്വന്തം ഒച്ച കാക്കകളുടെ ഒച്ചയിൽ അലിയിച്ച നാടോടി (അലിവ്), മണൽത്തരികളെ നോക്കി ആൺപിറയും വെയിൽതുളികളെ നോക്കി പെൺപിറയും പ്രവചിക്കുന്ന തുറയിലച്ചൻ (തുറയിലച്ചൻ), സ്വന്തം മരണം കഴിഞ്ഞ് പള്ളിയിൽ അടക്കുപാട്ട് കേട്ടുകൊണ്ടിരിക്കെ വളർത്തുമകൻ്റെ മുന്നിലേക്ക് പതിവുപോലെ വെറ്റില മുറുക്കാനെത്തുന്ന കുരുടൻ (കുരുടനും കുട്ടിയും)…. അങ്ങനെ നിരവധി പേർ കവിവക്താവിൻ്റെ ബാല്യസ്മരണകളിൽ നിന്നെന്നോണം ആ അത്ഭുതലോകത്തിലേക്ക് ആവാഹിക്കപ്പെടുന്നു.

മായികചിത്രങ്ങളെയും മുഹൂർത്തങ്ങളെയും അതിവർത്തിച്ച് ഒരു മാന്ത്രികപുരാവൃത്തത്തിന്റെ മാനം കൈവരിക്കുന്ന കുറുങ്കവിതയാണ് ‘ഓടം’. കേറ്റിവച്ചിരിക്കുന്ന ഓടത്തെ ചൂണ്ടി ‘ഇപ്പോ വന്നതേയുള്ളൂ’ എന്ന് വിശേഷം വിളമ്പി, കുട്ടികൾ കളിക്കുന്ന മുറ്റത്ത് വലവിരുത്തിയിരിക്കുകയാണ് ഒരമ്മാമ്മ. അവരെ കണ്ട്, “ഇമ്മാതിരി ഓടം 850 കൊല്ലം മുമ്പുള്ളതാണ് / 85 വയസ്സുള്ള ഈ അമ്മാമ്മ ഇതിലെപ്പോ പോയിവന്നു?” എന്ന് ഒരു മാത്ര ശങ്കിക്കുന്ന കവിത, 850 കൊല്ലം മുമ്പ് പുറപ്പെട്ട്, അറബിയായും ലന്തക്കാരിയായും പരന്ത്രീസുകാരിയായും ഇപ്പോൾ ഈ കുടിൽമുറ്റത്ത് പരതവയായും പകരുന്ന ഒരു വൃദ്ധയുടെ വാചികചിത്രണമാണ്, പ്രത്യക്ഷത്തിൽ. അവർ അവിടെ ഇരിക്കുന്നു എന്നതല്ലാതെ വേറൊന്നും സംഭവിക്കുന്നില്ല. കുറെ കഴിഞ്ഞ് ഓടം തള്ളി കടലിലിറക്കി — ചാരിവച്ച സൈക്കിളെടുത്ത് ചവിട്ടിപ്പോകുന്ന ഒരാളുടെ അനായാസതയോടെ — തുഴഞ്ഞുപോവുകയും ചെയ്യുന്നു. ആ പ്രാചീനമുത്തശ്ശിയുടെ വരവുപോക്കിൽ വ്യംഗങ്ങളെയും ചരിത്ര -പുരാവൃത്ത ധ്വനികളെയും കവിഞ്ഞിരമ്പുന്ന ഒരു കാലക്കടൽ വായിക്കാനാവും. ഏതാനും വരികളുടെ മിനിമലിസംകൊണ്ട് തൻ്റെ അത്ഭുതലോകത്തെ അനുക്ഷണവികസ്വരമാക്കുന്ന മൗലികമായൊരു എഴുത്തുമുറ ‘ഓട’ത്തിലുണ്ട്.

ചില അഭാവങ്ങൾ അനിലിൻ്റെ ലോകത്തെ അത്ഭുതമാക്കുന്നതിനു ദൃഷ്ടാന്തമാണ് ‘മലയാളികൾ’ എന്ന കവിത. തീരജനതയുടെ മേൽ ഇതരസമൂഹങ്ങൾ കെട്ടിവെച്ച മുക്കുവർ എന്ന സ്വത്വാപകർഷനിർമ്മിതിയോടുള്ള വിയോജനമായിരിക്കെത്തന്നെ അത് സ്വജീവിതപരിസരത്തിലെ അത്ഭുതപ്പെടുത്തുന്ന — അതിലേറെ അമ്പരപ്പിക്കുന്ന — അഭാവങ്ങളെ കുറിച്ചുമാണ്. ‘ശ്യാമസുന്ദരകേരകേദാര’ഭൂമിയിൽനിന്ന് തീരദേശഗ്രാമപ്രകൃതി എത്ര വിസ്മയകരമാം വിധം വ്യത്യസ്തമാണെന്ന് സുസാധാരണമായ ഒരുപിടി അഭാവങ്ങളെ ചൂണ്ടി കവിത സ്വയം പിറുപിറുക്കുന്നതു നോക്കൂ:

നമുക്കെന്താ മാവില്ലാത്തത് ?
പ്ലാവ് ?
അയ്നിപ്ലാവ് ?
നമ്മുടെ മുറ്റത്ത് മണൽത്തരികൾ
അതിലുണക്ക മണങ്ങൾ
ഇല്ല, കാറ്റിന് പാറിക്കാൻ ഒരില
തണൽ
വെയില് കൊണ്ട് കൂടാരം
വെയിൽ തന്നെ പാർപ്പ്
വെയിലിലൂടെ നീളും നെടുമ്പാത

മലയാളകവിതയിൽ മുമ്പു കാണാത്ത തരം വെയിൽബിംബങ്ങളിലൂടെ തീരദേശപ്രകൃതിയെ മരീചികകളുടെ ഒരു ജ്യാമിതീയചിത്രണമായി സങ്കൽപ്പിക്കുന്നു, ഈ കവിത.

അഭാവങ്ങളും സാന്നിധ്യങ്ങളും പിണയുന്ന വിശാല ഭൂ-സമുദ്രഖണ്ഡങ്ങളുമുണ്ട് അനിലിൻ്റെ അത്ഭുതലോകത്ത്. അപ്പൻ വള്ളമോടിച്ചു കേറ്റിയ ഇടങ്ങൾ, തിരയടിച്ചു തകർന്നപ്പോൾ നീന്തിക്കേറിയ ഇടങ്ങൾ, ഉണ്ടെന്നും ഇല്ലെന്നും ആളുകൾ പറഞ്ഞറിഞ്ഞ ഇടങ്ങൾ… അങ്ങനെ നിരവധി കടൽനാടുകളും നഗരങ്ങളും അപ്പൻ്റെ ‘വികട’മൊഴിയിലൂടെ മായാദേശങ്ങളായി പരിണമിക്കുന്ന കവിതയാണ് ‘തെങ്ങരനീര്’.

ഗുജറാത്തിന്
കുയറാത്തെന്നേ പറയൂ അപ്പൻ
മംഗലാപുരത്തിന് മങ്ങലപ്പുരം
മുംബൈയ്ക്ക് പോമ്പെ
കാണാത്ത ദേശങ്ങൾക്ക് കിഴക്ക്

….

ആന്തമാൻ അപ്പന് അന്തോണി
കവരത്തി കബീർ
ദാമൻ ദിയൂ ദാമോരൻ

കടലിടങ്ങളല്ലാത്ത ചിലയിടങ്ങൾ ഉണ്ടെന്നറിയാതെതന്നെ വള്ളം മറിഞ്ഞു മരിച്ച അപ്പനെപ്പറ്റി, “കടലിനുള്ളിൽ കണ്ടമാനം കരകൾ / ഏതോ ഒരു കരയിൽ തീ കായുന്നു അയാൾ / അടുത്ത തെങ്ങരനീരിന് ഒഴുകിയെത്തും / നോക്കിക്കോ” എന്ന് കൂടെ നീന്തിയ കുമ്പാരിമാർ പറയുന്ന മായക്കഥയിൽ കവിത അവസാനിക്കുന്നു. ‘തെങ്ങരനീര്’ അനിലിൻ്റെ ഏറ്റവും മികച്ച കവിതകളിലൊന്നാണ്. അപ്പൻ്റെ യഥാർത്ഥ ജീവിതകഥ, അതിനെ പ്രതിയുള്ള മായക്കഥകളിലേക്ക് ആവിഷ്ടമാകുന്നതുകൊണ്ടു മാത്രമല്ല അത് മികച്ചതാവുന്നത്. മറിച്ച്, “ഒലകത്തെ” അപ്പൻ തൊടുകയും “ഒലകം” അപ്പനെ തൊടുകയും ചെയ്യുന്ന ഭൗമബന്ധങ്ങളാലും അപ്പൻ തൊട്ടിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, ഇടങ്ങളാലും ആ മായാലോകം ചരിത്രവൽക്കരിക്കപ്പെടുന്നതുകൊണ്ടു കൂടിയാണ്.

ചരിത്രഭാരമേറുമ്പോൾ ഒരു വേള, അനിലിൻ്റെ അത്ഭുതലോകം ക്ഷുബ്ധസമുദ്രംപോലെ ഇളകിമറിയും. ചോര വീണു ചുവക്കും. ചിലപ്പോൾ മരിച്ച യാഥാർത്ഥ്യം പുനർജനിക്കുന്ന മായാദ്വീപവുമാകും. നാട്ടുവാമൊഴിയിലേക്ക് പൊതുമലയാളവും ചെന്തമിഴും വൈദ്യുതമായി ഉരുക്കിച്ചേർത്ത് അനിൽ രചിച്ച ‘ഇന്ത്യാവിൻ എല്ലൈ’, ‘ഇലങ്കൈ’ എന്നീ രാഷ്ട്രീയകവിതകൾ ഈ ജനുസ്സിൽ പെട്ടവയാണ്. ഇന്ത്യയുടെ ചരിത്രത്തിലും പുരാവൃത്തത്തിലും ഭൗമപ്രകൃതിയിലും ലങ്കാദ്വീപിലേക്ക് വിരൽചൂണ്ടി നിൽക്കുന്ന എല്ലൈ അഥവാ അതിരാണ് ധനുഷ്കോടി. പക്ഷേ ‘ഇന്ത്യാവിൻ എല്ലൈ’ അതിനെ പുനർനിർണ്ണയിച്ചുകൊണ്ട് പ്രഖ്യാപിക്കുന്നു, വിനോദസഞ്ചാരികൾക്ക് “കൊണ്ടെ ഊസിയും / മണൽക്കൂടും വിൽക്കും / കുഴന്തൈകളാണ്” ഇന്ത്യയുടെ അതിർത്തിയെന്ന്. മണൽത്തരിപോലെ ഓടിനടക്കുന്ന ആ കുഴന്തകളുടെ മുടി തലൈമിനാറെ തൊട്ട കാറ്റായും നോട്ടം അലമാലകളായും മാറുന്നതോടെ, ധനുഷ്കോടിയിലെ കുഞ്ഞുങ്ങൾ, മരിച്ച യാഥാർത്ഥ്യത്തിൻ്റെ പുനർജ്ജന്മമായിത്തീരുകയായി. “അവർക്ക് പ്രായം 1964 / മൂന്നു കടലുകൾ ചേരുമ്പോഴുള്ള ചാവിരമ്പം വിശപ്പ്” എന്ന് മൊഴി വിരാടാകാരമാർജ്ജിക്കുമ്പോൾ, ഒരു ഭൂഭാഗത്തെത്തന്നെ പ്രേതനഗരമാക്കി കടലിലാഴ്ത്തിയ 64ലെ പ്രളയത്തിൻ്റെ സൂചനയാൽ ആ കുഞ്ഞുങ്ങൾ ചരിത്രവൽക്കരിക്കപ്പെടുന്നു. തുടർന്ന്, ഉടുപ്പിന് കുടിലുകളുടെയും കടലാകാശങ്ങളുടെയും ഏകതാന നിറങ്ങളും കൂട്ടിന് പൂച്ചകാക്കമീനുകളും മാത്രമുള്ള അനാഥാവസ്ഥയുടെ ചിത്രണത്തിലൂടെ അവരുടെ കീഴാളജീവിതം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നു. “നിവർന്നുനിൽക്കും അവരെ മലർത്തിക്കിടത്തി”യാൽ പാമ്പൻപാലമാവുമെന്നും “അതിൻ പുറത്തേറി താണ്ടാം ഇന്ത്യാവിൻ എല്ലൈ” എന്നുമുള്ള ‘മനോരാജ്യ’ത്തിലെ റെയിൽപ്പാളങ്ങളിലൂടെയാണ് ഈ കവിത ഇന്ത്യയുടെ രാഷ്ട്രീയാതിർത്തികൾ ലംഘിക്കുന്നത്.

തെങ്കടൽത്തീരത്തു നിലയുറപ്പിച്ച് മറുകരയിലേക്കു ചൂണ്ടുന്ന രചനയാണ് ‘ഇലങ്കെ’. ഭൂതകാലപ്പുറ്റുകളിൽനിന്ന് കാറ്റിൻപാടലായി, മഴനൂലുകളായി, ലങ്കയുടെ ചരിത്രവും പുരാവൃത്തവും ഈ കവിതയിൽ മൊഴിപ്പെടുന്നത് തനിത്തമിഴിൽ. സംഘകാലനെയ്തൽപ്പെരുമയും അസുരരാജാക്കളുടെ അധിനിവേശകഥയും മുതൽ തമിഴകജനതയുടെ കൂടിയേറ്റചരിത്രവും എൽ.ടി.ടി.ഇ കാലത്തിൻ്റെ ‘കൊടൂര രുധിര’ സ്മരണകളും വരെ ‘ലിപിമലയാള’ച്ചെന്തമിഴിൽ, കുറിയ ബിംബസൂചകങ്ങളാൽ ‘ഇലങ്കെ’ സംക്ഷേപിക്കുന്നു. ചരിത്രത്തിൻ്റെ കാറ്റുപാടൽ ഒടുങ്ങുമ്പോഴാണ് കവിത നാട്ടുമലയാളം പറഞ്ഞുതുടങ്ങുന്നതും മരിച്ച യാഥാർത്ഥ്യത്തെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് പുതിയൊരു അത്ഭുതലോകം മുഴങ്ങിത്തുടങ്ങുന്നതും:

വള്ളം മറിഞ്ഞോ ഒഴുകിയോ
മാഞ്ഞുപോകുന്നവർ
മിന്നലേറ്റ് മരിച്ചിട്ടും
മരിക്കാത്തവർ
ഒളിയിരിക്കുന്നിടമാണ്
ഞങ്ങൾക്ക് ഇലങ്ക

‘ഇന്ത്യാവിൻ എല്ലൈ’ കവിവക്താവിൻ്റെ യാത്രയും ‘ഇലങ്കെ’ ഓർമ്മയുമാണെങ്കിൽ ‘അലക്ക്’ സ്വന്തം നാടാണ്. നാടിൻ്റെ നേർക്കാഴ്ചയായിരിക്കെത്തന്നെ മൊഴികൊണ്ടു മെനഞ്ഞ ഒരു മായിക ഗ്രാമവുമുണ്ട് ‘അലക്കി’ൽ. രാത്രിയിൽ പൊതുപൈപ്പിൽ തുണി അലക്കുന്ന പെൺകുട്ടി, അവളുടെ പിന്നിൽ അർദ്ധവൃത്താകാരചന്ദ്രൻ, മുന്നിൽ നാളൊരിക്കൽ വന്നുപോം വെള്ളം – ഈ കേന്ദ്രചിത്രത്തെ, എക്സ്പ്രഷനിസമോ റിയലിസമോ ആയി വായിക്കാം. പക്ഷേ തുടർവരികൾ നോക്കൂ:

ചന്ദ്രനാണോ പെൺകുട്ടിയാണോ
വെള്ളമാണോ പെൺകുട്ടിയാണോ
അലക്കുന്നു
അലക്കുന്നു
പെൺകുട്ടി തുണിയുടെ അഴുക്ക് അലക്കുന്നു
ചന്ദ്രൻ നാടിന്റെ അഴുക്ക്
വെള്ളം ഭൂമിയുടെ

തുടർന്ന് ചിത്രത്തിലേക്ക് മറ്റു ചിലത് കടന്നുവരുന്നു — അവൾ പൈപ്പിൻചോട്ടിൽനിന്ന് മാറുന്നതും കാത്ത് വെള്ളം കുടിക്കാൻ വെമ്പിനിൽക്കുന്ന ഒരു പട്ടിണിനായ, അതിൻ്റെ ഓർമ്മയിലെ കോഴിക്കാല്, കൂവി നാടിൻ്റെ നേരം വെളുപ്പിക്കുന്ന കോഴി… ഇവയെല്ലാം ഒരൊറ്റ ജൈവാജൈവ ബിംബശൃംഖലയിൽ കണ്ണിചേർന്ന് ആ തീരദേശഗ്രാമത്തിൻ്റെ വർത്തമാനകാല സാമൂഹികജീവിതം മായികശക്തിയോടെ വ്യഞ്ജിക്കുന്നു, ‘അലക്കി’ൽ. ചരിത്രവൈപരീത്യത്തിൻ്റെ പ്രമേയങ്ങളിൽനിന്ന് ഉറവെടുക്കുന്ന മേൽക്കവിതകളിൽ യാഥാർത്ഥ്യം മായികതയിലേക്ക് വിലയിക്കുകയാണ്; തീരം കടലിലേക്കെന്ന പോലെ.

