അടിയന്തരാവസ്ഥയില്‍

ഹിന്ദുത്വ ഭീകരതയുടെ കഥ: അദ്ധ്യായം 21

 

1975 ജൂണ്‍ 12, ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം ഒരു ഇരുണ്ട ദിവസമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഒരു ദിശാസൂചക ദിനവും. അന്ന് രാവിലെ ആദ്യമെത്തിയ വാര്‍ത്ത ഡി.പി. ധറിന്റെ മരണവാര്‍ത്തയായിരുന്നു. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ ഒരിക്കല്‍ മന്ത്രിയായിരുന്ന അദ്ദേഹം, മരിക്കുമ്പോള്‍ സോവിയറ്റ് യൂണിയനില്‍ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഡി.പി. ധർ

രണ്ടാമത്തേത് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഫലമായിരുന്നു. ചിമന്‍ ഭായ് പട്ടേല്‍ രാജിവെച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സില്‍നിന്നും തെറ്റിപ്പിരിഞ്ഞുപോന്ന കോണ്‍ഗ്രസ്സ് (ഓ), ജനസംഘ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, ചരണ്‍ സിങ്ങിന്റെ ലോക്ദള്‍ എന്നീ നാലു ഇന്ദിരാഗാന്ധി വിരുദ്ധ പാര്‍ട്ടികള്‍ ‘ജനതാ മോര്‍ച്ച’ എന്ന പേരില്‍ ഒറ്റമുന്നണിയായാണ് മത്സരിച്ചത്. കോണ്‍ഗ്രസ്സ് (ഓ) ആയിരുന്നു ആ മുന്നണിയിലെ മുഖ്യ പാര്‍ട്ടി. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ജനതാ മോര്‍ച്ച, കോണ്‍ഗ്രസ്സിനെ തോല്പിച്ചു. കോണ്‍ഗ്രസ്സ് (ഓ) യിലെ ബാബുലാല്‍ പട്ടേല്‍, ഗുജറാത്തിലെ ആദ്യ കോണ്‍ഗ്രസ്സേതര മുഖ്യമന്ത്രിയായി പിന്നീട് സ്ഥാനമേറ്റു.

മൂന്നാമത്തെ സംഭവമായിരുന്നു, ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഹൃദയഭേദകമായത്. 1971ലെ തെരഞ്ഞെടുപ്പില്‍ യു.പിയിലെ റായ് ബറേലിയില്‍നിന്നായിരുന്നു, ഇന്ദിരാഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന രാജ് നാരായണ്‍ അതിനെതിരെ അലഹാബാദ് കോടതിയില്‍ കേസ് കൊടുത്തിരുന്നു. തന്റെ ഭരണപദവികളുടെ ദുരുപയോഗം ഇന്ദിരാഗാന്ധി, തെരഞ്ഞെടുപ്പില്‍ നടത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. രണ്ട് കാര്യങ്ങളാണ് കോടതി കണ്ടെത്തിയത്. ഒന്ന്, ഇന്ദിരാഗാന്ധിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന യശ്പാല്‍ കപൂര്‍, സര്‍ക്കാര്‍ ജോലി രാജിവെക്കാതെ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചു. രണ്ട്, യു.പി. സര്‍ക്കാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഇന്ദിരാഗാന്ധിയെ തെരഞ്ഞെടുപ്പില്‍ സഹായിച്ചു. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ, ഇന്ദിരാഗാന്ധിയുടെ ജയം അസാധുവാക്കി പ്രഖ്യാപിച്ചു. കൂടാതെ അടുത്ത ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍നിന്നും ഇന്ദിരാഗാന്ധിയെ വിലക്കുകയും ചെയ്തു. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി ഇന്ദിരാഗാന്ധിക്ക് 20 ദിവസത്തെ സമയം അനുവദിച്ചിരുന്നു.

ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ

ഈ വിധി ഇന്ദിരാഗാന്ധിയേയും കോണ്‍ഗ്രസ്സിനേയും ഞെട്ടിച്ചുകളഞ്ഞ ഒന്നായിരുന്നു. ഇന്ദിരാഗാന്ധിയുടെ രാജിക്കായി ജെ.പി. ഉടന്‍തന്നെ പ്രസ്താവനയിറക്കി. പ്രതിപക്ഷം ഒന്നടങ്കം ഇന്ദിരാഗാന്ധിയുടെ രാജിക്കായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനിടയില്‍ 1975 ജൂണ്‍ 18ന് കോണ്‍ഗ്രസ്സിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം കൂടി. കോണ്‍ഗ്രസ്സ് എം.പിമാര്‍ ഒന്നടങ്കം ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു. ആ സമ്മേളനത്തില്‍വെച്ചാണ് ഡി.കെ. ബറുവ, പില്‍ക്കാലത്ത് കുപ്രസിദ്ധമായ ആ വാചകം ഉരുവിട്ടത്. ‘ഇന്ദിരയെന്നാല്‍ ഇന്ത്യയാണ്, ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്.’

കോടതിവിധി ഉണ്ടാക്കിയ തിരിച്ചടിയില്‍നിന്ന് കരകയറാന്‍, സഞ്ജയ് ഗാന്ധിയുടെ സജീവ പങ്കാളിത്തത്തോടെ ഡല്‍ഹിയില്‍ നിരവധി റാലികള്‍ നടത്തി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഡല്‍ഹി ബോട്ട് ക്ലബ്ബ് മൈതാനത്ത് 1975 ജൂണ്‍ 20ന് നടത്തിയ റാലിയായിരുന്നു. തന്റെ കുടുംബത്തെ വേദിയില്‍ അണിനിരത്തിയാണ് ഇന്ദിരാഗാന്ധി ആ റാലിയില്‍ സംസാരിച്ചത്. ദേശീയ താത്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചാണ് അവര്‍ സംസാരിച്ചത്. ‘ഞാന്‍ മരിക്കുമോ ജീവിക്കുമോ എന്നതല്ല പ്രശ്‌നം, ദേശീയ താത്പര്യമാണ്.’ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന വിദേശ ഹസ്തങ്ങളെപ്പറ്റിയും അവര്‍ ഊന്നിപ്പറഞ്ഞു. അവസാന ശ്വാസംവരെയും രാജ്യത്തെ സ്‌നേഹിക്കും എന്നും മറ്റും നാടകീയമായി അവരവിടെ പ്രഖ്യാപിച്ചു.

1975 ജൂണ്‍ 24ന്, അവര്‍ കൊടുത്ത അപ്പീല്‍ പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി ജസ്റ്റിസായിരുന്ന വി.ആര്‍. കൃഷ്ണയ്യരുടെ വിധി വന്നു. ഇന്ദിരാഗാന്ധിക്ക് അല്പം ആശ്വാസം നല്‍കുന്ന വിധിയായിരുന്നു അത്. കൃഷ്ണയ്യര്‍, അലഹാബാദ് ഹൈക്കോടതി വിധി ഉപാധികളോടെ സ്റ്റേ ചെയ്തു. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ നടത്തിയ നിയമവ്യതിയാനങ്ങള്‍, തെരഞ്ഞെടുപ്പു ചട്ടങ്ങളെ ഗുരുതരമായി അട്ടിമറിക്കുന്ന ഒന്നായിരുന്നില്ല എന്നാണ് കൃഷ്ണയ്യര്‍ നിരീക്ഷിച്ചത്. അതേസമയം പ്രധാനമന്ത്രി എന്ന നിലയില്‍ തുടരാന്‍ അനുവാദം നല്‍കുമ്പോഴും സുപ്രീം കോടതിയുടെ ഫുള്‍ബെഞ്ച് വിധിക്കുംവരെ, സഭയില്‍ വോട്ടധികാരം വിനിയോഗിക്കുന്നതിനോ, പ്രധാനമന്ത്രിയുടെ ശമ്പളം പറ്റുന്നതിനോ സാധ്യമല്ല എന്നും കോടതി വിധിച്ചു. ഉപാധികളോടെയാണെങ്കിലും ആ സ്റ്റേ ഉത്തരവ് ഇന്ദിരാഗാന്ധിക്ക് ശ്വാസം വലിക്കാനുള്ള രാഷ്ട്രീയ അവസരം ഉണ്ടാക്കി കൊടുത്തു.

