അടിയന്തരാവസ്ഥയിലെ കത്തിടപാടുകള്‍
ഹിന്ദുത്വ ഭീകരതയുടെ കഥ: അദ്ധ്യായം 22
ഭരണകൂടത്തിനെതിരെ, ഭരണഘടനാതീതമായ നിലയില്‍, ഭീകരപ്രവര്‍ത്തനങ്ങളടക്കം നടത്തുന്നതിന്, തരംകിട്ടുമ്പോഴൊക്കെ ഹിന്ദു വംശീയവാദികള്‍ തയ്യാറായിരുന്നു എന്നത് നാം പലവട്ടം കാണുകയുണ്ടായി. എന്നാല്‍ ഭരണകൂടം തങ്ങള്‍ക്കെതിരെ തിരിയുമ്പോള്‍, അങ്ങേയറ്റത്തെ അനുസരണ സ്വഭാവവും ഭരണകൂടത്തിന്റെ കൈയായി പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധതയും അവര്‍ പ്രകടിപ്പിക്കുന്നതായി കാണാം. പുലി, പൂച്ചയിലും ചെറുതായ എന്തോ ആയിമാറുന്ന ഈ പ്രവണത, സവര്‍ക്കറും ഗോള്‍വാള്‍ക്കറും ഉള്‍പ്പടെയുള്ള, ഹിന്ദു വംശീയതയുടെ തലതൊട്ടപ്പന്മാര്‍ പ്രദര്‍ശിപ്പിച്ചതും നമുക്കറിയാം. ഈ വഴിയേതന്നെയാണ് ദേവരസും നീങ്ങിയത് എന്ന് ജയിലില്‍നിന്ന് അദ്ദേഹമയച്ച കത്തുകള്‍ വെളിപ്പെടുത്തുന്നു. അടിയന്തരാവസ്ഥ അതിന്റെ പാരമ്യത്തില്‍, അങ്ങേയറ്റം ജനവിരുദ്ധമായി നില്‍ക്കുമ്പോഴാണ് ദേവരസ്, ഇന്ദിരാഗാന്ധിക്ക് മുന്നില്‍ താണുതൊഴുന്നത്. ഈ കത്തില്‍പ്പറയുന്ന ലളിത് നാരായണ്‍ മിശ്രയുടെ അന്ത്യത്തെപ്പറ്റി ചില കാര്യങ്ങള്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ലോക്‌സഭാംഗമായിരുന്ന തുള്‍മോഹന്‍ റാം മറ്റ് 21 ലോക്‌സഭാംഗങ്ങളുടെ ഒപ്പുകള്‍ വ്യാജമായി നിര്‍മ്മിച്ച് പോണ്ടിച്ചേരിയിലെ ചില ബിസിനസ്സുകാരെ സഹായിക്കാനായി, വിദേശമന്ത്രാലയത്തില്‍നിന്നും അനുമതികള്‍ വാങ്ങാന്‍ ശ്രമിച്ചു എന്ന കാര്യം പ്രതിപക്ഷകക്ഷികള്‍ 1974 സെപ്റ്റംബറില്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. ലളിത് നാരായണ്‍ മിശ്ര എന്ന മന്ത്രിയുടെ ഒത്താശയോടെയാണ് ഇത് നടപ്പാക്കിയത് എന്നായിരുന്നു ആരോപണം. വിദേശ വ്യാപാരകാര്യ മന്ത്രിയായിരുന്ന ലളിത് നാരായണ്‍ മിശ്ര, ആരോപണങ്ങളുടെ വെളിച്ചത്തില്‍, റെയില്‍വേ മന്ത്രാലയത്തിലേക്ക് മാറ്റപ്പെട്ടു. ബീഹാറിലെ സമസ്തിപ്പൂരില്‍ 1975 ജനുവരി 2ന് ഉണ്ടായ ബോംബ്‌സ്‌ഫോടനത്തില്‍ പരിക്കേറ്റ അദ്ദേഹം 1975 ജനുവരി 3ന് അന്തരിച്ചു.