‘കുഴിയാളി’ എന്ന കവിതയിലെത്തുമ്പോൾ മായികവും യാഥാർത്ഥ്യവും വിലയിക്കുകയല്ല അവ ഒന്നു തന്നെയാവുന്നു. മാനകമലയാളത്തിന് മുങ്ങൽവിദഗ്ധൻ, സ്കൂബാ ഡൈവിങ്ങ് തുടങ്ങിയ വാക്കുകൾ പരിചിതമെങ്കിലും കടൽപ്പേച്ചിലെ കുഴിയാളി ഒരപരിചിതപദമാണ്. സ്‌കൂബാ സിലിണ്ടറിലെ ഓക്സിജൻ്റെ ഉറപ്പിൽ കടലിനടിയിലെ അത്ഭുതലോകം കാണാൻ മുങ്ങുന്ന കരയിലെ മുഖ്യധാരാമനുഷ്യരോട് അതേ ലോകത്തെ ചൂണ്ടി തെങ്കടലിലെ കുഴിയാളി പറയാതെ പറയുന്നത് ഇത് തങ്ങളുടെ യഥാർത്ഥലോകം എന്നാണ്:

കാലൊതുക്കി
കൈ പരത്തി
പൂതക്കണ്ണാടി വച്ച്
ചുഴിഞ്ഞു ചുഴിഞ്ഞു നീന്തിയാൽ
എഞ്ചിൻ തുണ്ടുകൾ
ആങ്കറിന്റെ പിടികൾ
മപ്പ്ളറുകൾ
ക്ലാത്തിചിറക്
കൊഞ്ചിൻതോട്
നെത്തോലിവാല്
ആമയിഴഞ്ഞിഴഞ്ഞു പോയ
ജലരേഖ
കാണാം

അതേസമയം അയാൾ കാണുന്ന യാഥാർത്ഥ്യം മായികവുമാണ്. ഓരോ തിരയും പല തിര. ഓരോ കടലും പല കടൽ. മണലും ചുഴിയും പലത്. കടലടിയിൽനിന്നു നോക്കുന്ന അയാൾക്ക്, അലയ്ക്ക് അകമ്പടി പോകുന്ന കാറ്റ് കാണാനാവും. “ചിലപ്പോഴൊക്കെ വെള്ളമല്ല / മീൻകണ്ണുകൾ തിളങ്ങി നിൽക്കുന്നതെന്നു തോന്നും / പകലിൽ മറ്റൊരു പകൽ ഉദിച്ചപോലെ”. യന്ത്രവൽകൃതകാലത്തിൻ്റെ എച്ചിൽപെറുക്കുകയെന്ന ലക്ഷ്യത്തിനൊപ്പം മുത്തെടുക്കാൻ പോയിരുന്ന കാലത്തിൻ്റെ മായികസ്മരണകളുമുണ്ട് അയാളിൽ.

മുത്ത് കിട്ടിയാലോ
ഒറ്റക്കൂവലാണ്
വെറും കൂവൽ കടലിന്റെ വിജനതയിൽ
അലയടിച്ചു തിരിച്ചുപോരും
ഒരു മുത്തുകൊണ്ട് ഒരു കൊല്ലം കഴിയാം

ഇവിടെ കൂവൽ മായയും മുത്ത് യാഥാർത്ഥ്യവുമാണ്. കൂവൽ കടലിൻ്റെ വിജനതയിൽ അലയടിച്ചു തിരിച്ചുപോരുന്ന മിഥ്യ. മുത്തോ കുഴിയാളിക്ക് ഒരു കൊല്ലം വീടുപോറ്റാൻ പോന്ന വിത്തം. കരയും കടലും / യാഥാർത്ഥ്യവും മായയും ഒന്നാവുന്ന ഉഭയാവസ്ഥയാണ് കുഴിയാളിയുടേത്. വാച്യാർത്ഥത്തിൽ തന്നെ ഉഭയജീവിയാണ് അയാൾ.

ഉഭയജീവിതസന്ദിഗ്ധതകൾ

സ്ഥലകാലങ്ങളുടെയും ജൈവാവസ്ഥയുടെയും വിവിധ അടരുകൾ പരസ്പരാവിഷ്ടമാവുന്ന ഉഭയാനുഭവലോകം അനിലിൻ്റെ കവിതയിലുടനീളമുണ്ട്. “കടലിനുള്ളിൽ കണ്ടമാനം കരകൾ” കണ്ട അപ്പൻ എന്ന ഉഭയജീവിയുടെ കഥയാണ് ‘തെങ്ങരനീര്’.  850 കൊല്ലം മുമ്പത്തെ ‘ഓട’ത്തിൽ വന്ന് “ഇപ്പൊ വന്നതേയുള്ളൂ” എന്ന മുറ്റത്ത് വലവിരിച്ചിരിക്കുന്ന പരതവയമ്മാമ്മ ഉഭയകാലജീവിയാണ്. ഉപ്പുവെള്ളം കുടിച്ചോ കരിമ്പാറപ്പുറത്തോ ആരോരുമറിയാതെ വളർന്ന ‘അശോകമരം’ ഒരു ഉഭയവൃക്ഷം. യുവാക്കൾ തമ്മിലാളിക്കത്തുന്ന ‘കാടകം’ ആണുടലിൻ്റെ ഉഭയലിംഗാഘോഷം. മനുഷ്യനെ പിടിക്കുന്നവനാക്കാമെന്ന പിതൃവാഗ്ദാനം കടൽനടുവിൽ വെച്ചു കേട്ട അതേ മുക്കുവക്രിസ്തു (ആദി) തന്നെയാണ് നടുക്കടലിൽ കണ്ണുചുഴന്ന് ഉടൽവീർത്തു പൊന്തിയ ‘അനാഥപെണ’ത്തിനു നേർക്ക് “അടക്കാൻ പൂതിയുണ്ടെങ്കിലും വേണ്ട വിട്ടേക്ക് ഒഴുകിയൊഴുകി തീരാനുള്ളതാണ് ഈ ജമ്മം” (പെണം) എന്ന് മുഖംതിരിക്കുന്നതും.

തീരദേശഉഭയജീവിതത്തിൻ്റെ സന്ദിഗ്ദ്ധത (precarity) അനിലിൻ്റെ ചില ആദ്യകാലരചനകളിൽ തന്നെ ശക്തമായി ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും തീക്ഷ്ണമായ കവിതകളിലൊന്നാണ് പ്രഥമസമാഹാരത്തിലെ ‘പാറകൾ’. ഒരു തീരദേശത്തിൻ്റെ തീവ്രവൈരുദ്ധ്യങ്ങൾ നിറഞ്ഞ ജൈവ – സാമൂഹിക പരിസരവും വൈയക്തികാനുഭവങ്ങളും ഈ കവിതയിൽ സന്ദിഗ്ദ്ധതയുടെ ദൃശ്യബിംബങ്ങളായി മാറുന്നു. ‘വലിയ കടപ്പെറ’ത്ത് കറുത്തുരുണ്ട് വെയിലിൽ ചിരിച്ചുനിൽക്കുന്ന പാറകൾ, അതിൻ്റെ വശത്ത് കടൽവായ വിഴുങ്ങുന്ന ഗംഗയാർത്തോടെന്ന മാലിന്യച്ചാല്, ചുറ്റും പാറയിലടിച്ച് മടലുപോലെ ചിതറുന്ന കടൽ — പിന്നെ ഇഷ്ടക്കാരായ ‘ഞങ്ങളും’ (ഞങ്ങൾ രണ്ടു കുമാരരാവാം, ആണും പെണ്ണുമാവാം, രണ്ടുമല്ലെന്നും വരാം). തോട് ഉൾനാടിൻ്റെ ഉച്ഛിഷ്ടങ്ങളും പേറിയാണ് വരുന്നത്. കടൽ അതെല്ലാം വിഴുങ്ങുന്നു. പാറകളിൽ ആളുകൾ വെളിക്കിരിക്കുന്നു, പൂച്ചയും പെരിച്ചാഴിയും ഉരുണ്ട് പെരണ്ട് കറങ്ങുന്നു. കവിവക്താവിനാകട്ടെ, “വിശക്കുമ്പോ മൂക്കറാം കല്ലീന്ന് തീട്ടം വാരിത്തിന്നാൻ” പണ്ട് അയ്യാ (അപ്പൻ) അലറിയതിൻ്റെ ഓർമ്മയും. സന്ദിഗ്ദ്ധമായ (precarious) ഈ ജൈവപരിസരത്തിൽ കഴിഞ്ഞുകൂടുന്ന ‘ഞങ്ങൾ’ തികച്ചും വൈയക്തികമായ മറ്റൊരു സന്ദിഗ്ദ്ധാവസ്ഥയിലേക്ക് വഴുതാൻ തുടങ്ങുന്നിടത്താണ് കവിത അവസാനിക്കുന്നത് —

പാറയ്ക്കും കടലിനും
ഗംഗയാർത്തോടിനും
നടുക്കു നിൽക്കുമ്പോഴാണ്
നിന്നെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ
മനസ്സാ വിചാരിച്ചുപോകുന്നത്

പല ‘അകംപുറം’ അടരുകളിലെ ഉഭയാവസ്ഥയുടെ പ്രകാശനമായി ‘പാറക’ളെ വായിക്കാം. അങ്ങനെ വായിക്കുമ്പോഴാണ്, മലയാള കവിതയുടെ പൊതുപാരമ്പര്യത്തിൽനിന്നുള്ള ഈ കവിയുടെ മൗലികവിച്ഛേദം വെളിപ്പെടുക. കരമാത്രജീവികളായ കാവ്യമാലോകരുടെ ദാർശനികടൂറിസത്തിനുള്ള ബീച്ചുകളോ അഴിമുഖങ്ങളോ കരിമ്പാറക്കെട്ടുകളോ അല്ല ‘പാറക’ളിലെ നെയ്തൽത്തിണ. മറിച്ച്, തൂറുന്നിടത്തിരുന്നുതന്നെ കാമക്രോധമോഹങ്ങളിൽ മുഴുകുന്ന, ഊളനും പൂച്ചയും പെരിച്ചാഴിയും തോട്ടുവെള്ളവും പ്രണയവും നീർച്ചിതറലും ഉച്ചവെയിലും കരിമ്പാറയും കടൽച്ചേലുമെല്ലാം ഒന്നിച്ചു പുലരുന്ന, ആവാസവ്യവസ്ഥയും സാമൂഹികാവസ്ഥയുമാണത്. അതേ പുസ്തകത്തിലെ ‘ഞങ്ങള് ഞങ്ങളേ…’ എന്ന കവിത നോക്കൂ:

ഞങ്ങട വീടിരിക്കണത്
അവര്ടെ എടയിലാണ്
അവരിരിക്കണത്
ഞങ്ങട എടയിലും

….

ഞങ്ങള് കെടക്കണത്
അവര്ട അടിയിലാണെന്നും
അവര് കെടക്കണത്
ഞങ്ങട അടിയിലാണെന്നും
ഞങ്ങളും അവരും ഒരുപോലെ
അറിയണൊണ്ട്.

അനന്തമായ കടൽപ്പരപ്പിൽ പണിയെടുക്കുകയും ഇടുങ്ങിയ ചേരികളിൽ പാർക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യത്തിലേറെ, ‘ഞങ്ങളും’ ‘അവരും’ എന്ന വേർതിരിവ് പരസ്പരാപേക്ഷമായ ഉഭയത്വമാണെന്ന പുതിയൊരു തിരിച്ചറിവാണ് ഈ കവിതയിൽ പ്രധാനം. അവിയങ്കോര യിലെ ‘ഇടുക്ക്’ ‘വീടിരിക്കണെടം’ എന്നീ കവിതകളിലുമുണ്ട് പാർപ്പിടങ്ങളുടെ സാമൂഹികമായ സന്നിഗ്ദ്ധതയും ഉഭയാവസ്ഥയും. ‘പാര്’, ‘ഏക്കര്’, ‘നേരമിരുട്ടി അപ്പൻ പാടാറുണ്ട് പഴേ തമിഴ്പടങ്ങളുടെ പാട്ട്’ എന്നിവ പോലുള്ള രചനകൾ തുറന്നിടുന്നതാകട്ടെ, ഭാഷയിലെതന്നെ പുതിയൊരു ഉഭയാവാസവ്യവസ്ഥയാണ് (നാട്ടുവാമൊഴിയിൽ പടുത്ത തനതായൊരു റാപ്പിൻ്റെയും ലിറിസസത്തിൻ്റെയും ഘടനയുണ്ട് അത്തരം കവിതകളിൽ. അത് വഴിയേ വിശദീകരിക്കാം).

ഇടനാടൻ കാർഷിക – നാഗരികോപഭോക്തൃ സമൂഹങ്ങളിൽനിന്ന് വ്യത്യസ്തമായി കടലിലും തീരത്തും പുലരുകയും ആഴിയാഴത്തിൽനിന്ന് അന്നം കോരിവന്ന് ഉൾനാടുകൾക്കുകൂടി വിതരണം ചെയ്യുകയും ചെയ്യുന്ന ഉഭയജീവിതമാണ് കടൽപ്പണിയാളജനതയുടേത്. രാവൽ എന്ന മൂന്നാം പുസ്തകത്തിലെ ശീർഷകകവിതയിൽ ആ ജീവിതത്തിൻ്റെ ആരും കാണാത്ത ഒരേടുണ്ട്; അതു സൃഷ്ടിക്കുന്ന സന്ദിഗ്ദ്ധതയുടെ ചോരയും ഇരുട്ടുമുണ്ട്. ജൈവധർമ്മങ്ങൾ വ്യത്യസ്തമെങ്കിലും ഉഭയജീവിതത്തിൻ്റെ സമാനതകൾ കൽപ്പിക്കാവുന്ന ആമയും മനുഷ്യരുമാണ് ഇതിലെ കഥാപാത്രങ്ങൾ. പേടിപ്പിക്കുന്ന ഒരു ഓഡിയോ വിഷ്വൽ ത്രില്ലറിൻ്റെ തിരനാടകം പോലെയാണ് ‘രാവൽ’. വെളുപ്പിന് നാലുമണിക്ക് അമ്മമ്മ പിച്ചാത്തി രാകുന്നതിൻ്റെയും തലേന്ന് കൊണ്ടിട്ട ആമയുടെ കുറഞ്ഞുകുറഞ്ഞുവരുന്ന കൈകാലടിയുടെയും അതിനെ വെട്ടിമുറിക്കുമ്പോൾ, തണുപ്പിൽ പരക്കുന്ന ചൂടിൻ്റെയും വീതംവയ്ക്കുമ്പോൾ പെരുകുന്ന അയലൊച്ചയുടെയും ചന്തയിൽ പോകുമമ്മാമ്മയുടെ പതിഞ്ഞ കാലടിയുടെയും ശബ്ദപഥവിവരണമാണ് അവസാന വരിയൊഴികെയുള്ള കവിത. വക്താവിൻ്റെ കേൾവിയിലൂടെ മാത്രം വെളിപ്പെടുന്ന ഈ തിരനാടകത്തിലെ ഒരേയൊരു ദൃശ്യാഖ്യാനം അവസാനവാക്യമാണ്:

പകൽ വന്നു വീടിന്റെ മുഞ്ഞിയിലടിച്ചു
വാതിൽ തുറക്കുമ്പോൾ
വെയില് കൊള്ളാനിരിക്കുന്നു ആമത്തോട്

പൊടുന്നനെ ഒരിടിമുഴക്കം പോലെ വന്നുവീഴുന്ന ഈ ദൃശ്യവാക്യത്തിൽ വ്യഞ്ജിക്കുന്നത് ഒരു കടപ്പുറവീട്ടുമുറ്റത്ത് വെയിലുകായുന്ന വെറും ആമത്തോടല്ല, വിഭക്തമാക്കപ്പെട്ട ഉഭയയജീവിതത്തിൻ്റെ അവശിഷ്ടപ്രതീകമാണ് .