പിറ്റേന്ന്, 1975 ജൂണ്‍ 25ന് പ്രതിപക്ഷ കക്ഷികള്‍ ഡല്‍ഹിയിലെ രാം ലീല മൈതാനിയില്‍ ഒരു മഹാറാലി സംഘടിപ്പിച്ചു. ജെ.പി. തന്നെയായിരുന്നു അതിന്റെ മുഖ്യ ആകര്‍ഷണം. രണ്ടു കാര്യങ്ങളായിരുന്നു, ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ആ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അധികാരത്തില്‍ തുടരുന്നതിനായി ഇന്ദിര, ഫാസിസ്റ്റ് വഴികള്‍ ഉപയോഗിക്കുന്നതിനാല്‍, പോലീസും പട്ടാളവും അത്തരം അധികാരികളുടെ ആജ്ഞകള്‍ അനുസരിക്കേണ്ടതില്ല എന്നതായിരുന്നു ഒന്ന്. രണ്ടാമത്തേതാകട്ടെ, തുടര്‍സമര പ്രഖ്യാപനങ്ങള്‍ ആയിരുന്നു. 1975 ജൂണ്‍ 29 മുതല്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഷേധ സമരപ്രഖ്യാപനമായിരുന്നു അതില്‍ മുഖ്യം.

ഫക്രുദ്ദീന്‍ അലി അഹമ്മദ്

ജെ.പി., പട്ടാളവിപ്ലവത്തിനാണ് ആഹ്വാനം ചെയ്യുന്നതെന്ന മട്ടില്‍ കോണ്‍ഗ്രസ്സ് ക്യാമ്പ് പിന്നീട് ആ പ്രസംഗത്തെ വിശേഷിപ്പിക്കുകയുണ്ടായി. പക്ഷേ അന്ന്, 1975 ജൂണ്‍ 25 അര്‍ദ്ധരാത്രി, ആ ഉത്തരവ് പുറത്തിറങ്ങി. അന്നത്തെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് ആണ് ആ ഉത്തരവില്‍ ഒപ്പിട്ടിരുന്നത്. ഇതായിരുന്നു ആ ഉത്തരവ്:
‘ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 352, ക്ലോസ്സ് 1-ല്‍ അടക്കം ചെയ്തിട്ടുള്ള അധികാരം വിനിയോഗിച്ചുകൊണ്ട്, ഞാന്‍, ഫക്രുദ്ദീന്‍ അലി അഹമ്മദ്, ഇന്ത്യയുടെ രാഷ്ട്രപതി, ഈ വിളംബരത്തിലൂടെ, ഇന്ത്യയുടെ സുരക്ഷ ആഭ്യന്തര അസ്വസ്ഥതകളാല്‍ ഭീഷണമായതിനാല്‍, ഗുരുതരമായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു.
രാഷ്ട്രപതി
ന്യൂ ഡല്‍ഹി, 1975 ജൂണ്‍ 25′