1975 ഓഗസ്റ്റ് 25ന് എഴുതിയ കത്തിനുശേഷം 1975 നവംബര്‍ 10നാണ് അടുത്ത കത്ത് ദേവരസ് എഴുതുന്നത്. യെര്‍വാദാ ജയിലില്‍നിന്നുതന്നെയാണ് ഈ കത്തും. ഈ കത്ത് എഴുതുന്ന സന്ദര്‍ഭവും പ്രധാനപ്പെട്ടതാണ്. ഇതിന് മൂന്നു ദിവസങ്ങള്‍ക്കു മുമ്പാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഇന്ദിരാഗാന്ധിക്ക് അനുകൂലമായ നില തെരഞ്ഞെടുപ്പു കേസില്‍ എടുത്തത്. പ്രതിപക്ഷ കക്ഷികള്‍, കോടതിയെ ഇന്ദിരാഗാന്ധി ദുരുപയോഗം ചെയ്തതായി ആരോപിച്ചുകൊണ്ടിരിക്കുകയായിരുന്നു. അടിയന്തരാവസ്ഥ നടപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയുടെ ബന്ധുവായ എ.എന്‍. റേയെ സീനിയോറിറ്റി മറികടന്ന് ഇന്ദിരാഗാന്ധി, സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയോഗിച്ചിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ്, റേയുടെ പ്രത്യുപകാരമായി ഇന്ദിരാഗാന്ധിക്കനുകൂലമായ വിധിയെ പ്രതിപക്ഷം പ്രചരിപ്പിച്ചത്. എന്നാല്‍ ആ വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് ദേവരസ് കത്ത് തുടങ്ങുന്നതുതന്നെ.

ആദരപൂര്‍വ്വമുള്ള നമസ്‌കാരം,
സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജിമാര്‍ താങ്കളുടെ തെരഞ്ഞെടുപ്പു വിജയം സാധുവായി പ്രഖ്യാപിച്ചതിന് താങ്കളെ അഭിനന്ദിച്ചുകൊള്ളട്ടെ.
യെർവാദാ ജയിലില്‍നിന്നും 1975 ആഗസ്റ്റ് 22ന് ഞാന്‍ താങ്കള്‍ക്ക് ഒരു കത്തെഴുതിയിരുന്നു. ആ കത്ത് നേരെ താങ്കള്‍ക്ക് എത്തേണ്ടതായിരുന്നു. പക്ഷേ, അതിന് വിരുദ്ധമായി ആ കത്ത് മഹാരാഷ്ട്രാ സര്‍ക്കാരിലേക്ക് പോകുകയും അവിടെനിന്നത് താങ്കള്‍ക്ക് അയയ്ക്കുകയും ചെയ്തു. എന്നെ അങ്ങനെയാണ് അറിയിച്ചത്. താങ്കള്‍ക്കത് കിട്ടിയിട്ടുണ്ടാകും. താങ്കളുടെ ഭാഗത്തുനിന്നുള്ള മറുപടി ഞാന്‍ കാത്തിരിക്കുകയാണ്.
1975 ആഗസ്റ്റ് 22ലെ എന്റെ കത്തിന്റെ ഉള്ളടക്കം ഈ കത്തില്‍ ഞാനാവര്‍ത്തിക്കുന്നില്ല. പക്ഷെ ഇതിനിടയില്‍ അടിയന്തരാവസ്ഥയെ പിന്താങ്ങിക്കൊണ്ട് 1975 ജൂലൈ 22ന് പാര്‍ലമെന്റില്‍ താങ്കള്‍ നടത്തിയ പ്രഭാഷണം രണ്ടു ചെറു പുസ്തകങ്ങളാക്കി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതിന്റെ മറാത്തി പതിപ്പുകളിലൂടെ ഞാന്‍ കടന്നുപോകുകയുണ്ടായി.
താങ്കളുടെ പ്രഭാഷണത്തിലും ചെറുപുസ്തകങ്ങളിലും തെറ്റായ വ്യാഖ്യാനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നിരവധി ആരോപണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവ തീര്‍ച്ചയായും വാസ്തവവിരുദ്ധങ്ങളാണ്.