ഈ വായനയെ സംബന്ധിച്ചിടത്തോളം, അനിലിൻ്റെ കവിതകളുടെ അബോധത്തിൻ ഒരു ഉഭയജീവിതസൗന്ദര്യശാസ്ത്ര (Amphibian Aesthetics) മുണ്ട്. അത് വ്യക്തമാക്കാനായി ആ പരികൽപ്പനയുടെ ആവിർഭാവവും അർത്ഥവും സാമാന്യമായി വിശദീകരിക്കാം. കൊച്ചി ഉരു ആർട്ട് ഹാർബറിൽ ‘ആഴി ആർക്കൈവ്‌സ് എന്ന സമുദ്രാന്തരീയചരിത്രപഠനസംഘം[1] ക്യൂറേറ്റ്ചെയ്ത കടൽ, തിളയ്ക്കുന്ന ഒരു ചെമ്പ്  (Sea a Boiling Vessel) എന്ന കലാപ്രദർശനപരമ്പരയുടെ രണ്ടാം എഡിഷനി (2025-26) ലെ ക്യുററ്റോറിയൽ സംവാദങ്ങളിലൂടെ ഉയർന്നുവന്ന ഒരു സങ്കൽപ്പനമാണ് ഉഭയജീവിതസൗന്ദര്യശാസ്ത്രം (Amphibian Aesthetics). ദേശരാഷ്ട്രാധിഷ്ടിതവും പാശ്ചാത്യകേന്ദ്രിതവുമായ ചരിത്രത്തിനു ബദലായി, നൂറ്റാണ്ടുകൾ നീണ്ട സമുദ്രാന്തരവിനിമയങ്ങളിലെ കൊള്ളക്കൊടുക്കലുളെയും സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക-കലാ തലങ്ങളിലെ സമുദ്രജന്യമായ ഭൗമപരിണാമങ്ങളെയും നോക്കിക്കാണാനുള്ള ശ്രമമായി 2023 ൽ ആരംഭിച്ച പ്രദർശനപരമ്പരയുടെ തുടർച്ചയായിരുന്നു ഈ സങ്കൽപ്പനം. ആദ്യ എഡിഷൻ, നാവികസഞ്ചാരങ്ങളുടെയും സമുദ്രഭാവനകളുടെയും തമസ്കൃതമാനങ്ങളെക്കുറിച്ചും ഭൗതിക ഭൗതികേതര വിനിമയങ്ങളുടെ അന്നോളം അദൃശ്യമായിരുന്ന യാത്രാപഥങ്ങളെക്കുറിച്ചുമുള്ള പുതുബോധ്യങ്ങൾ തുറന്നിട്ടതായും ജീവലോകത്തിന്റെ അടിസ്ഥാനപരമായ ഉഭയപ്രകൃതത്തിലേക്ക് അവ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതായും നമ്മിലെ ഉഭയജീവിതശേഷി വീണ്ടെടുക്കുന്നതിലൂടെ മാത്രമേ ഈ ഗ്രഹത്തിലെ സംഘടിതാതിജീവനത്തിനുള്ള വഴി — അതായത്, നമ്മുടെ ഭൗമ-സമുദ്രാധിഷ്ടിത ഭാവനകൾക്കും വിവിധ ജീവിവർഗ-ജീവരൂപങ്ങൾക്കും ജൈവ-അജൈവ അസ്തിത്വങ്ങൾക്കുമെല്ലാം ഒന്നിച്ചു പുലരാനുള്ള വഴി — തിരയാനാവൂ എന്നും നിരീക്ഷിച്ചുകൊണ്ടാണ് രണ്ടാം എഡിഷൻ്റെ ക്യുററ്റോറിയൽ രേഖ, (https://drive.google.com/file/d/10KXOOUNScK-LtOTRgwCvNOexSDiXLiDo/view) ഉഭയജീവിതസൗന്ദര്യശാസ്ത്രം എന്ന ആശയം അവതരിപ്പിച്ചത്. അതിൻ്റെ ആവശ്യകത, രൂപീകരണപ്രക്രിയ, നിർവ്വചനം, സവിശേഷതകൾ എന്നിവ രേഖയിൽ ഇങ്ങനെ സംക്ഷേപിക്കുന്നു:

“സമകാലീനത’യെന്നത് …. ചലനത്തിൻ്റെ അടിയന്തിരത്വങ്ങൾക്കൊപ്പം സ്ഥലകാലങ്ങൾ ഒന്നിച്ചലതല്ലുന്ന ഒരു പ്രവാഹാവസ്ഥയാണ്. ‘സമകാലീനത’യെപ്പറ്റി സംസാരിക്കുകയെന്നാൽ ഉഭയജീവിയായി സംസാരിക്കുകയെന്നർത്ഥം. അതായത്, അസ്തിത്വത്തിൻ്റെ ഏകാവസ്ഥയിൽ തളയ്ക്കപ്പെടാതെ, ബഹുലോകങ്ങളിൽ വ്യാപരിച്ച് നിരന്തരം ആയിത്തീരൽ. മനുഷ്യചരിത്രത്തിന്റെ അന്ത്യഘട്ടമെന്ന് കരുതപ്പെടുന്ന ഈ യുഗത്തിൽ സ്ഥല-കാലങ്ങളെക്കുറിച്ചുള്ള ഈ ആലോചനകൾ അത്യന്തം അനിവാര്യമായിത്തീർന്നിരിക്കുന്നു …. ചിന്തയുടെ മൂലരൂപങ്ങൾ തിരഞ്ഞുകൊണ്ട് നാം ഇന്നിൻ്റെ കെട്ടുപിണഞ്ഞ യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു. കരകടലുകളിലും, ഭൂതവർത്തമാനങ്ങളിലും ഒരുപോലെ പുലരുകയും ലിംഗം, വംശം, ദേശം, മതം എന്നിവയുടെ എല്ലാ സൂക്ഷ്മഛായാഭേദങ്ങളിലൂടെയും കടന്നുപോവുകയും ചെയ്യുന്ന ഒരു ഉഭയജീവിതസൗന്ദര്യശാസ്ത്രം നമുക്ക് ആവശ്യമാണ് …. വിവിധ ജീവിതഘടനകളുടെ സങ്കീർണ്ണവും ഒരുവേള അദൃശ്യവുമായതും, എന്നാൽ ജീവസന്ധാരണത്തിന് അത്യന്താപേക്ഷിതവുമായ ബഹുതലസങ്കലനങ്ങളോടുള്ള സൂക്ഷ്മപ്രതികരണശേഷിയാണ് ഉഭയജീവിതസൗന്ദര്യശാസ്ത്രം. അത് ലോകത്തെ പരസ്പരാപേക്ഷവും നിരന്തരപരിണാമിയുമായ ഒരു പ്രക്രിയയായി പരിചരിക്കുന്നു. എക്കൽമണ്ണിനു കീഴെ വേരുകൾ പിണയുന്നതെങ്ങനെയെന്നു കണ്ടെത്താൻ അത് നമ്മെ ക്ഷണിക്കുന്നു. ഒന്ന് മറ്റൊന്നിനു മേലേക്കു പൊന്തിക്കലല്ല, മറിച്ച്, വിനിമയങ്ങൾ, സംഘർഷങ്ങൾ, സമവായങ്ങൾ എന്നിവ ആവിർഭവിക്കുകയും നിലനിൽക്കുകയും തകരുകയും മങ്ങിമായുകയും ചെയ്യുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ സഹായിക്കലാണ് അതിൻ്റെ ലക്ഷ്യം …. സങ്കീർണ്ണത വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു ജലസാമൂഹിക (hydro social) സാഹചര്യമാണ് നമ്മുടേത്. മനുഷ്യജീവിതത്തെയും അതിൻ്റെ സാമൂഹികഘടനയെയും രൂപപ്പെടുത്തുന്നതിൽ ജലത്തിൻ്റെ സാന്നിധ്യാഭാവങ്ങളും പ്രഹരാനുകൂല്യങ്ങളും ഗുണനിലവാരവും സമയക്രമവും ചെലുത്തുന്ന സ്വാധീനത്തെ ഉഭയജീവിതസൗന്ദര്യശാസ്ത്രം തിരിച്ചറിയുന്നു ….. അത് മനുഷ്യമത്സ്യമൃഗപക്ഷികളുടെ ബഹുജീവി ഭാവന (multispecies imagination) യിലേക്ക് ജാഗ്രമാകുന്നു.”

അരേഖീയമായി സഞ്ചരിക്കാനും വിവിധ ആവാസവ്യവസ്ഥകളിൽനിന്ന് ശ്വസിക്കാനും ശീലിക്കുന്നതിലൂടെ മാത്രമേ, കര മുങ്ങുകയും കടൽ പൊന്തുകയും തീരം അസ്ഥിരമാവുകയും ചെയ്യുന്ന ഒരു യുഗത്തിലെ അതിജീവനം നമുക്കു സങ്കൽപ്പിക്കാനാവൂ എന്ന ഉഭയജീവിതദർശനം ഡി. അനിൽകുമാറിൻ്റെ എഴുത്തുവഴിയിൽ ബഹുശാഖിയായി പടരുന്നുണ്ട്. ഉഭയകാലം അതിൻ്റെ എല്ലാ സങ്കീർണ്ണതകളോടെയും ആഗതമായിക്കൊണ്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന പുതിയൊരു കാവ്യഭാവനാപാതയാണത്. നിലവിലെ ദേശീയവും ദേശാന്തരീയവും സാർവ്വലൗകികവുമായ പാതകളെ അത് അവിശ്വസിക്കുന്നു.

ഉപ്പുപാതയിലെ സഞ്ചാരങ്ങൾ

പല അടരുകളിലുള്ള ഉഭയജീവിതങ്ങൾ കരയിൽനിന്ന് ജലത്തിലേക്കും തിരിച്ചും നിരന്തരം സഞ്ചരിച്ച് അനിലിൻ്റെ കവിതയിൽ ഒരു ഉപ്പുപാത (Salt route) രൂപംകൊള്ളുന്നുണ്ട് . ഒരു പക്ഷേ മുഖ്യധാരാചരിത്രത്തിലെ പട്ടുപാത (Silk route)കളെ നിരസിക്കുന്ന ഒരു കടലുപ്പുപാത. മുന്നേ പരാമർശിച്ച കാവ്യസഞ്ചാരങ്ങളിലെമ്പാടും ആ പാത മറഞ്ഞും തെളിഞ്ഞും ഒറ്റയ്ക്കും ഉൾപ്പിരിവുകളോടെയും കാണാം. അതിലെ യാത്രകൾ മിക്കപ്പോഴും വെറും യാത്രകളല്ല പോക്കുവരക്കങ്ങളാണ്. സമൂഹങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പോയിവരൽ; കാലങ്ങൾക്കിടയിലേത്; കാഴ്ചയിലെ, ഓർമ്മയിലെ, കഥകളിലെ; നിത്യവൃത്തിക്കായി പുറങ്കടലിലേക്കും മീൻചന്തയിലേക്കും വിട്ടുവീടാന്തരവുമുള്ളവ. കവിവക്താവ് നിലകൊള്ളുന്നിടം അഥവാ കർതൃകേന്ദ്രം, പക്ഷേ, കടൽക്കര തന്നെ. അവിടുന്ന് പലരും പലതും പോവുകയും തിരികെവരുകയും ചെയ്യും. മരിച്ചവർ, എന്നെന്നേക്കുമായി മറഞ്ഞവർ, അപരജീവരൂപങ്ങളായി തിരികെ വരാം. മറുകരനിന്ന്, മലകളിൽനിന്ന്, ദൂരനാടുകളിൽനിന്ന്, വന്നു പോകുന്നവരുണ്ട്. പോക്കും വരക്കവും ഉപ്പുപാതയിലുടനീളമുണ്ടെങ്കിലും, നാലുപാടും കാണായ ഇതരലോകങ്ങളിലേക്കും സമുദ്രങ്ങളിലേക്കുമുള്ള കവിയുടെ നിരീക്ഷണചാപത്തിൻ്റെ വിളക്കുമാടം എല്ലായിപ്പോഴും കവിത്തിണ, അതായത് കടൽക്കര, തന്നെ.

ഏതോ നാട്ടിൽ നിന്നൊരമ്മാമ്മ (ദേവത), കിഴക്കൻ മലയിൽ നിന്നൊരപ്പൂപ്പൻ (അപ്പുപ്പൻ), പഴങ്കാലത്തുനിന്ന് പരതവയമ്മൂമ്മ (ഓടം), പരലോകത്തുന്ന് മൂത്താണ്ണൻ (ജലകണം), ദേശാടകരായ കടലാളകൾ (കടലാള), പട്ടാമ്പിയിൽനിന്ന് കാലിൽ കുതിർന്ന് പേരാറിന്നല (പേരാറിന്നല), പച്ചവ്ട്ടിൽ നിന്ന് കടൽക്കര കാണാൻ കവി അശോകൻ (അശോകമരം), എവിടുന്നോ നായ്ക്കുട്ടി ശിട്ടു (ശിട്ടു)… ഒക്കെയും കവിത്തിണയിലേക്കു വന്നുകയറിയവർ അല്ലെങ്കിൽ വന്നുപോയവർ. വിട്ടുപോയവരുമുണ്ട് – “തിരിച്ചുവരും തിരിച്ചുവരും എന്നു കരുതി തിരകൾപോലും പിൻവാങ്ങവേ” ഒരിക്കലും തിരിച്ചുവരാതെ “കടല് കേറി വീടുപേക്ഷിച്ചുപോയ” തീരമനുഷ്യർ (മാഞ്ഞുപോകുന്നവർ), മനുഷ്യാർത്തി നശിപ്പിച്ച തെങ്കടൽത്തുറകൾ വിട്ട്  ചെല്ലാനത്തെ വിണ്ട ചുവരുകളിലെവിടെയോ മറഞ്ഞ ഞണ്ടുകൾ (തുറകളുടെ പാട്ട്), ലോക് ഡൗൺരാത്രിയിൽ “നാടും മനുഷ്യരും ഒറ്റപ്പെട്ടപ്പോൾ മാത്രം പൊയ്ക്കളഞ്ഞ” കൂട്ടുകാരൻ (ആ ചോദ്യം ചുണ്ടത്തൊന്നിളകിയോ) എന്നിങ്ങനെ.