ഇന്ത്യന്‍ ഭരണഘടന ഉടലെടുത്ത സവിശേഷ സാഹചര്യത്തില്‍, വിഭജനവും വര്‍ഗീയ കലാപങ്ങളും നിറഞ്ഞുനിന്ന ചരിത്രമുഹൂര്‍ത്തത്തില്‍, കേന്ദ്രത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വ്യവസ്ഥകള്‍ അതില്‍ ഉള്‍ച്ചേര്‍ത്തിരുന്നു. ജനാധിപത്യത്തെ മാനിക്കുന്ന ഒരു അധികാരിയും ചെയ്യാന്‍പാടില്ലാത്തവിധം അത് ദുരുപയോഗം ചെയ്യുകയായിരുന്നു ഇന്ദിരാഗാന്ധി. ദൂരവ്യാപകമായ ഫലങ്ങള്‍ അത് പില്‍ക്കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കി. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, താനും തന്റെ പിതാവായ നെഹ്രുവും മുറുകെ പിടിച്ചിരുന്ന മതേതര മൂല്യങ്ങളുടെ തായ്‌വേരറുക്കുന്ന ഒന്നായി, അതിന്റെ പരിണതഫലങ്ങള്‍ മാറി എന്നതാണ്. എങ്ങനെയാണോ ഒരിക്കല്‍ ജിന്നയുടെ മുസ്ലീംലീഗ്, നേരെതിര്‍ നില്‍ക്കുന്നു എന്ന് തോന്നിക്കുന്ന ഹിന്ദു മഹാസഭയേയും ഹിന്ദു വംശീയവാദികളേയും സഹായിച്ചത്, അതുപോലെത്തന്നെ രാഷ്ട്രീയമായും നയപരമായും തനിക്കെതിരെ നില്‍ക്കുന്ന ജനസംഘിനും ആര്‍.എസ്.എസ്സിനും മുഖ്യധാരയിലേക്ക് ചുവന്ന പരവതാനി വിരിച്ചുകൊടുക്കുകയായിരുന്നു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധി വിരുദ്ധത പ്രധാനപ്പെട്ട രാഷ്ട്രീയ അജണ്ടയാകുന്നതിലൂടെ പ്രതിപക്ഷവും, ജനസംഘിന്റേയും ഹിന്ദു വംശീയവാദികളുടേയും മതേതര വിരുദ്ധസ്വഭാവം മറന്നു. ജനസംഘമാകട്ടെ ആര്‍.എസ്.എസ്. കേഡറുകളെ ഉപയോഗിച്ച്, പ്രതിപക്ഷ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും പ്രതിപക്ഷനിരയില്‍ ഉന്നതസ്ഥാനം നേടിയെടുക്കുകയും ചെയ്തു.

1975 ജൂണ്‍ 26ന് രാവിലെ 6 മണിക്ക് ചേര്‍ന്ന ക്യാബിനറ്റ് യോഗം അടിയന്തരാവസ്ഥാ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. അടിയന്തരാവസ്ഥ എന്താണെന്ന് ആ ദിവസംതന്നെ മനസ്സിലാക്കി കൊടുക്കുന്ന രാഷ്ട്രീയ നടപടികള്‍ അന്നുതന്നെ ഇന്ദിരാഗാന്ധിയും കൂട്ടരും തുടങ്ങിവെച്ചു. പ്രധാന പ്രതിപക്ഷനേതാക്കളായ ജയപ്രകാശ് നാരായണ്‍, മൊറാര്‍ജി ദേശായ്, അടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ. അദ്വാനി തുടങ്ങിയവരും കോണ്‍ഗ്രസ്സില്‍, ഇന്ദിരാഗാന്ധിയോട് വിയോജിപ്പു പ്രകടിപ്പിച്ചിരുന്ന ചന്ദ്രശേഖര്‍, രാം ധന്‍ തുടങ്ങിയവരും അന്നുതന്നെ അറസ്റ്റിലായി. അടിയന്തിരാവസ്ഥയുടെ പ്രചാരണം ഏറ്റെടുക്കാനായി സഞ്ജയ് ഗാന്ധിയോട് അടുപ്പമുള്ള വി.സി. ശുക്ലയെ വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രിയാക്കി. പത്രങ്ങള്‍ക്കും മറ്റു വാര്‍ത്താഉപാധികള്‍ക്കും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. 1975 ജൂണ്‍ 30ന് മിസ (Maintenance of Internal Security Act) എന്ന കരിനിയമം കൊണ്ടുവന്നു. അതുപ്രകാരം ആരെയും കാരണം ബോധിപ്പിക്കാതെ അറസ്റ്റുചെയ്യാനുള്ള അധികാരം പോലീസിന് കൈവന്നു.

വി.സി. ശുക്ല

എ.ബി. വാജ്‌പേയിയേയും എല്‍.കെ. അദ്വാനിയേയും അറസ്റ്റു ചെയ്തത് ബാംഗ്ലൂരില്‍വെച്ചായിരുന്നു. ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അവരെ പാര്‍പ്പിച്ചത്. പില്‍ക്കാലത്ത് ഷാ കമ്മീഷന്റെ കണക്കുപ്രകാരം അടിയന്തരാവസ്ഥക്കാലത്ത് ആകെ 34,998 പേരെയാണ് മിസ അനുസരിച്ച് തടവിലാക്കിയത്. ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍ അനുസരിച്ച് 75,818 പേരെയും തടവിലാക്കി.