പരേതനായ പൂജ്യ ഗോള്‍വാള്‍ക്കര്‍ജിയുടെ രണ്ടു പുസ്തകങ്ങളില്‍; ‘നമ്മുടെ നിര്‍വ്വചിക്കപ്പെട്ട ദേശീയാസ്തിത്വം’, ‘വിചാരധാര’; നിന്നുള്ള ചില വാക്യങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയ ചെറുപുസ്തകങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പരേതനായ ഗോള്‍വാള്‍ക്കര്‍ജി മഹാത്മാഗാന്ധിയെപ്പോലെ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിനെപ്പോലെ വലിയ ചിന്തകനായിരുന്നു. സംഘിന്റെ വ്യക്തമായ നയങ്ങള്‍ക്കപ്പുറം വിവിധ വിഷയങ്ങളെക്കുറിച്ച് പറയുകയും എഴുതുകയും ചെയ്യുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായിരുന്നു. സന്ദര്‍ഭമറിയാതെ അദ്ദേഹത്തിന്റെ അത്തരം ചിന്തകള്‍ മനസ്സിലാക്കാനാകില്ല. മഹാത്മാഗാന്ധി ഒരിക്കല്‍ ‘ഒരു മുസ്ലീം ആക്രമണകാരിയും ഒരു ഹിന്ദു ഭീരുവുമാണ്’ എന്ന് പറയുകയുണ്ടായി. പണ്ഡിറ്റ് നെഹ്രു, മുസ്ലീങ്ങളുടെ ലക്ഷ്യം മുസ്ലീം സഹോദരരുടെ പിന്തുണ ആര്‍ജ്ജിക്കലാണ് എന്ന് പ്രസ്താവിക്കുകയുണ്ടായി. അങ്ങനെ സംസാരിക്കുന്നതോ സമാനവിമര്‍ശനങ്ങള്‍ നടത്തുന്നതോ, ഒരു പ്രത്യേക പദവിയിലിരുന്നുകൊണ്ടുള്ള വിമര്‍ശനങ്ങളാണ്. ഗുരുജി ഒരിക്കലും മുസ്ലീം മതത്തേയോ പ്രവാചകനേയോ ഖുര്‍ആനിനേയോ ക്രിസ്തുമതത്തേയോ യേശുക്രിസ്തുവിനേയോ ബൈബിളിനേയോ വിമര്‍ശിച്ചിട്ടില്ല.
താങ്കള്‍ താങ്കളുടെ പ്രഭാഷണത്തില്‍ ഒന്നോ രണ്ടോ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളെ പരാമര്‍ശിച്ചിട്ടുണ്ട്. അത്തരം റിപ്പോര്‍ട്ടുകളില്‍നിന്ന് ഒന്നോ രണ്ടോ വാക്കുകളെടുത്ത് സംഘിനുമേല്‍ അസ്വസ്ഥതകള്‍ അടിച്ചേല്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലതരം അസ്വസ്ഥതകളും ലഹളകളും ഈയടുത്ത കാലം വരെ ഉണ്ടായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കമ്മീഷനുകളെ നിയമിച്ചിട്ടുമുണ്ട്. പക്ഷെ ആ കമ്മീഷനുകള്‍ ഇത്തരം ലഹളകളില്‍ സംഘിന് യാതൊരു കൈയുമില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംഘിന്റെ ഏതെങ്കിലും പ്രവര്‍ത്തകനോ ഭാരവാഹിയോ ലഹളകള്‍ക്കുശേഷം ശിക്ഷിക്കപ്പെട്ടതായി ഉദാഹരണങ്ങളില്ല.
മഹാത്മാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സര്‍ദാര്‍ പട്ടേലിന്റെ ഒരു കത്തിനെപ്പറ്റി താങ്കള്‍ പ്രതിപാദിക്കുകയുണ്ടായി. ശ്രീ. പട്ടേല്‍ ആഭ്യന്തരമന്ത്രിയായിരുന്നതുകൊണ്ട് സര്‍ക്കാര്‍നയങ്ങളെ പിന്തുണച്ചുകൊണ്ട് അത്തരമൊരു കത്തെഴുതുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്ന, പ്രസിദ്ധീകരിക്കപ്പെട്ട ഒരു ചെറുപുസ്തകത്തില്‍ പ്രധാനമന്ത്രിക്ക് അദ്ദേഹം എഴുതിയ ഒരു കത്ത് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതില്‍ സംഘിനെക്കുറിച്ച് അദ്ദേഹത്തിനുള്ള വിശ്വാസം, ഏറ്റവും ചുരുങ്ങിയത് മഹാത്മാഗാന്ധി വധത്തില്‍ സംഘിന് യാതൊരു പങ്കുമില്ല എന്ന കാര്യം, അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. താങ്കള്‍ക്ക് ഒരുപക്ഷേ, ഈ കത്തിനെക്കുറിച്ച് അറിവുണ്ടായിരിക്കില്ല.