പോയിവരലുകൾ പലതരമുണ്ട്; ചരിത്രത്തിലേത്, നിത്യജീവിതത്തിലേത്, വ്യക്തിപരം എന്നിങ്ങനെ. ഓടത്തിലോ നീന്തിയോ ഇലങ്കെയിലെത്തി “പണിപ്പാത്ത മനിതരിൽ പാതി” തിരികെയെത്തുന്നതും (ഇലങ്കെ) ഭരണകൂടം വിരട്ടിയോടിച്ചവർ “രാക്കടലിൽ ചെത്തവും” “പാട്ടവിളക്കിൻ വെട്ടവുമായി, ഒരു നുള്ള് ഉപ്പായി” വരുന്നതും (കരുതിയിരിക്കുക) ചരിത്രയാനങ്ങൾ. “അതികാലം ഉണരും മുമ്പേ” ഉണർന്ന് “ആത്തുറ ഈത്തുറ പൂത്തുറയിൽ പോയി വല്ലപാടുംപെട്ട് മീൻ വാങ്ങി” “സൂര്യനൊപ്പം തെരുവിൽ, ചന്തയിൽ, ഗേറ്റുള്ള വീടിനു മുന്നിൽ” ഉദിക്കുന്നതും (പെണ്ണുങ്ങൾ) വിൽപ്പന കഴിഞ്ഞു തളർന്നുണങ്ങി മടങ്ങിയെത്തുന്നതും (നടന്നു നടന്നാണ് കൊണ്ടോയിരുന്നത്) നിത്യവൃത്തിക്കായുള്ള പെൺപോക്കുവരക്കങ്ങൾ. കവിതന്നെ മറുതിണകളിലേക്കു പോയിവരുന്നുമുണ്ട് — വേനക്കാലത്ത് ഗോത്രമൂപ്പനും കവിസോദരനുമായ ബേത്തിമാരനൊപ്പം വരണ്ടുമെലിഞ്ഞ കബനി കണ്ടു മടങ്ങുന്നു (ചാലിഗദ്ധ). “അലകൾ പെരുമ്പാതകളായി കിടക്കും വഴിയേ” പട്ടാമ്പിക്ക് പോയിവരുന്നു (പറഞ്ഞൊഴിഞ്ഞു ഞാൻ). വേരറ്റവരുടെ അനന്തരഗാമിയായി മടങ്ങിയെത്തുന്നത്, “ഇടിച്ചുനിരത്തിയ പുറമ്പോക്കുവീടുകൾക്കു മുകളിലെ പുതിയ മൈതാന”ത്തിലേക്ക് (അനന്തരഗാമി).

പലപാട് പോക്കും വരവും പോയിവരക്കവും വന്നുപോവക്കവും ഈ കവി, ‘പരവയിൽ തിരകൾ നേരുടൻ’ പകരുന്നത് തെങ്കടൽത്തീരത്തിൻ്റേതു മാത്രമായൊരു വാമൊഴിയിൽ (അതിൻ്റെ തന്മയെക്കുറിച്ച് വഴിയേ പറയാം). ആ മൊഴി അഥവാ പള്ള് കവിതയാവുന്നതിൽ കീഴാളമായൊരു കൂസായ്കയുണ്ട്, അസഹിഷ്ണുതയുണ്ട്. അതിൻ്റെ ചങ്കൂറ്റത്തിലും ‘പടിച്ചുപടിച്ചു കെട്ട’ മൂളയുടെ തൻവിചാരണയിലും ഒരേ സമയം നങ്കൂരമിടാൻ കെൽപ്പുണ്ട് ഇയാളിലെ കാവ്യസഞ്ചാരങ്ങൾക്ക്. അതിനുള്ള ഊർജ്ജം സംഭരിക്കപ്പെടുന്നത് മുഖ്യമായും ആധുനികതാപൂർവ്വകാലത്തെ തീരഗോത്രജീവിതത്തിൻ്റെ ശേഷിപ്പുകളിലും സമകാലീനകേരളത്തിലെ കടലോരജൈവരാശിയുടെ സന്ദിഗ്ദ്ധതകളിലും നിന്ന്.

തീരഗോത്രജീവിതത്തിൻ്റെ ശേഷിപ്പുകൾ

ആധുനികത (Modernity) യുടെ ജ്ഞാനയുക്തികളും ചലനനിയമങ്ങളും സഞ്ചാര – വിനിമയ പഥങ്ങളും നിലവിൽ വരുംമുമ്പുള്ള നാട്ടറിവുകളുടെ ശേഷിപ്പായി തീരദേശഗോത്രജീവിതത്തെ ആഖ്യാനം ചെയ്യുന്ന ഒരു കവിത അനിലിൻ്റെ രണ്ടാം പുസ്തകത്തിലുണ്ട്. തൻ്റെ ജനതയെയും അതിൻ്റെ പ്രതിസംസ്കാരത്തെയും ആധികാരികതയോടെ, ആന്തരികോർജ്ജത്തോടെ, വ്യാഖ്യാനിക്കുന്ന ഒന്ന്:

അവർക്കു മുന്നിൽ വഴികളുണ്ടായിരുന്നു
ഒരു മീൻ കടിച്ചാൽ മറുമീൻകൊണ്ട് വൈദ്യംനോക്കി
ഒരു മുള്ള് കുത്തിയാൽ മറുമുള്ളുകൊണ്ട് വിഷമെടുത്തു
ആഴക്കടലിൽ രാത്രി കണ്ടു
ഊസിപ്പാറയിൽ മീനുകൾക്കൊപ്പം പാർത്തു
തിരമാലയിൽ പാട്ടു കേട്ടു
ശബ്ദം തുടങ്ങിയത് അവിടെനിന്ന്
ഒറ്റയാകൽ അവരുടേത്
ചലനത്തിൻ്റെ ഒന്നും രണ്ടും മൂന്നും നിയമം അവർ തന്നെ
അവർ പോയവഴിയേ കൊളംബസ് അമേരിക്ക കണ്ടെത്തി
വാസ്കോഡിഗാമ കാപ്പാട് കപ്പലിറങ്ങി
———(മുക്കുവർ)

അവർ അതിർത്തികൾ വരുംമുമ്പേ അതിർത്തി താണ്ടിപ്പോയ ജനതയാണ്. നിലാവും വെയിലും ആദ്യം തൊട്ടവർ. കടലിലിരുന്നു കരകണ്ടവർ. “അവരെ കരയിലിരുന്ന നമ്മളെന്തു കണ്ടു?” എന്ന് കവിത ആരായുമ്പോൾ, നോക്കുകോൺ അപ്പാടെ മാറിമറിയുക മാത്രമല്ല, ആധുനികകാലത്തോട് ആധുനികപൂർവ്വകാലത്തിൻ്റേതായ അടിസ്ഥാനപരമായൊരു ചോദ്യം ഉന്നയിക്കപ്പെടുക കൂടിയാണ്.

ആദിരൂപങ്ങളാണ് ഈ കവിതത്തിണയുടെ ഉരം. രാവലിലെ ‘ചരിത്രം’ എന്ന കവിതയെടുക്കാം. ആധുനികകാലത്തിൻ്റെ ബ്രഹദാകാരങ്ങൾക്കു മുമ്പേ നിലനിന്നിരുന്ന ഒറ്റക്കൽക്ഷേത്രമോ ‘വീണ്ടും മുളച്ചും മണ്ണായി പൊടിഞ്ഞും’ ഇവിടെത്തന്നെയുണ്ടാകുമെന്ന് ഉറപ്പുള്ള പുല്ലോ കട്ടയോ ആണ് അതിന് ചരിത്രം. “പട്ടണം വരുംമുമ്പേ നിലനിന്ന / പട്ടണത്തിന്റെ ശേഷിപ്പ്” എന്നും “ശബ്ദങ്ങൾ ഉണരുംമുമ്പേ ഉണ്ടായിരുന്ന /ശബ്ദത്തിന്റെ തുടിപ്പ്” (ചരിത്രം) എന്നും അനിൽ എഴുതുമ്പോൾ ചരിത്രത്തെ, അതാകും മുമ്പുള്ള അതിൻ്റെ ധാതുമൂലകങ്ങളിൽ ചെന്നു വായിക്കുകയാണ് ചെയ്യുന്നത്. ‘ആദി’ എന്ന കവിത നോക്കൂ. കവിത അന്തിമമായി പിതാവിൻ്റെയും പുത്രൻ്റെയും ക്രൈസ്തവാഖ്യാനത്തിലേക്ക് സഞ്ചരിക്കുമ്പോഴും, “ദാ പായുന്നത് മീൻ / വീഴുന്നത് കൊള്ളിയാൻ / നീ പിടിച്ചിരിക്കുന്നത് ചൂണ്ട” എന്ന് അറിവിൻ്റെ മൂലകഭാഷയിലാണ് അപ്പൻ മകന് മീൻപിടുത്തത്തിൻ്റെ ആദിപാഠം പകരുന്നത്. മീൻപിടുത്തം ഇരതേടൽസാമൂഹികക്രമ (foraging society) ത്തിൻ്റെ ശേഷിപ്പാണ്. ചരിത്രത്തിനും മത്സ്യബന്ധന – കാർഷിക സമ്പ്ദ് വ്യവസ്ഥകൾക്കും എത്രയോ മുമ്പ് നിലനിന്ന തീറ്റതേടലിൻ്റെയും വേട്ടയാടലിൻ്റെയും (Food gathering and hunting) ശേഷിപ്പ്; ചരിത്രം, അതായിത്തീരും മുമ്പേയുള്ള ചരിത്രമൂലകം.

കടൽക്കരയിലെ ഇരതേടിസമൂഹത്തിൻ്റെ ഓർമ്മകൾ അനിലിൻ്റെ ആവിഷ്കാരലോകത്തിലുടനീളം അടിയൊഴുക്കായുണ്ട്. ‘ദിനവും ചത്തു ചത്തു ജീവിക്കുന്ന’ (‘ചുമ്മാ ചെലത്’ – ആദ്യപുസ്തകത്തിൻ്റെ ആമുഖം – പു.8) തൻ്റെ ജനതയുടെ സമകാലീനജീവിതമാണ് അയാൾക്ക് മുഖ്യപ്രമേയമെങ്കിലും അതിൽനിന്ന് കവിത കടയുമ്പോൾ തീരഗോത്രസ്മരണകൾ കടലിരമ്പംപോലെ ഉയർന്നുവരും. ആദ്യസമാഹാരങ്ങളിലെ കടൽശംഖ്, ചങ്കൊണ്ടോ പറക്കൊണ്ടോ, കൊടുവാമീൻ, മിണ്ടാപ്പൂച്ചി, വടുവൻ, എര, ചേലാളി, വിശപ്പ്, മുക്കുവൻ, തെരച്ചി, പാര്, ഏക്കര്, പാട്ട് തേടി പോണോം, നേരമിരുട്ടി അപ്പൻ…, കടല് വരണ പോലാണമ്മേ, ചിപ്പി, കുഴിമാടം, കടൽക്കാക്ക, ഒറ്റ കടകടയ്ക്കിപ്പോ, മൂന്നാം സമാഹാരത്തിലെ ആദി, തുറയിലച്ചൻ, രാവൽ, തെങ്ങരനീര്, ഒരായിരം, ഓടം, പെണം, ഇലങ്കെ, അശോകമരം, കുഴിയാളി, മാഞ്ഞുപോകുന്നവർ തുടങ്ങി നിരവധി കവിതകളിൽ ഈ കടലിരമ്പം കേൾക്കാം.

ആധുനികപൂർവ്വകാലത്തെ പ്രത്യധികാരത്തിൻ്റെ പ്രതിനിധാനമാണ് ‘തുറയിലച്ചൻ’. അയാൾ കടലറിവുകളുടെ മൂപ്പനും പ്രവാചകനുമാണ്. കേരളക്കരയിലിരുന്ന് ‘തുറയിലച്ച’നെ വായിക്കുമ്പോൾ ഒരു നിമിഷത്തേക്ക് പ്രശസ്ത അരവിന്ദൻചിത്രത്തിലെ എസ്തപ്പാൻ്റെ പുരാവൃത്തം ഓർമ്മവരാം. പക്ഷേ, തുടർവായനകളിൽ അതിലുമെത്രയോ ആജ്ഞാശക്തിയും ദൈവാംശവുമുള്ള ഒരു ആദിരൂപം തെളിയുന്നു. ഒരുപക്ഷേ യവനപുരാണത്തിലെ തൈറേഷ്യസിനോളം പോന്നത്. അനിലിൻ്റെ ഗോത്രമൊഴിയിൽ “മരുതാണിക്കാടിനും കരുപ്പെട്ടിസന്ധ്യക്കുമിടയിൽ നൂറ്റാണ്ടു പിന്നിട്ട് പ്രതിഷ്ഠിച്ച തെയ്യമാണ്” അയാൾ. വല കോരുമ്പോൾ ഒരു തുണ്ട്, പുര മേയുമ്പോൾ പച്ചോലപ്പങ്ക്, കിളിഞ്ചീലയിൽ പണ്ടക്കാഴ്ച ഒക്കെയും അയാൾക്കുള്ളത്. അയാളിലെ പ്രവാചകശേഷി നോക്കൂ:

മണൽത്തരികളെ നോക്കി അച്ചൻ പറയും
ആൺപിറ
വെയിൽതുളികളെ നോക്കി അച്ചൻ പറയും
പെൺപിറ
പതിഞ്ഞ കാലടികൾ
മണത്ത് നോക്കി
ഓതും
പൂർവികരുടെ രാവ് തിരണ്ട കഥ

….

ഏനക്കേട് പോക്കി
ഉള്ളംകയ്യിൽ വച്ചു തരും
തുറയെ
അച്ചൻ പറഞ്ഞതേ കേട്ടിട്ടുള്ളൂ കടൽ
അച്ചൻ പറയാതൊഴിഞ്ഞതേ കണ്ടിട്ടുള്ളൂ കടൽ

ഗോത്രസ്മരണകളുടെ ആവിഷ്‌കാരമായിരിക്കെത്തന്നെ ആൺകോയ്മയുടെ കവിത കൂടിയാണ് ‘തുറയിലച്ചൻ’. പക്ഷേ, “പെണ്ണുങ്ങളായ പെണ്ണുങ്ങളെ കൊണ്ടുണ്ടായതാണേ തുറ, തിര, തീരങ്ങൾ… ആഴി, അല, അലമാലകൾ” (പെണ്ണുങ്ങൾ) എന്ന് തുറയിലെ പെൺജീവിതമെഴുതുമ്പോൾ അവയുടെ അടിത്തട്ടിലുമുണ്ട് ആദിരൂപങ്ങളും പൂർവ്വകാലങ്ങളും. ‘പെണ്ണുങ്ങൾ’ എന്ന കവിതയിലെ മീൻകാരിപ്പെണ്ണുങ്ങളുടെ ചിത്രണം ഇന്നിൻ്റേതായിരിക്കെത്തന്നെ ഇന്നലെയുടേതുമാണ്; മീൻപാരുകളെ ഓർമ്മിപ്പിക്കുന്ന ഭൂതകാലത്തിൻ്റേത്:

കുട്ട, ചരുവം, കണവാമഷി
കൊണ്ടു മെടഞ്ഞൊരൊടലാണേ
ചൂട്, വിയർപ്പ്, തണുത്ത വാട
കൊണ്ടു പടുത്തൊരു കാറ്റാണേ
വേഗത്തിൽ വേഗത്തിൽ നടപ്പാണേ
കുത്തനെ കുത്തനെയിരിപ്പാണേ
നീളത്തിൽ താളത്തിൽ വട്ടത്തിലങ്ങനെ
വിറ്റുവരും മീൻപാരാണേ

അനിലിൻ്റെ ആദ്യകാലരചനകളിൽ തന്നെയുണ്ട് പെൺതീരദേശത്തിൻ്റെ ആദിരൂപങ്ങളും ഓർമ്മകളും. കൊമ്പള്, മരടി, മിണ്ടാപ്പൂച്ചി, കണവാമൊശട് എന്നിങ്ങനെ സഹനത്തിൻ്റെ പെണ്ണെഴുത്തുകൾ, കടലെറങ്കണ പെണ്ണുങ്കോ, ചേട്ടത്തി തുടങ്ങിയ പെൺകിനാവുകൾ, ‘മൂത്ര’വും ‘മോണ്ടാമേരി’യും പോലുള്ള ഓർമ്മകൾ – ഇവയുടെയൊക്കെ തുടർച്ചയായി വായിക്കാം, മൂന്നാം പുസ്തകത്തിലെ പെൺഗോത്രസ്മരണകൾ തികട്ടുന്ന പറച്ചിൽ, അലക്ക്, ബാധ, പെണ്ണുങ്ങൾ, രാവൽ, നടന്നുനടന്നാണ് കൊണ്ടോയിരുന്നത് തുടങ്ങിയ രചനകൾ.