1975 ജൂലൈ 4ന് ആര്‍.എസ്.എസ്. വീണ്ടും നിരോധിക്കപ്പെട്ടു. ആര്‍.എസ്.എസ്സിനൊപ്പം നിരോധിക്കപ്പെട്ട മറ്റു സംഘടനകള്‍ ആനന്ദമാര്‍ഗ്, ജമാഅത്തെ ഇസ്ലാമി, നക്‌സലൈറ്റ് സംഘടനകള്‍ എന്നിവയായിരുന്നു. ആകെ 26 സംഘടനകളെയാണ് നിരോധിച്ചത്. സര്‍ സംഘ് ചാലക് ആയ ബാലാസാഹേബ് ദേവരസ്, 1975 ജൂണ്‍ 30ന് നാഗ്പൂരില്‍വെച്ച് അറസ്റ്റു ചെയ്യപ്പെട്ടു. ഗോള്‍വാള്‍ക്കര്‍, ഗാന്ധിവധത്തിനുശേഷം അറസ്റ്റിലായപ്പോള്‍ കാണിച്ച അതേ പരിഭ്രാന്തി ദേവരസിനേയും പിടികൂടി. ഇന്ദിരാഗാന്ധിയുമായി എങ്ങനെയെങ്കിലും ചേര്‍ന്നുപോകാനായി അദ്ദേഹം പരിശ്രമിക്കാന്‍ തുടങ്ങി. ജയിലില്‍നിന്ന് അദ്ദേഹം നടത്തിയ കത്തിടപാടുകള്‍ മുഴുവന്‍ പിന്നീട് മഹാരാഷ്ട്രാ സഹ ആഭ്യന്തരമന്ത്രിയായിരുന്ന ആര്‍.പി. ദാല്‍വി, 1977 ഒക്ടോബര്‍ 18ന് മഹാരാഷ്ട്രാ നിയമസഭയില്‍ മേശപ്പുറത്ത് വെക്കുകയുണ്ടായി.

ബാലാസാഹേബ് ദേവരസ്

1975 ആഗസ്റ്റ് 25നാണ് ദേവരസ്, ഇന്ദിരാഗാന്ധിക്ക് ജയിലില്‍നിന്നും ആദ്യമായെഴുതുന്നത്. 1975ലെ സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ പതാകയുയര്‍ത്തിക്കൊണ്ട് ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗം പരാമര്‍ശിച്ചുകൊണ്ടാണ് ദേവരസ് തുടങ്ങുന്നത്. ആ കത്തിന്റെ ഉള്ളടക്കം താഴെ കൊടുക്കുന്നു.

‘ബഹുമാനപ്പെട്ട ശ്രീമതി ഇന്ദിരാഗാന്ധി,
പ്രധാനമന്ത്രി, ഇന്ത്യ, ന്യൂ ഡല്‍ഹി

1975 ആഗസ്റ്റ് 15ന് താങ്കള്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടത്തിയ പ്രഭാഷണം ഞാന്‍ റേഡിയോയിലൂടെ കേള്‍ക്കുകയുണ്ടായി. ആ പ്രഭാഷണം സന്തുലിതവും അവസരത്തിനിണങ്ങിയതും ഈ കത്ത് താങ്കള്‍ക്കെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നതുമായിരുന്നു.

1975 ജൂണ്‍ 30ന് ഞാന്‍ നാഗ്പൂരില്‍വെച്ച് അറസ്റ്റിലായി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം എന്നെ പൂനെയില്‍ കൊണ്ടുവരികയും ഈ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തു. അതിനുശേഷം 1975 ജൂലൈ 4ന് കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രത്യേക കല്പന വഴി ആര്‍.എസ്.എസ്സിനെ നിരോധിച്ചു. ഈ നിരോധനത്തെ സംബന്ധിച്ചുവന്ന പത്രവാര്‍ത്തകള്‍ കാണിക്കുന്നത് സംഘിന്റേയും അതിന്റെ സന്നദ്ധപ്രവര്‍ത്തകരുടേയും ഉത്തരവാദിത്വപ്പെട്ട പ്രവര്‍ത്തകരുടേയും പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിനും പൊതു സമാധാനത്തിനും ക്രമസമാധാനനിലയ്ക്കും അപകടകരമാണെന്നാണ്. ആര്‍.എസ്.എസ് നിരോധനത്തിന്റെ കാരണങ്ങളായി കൊടുത്തിരിക്കുന്നത് ഇവയൊക്കെയാണ്.

പത്രറിപ്പോര്‍ട്ടുകളനുസരിച്ച് രാജ്യത്തെമ്പാടും പല സ്ഥലങ്ങളിലായി സംഘിന്റെ 2,300 പ്രവര്‍ത്തകരും ഭാരവാഹികളും അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. താങ്കളും മറ്റ് മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും നടത്തിയ പ്രഭാഷണങ്ങളില്‍നിന്നും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ചില അഭിമുഖങ്ങളില്‍നിന്നും ഞാന്‍ ശേഖരിച്ച വളരെക്കുറച്ചു കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കത്ത് എഴുതുന്നത്.

സംഘ് നിരോധിക്കപ്പെടാനിടയായ കൃത്യമായ കാരണങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ കാണിക്കുന്നില്ല. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കോ ക്രമസമാധാനനിലയ്‌ക്കോ അപകടം വരുത്തിവെക്കുന്ന യാതൊരു പ്രവൃത്തിയിലും സംഘ് ഒരിക്കലും ഏര്‍പ്പെട്ടിട്ടില്ല. ഹിന്ദു സമൂഹത്തെ ഐക്യപ്പെടുത്തുകയും സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ആര്‍.എസ്.എസ്സിന്റെ ലക്ഷ്യം. സമൂഹത്തില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിലും സംഘ് സക്രിയമാണ്. അതാണ് ഞങ്ങള്‍ സംഘില്‍ പ്രഭാഷിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നത്. അതിനാല്‍ ക്രമസമാധാന നിലയേയോ ആഭ്യന്തര സുരക്ഷിതത്വത്തേയോ ഹാനികരമായി ബാധിക്കുന്ന യാതൊന്നുംതന്നെ സംഘില്‍ ഇല്ല.

ഈ കത്തില്‍ കൂടി എല്ലാ ആരോപണങ്ങളേയും നിഷേധിക്കുക സാധ്യമല്ല, എങ്കിലും സംഘ് യാതൊരു ഹിംസാ പ്രവൃത്തികളിലും ഇതുവരെ ഏര്‍പ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്. ഒരാളെയും ഹിംസചെയ്യാനായി സംഘ് പ്രേരിപ്പിക്കാറുമില്ല. അത്തരം കാര്യങ്ങളില്‍ സംഘ് വിശ്വസിക്കുന്നില്ല. കഴിഞ്ഞ അമ്പതു വര്‍ഷമായി സംഘ് സന്നദ്ധപ്രവര്‍ത്തകരുടെ മേല്‍ ഒരൊറ്റ ഹിംസാ പ്രവൃത്തി അല്ലെങ്കില്‍ നാശപ്രവൃത്തി ആരോപിക്കാനാകില്ല. പലവട്ടം ഈ രാജ്യത്തില്‍ അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പക്ഷേ, ഏതെങ്കിലും കോടതി വിധികളിലോ സര്‍ക്കാര്‍ നിയോഗിച്ച ഏതെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലോ സംഘിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടതായി പറഞ്ഞിട്ടില്ല. കാരണം സുവ്യക്തമാണ്-സംഘ് ഒരിക്കലും അത്തരം കാര്യങ്ങള്‍ പ്രഭാഷിക്കുകയോ പ്രയോഗിക്കുകയോ ചെയ്യില്ല.