ഇരതേടൽക്കാലം അധിനിവേശകാലങ്ങൾക്കും ആധുനികകാലങ്ങൾക്കും വഴിമാറുന്നതിൻ്റെ തീവ്രസംഘർഷങ്ങൾ ആവിഷ്കരിക്കാനായി ഈ കവി കൂർപ്പിച്ചെടുക്കുന്ന മൊഴിയമ്പുകളിൽ വലിയൊരു പങ്കും കടലറിവോർമ്മകളുടെയോ ഗോത്രജീവനത്തിൻ്റെയോ ആവനാഴിയിൽനിന്നു തന്നെ. തുറയിൽ ഇന്നു നിലവിലില്ലാത്ത ഒരു വിനിമയവ്യവഹാരത്തിൻ്റെ ഓർമ്മയാണ് അനിൽകുമാറിൻ്റെ ആദ്യസമാഹാരത്തിലെ ശീർഷകകവിതയായ ‘ചങ്കൊണ്ടോ പറക്കൊണ്ടോ’:

ചങ്കൊണ്ടോ പറക്കൊണ്ടോ
കടൽക്കുതിരയുണ്ടോ
ചണനൂൽസഞ്ചിയും പിടിച്ച്
പഴയ ചെത്തമായ് മൂപ്പൻ

…..

സ്രാവിന്റെ റക്ക വെട്ടി
വെറിച്ച വെയിലത്തുണക്കിയാൽ പറക്ക്
കടലിനുള്ളിൽ ചങ്ക്

…..

പെറുന്ന അപ്പനാണ് കടൽക്കുതിര
ആണാപെറന്തവൻ കൊണ്ടുവരും
പെണ്ണാപെറന്തവൾ വച്ചിരിക്കും
മക്കളെടുത്ത് വിൽക്കും
——–(ചങ്കൊണ്ടോ പറക്കൊണ്ടോ)

അൽപ്പം ഉറക്കെത്തന്നെ രാഷ്ട്രീയം പറയുന്ന ‘കരുതിയിരിക്കുക’ എന്ന കവിതയിൽ അധിനിവേശങ്ങളാൽ അടിച്ചോടിക്കപ്പെട്ട അരയഗോത്രത്തിൻ്റെ വീരസ്മരണകൾ ഇങ്ങനെ:

കൂടപ്പിറപ്പുകൾ മുന്നോർക്കൾ
മുത്തും പവിഴവും അള്ളി വന്നു
ശ്രാപ്പിറകും ശംഖും
അരചന് നികുതിയായി നൽകി
പെറംകടലിൽ വെള്ളപ്പേമാരി കണ്ട്
കരവരെ നീന്തി തൂത് നൽകി
സാമൂതിരിക്കും മാർത്താണ്ഡനും
നങ്കൂരമിട്ട ദൊരമാർക്കും
അറിയാം അവർതൻ വീരം

തീറ്റതേടിജീവിതത്തിൻ്റെയും കാർഷിക-വണിക സാമൂഹികതയുടെയും നവമുതലാളിത്തലോകത്തിൻ്റെയും കലർപ്പാണ് ഇന്നത്തെ തീരദേശം. ‘രാവൽ’ എന്ന കവിതയിൽ ആ കലർപ്പിൻ്റെ ആസുരത വ്യഞ്ജിക്കുന്നു. അമ്മാമ്മ ഒരു കടലാമയെ ജീവനോടെ അറുത്ത് ആമച്ചോരയും ഇറച്ചിക്കണ്ടങ്ങളുമായി ചന്തയ്ക്ക് പോകുന്നതുവരെയുള്ള ഏതാനും മണിക്കൂറുകളുടെ നെഞ്ചിടിപ്പാണ് ‘രാവൽ’. കവിത കഴിഞ്ഞാലും സറൗണ്ട് ശബ്ദവിതാനമുള്ള ഒരു തിയേറ്ററിലെന്ന പോലെ, ഏതോ പ്രാചീനകാലത്തുനിന്ന് വരുങ്കാലത്തേക്കിരമ്പുന്ന കടൽപോലെ, അമ്മമ്മ പിച്ചാത്തി രാകുന്ന ആ ശബ്ദം പടർന്നുകൊണ്ടിരിക്കും. ചോരച്ച ഒരു ഗോത്രാഭിചാരത്തിലൂടെ അതിജീവനവും അരുംകൊലയും ഒരേ ജീവിതമുഹൂർത്തത്തിന്റെ ഇരുതലമൂർച്ചയായി മാറുകയാണിവിടെ.

നെയ്തൽ അടിസ്ഥാനപരമായി ഇരതേടിസമൂഹങ്ങളുടെ തിണയാണ്. പാലയും മരുതവുമുൾപ്പെടുന്ന ഇടനാടൻതിണകൾ ഏറിയോ കുറഞ്ഞോ കാർഷികസമൂഹങ്ങളുടേതും. ആധുനികവും ആധുനികപൂർവ്വവുമായ മുഖ്യധാരാമലയാളകവിതയിൽ നെയ്തലിൻ്റെ അനുഭവാവിഷ്കാരങ്ങൾക്കോ ആവാസവ്യവസ്ഥയ്‌ക്കോ പൊതുവേ ഇടംകിട്ടാറില്ല. അതുകൊണ്ടാണ്, “അവർക്ക് പാല നമ്മുടെ (അതായത് മുഖ്യധാരയുടെ) മരമല്ല അവർക്ക് തുമ്പ നമ്മുടെ പൂവല്ല … അവർക്ക് പറവകളും നീന്തുന്നു മീനുകളും പറക്കുന്നു” (മുക്കുവർ) എന്ന് അനിലിന് മുക്കുവരുടെ മാനിഫെസ്‌റ്റോ തയ്യാറാക്കേണ്ടി വരുന്നത്. ശബ്ദത്തിന് / വാക്കിന് മുഖ്യധാര കൽപ്പിച്ചരുളിയ ഉരുവമോ പൊരുളോ തൻ്റെ നാട്ടുമൊഴിയടുപ്പിൽ വേവില്ലെന്ന് പലകുറി പ്രഖ്യാപിക്കുന്നുണ്ട് ഈ കവി. ഒരു ഉദാഹരണം ഇങ്ങനെ:

കിടക്കപ്പായിലോ മറ്റോ
ഒരാൾ അറിയാതെ മൂത്രമൊഴിച്ചാൽ നിങ്ങൾ
മുള്ളി എന്ന് പറയും
അപ്പോൾ
മെലിഞ്ഞുരുണ്ട്
പരന്ന ചിറകുകളിൽ മുള്ളുകളുള്ള
ഒരു മീനായിരിക്കും
ഞങ്ങളുടെ മനസ്സിൽ ഓടിയെത്തുക
———(ഒരായിരം)

‘മലയാളികൾ’ എന്ന കവിത അവസാനിക്കുന്നത് മൂർത്തമായൊരു പ്രശ്‌നോത്തരിയിലൂടെയാണ്; മുഖ്യധാരാമലയാളിത്തത്തിൻ്റെ കാർഷികഭൂപ്രകൃതിയോ ഫലരുചികളോ തങ്ങൾക്കില്ലാത്തത് എന്തുകൊണ്ടാവും എന്ന ചിന്തയുടെ തുടർച്ചയായി കടലോരമുന്നയിക്കുന്ന ഒരു ചോദ്യത്തിൻ്റെയും ഉത്തരത്തിൻ്റെയും രൂപത്തിൽ:

“നമ്മളെന്താ മലയാളികളല്ലേ?”

“അല്ല, മുക്കുവർ”

പക്ഷേ ഈ കീഴാളസ്വത്വബോധം ഏതെങ്കിലും വിഭാഗീയലോകത്തിൻ്റെ അപകർഷമല്ല, ആധുനികാഖ്യാനങ്ങൾക്കു മുമ്പുള്ള, തൻനിലയിൽ സാർവ്വലൗകികം തന്നെയായ, ഒരു ജീവിതക്രമത്തിൻ്റെ പ്രഖ്യാപനമാണത്. ‘പറച്ചിൽ’ എന്ന കവിതയിലെ അമ്മയുടെ വാമൊഴിത്തവും അപ്രകാരം തന്നെ. ആധുനികതയ്ക്കു മുമ്പുള്ള ഒരു ജീവിതത്തിൻ്റെ ഒട്ടും അപകർഷം തീണ്ടാത്ത ആവിഷ്കാരം. “അറുപതുകൊല്ലം അറുപത് എന്ന് എഴുതാൻ കഴിയാതെതന്നെ ജീവിച്ച”, “ലോകത്ത് എല്ലായിടത്തും അവർ പറയുന്നത് മാത്രമേ ഉള്ളൂവെന്ന് കരുതിയ” അമ്മ, വാമൊഴികൊണ്ടാണ് വായിച്ചതും എഴുതിയതും. ഒടുവിലോ,

പറച്ചിൽ എന്ന ഉയിർകൊണ്ട്
ലോകത്തെ നട്ടിട്ട്
അതിൽ മുഴുകി അവർ
കടന്നുപോയി

ആധുനികതയുടെ രേഖീയപുരോഗമനസങ്കൽപ്പനങ്ങളിലൊന്നായ ലിഖിതജ്ഞാനത്തെ ചോദ്യംചെയ്യുക കൂടിയാണ് മേൽവരി. പറച്ചിൽ എന്ന ഉയിര്‍കൊണ്ട് ഒരമ്മ നട്ട ചെടിയുടെ പരിണാമമാണ് ഈ ലോകവൃക്ഷമെന്നും ചില്ലമേലാപ്പുകളിൽ മാത്രം മുഴുകുന്ന സമകാലീനത, താൽക്കാലികവും ഭാഗികവുമാണെന്നും അത് ഓർമ്മിപ്പിക്കുന്നു. ആ ഓർമ്മയുടെ, വെളിവിൻ്റെ, വേദന കൂടിയാണ്, “തനിക്ക് മുൻപിൽ ഒരു വൃക്ഷം വളരുന്നുണ്ടെന്നോ അതിന്റെ വേര് ശാഖോപശാഖകളായി പിരിയുന്നുണ്ടെന്നോ” അറിയാതെ ജീവിച്ച ആ അമ്മ.

പറച്ചിൽക്കാലത്തിൻ്റെ പഴമയിൽനിന്ന് കടൽപ്പണിയാളഗോത്രത്തിൻ്റെ ഭാഷയും പദാവലിയും മാത്രമല്ല, മലനാടിടനാടുനാഞ്ചിനാടുകളിൽ നിന്നുള്ള നിരവധി ‘പഴങ്കാല’ ശേഷിപ്പുകളുടെ മൊഴിയും അനിലിൻ്റെ രചനകളിലേക്ക് കടന്നുവരുന്നുണ്ട് — ഈർക്കിലി കുത്തിയ കമ്മൽ, ചെവിവട്ടത്തിൽ മച്ചിങ്ങ, പച്ചവ്ട്, കുറു, ബേത്തിമാരൻ, പുലിനഖം, കരടിരോമം, സിംഹത്തല, ഉടുമ്പെണ്ണ, കരടിയെണ്ണ, മലന്തേൻ, ചീനക്കാരം… എന്നിങ്ങനെ പലതും. തീരഗോത്രജീവിതത്തിൻ്റെ മേൽവിവരിച്ച വിവിധങ്ങളായ ആഖ്യാനങ്ങളും ഭാഷാവ്യവഹാരങ്ങളും വൈദ്യുതമായി ഉരുകിച്ചേരുന്നത് സമകാലീനസാമൂഹികജീവിതത്തിൻ്റെ വിവിധ നൈതികപ്രമേയങ്ങളിലേക്കാണ്. പോയകാലത്തെ ഏതെങ്കിലും ഗൃഹാതുരതയിലേക്ക് മടങ്ങിപ്പോക്കല്ല ഈ കവിയിലെ ഗോത്രസ്മരണകൾ എന്നർത്ഥം. ഇന്നിൽ നിവർന്നുനിൽക്കുന്ന പാമരത്തിൻ്റെ ഗതികോർജ്ജമാണത്. രേഖീയാദർശങ്ങളെ പുരോഗാമിയെന്നെണ്ണി ഏതോ ലക്ഷ്യസ്ഥാനത്തേക്ക് ഒരുമ്പെട്ടിറങ്ങിയ നൗകയുമല്ല ഇയാൾ. കാരണം ഇയാളിലെ കവിക്കാഴ്ച അരേഖീയമായ പടർച്ചയാണ്; രാഷ്ട്രീയം ജൈവവും സൂക്ഷ്മവുമാണ്.

കടലോരജൈവരാഷ്ട്രീയം

കാലാവസ്ഥാപ്രതിസന്ധിയെ, ഭൂമി കടന്നുപോകുന്ന ഭീഷണമായ ഒരു ഭൗതികസാഹചര്യം എന്നതിനൊപ്പം മനുഷ്യർ നേരിടേണ്ടുന്ന വലിയൊരു സംസ്കാരിക – സർഗ്ഗാത്മക പ്രതിസന്ധി കൂടിയായി ദി ഗ്രേറ്റ് ഡിറേഞ്ച്‌മെന്റ് എന്ന കൃതിയിൽ അമിതാവ് ഘോഷ് വിശദീകരിക്കുന്നുണ്ട്.[2] തീര – സമുദ്ര ആവാസവ്യവസ്ഥകളുടെ പ്രതിസന്ധിയും സമാനമാണ്. അതുകൊണ്ടുതന്നെ, പ്രകൃതിവിനാശം ഏതാണ്ട് പൂർണ്ണമായിക്കഴിഞ്ഞ വിഴിഞ്ഞം കടലോരത്തെ പൗരനായ അനിൽകുമാറിനെ സംബന്ധിച്ചിടത്തോളം ജന്മനാടിൻ്റെ പ്രതിസന്ധി  കാവ്യഭാവനയുടെ പ്രതിസന്ധിയാകുന്നു. ഈയൊരു വെളിവിൽ നിന്നാവണം, “നാൻ പെറന്ത് വളന്തയിടം ചുത്തമല്ലെന്ന തോന്നൽ എല്ലാരിക്കുമുണ്ടെ”ന്നും “അത് മാറിക്കിട്ടാനാണ് ഈ പള്ളുവിളി” — അതായത് കവിതയെഴുത്ത് — എന്നും ആദ്യപുസ്തകത്തിൻ്റെ ആമുഖത്തിൽ (ചുമ്മാ ചെലത് – പു. 8) അനിൽകുമാർ പറഞ്ഞുവയ്ക്കുന്നത്.

മനുഷ്യരുൾപ്പെടെയുള്ള കടലോരജൈവരാശി നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതികത്തർച്ചയും ഉന്മൂലന – അധിനിവേശ ഭീഷണികളുമാണ് അനിലിൻ്റെ മൂന്നാംപുസ്തകത്തിലെ മുഖ്യകാവ്യപ്രമേയങ്ങൾ; തുറമുഖങ്ങളുടെയും കൃത്രിമപ്പാരുകളുടെയും കടൽഭിത്തികളുടെയും നിർമ്മാണം മുതൽ വിഷമാലിന്യനിക്ഷേപവും കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും വരെയുള്ളവയുടെ പ്രത്യാഘാതങ്ങൾ നേരിട്ടോ പരോക്ഷമായോ പ്രതിഫലിക്കുന്നവ. അവയിൽ ചിലത് നെയ്തൽതിണയുടെ സൂക്ഷ്മരാഷ്ട്രീയഭൂപടങ്ങളുമാണ്. ഞണ്ടിനെ കുടുക്കിട്ടുപിടിച്ച് കല്ലിലടിച്ചു കൊല്ലുന്ന കുട്ടിക്കാലവിനോദം ഓർത്തുകൊണ്ട് അനിലെഴുതിയ ആദ്യകാലകവിതകളിലൊന്ന് അവസാനിക്കുന്നത് “കല്ലുകൾ തിന്ന ഞണ്ടിന്റെ ചോരയിലാണ് വീട്ടിലെ അംഗങ്ങൾ എല്ലാം ഇപ്പോൾ സംസാരിക്കുന്നത്” (ഞണ്ടുകുഴി) എന്ന സാക്ഷ്യപ്പെടുത്തലോടെ. കവിതയിലെ വീട് മനുഷ്യകേന്ദ്രിതമായ ലോകവും ഞണ്ട് തീരദേശജീവിതചക്രത്തിൻ്റെ സൂക്ഷ്‌മപ്രതിനിധാനവുമാകുന്നു. ആ സാക്ഷ്യത്തിൻ്റെ തുടർച്ചയെന്നോണം, തെരുവിൽ വിളിച്ചുപറയുന്നവനെപ്പോലെ കവി പ്രഖ്യാപിക്കുന്നുണ്ട് — “ഒരു ഞണ്ടിനും ജീവിക്കാൻ കഴിയാത്ത  തുറകളുടെ പാട്ടാണിത്” (തുറകളുടെ പാട്ട്).