ലളിത് നാരായണ്‍ മിശ്ര

എന്നിട്ടും സംഘിനെതിരെ ചിലര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവരുടെ മുന്‍വിധികൊണ്ട് മാത്രമാണ്. ഉദാഹരണത്തിന് ചില ആളുകള്‍ പരേതനായ ലളിത് നാരായണ്‍ മിശ്രയുടെ കൊലപാതകവുമായി സംഘിനെ കണ്ണിചേര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ ഇപ്പോള്‍, അന്വേഷണങ്ങള്‍ തെളിയിക്കുന്നത് അത് വെറും വ്യാജ ആരോപണം മാത്രമായിരുന്നു എന്നാണ്. സമാനമായി, ഇപ്പോള്‍പ്പോലും മഹാത്മാഗാന്ധിയുടെ കൊലപാതകവുമായി സംഘിനെ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ട്. ഈ സംഭവുമായി സംഘ് ഒരുതരത്തിലും ബന്ധപ്പെട്ടില്ലെന്ന് തെളിയുകയുണ്ടായി. അതിനാല്‍ അതിനെപ്പറ്റി ഏറെയൊന്നും ഈ കത്തില്‍ എഴുതേണ്ട ആവശ്യമില്ല എന്നാണ് ഞാന്‍ കരുതുന്നത്. സംഘിന്റെ എല്ലാ ഭാരവാഹികളും സമൂഹത്തിലെ ആദരണീയരായ വ്യക്തികളും സാമുഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ രംഗങ്ങളില്‍ നേതൃത്വം വഹിക്കുന്നവരുമാണ്. അവരെ സംബന്ധിച്ച പോലീസ് രേഖകള്‍ ഇത് ചൂണ്ടിക്കാട്ടുന്നവയാണെന്ന് ഞാന്‍ കരുതുന്നു.

ആര്‍.എസ്.എസ്സിനെ വര്‍ഗ്ഗീയസംഘടനയായി മുദ്രകുത്തുന്നവര്‍ ഉണ്ട്. അതും ഒരു അടിസ്ഥാന രഹിതമായ ആരോപണമാണ്. സംഘിന്റെ വര്‍ത്തമാനചെയ്തികള്‍ ഇപ്പോള്‍ ഹിന്ദു സമൂഹത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ഏതെങ്കിലും ഹൈന്ദവേതരര്‍ക്കെതിരെ സംഘ് ഒന്നുംതന്നെ പറയുന്നില്ല. സംഘ് മുസ്ലീംവിരുദ്ധമാണെന്നത് അങ്ങേയറ്റം തെറ്റാണ്. ഞങ്ങള്‍ ഇസ്‌ലാം, മുഹമ്മദ്, ഖുര്‍ആന്‍, ക്രിസ്തുമതം, ക്രിസ്തു, ബൈബിള്‍ തുടങ്ങിയവയെപ്പറ്റി ഒരു ചീത്തവാക്കുപോലും ഉപയോഗിക്കാറില്ല. സംഘ് വിശ്വസിക്കുന്നത് സര്‍വ്വ ധര്‍മ്മ സംഭവത്തിലും (എല്ലാ മതവും തുല്യമാണ്) ഏകം സത് വിപ്ര ബഹുധ വദന്തിയിലുമാണ് (പരമമായ ദൈവം ഒന്നാണെന്നും അദ്ദേഹം സ്വയം വിവരിക്കുന്നത് അനേകം വഴികളിലൂടെയാണെന്നും). സംഘ് വിശ്വസിക്കുന്നത് ഓരോരുത്തരുടേയും രീതിയ്ക്കനുസരിച്ച് ആരാധിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നാണ്. സംഘിന്റെ ഒരുപാട് സന്നദ്ധപ്രവര്‍ത്തകര്‍, മുസ്ലീങ്ങളും ക്രിസ്ത്യാനികളും പാഴ്‌സികളും മറ്റു മതങ്ങള്‍ അനുഷ്ഠിക്കുന്നവരും ആയി അത്രമേല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.

ഹിന്ദു സമൂഹത്തിലേയും ഹൈന്ദവേതര സമൂഹത്തിലേയും സാമൂഹികപ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. അതുകൊണ്ടാണ് സംഘ്, ഹിന്ദു സമൂഹത്തില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്. ജാതിവ്യത്യാസങ്ങള്‍കൊണ്ടും വിഭാഗവ്യത്യാസങ്ങള്‍കൊണ്ടും ഭാഷാവ്യത്യാസങ്ങള്‍കൊണ്ടും മറ്റു കാരണങ്ങളാലും ഹിന്ദുക്കളിലുണ്ടായിട്ടുള്ള ഉച്ചനീചത്വങ്ങളുടേയും പരസ്പര അവിശ്വാസത്തിന്റേയും വിഭാഗീയതയുടേയും അനുഭവങ്ങളെ നീക്കം ചെയ്ത് ഹിന്ദുക്കളെ സംഘടിപ്പിക്കാനുള്ള ഉദ്യമത്തിലാണ് സംഘ് ഏര്‍പ്പെട്ടിട്ടുള്ളത്. ഈ ദൗത്യത്തിന്റെ ആവശ്യകതയെ താങ്കള്‍കൂടിയും അഭിനന്ദിക്കും. സംഘ് വര്‍ഗ്ഗീയമോ ജാതീയമോ അല്ല എന്നാണ് ഇത് കാണിക്കുന്നത്.