കടലനുബന്ധ ആവാസവ്യവസ്ഥയും കടൽപ്പണിയാളസ്വത്വവും നേരിടുന്ന അരക്ഷിതത്വത്തിൻ്റെ രാഷ്ട്രീയാവിഷ്കാരങ്ങളിൽ പരുക്കൻ പുറംവിസ്താരങ്ങളുണ്ട്. ആഴത്തിൽ തുളഞ്ഞിറക്കങ്ങളുണ്ട്. അകംപുറം കത്തുന്നവയുണ്ട്. ചിലതു മാത്രം ഇവിടെ പരാമർശിക്കാം. കടലേറ്റത്താൽ വീടുപേക്ഷിച്ചു പോയവരെയും അവരുടെ വലവള്ളങ്ങളെയും മണൽവരകളെയും ഓർത്തു നീറുന്ന മൊഴിയാണ് ‘മാഞ്ഞുപോകുന്നവർ’. ‘അനന്തരഗാമി’ കയ്യേറ്റത്തിൻ്റെ നിശബ്ദസാക്ഷ്യം; ‘കരുതിയിരിക്കുക’ കുടിയിറക്കപ്പെട്ടവരുടെ ഉണർത്തുപേച്ച് — രണ്ടും ‘മൺമറഞ്ഞ’ വിഴിഞ്ഞം കടപ്പുറത്തെ ഓർമ്മിപ്പിക്കുന്നു. അധിനിവേശം, പ്രകൃതിനാശം എന്നീ രണ്ട് അവസ്ഥകളോടുമുള്ള തുറന്ന രാഷ്ട്രീയപ്രതികരണമാണ് ‘തുറകളുടെ പാട്ട്’. അത്, തെങ്കടലിലെ എല്ലാ ദുരന്തതീരങ്ങളെയും തീണ്ടുന്നു. ആഴക്കടലിന്റെ പാരിസ്ഥിതികവിപര്യയങ്ങൾക്കു സാക്ഷ്യംപറഞ്ഞുകൊണ്ട് ‘കുഴിയാളി’ അകംപുറം നീറ്റുന്ന രാഷ്ട്രീയാനുഭവമാകുന്നു. കൂട്ടുകാരൻ്റെ പെയിൻ്റിങ്ങിന് മീനിൻ്റെ അസ്ഥികൂടമെന്ന് കവിതന്നെ പേരിട്ടുകൊണ്ടെഴുതിയ ‘അസ്ഥികൂട’മെന്ന അനുബന്ധകവിതയിൽ, കാലവസ്ഥാവ്യതിയാനത്തിൻ്റെയും സമഗ്രവിനാശത്തിൻ്റെയും രാഷ്ട്രീയപ്രതിധ്വനി കേൾക്കാം.

നടന്നുവിൽക്കുന്ന മീൻകാരികളുടെ നിത്യജീവിതകഥയാണ് ‘നടന്ന് നടന്നാണ് കൊണ്ടോയിരുന്നത്’. അതിൽ, ഉപരി-മധ്യവർഗ്ഗങ്ങൾ പാർക്കുന്ന പട്ടണങ്ങളിലേക്ക് കാൽനടപോയി മീൻ വിറ്റിരുന്ന സ്ത്രീകളുടെ ഓരജീവിതവും പൊതുഗതാഗതസൗകര്യങ്ങൾ നിലവിൽ വന്നിട്ടും അവരനുഭവിച്ചുപോരുന്ന സാമൂഹികവിവേചനവും ഉറക്കെ വിളിച്ചുപറയുന്നു. ഉച്ചസ്ഥായിയിലുള്ള പുറംവിസ്താരം പക്ഷേ കവിതയെ ഉപരിപ്ലവമാക്കുന്നില്ല. അത്രയേറെ അനുഭവതീക്ഷ്ണമായ ചൊൽക്കെട്ടിൽ ഓരോ വാക്കും കവി മുറുക്കിയെടുക്കുന്നുണ്ട്. ആഖ്യാനശരീരത്തെ രൂക്ഷമായ കടലുപ്പുനീരാവികൊണ്ട് പൊള്ളിച്ച് അനുഭവത്തിൻ്റെ എരിപൊരിസഞ്ചാരമാക്കി മാറ്റുന്ന ചില കുറുവരികൾ നോക്കൂ:

കുട്ടയിൽ
മണ്ണിട്ട്
അടുക്കി
ഐസിട്ട്
മണ്ണിട്ട്
അടുക്കി
കുട്ടയിൽ
മീനുകൾ
കാല് ചുടുമ്പം
കൊറേ നേരമിലയിൽ ചവിട്ടി
ഉച്ചിവെയിലടിക്കുമ്പോ
ചരുവം ചെരിച്ച്

……

ഉരുകിയൊലിച്ച ഐസ്
മീൻ വെള്ളം
നെറ്റീല് മൂക്കില്
നീറ്റലിടാൻ കണ്ണില്
ഇറ്റിറ്റു വീഴുമ്പോഴും
ചുമട് മാറ്റാതെ

പെൺതുറ എന്നൊരു ഫെമിനിസ്റ്റ് രാഷ്ട്രീയസംജ്ഞ തന്നെ സാധ്യമാക്കുന്ന കവിതയാണ് ‘നടന്നു നടന്നാണ് കൊണ്ടായിരുന്നത്’. മറ്റൊരു പുറംവിസ്താരമായ ‘പെണ്ണുങ്ങ’ളിലുമുണ്ട് പെണ്ണിയൽച്ചായ്‌വിൻ്റെ രാഷ്ട്രീയത്തുടർച്ച. ഗേ ലൈംഗികത ആഘോഷിക്കുന്ന ‘കാടകം’, സദ്യയുടെ എച്ചിൽ തിന്നുന്ന വിധിയോർത്ത് വൈലോപ്പിള്ളിക്കവിതയ്ക്ക് പ്രതിശീർഷകം ചമയ്ക്കുന്ന ‘ഓണച്ചാപ്പാടുകാർ’ എന്നിവ ജെൻ്ററിൻ്റെയും ജാതിയുടെയും നൈതികരാഷ്ട്രീയം പ്രമേയമാക്കുന്നു. മുഖ്യധാരാമലയാളിക്ക് വെറും മുക്കുവനോ (മലയാളി) കടലിൽ ചത്തുപൊന്തുന്ന അനാഥപെണമോ (പെണം) ആയവർ, മലത്തിൻ മോളിലാണ് നാടും വീടുമെന്നോ മലമുരുട്ടുന്നത് ലോകമാണെന്നോ അറിയാത്ത മലമുരുട്ടിപ്രാണികളും പാട്ടയുരുട്ടിമനുഷ്യരും (പാട്ടയുരുട്ടികൾ)…. അവരുടെയെല്ലാം കീഴാളസ്വത്വബോധത്തിൻ്റെ രാഷ്ട്രീയം രാവലിലെ കവിതകളിലെമ്പാടും ഓളംവെട്ടുന്നുണ്ട്.

മൂന്നാം സമാഹാരത്തിലെത്തുമ്പോൾ അനിലിൻ്റെ ലോകം ‘പെറന്തു വളർന്ത’ തുറ വിട്ട് വളരുന്നു. ഇന്ത്യാവിൻ എല്ലൈ, ഇലങ്കെ തുടങ്ങിയ രചനകളിൽ ഇതര നെയ്തലുകളുടെയും മറുകരകളുടെയും ചരിത്ര-രാഷ്ട്രീയ വിപര്യയങ്ങൾ പ്രമേയകേന്ദ്രത്തിലേക്കു വരുന്നു. വൈക്കം സത്യാഗ്രഹത്തിനു കാരണമായ വിലക്കപ്പെട്ട ചുറ്റുവഴിയൂടെ സ്വയം നടത്തിച്ചുകൊണ്ടാണ് വക്താവ്, ‘നടത്തിത്തീർക്കുകയാണ്’ എന്ന കവിതയെ ഒരു കീഴാളരാഷ്ട്രീയപ്രസ്താവമാക്കി മാറ്റുന്നത്. രാഷ്ട്രീയോപഹാസരചനയായ ‘പുനരുദ്ധാരണ’ത്തിൽ ടഗോറും വിവേകാനന്ദനും ബോസും ഉൾപ്പെടെയുള്ള നവോത്ഥാന നായകർ പെരുമ്പാവൂരിലെ ബംഗാളിത്തൊഴിലാളികളായി പകർന്ന് ഇടിഞ്ഞുവീഴാറായ രാജ്യത്തെ പുനരുദ്ധരിക്കാനിറങ്ങുന്നു. 

ആത്മഭാഷണങ്ങൾ

ഉപ്പുപാതപ്പടർപ്പുകളിലൂടെ പലപാട് അരേഖീയമായി വളരുന്ന ഒരു ആവാസവ്യവസ്ഥയുടെയും ബഹുജൈവസമുദായത്തിൻ്റെയും കവിതകളാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്; കേവല വൈയക്തികതയുടെ സത്താവാദപരമായ ആഖ്യാനങ്ങളോട് ആഭിമുഖ്യമില്ലാത്തവ. അപ്പോഴും, വ്യക്ത്യനുഭവങ്ങളുടെ ചൂടും ചൂരും സംക്രമിപ്പിക്കുന്ന ഒരുപിടി കവിതകൾ അനിലിൻ്റേതായുണ്ട്. അവയിൽ അപ്പൻ, മൂത്താണ്ണൻ, അമ്മ, അമ്മമ്മ, പെങ്ങൾ, അയൽക്കാർ, തുറക്കാർ, കൂട്ടുകാർ, കാമുകർ, പറവകൾ, പക്കികൾ, മീനുകൾ ഒക്കെയും ജീവനോടെയും മരണാനന്തരവും കടന്നുവരും.

അനിലിൻ്റെ എഴുത്തിൽ വ്യക്തിബന്ധങ്ങളും സ്വകാര്യതകളും ഉടനീളമുണ്ട് പക്ഷേ എഴുതുമ്പോഴേക്ക് ചുറ്റിലും മർത്ത്യരും മൂല്യങ്ങളും പ്രകൃതിയും വന്നുനിറഞ്ഞ് ജനമുഖരിതമാവുന്ന തരം വ്യക്ത്യനുഭവകഥനങ്ങളാണ് ആദ്യകാലകവിതകളിൽ മിക്കവയും. ഒരേ സമയം തൻ്റെയും ചുറ്റുമുള്ള ക്രൈസ്തവഗ്രാമത്തിൻ്റെയും ആത്മകഥ പറയുന്ന ‘ഊട്ടികൾ’ എന്ന കവിതയെടുക്കാം. ഞാനും അവളും ഊട്ടിപ്പുറത്തേറി — ഊട്ടിയെന്നാൽ വളർത്തുപന്നി — പെണ്ണുങ്ങൾ തൂറുന്ന കാട്ടിലേക്ക് പോയതും അവിടെ വച്ച് ഞാനവട കൊരവള്ളിയിൽ ഉമ്മവച്ച് ഇടുപ്പിൽ കിള്ളിയതുമായ സ്വകാര്യ സ്മരണകൾ, നമ്മിലെ വായനാവികൃതിയെ കബളിപ്പിച്ച്, പാതിരാക്കുർബാനയ്ക്കുുള്ള ഒറട്ടി, ചിരട്ടാപ്പം, പള്ളിയിലെ നേർച്ചത്തുട്ടുകൾ, മെഴുതിരികൾ എന്നിവയിലേക്ക് ചിന്നിപ്പരക്കുന്നു. പൊടുന്നനെ, കുറ്റിക്കാടിനെ ജെ.സി.ബി ബലാൽസംഗം ചെയ്യുന്ന വർത്തമാനകാലത്തിലേക്ക് ജമ്പ് കട്ട് ചെയ്യുമ്പോൾ കവിത ആ പഴയ ആകാംക്ഷ വീണ്ടെടുത്ത് സ്വയം ആരായുന്നു:

ഇവിടെവിടിരുന്നാണ്
ഞാനും അവളും
ആദ്യമായി കുമ്പസാരിച്ചത് ?

ആദ്യ രണ്ടു സമാഹാരങ്ങളിൽനിന്നു വ്യത്യസ്തമായി രാവലിൽ സാമൂഹികഭാരങ്ങളില്ലാത്ത ആത്മഭാഷണത്തിൻ്റെ കവിതകളുണ്ട്. തീർത്തും വ്യക്തിപരമായ ചില നിമിഷങ്ങളെ എഴുതുന്നു, തുടർച്ച, പരിണാമം എന്നീ രചനകൾ. വിത്തായും ചെടിയായും മഴയായും മാറുന്ന കിളിക്കരച്ചിൽ, അതേറ്റ് കിളികളെ എണ്ണിപ്പഠിക്കുന്ന ഒരു കുട്ടി, ദിവസത്തെ പണിയുന്ന വെയിലും കരിംപച്ചയിരുളും ചൂളംവിളിയും, റെയിൽട്രാക്കിൽ തീവണ്ടിയായി പരിണമിക്കുന്ന കുഞ്ഞിൻകരച്ചിൽ — ‘പരിണാമ’ത്തിലെ കാഴ്ച ഇത്രമാത്രം. പക്ഷേ വായിച്ചുകഴിയുമ്പോൾ ഒക്കെയും ചിറ്റേരിക്കു വണ്ടികാത്തുനിൽക്കുന്ന ഒരാളുടെ കാഴ്ചയെന്നുവരുന്നു. ‘തുടർച്ച’ അതേ ആളുടെ തന്നെ മറ്റൊരു കാഴ്ചപോലെ. സൂര്യൻ മറയാറായ ചില്ലയിൽ പഴം കൊത്താനെത്തുന്ന ഒന്ന് രണ്ട് മൂന്നു പക്ഷികൾ, ഇന്നലെയും ഇതു തുടർന്നിരിക്കാം നാളെയും തുടരാം എന്ന് മൊബൈലിൽ പടമെടുത്തു മടങ്ങുന്ന ‘ഞാൻ’, ആ പടമെടുപ്പു മാത്രം ഓർത്തുവയ്ക്കുന്ന സന്ധ്യ — പക്ഷിച്ചിത്രം തേടിപ്പോയ ഒറ്റ നിമിഷത്തെ മൊഴിപ്പെടുത്തുന്ന ഇമേജിസ്റ്റ് രചനാരീതിയാണിത്. അനിൽകുമാറിൽ സാധാരണമല്ല ഈ രീതി. പക്ഷേ, സ്വകാര്യതയുടെ ഈ സൂക്ഷ്മനൈമിഷികദർശനങ്ങൾ വെളിപ്പെടുത്തുന്നത് ഇയാളിലെ കവിത്വശേഷിയുടെ വൈവിധ്യമാണ്. ‘പറഞ്ഞൊഴിഞ്ഞു ഞാൻ’ എന്ന കവിതയിൽ, വിഴിഞ്ഞത്തെ നാടത്തത്തിൽ നിന്ന് പി കുഞ്ഞിരാമൻ നായരുടെ കാൽപ്പനികസ്മരണകൾ നിറഞ്ഞ പട്ടാമ്പിയിലേക്കുള്ള യാത്ര, നാട്ടുമൊഴിയിൽ നർമ്മംചാലിച്ചെഴുതുമ്പോഴും തെളിയുന്നത് കവിത്വത്തിൻ്റെ തുറസ്സാണ്. വീട്ടിൽ വന്നുകേറിയ നായ്ക്കുട്ടിയെക്കുറിച്ചുള്ള ശിട്ടു, പ്രതിച്ഛായ എന്നീ ചെറുകവിതകളിലുമുണ്ട് സ്വകാര്യമെഴുത്തിലെ ചന്തവും തുറസ്സും. കവി സുകുമാരൻ ചാലിഗദ്ധയ്ക്കൊപ്പവും അയാളുടെ എഴുത്തിനൊപ്പവും നടത്തുന്ന വനയാത്രകളാണ്, സംഗീതമുള്ള ഗദ്യത്തിൽ വാർന്ന ‘ചാലിഗദ്ദ’, ‘അതു പുരട്ടിവെച്ച ജാലമെന്ത്?’ എന്നീ രചനകൾ. ഇവ രണ്ടും കവിവക്താവിൻ്റെ ആത്മഗതമായിരിക്കെത്തന്നെ വയനാടൻപ്രകൃതിയുടെ സാമൂഹിക വിപര്യയങ്ങളെ ചെന്നു തൊടുന്നുമുണ്ട്. ചാലിഗദ്ധയിൽ, മെലിഞ്ഞ കബനിയും കാടിറങ്ങിവരുന്ന അവ്വയും വിഷാദശ്രുതി പോലെ. ‘അത് പുരട്ടിവെച്ച ജാല…’ത്തിൽ മാരൻ്റെ മായക്കാഴ്ചകൾക്കൊടുക്കം ആന ചവിട്ടിക്കൊന്ന പെൺകുട്ടി ഒരു നിലവിളിപോലെ. കോവിഡ് കാലത്ത് മരണപ്പെട്ട കൂട്ടുകാരൻ്റെ ഓർമ്മക്കവിത, ‘ആ ചോദ്യം ചുണ്ടത്തൊന്നിളകിയോ?’, സ്വകാര്യദുഃഖം തളംകെട്ടിയ ഇരുട്ടുകൊണ്ടെഴുതിയത്. പേരാറിന്നല, അനന്തഗാമി, അങ്ങേ മലയിൽ തുടങ്ങിയ കവിതകളിലും ഒറ്റയ്ക്ക്, പ്രകൃതിയിൽ — തന്നിലും —  മുഴുകുന്ന ഒരു ‘ഞാൻ’ ഉണ്ട്.

കടപ്പെറപാസയും പേച്ചും

പൊഴിയൂർ മുതൽ അഞ്ചുതെങ്ങോളമെത്തുന്ന തെങ്കടൽത്തീരത്തെ വാമൊഴിയാണ് കടപ്പെറപാസ. തമിഴും മലയാളവും വേർപിരിയും മുമ്പുള്ള മൊഴിത്തന്മകളുടെ ശേഷിപ്പെന്നു കരുതേണ്ടുന്ന ഈ ‘പാസ’യെ “ചേലുകൾ, ചൊല്ലുകൾ, ഏലം പോടലുകൾ, പള്ളുരിപ്പുകൾ, പരിയേടുകൾ, ജപങ്ങൾ, പാട്ടുകൾ, ചിന്തുകൾ നിറഞ്ഞ സാന്ദ്രവും സംഘർഷഭരിതവുമായ അനുഭവങ്ങളുടെ ഇരമ്പം” എന്നാണ് അനിൽകുമാർ തൻ്റെ നാട്ടുഭാഷാനിഘണ്ടുവിൻ്റെ ആമുഖത്തിൽ (കടപ്പെറപാസ-പുറം. 15) വിശേഷിപ്പിക്കുന്നത്. ഔദ്യോഗികമുഖ്യധാരകളിലോ അവയുടെ പ്രാന്തപ്പട്ടികകളിലോ — അതായത് സബാൾട്ടേൺ ഷെഡ്യൂളുകളിലോ — ഇന്നോളം ഉൾപ്പെടാത്ത ഈ ‘പഴയപുതിയ’ കടൽനാട്ടുമൊഴിയെ മലയാളലിപിയിലേക്കും ചൊൽമട്ടിലേക്കും സംക്രമിപ്പിച്ചുകൊണ്ടാണ് അനിൽ കവിതയെഴുതിത്തുടങ്ങുന്നത്. ആദ്യകാലരചനകൾ മിക്കവയും മലയാളരൂപങ്ങൾ കലർന്ന കടപ്പെറപാസയിൽ എഴുതിയവ. പിന്നീട് പലവിധ കലർപ്പുകളും തമിഴ് ചേർപ്പുകളും മാനകമലയാളവും താളപ്പേച്ചുകളും വന്നു. പക്ഷേ സ്വന്തം പാസയുടെ വേരൂറ്റമോ ജനതയുടെ കാതലോ ഈ കവി ഒരിക്കലും കൈവിടുന്നില്ല.

ആധികാരികാർത്ഥം എന്ന ഭാഷാസങ്കൽപ്പനത്തെ തന്നെ പ്രശ്നവൽക്കരിക്കുന്ന കവിതയാണ് ‘ഒരായിരം’. മുള്ളി, കീരി, പൊള്ളൽ, ചമ്പു, വാടി, കൂടം തുടങ്ങിയ ശബ്ദങ്ങൾക്ക് കടൽപണിയാളസമൂഹം നൽകുന്ന ബദൽഅർത്ഥങ്ങൾ ആഘോഷിച്ചുകൊണ്ട് ആ കവിത ചോദിക്കുന്നു:

ആദിയിലുണ്ടായത്
പദമോ പൊരുളോ ?
പാഠമോ ഭേദമോ ?
ദാർശനികമായൊരു നിർമ്മമതയോടെ സ്വയം മറുപടി പറയുകയും ചെയ്യുന്നു:
വാക്ക് പെറ്റിട്ട കുഞ്ഞ്
ഒന്നല്ല
ഒരായിരം

അർത്ഥാന്തരങ്ങളുടെ ആ ഉറപ്പിന്മേൽ നിവർന്നുനിന്ന്, നൂറ്റാണ്ടുകളായി “എഴുത്തധികാരത്തിനു പുറത്തുനിർത്തപ്പെട്ട” (കടപ്പെറപാസ — പുറം. 21) തൻ്റെ പാസയെ അതിലെ മൊഴിയനുഭവങ്ങളുടെ ഇരമ്പത്തോടെ കവിതയിലേക്ക് ആവാഹിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് ഡി. അനിൽകുമാർ ഏറ്റെടുത്തിരിക്കുന്നത്. ദ്രാവിഡമാനകങ്ങൾക്കു പുറത്തുള്ളതും തീരദേശ ജീവിതത്തിൻ്റെ പ്രതിനിധാനങ്ങളുമായ നൂറുകണക്കിന് കടൽപ്പേച്ചുകൾ, അതായത് ശബ്ദരൂപങ്ങൾ, അനിലിൻ്റെ കവിതകളിൽ പടർന്നു കിടപ്പുണ്ട്. അവ സമാഹാരങ്ങളുടെ പദസൂചികകളിലും അനിൽകുമാർതന്നെ രചിച്ച കടപ്പെറപാസയെന്ന കടൽഭാഷാനിഘണ്ടുവിലും വിശദമായി പരാമർശിക്കപ്പെടുന്നതിനാൽ ഇവിടെ ഉദാഹരിക്കുന്നില്ല. പാസയിലെ പരമ്പരാഗതപദങ്ങൾക്കും പ്രയോഗങ്ങൾക്കും പുറമേ പുതുചേർപ്പുകളും (ഉദാ: കരുപ്പെട്ടിസന്ധ്യ, പച്ചോലപ്പങ്ക്, അലനോട്ടം, കടലിൻ വരക്കം, മണൽമുള്ള്…) തമിഴ് മലയാള കടപ്പെറപാസാ കലർപ്പുകളും (ഉദാ: “കാറ്റിൻ പാടൽ രാവെരപ്പായി ഒടുങ്ങി” — ‘ഇലങ്കെ’, “ഇന്ത്യാവിൻ എല്ലൈ കൊണ്ടെഊസിയും മണൽക്കൂടും വിൽക്കും കുഴന്തൈകളാണ്” — ‘ഇന്ത്യാവിൻ എല്ലൈ’) തന്നിഷ്ടത്തോടെ ഉപയോഗിക്കുന്നുണ്ട് അനിൽ.

ഒപ്പാരിയുടെയും പേച്ചി (Rap) ൻ്റെയും ഛായ കലർന്ന മൊഴിത്താളം അനിൽകുമാറിൻ്റെ എഴുത്തുമുറയിൽ നൈസർഗ്ഗികമാണ്. അവിയങ്കോരയിലെ ‘കടലു വരുന്ന പോലാണമ്മേ’, ‘കടലെറങ്കണ പെണ്ണുങ്കോ’ ‘പാര്’, ‘അറമള’ തുടങ്ങിയ നിരവധി കവിതകളിൽ പേച്ചുതാളവും ഒപ്പാരി യീണവും പലപല ആയങ്ങളിൽ ഊയലാടുന്നുണ്ട്. ഒരു പെരുംതിരയുടെ ആയത്തിൽ അലറിയെത്തുന്ന ഒപ്പാരി നോക്കൂ:

കടല് വരുന്ന പോലാണമ്മേ
അപ്പൻ കുടിച്ചു കൂത്താടണ
അപ്പന് പെറക്കാത്ത വേല ചെയ്യണ

….
കടല് നിവരണ പോലാണമ്മേ
നീ നിവരണ
ഒപ്പാരിയിട്ടോടിയൊളിക്കണ
അപ്പനല്ലമേ നമ്മുടെ അപ്പനല്ലേ
വേളാവും ചീലാവും പടണ കൈയ്യല്ലേ
പാറപോലത്തെ കരുത്തല്ലേ
————(കടല് വരുന്ന പോലാണമ്മേ)

രാവലിൽ ഒപ്പാരിയുടെ വിലാപശ്രുതി കുറയുമെങ്കിലും പേച്ചിൻ്റെ പലമട്ടുകൾ പ്രത്യക്ഷമായോ പരോക്ഷമായോ തുടരുകയും മുറുകുകയും ചെയ്യുന്നുണ്ട്. പേച്ചിൻ്റെ ചടുലമായ ചില ചൊൽമട്ടുകൾ മാത്രം ഉദ്ധരിക്കാം.

താഴ് വാരത്തെത്തിയ കാട്ടുചോലപോലെ മന്ദഗതിയായ പേച്ച് —
കാടിറങ്ങി വരുന്നു
വിറകുമായ് അവ്വ
മെലിഞ്ഞ കബനിയിൽനിന്ന്
ചോറെടുത്ത്
കൂട്ടെടുത്ത്
മെലിഞ്ഞ കബനിയിൽനിന്ന്
കാറ്റെടുത്ത്
കരളെടുത്ത്
———(ചാലിഗദ്ധ)

നാട്ടുമന്ത്രവാദത്തിൻ്റെ ചൊൽമട്ട് —
പേ പിടിച്ച പെണ്ണേ
നടുക്കളത്തിലിരി
കുറ്റിയിട് ജനൽ
എടുത്തുവയ്ക്ക് വെറ്റില
മഷി വേണ്ട
മുഖം പറയും
——– (ബാധ)

റാപ്പ് അവതരണങ്ങളിലേതുപോലെ രാഷ്ട്രീയവും ദ്രുതതാളവുമുള്ളവ —

എന്നിട്ടുമടി കൊണ്ട് നടുപൊള്ളി
പണ്ഡിറ്റ് കറുപ്പനെയും പുറന്തള്ളി
മുട്ടിപ്പുല്ലു കുരുപ്പിച്ച
അയ്യങ്കാളിച്ചൊൽ കേട്ട്
വയലുഴുതവരെ
വലവീശുകാരാക്കി മാറ്റി
——–(കരുതിയിരിക്കുക)

പെണ്ണുങ്ങളെ പ്രകീർത്തിക്കുന്ന വാഴ്ത്ത് —

ആണുങ്ങളെന്നാൽ പെണ്ണുങ്ങളാണേ
ഞങ്ങട നാട്ടിലെ പെണ്ണുങ്ങളാണേ
മക്കളെ കെട്ടിച്ചയച്ചവരാണേ

പെരയുടെ ചോർച്ചയടച്ചവരാണേ
പാളയിൽ കപ്പയും മത്തി പൊള്ളിച്ചതു-
മായി ഊട്ടിയുറക്കിയതവരാണേ
——- (പെണ്ണുങ്ങൾ)

നാട്ടുപയ്യാരത്തിൻ്റെ മട്ട് —

പട്ടാമ്പിക്ക് പോണേ
പട്ടാമ്പിക്ക്
എന്നെപ്പഴും
നാട്ടിലൂറ്റം കൊള്ളും ഞാൻ
പട്ടാമ്പിയിലാരിരിക്കിണ്
എവര് ?
—–(പറഞ്ഞൊഴിഞ്ഞു ഞാൻ)

“അറുത്തുകീറിയ മീനിന് ഉപ്പിടാൻ പഠിച്ച എൻ്റെ കൈകൾക്ക് വരികൾ നേരെ വരില്ല” (‘വരികൾ’ – ചങ്കൊണ്ടോ പറക്കൊണ്ടോ) എന്ന് കവിതയെഴുത്തിൻ്റെ ആദ്യനാളുകളിൽ തന്നെ മുഖ്യധാരയുടെ ‘നേരേ’യോട്, അതായത് രേഖീയതയോട്, ഈ കവി നേരിട്ടുതന്നെ ഇടയുന്നുണ്ട്. ആ ഇടച്ചിലിൻ്റെ പ്രതിഫലനമാവാം, പദവാക്യവിന്യാസക്രമം തലതിരിയുകയോ ചിതറുകയോ ചെയ്യുന്ന സവിശേഷമായൊരു ശൈലികൃതവാക്യഘടനയുടെ അബോധം ഒട്ടുമിക്ക കവിതകളിലും കാണാം. ഏതാനും ഉദാഹാരണങ്ങൾ മാത്രം – “എടുക്കാൻ മറന്നതാണ്, / ചെറ്റകൾ സിമൻ്റായപ്പോൾ / ചങ്കിനെ പറക്കിനെ / കടൽക്കുതിരയെ” (ചങ്കൊണ്ടോ പറക്കൊണ്ടോ), “തിരിച്ചറിയാനാവുന്നില്ല / മീനിനെ / മീനിൻ്റെ പേരിനെ / ഒറത്തയെ”(ഒറത്ത), “ഇല്ല, കാറ്റിന് പാറിക്കാൻ ഒരു ഇല / തണൽ” (മലയാളികൾ), “വാങ്ങിവരാമോ വെറ്റ /വാങ്ങി വരാമോ പാക്ക്” (കുരുടനും കുട്ടിയും), ഒഴുകിയിരുന്നു, ഓട /ചുറ്റും വളർന്നിരുന്നു കാട് (ചരിത്രം), “കുറ്റിയിട് ജനൽ / എടുത്തുവയ്ക്ക് വെറ്റില”, “എണീറ്റു പെങ്ങൾ / ചവിട്ടി നൃത്തം” (ബാധ), “അതിൻ നിനവിൽ ജീവിച്ചു ഉറവ്”(ഇലങ്കെ)….

ആസുരതയുടെ ബിംബഭാഷ

അനിൽകുമാറിൻ്റെ കാവ്യലോകത്ത് പ്രമേയ ‘ഭാര’മില്ലാത്ത രചനകൾ അപൂർവ്വമാണ്. അവയിൽ തന്നെ ഒരു കേന്ദ്രബിംബവും അതിനെ ചൂഴ്ന്നു വളരുന്ന അർത്ഥത്തിൻ്റെ അലകളും മാത്രമുള്ള കവിതകൾ അത്യപൂർവ്വം. അത്തരമൊന്നാണ് ‘കുര’; ഒരു പക്ഷേ, രാവൽ എന്ന പുസ്തകത്തിലെ ഏറ്റവും മൊഴിമൂർച്ചയുള്ള കവിത.