ഹിന്ദുസമൂഹത്തിലെ ഓരോ വ്യക്തിയേയും നല്ല പൗരനാക്കുന്ന, രാജ്യസ്‌നേഹിയാക്കുന്ന, നല്ല മനുഷ്യനാക്കുന്ന ദിശയിലാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അത് അതിന്റെ തന്നെ നിയമങ്ങളാല്‍ നിരോധിക്കപ്പെട്ടു എന്നത് വിധി വിപര്യയമാണ്.

താങ്കള്‍ ആഗസ്റ്റ് 15ലെ പ്രഭാഷണത്തില്‍ കൃത്യമായി ചൂണ്ടിക്കാണിച്ചപോലെ സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള ദൗത്യം, അതില്‍ ആദിവാസികളും പതിതരും ദരിദ്രരും പെടും, പെട്ടെന്ന് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഒന്നല്ല. അത് നീണ്ട, ദുഷ്‌കരമായ, ത്യാഗങ്ങള്‍ ആവശ്യപ്പെടുന്ന വഴിയാണ്. ഇതിനായി നിരവധിപേരുടെ സഹകരണം നമുക്കാവശ്യമാണ്. സമൂഹത്തിന്റെ എല്ലാ ശക്തികളും അവരവരുടെ മണ്ഡലങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കേണ്ടതാണ്.

ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യമെമ്പാടും വ്യാപിച്ചു കിടക്കുന്നു. അതിന്റെ അംഗങ്ങള്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍നിന്നും ഉള്ളവരാണ്. അതിന് നിരവധി നിസ്വാര്‍ത്ഥ പ്രവര്‍ത്തകര്‍ ഉണ്ട്. യഥാര്‍ത്ഥത്തില്‍ സംഘടനയുടെ മുഴുവന്‍ പ്രവര്‍ത്തനവും നിസ്വാര്‍ത്ഥത എന്ന വികാരത്തില്‍ ഊന്നിയുള്ളതാണ്. സംഘിന്റെ ഈ ശക്തി രാജ്യത്തിന്റെ വികസനത്തിനായി ആസൂത്രിത വഴിയിലൂടെ ഉപയോഗിക്കാനാകും.

മുന്‍വിധികള്‍ കൂടാതെ സംഘിന്റെ കാര്യം ദയവുചെയ്ത് പുനഃപരിശോധിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. സംഘടിക്കാനുള്ള ജനാധിപത്യാവകാശത്തിന്റെ വെളിച്ചത്തില്‍, സംഘിന്റെ മേല്‍ അടിച്ചേല്പിച്ച നിരോധനം എത്രയും പെട്ടെന്ന് എടുത്തു മാറ്റാന്‍ അഭ്യര്‍ത്ഥിക്കുന്നു.

താങ്കള്‍ ആഗ്രഹിക്കുകയാണെങ്കില്‍, താങ്കളെ കാണാന്‍ ഞാന്‍ താത്പര്യപ്പെടുന്നു.

താങ്കളുടെ,
എം.ഡി. ദേവരസ്
സര്‍ സംഘ്ചാലക്, ആര്‍.എസ്.എസ്.
ഒപ്പ്

വിലാസം
എം.ഡി. ദേവരസ്,
(മിസ) ജയില്‍പ്പുള്ളി നമ്പര്‍ 308
ക്ലാസ്സ് 1
അന്ധേരി യാര്‍ഡ്,
യെര്‍വാദാ സെന്‍ട്രല്‍ ജയില്‍,
പൂനെ 6

Comments

comments