ഒരു പട്ടി എത്രവട്ടം ഇരുട്ടിൽ രാകിയിട്ടാവും
അതിന്റെ കുര മൂർച്ചയുള്ളതാകുന്നത്

എന്ന് ആസുരമായ ബിംബഭാഷയിൽ ആരാഞ്ഞുകൊണ്ടാണ് കവിത ആരംഭിക്കുന്നതുതന്നെ. നേര-ദൂര-ജീവി ഭേദമനുസരിച്ചുള്ള കുരഭേദങ്ങളെപ്പറ്റി ആലോചിക്കുന്നതിനിടയിൽ കവിത പൊടുന്നനെ ചോദിക്കുന്നു:

ഇനി പട്ടിയെ ഉപേക്ഷിച്ച്
കുര അലഞ്ഞുതിരിയുന്നതാവുമോ ?

കുരയെ ലാക്ഷണികാർത്ഥത്താൽ പിച്ചാത്തിയാക്കി — ‘രാവൽ’ എന്ന കവിതയിലെ അമ്മമ്മയുടെ അതേ പിച്ചാത്തി തന്നെ — വസ്തുവൽക്കരിക്കുമ്പോഴും അലഞ്ഞുതിരിയുന്ന അപരമാക്കി ദൃശ്യവൽക്കരിക്കുമ്പോഴും അതൊരു ആസുരബിംബമായി വളരുകയാണ്; നായ്ക്കുരയെ രാകിരാകി ചെന്നായ്ക്കുരയാക്കുകയാണെന്നു പറയാം. കുര നഷ്ടപ്പെട്ട് ഇരുട്ടിൽ അലിയുന്ന ജീവൻ്റെ നിശബ്ദതയെയും, ‘രാവലി’ലെ ചോരയുമിറച്ചിയും നഷ്ടപ്പെട്ട് വെയിലുകൊള്ളാനിരിക്കുന്ന ആമത്തോടിനെയും ആ ആസുരബിംബങ്ങളുടെ — അതായത് കുരയുടെയും പിച്ചാത്തിയുടെയും — പ്രതിശബ്ദമോ പ്രതിബിംബമോ ആയും വായിക്കാം.

നെയ്തൽജീവിതത്തിൻ്റെ ഭാവനാലോകത്തുനിന്നു മാത്രമേ ഉയിർക്കൊള്ളാനാകൂ എന്നു തോന്നിപ്പിക്കുന്ന തരം ബിംബങ്ങൾ ചില നേരങ്ങളിൽ ഉൽക്കപോലെ പായും അനിലിൻ്റെ കവിതയിൽ. “ചകിരിനാരിൽ പറ്റിപ്പിടിച്ച് കപ്പല് താണ്ടിയ കരിമണൽ” ഒരു മിന്നായത്തിൽ “സായിപ്പിന്റെ കൈവെള്ളയിൽ ഞെരിപിരികൊണ്ട മിന്ന”ലായി മാറും (തുറകളുടെ പാട്ട്). പുറങ്കടലിലലയയുന്ന അനാഥശവത്തെ ഒരു കടൽപ്പണിയാളൻ്റെ നോക്കിലൂടെ വിവരിക്കുന്ന ‘പെണം’, നമ്മുടെ വായനയെ ഭീതിതമാക്കാൻ പോന്നൊരു ആസുരദൃശ്യമാണ്. പെണത്തിൻ്റെ അടർന്നുപോയ കണ്ണിനെ കവി സങ്കൽപ്പിക്കുന്നതു നോക്കൂ:

മീൻ തിന്നതല്ല
പൂഞ്ചിപോയതാണ് കണ്ണ്
മുങ്ങിയാൽ കാണാം
ഒടലില്ലാതെ അലയും
അമ്പിളി

കവിത ഒരു ‘കുഴിയാളി’യായി അടിക്കടലിലേക്ക് ഊളിയിടുമ്പോൾ അടക്കിപ്പിടിച്ച ആസുരതയുടെ ആ സർറിയൽ ബിംബം — ഒടലില്ലാതെ അലയുന്ന അമ്പിളി — ഒരു മാത്ര മിന്നിമായും. വീട്ടിൽ വന്നുകയറിയ നായ്ക്കുട്ടിയെ കാണുമ്പോൾ “കാറ്റ് പെറ്റിട്ടതെന്നോ നിലാവിന്റെ തുണ്ടം അടർന്നു വീണതെന്നോ” ഭ്രമിക്കും (ശിട്ടു). മീൻകാരിപ്പെണ്ണുങ്ങൾ എല്ലാം കഴിഞ്ഞ് മടങ്ങുന്നത് “ഉണങ്ങിയ കാറ്റുപോൽ” (നടന്നുനടന്നാണ് കൊണ്ടോയിരുന്നത്). “അഴിഞ്ഞഴിഞ്ഞു വീഴുന്ന ആകാശനീലക്കൈലിയുടുത്ത”(കരുതിയിരിക്കുക) തുറവാസിക്ക് “വെയില് കൊണ്ട് കൂടാരം വെയിൽ തന്നെ പാർപ്പ് വെയിലിലൂടെ നീളും നെടുമ്പാത” (മലയാളികൾ). പച്ചപ്പോ പഴങ്ങളോ ഇല്ലാത്ത തീരത്ത് ദേശാടകപ്പക്ഷിക്ക് വിശപ്പാറ്റാൻ “ഒരു തുള്ളി മീൻ മതി”(കടലാള). കടൽക്കര ഒരു മുറിയെങ്കിൽ അവിടെ “മിന്നൽ പോലൊരു രാത്രി / മിന്നൽ പോലൊരു ബൾബ്‌ / മിന്നലിട്ടാൽ മാത്രം കത്തുന്ന ഭൂമി” (മിന്നൽ). ബിംബഭാഷ മാത്രംകൊണ്ടു പടുത്ത ‘പരിണാമം’എന്ന കവിതയിൽ “കിളിക്കരച്ചിൽ ഒരു വിത്തായ് മാനത്തു മുളച്ച് കതിരിട്ട് മഴയായ്” പെയ്യുന്നു.

പരുക്കനെന്നോ ആസുരമെന്നോ ഒക്കെ വിളിക്കാവുന്ന ആഖ്യാനങ്ങളും കാവ്യബിംബങ്ങളും കോൾകൊണ്ടുയരുന്ന അശാന്തസമുദ്രമെങ്കിലും, ഈ വായനയെ സംബന്ധിച്ചിടത്തോളം, അനിലിൻ്റെ കവിത കടൽപ്പേച്ചിൽ പടുത്ത പുതിയൊരു ഈണക്ക (lyricism) ത്തിൻ്റേതു കൂടിയാണ് (ലിറിസിസത്തിൻ്റെ പരമ്പരാഗത മലയാള പരികൽപ്പനയായ ‘ഭാവഗീതാത്മകത’ ഇവിടെ ഒഴിവാക്കുന്നു). ചങ്കൊണ്ടോ പറക്കൊണ്ടോയിലെ ഓരിയൻ, കള്ളുപ്പാട്ട്, കൊടുവാമീൻ, കടൽശംഖ്, പാറകൾ, ആത്താമ്മ തുടങ്ങിയ രചനകളിലും അവിയങ്കോരയിലെ പാര്, ഏക്കര്, നേരമിരുട്ടി അപ്പൻ പാടാറുണ്ട് പഴേ തമിഴ്പടങ്ങളുടെ പാട്ട്, അവിയങ്കോര, മുക്കുവൻ, കണവാമൊശട്, കടല് വരുന്നപോലാണമ്മേ, കടൽക്കാക്ക, ചേട്ടത്തി തുടങ്ങിയവയിലും രാവലിലെ ആദി, തുറയിലച്ചൻ, ജലകണം, തെങ്ങരനീര്, ചാലിഗദ്ധ, പറഞ്ഞൊഴിഞ്ഞു ഞാൻ, അലക്ക്, കുഴിയാളി, അതുപുരട്ടിവെച്ച ജാലമെന്ത്?, പേരാറിന്നല എന്നിവയിലും ഈ ഈണക്കത്തിൻ്റെ പല വിതാനങ്ങൾ വായിക്കാം.

—–

നിലവിലെ കേരളകവിതയുടെ ഭാഷ, നോക്കുകോൺ, പ്രമേയപരിസരങ്ങൾ എന്നിവയെ പ്രശ്നവൽക്കരിച്ചുകൊണ്ട് ഡി. അനിൽകുമാർ എന്ന കവി വീണ്ടെടുക്കാൻ ശ്രമിക്കുന്ന നെയ്തൽപാരമ്പര്യത്തെ, മൂന്നു കവിതാസമാഹാരങ്ങളുടെ വായനയിലൂടെ മനസ്സിലാക്കാൻ ശ്രമിച്ചതിൻ്റെ ഫലമാണ് മേൽനിരീക്ഷണങ്ങൾ. ഇവിടെ പരാമർശിച്ച കവിതകൾ പലതും കരമാത്രജീവിതത്തിൻ്റെ വക്താക്കളെ അമ്പരപ്പിക്കും വിധമുള്ള പുതിയൊരു ഉഭയാവാസവ്യവസ്ഥയിലേക്ക് വായനയെ കൂട്ടിക്കൊണ്ടുപോയേക്കാം. വാക്കുകൾ ആധികാരികഭാഷയിൽനിന്ന് മോചിതരായി ‘പാസക’ളുടെ പലമയിലേക്ക് പരക്കാം. അവയും, അനിൽകുമാർ ഇനി എഴുതാനിരിക്കുന്ന കവിതകളും, നവസാമൂഹികതാകാലത്തിൻ്റെ പുത്തൻ കവിതത്തുറസ്സായി അടയാളപ്പെടുകയും മാനകമലയാളത്തിൻ്റെ പരമ്പരാഗതസ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്തേക്കാം.

പക്ഷേ, ഇപ്പോൾ ഈ കവി ഒറ്റയ്ക്കാണ്. മുൻമാതൃകകളില്ലാത്ത ഇച്ഛകളും അനുഭവങ്ങളുമാണ് അയാളുടെ ചങ്ങാടത്തെ നയിക്കുന്നത്. ഹെമിംഗ്‌വേയുടെ സന്തിയാഗോയെപ്പോലെ മൊഴിപ്പരവയിലേക്ക് ഒറ്റയ്ക്കു തോണിയിറക്കിയവനെങ്കിലും ഏതോ ഒറ്റപ്പെരുംമീനിനു പിന്നാലെ ഒറ്റച്ചൂണ്ടയുമായി പായുന്നില്ല അയാൾ. മറിച്ച്, നമ്മുടെ പൊതുചരിത്രം ഇന്നോളം കേൾക്കാത്ത കടപ്പെറത്തിൻ്റെ ശബ്ദാർത്ഥതാരാവലികൾക്കായി, ആരാരും കടന്നുചെന്നിട്ടില്ലാത്ത നെയ്തലിൻ്റെ ആഴങ്ങളിൽ, സൂക്ഷ്മങ്ങളിൽ, കടലാകാശങ്ങളിൽ വല നീട്ടിവിരിക്കുകയാണ്. ഇന്നിൻ്റെ ഇണയവലകൾ തള്ളുന്ന മാലിന്യങ്ങളിൽനിന്ന് കടൽകരകളെ വീണ്ടെടുക്കാൻ അതിനു കഴിയുമാറാകട്ടെ.

ആദികവി വനവേടനായിരുന്നത്രേ. ഭൂമുഖം അതിൻ്റെ അന്തിയോടടുക്കെ, ആരായിരിക്കും ഭാവികവി, കരയിലും കടലിലും നിന്ന് മനുഷ്യരെ പിടിക്കുന്ന ഉഭയ കാല-സ്ഥലങ്ങളുടെ യഹോവ?
—-
(ഡി സി ബുക്സ് പ്രസിദ്ധീകരിക്കാനിരിക്കുന്ന  ഡി അനിൽകുമാറിൻ്റെ  ‘രാവൽ’ എന്ന കവിതാസമാഹരത്തിന് എഴുതിയ ആമുഖം)

Anvar Ali
‘ANPU’ 12/529(H)
Padmasree Road, Vilakkinkal Centre
Puranattukara P O
Thrissur 680551
Kerala, India.
www.urumbinkoodu.blogspot.com

Mobile:+919446229643 & +918921140160

[1] റിയാസ് കോമു, സി എസ് വെങ്കിടേശ്വരൻ, എം എച്ച് ഇല്യാസ്, അമൃതലാൽ എന്നിവരടങ്ങിയ ക്യുററ്റോറിയൽ കൂട്ടായ്മ.

[2] “Indeed, this is perhaps the most important question ever to confront culture in the broadest sense – for let us make no mistake: the climate crisis is also a crisis of culture, and thus of imagination.” (Amitav Ghosh, The Great Derangement, p.12, Penguin Random House India, 2017.)
—
ഡി അനിൽകുമാറിൻ്റെ പ്രസിദ്ധീകൃതമായ ആറ് കവിതകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പഠനത്തിലും കവിതയിലും ഉപയോഗിച്ചിരിക്കുന്ന കടപ്പെറപാസ പദങ്ങളും അവയുടെ അർത്ഥവും

1. അവന്തചീല – അഴിഞ്ഞ വസ്ത്രം
2. അവിയങ്കോര – ഒരു ചെറിയ മീൻ
3. ആണാപെറന്തവൻ – ആണുങ്ങൾ
4. ആത്താമ്മ – അമ്മൂമ്മ
5. ഉരിച്ചത് – വിളിച്ചത്
6. ഏക്കര് – മത്സ്യബന്ധനോപകരണങ്ങൾ
7. ഒടല് – ഉടൽ
8. കടബോട്ട് – വള്ളത്തിന്റെ പിൻഭാഗം
9. കിളിഞ്ചീല – മീൻവില്പനക്കാരികളായ സ്ത്രീകൾ പൈസ സൂക്ഷിക്കുന്ന കിഴി പോലുള്ള സഞ്ചി. ഇതിന് ‘കൂഞ്ഞാല്’ എന്നും പറയുന്നു.
10. കുഴിയാളി – മുങ്ങൽ വിദഗ്ധൻ
11. കൊമ്പള് – യുവതി
12. ചങ്ക് – ശംഖ്
13. ചാക്കാണി – ഒരു കടൽമീൻ
14. ചീലാവ് – ഒരു കടൽമീൻ
15. ചുത്തം – ശുദ്ധം
16. തലമോരി – വള്ളത്തിന്റെ മുൻഭാഗം
17. തുപ്പളി – തുപ്പൽ
18. തൂണ്ട – ചൂണ്ട
19. തെങ്ങരനീര് – കടലിനുള്ളിൽ പലതരം നീരുകൾ ഉണ്ട്. പല നീരും പല ദിശകളിലാണ് ഒഴുകുന്നത്. തെക്ക് നിന്നും പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്ന നീരാണ് തെങ്ങരനീര്.
20. പരതവ – ഒരു മത്സ്യത്തൊഴിലാളിവിഭാഗം. സംഘകാലകൃതികളിൽ പരതവരെപ്പറ്റി പരാമർശമുണ്ട്.
21. പാര് – കടലിനുള്ളിൽ മത്സ്യവൈവിധ്യവും ജൈവവൈവിധ്യവും നിറഞ്ഞ ഇടങ്ങൾ.
22. പാവി – ധാരാളം മീൻപിടിച്ച് എന്ന് പ്രയോഗാർത്ഥം.
23. പൂച്ചാണ്ടി – ശംഖിനുള്ളിലെ മാംസം
24. പെണ്ണാപെറന്തവൾ – പെണ്ണുങ്ങൾ
25. പെരട്ടം – പൃഷ്ഠത്തിനെ പ്രാകൃതീകരിച്ച പ്രയോഗം. ചന്തി.
26. മണങ്ക് – മാന്തൾ / നങ്ക് എന്നെല്ലാം അറിയപ്പെടുന്ന മീൻ
27. മേലാട്ട് – കടൽഭാഗത്തേയ്ക്ക്
28. ശ്രാപ്പിറക് – സ്രാവിന്റെ ചിറക്. തിരുവിതാംകൂർ ചരിത്രരേഖകളിൽ രാജാവിന് മത്സ്യത്തൊഴിലാളികൾ നികുതിയായിരുന്നു നൽകിയിരുന്ന വസ്തു എന്ന നിലയിലും ഈ പേര് കാണുന്നു.
29. റക്ക – ചിറക്
30. റാള് – Lobster മത്സ്യം
31. രാവൽ – രാകുക – രാകൽ

Comments

comments