സംഘിനെ താങ്കള്‍ ഒരു ഫാസിസ്റ്റ് സംഘടന എന്ന് വിളിക്കുകയുണ്ടായി. ഫാസിസത്തിന്റെ അര്‍ത്ഥം ‘നുണകളുടെ പ്രചാരണപരിപാടി’യാണെന്നും താങ്കള്‍ പറയുകയുണ്ടായി. കിംവദന്തികള്‍ പ്രചരിപ്പിക്കുക തുടങ്ങി താങ്കള്‍ സംഘിനെതിരെ നിരത്തിയ പരാതികള്‍ എല്ലാംതന്നെ അടിസ്ഥാനരഹിതമാണ്. വര്‍ത്തമാനപത്രങ്ങള്‍ക്കു മേല്‍ സെന്‍സര്‍ഷിപ്പുണ്ടായിട്ടുപോലും, കിംവദന്തികള്‍ ലോകമെമ്പാടും പരന്നുകൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. അതിനാല്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ സംഘിനെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല.
ഫാസിസ്റ്റ് ചിന്തകളുടെ കൂടെ എപ്പോഴും ഒരു പ്രായോഗിക പദ്ധതി ഉണ്ടായിരിക്കും. ഈ രണ്ട് വസ്തുതകളുടെ അടിസ്ഥാനത്തില്‍ സംഘ് ഫാസിസവുമായി യാതൊരു ബന്ധവും പുലര്‍ത്തുന്നില്ല. സംഘിന്റെ ചിന്താപ്രക്രിയ പ്രധാനമായും ആധാരമാക്കുന്നത് ഹിന്ദു ആത്മീയതയെയാണ്. ഇറ്റലിയിലെ ഫാസിസ്റ്റുകളും ജര്‍മ്മനിയിലെ നാസികളും തങ്ങളെത്തന്നെ ദേശീയ സോഷ്യലിസ്റ്റുകള്‍ എന്നാണ് വിളിച്ചിരുന്നത്. പ്രായോഗികമായ കാഴ്ചപ്പാട് വെച്ചുനോക്കിയാല്‍ അവര്‍ ഫാസിസ്റ്റുകളാകുന്നത് അവരുമായി ചേരാത്തവരുമായി യാതൊരു ബന്ധം പുലര്‍ത്താത്തവരും, ഭരിക്കാനുള്ള അവകാശത്തെ ചോദ്യംചെയ്യുന്നവരെ അടിച്ചമര്‍ത്തുന്നവരും, അധികാരം കിട്ടിയാല്‍ മറ്റുള്ളവരെ അടിച്ചമര്‍ത്തുന്നവരും ആയതുകൊണ്ടാണ്. അടിസ്ഥാനപരമായി സംഘ് അധികാര രാഷ്ട്രീയത്തില്‍നിന്നും അതിനെത്തന്നെ മാറ്റിനിര്‍ത്തുന്ന ഒന്നാണ്. സംഘിന്റെ ലക്ഷ്യങ്ങളിലും ഉദ്ദേശ്യങ്ങളിലും പ്രചോദിതരായവര്‍ അതിലേക്ക് സ്വമേധയാ ആകര്‍ഷിക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ സംഘിനെ ഒരു ഫാസിസ്റ്റ് സംഘടനയായി വിശേഷിപ്പിക്കുന്നത് അങ്ങേയറ്റം അനുചിതമാണ്.
ജയപ്രകാശ് നാരായണിന്റെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സംഘിനെ പരാമര്‍ശിക്കുന്നുണ്ട്. ബീഹാറിലേയും ഗുജറാത്തിലേയും പ്രസ്ഥാനങ്ങളായി ബന്ധപ്പെട്ട് യാതൊരു കാരണങ്ങളുമില്ലാതെ സംഘിന്റെ പേര് വീണ്ടും വീണ്ടും വലിച്ചിഴയ്ക്കപ്പെടുന്നു. എന്റെ ഭാഗത്തുനിന്നും അതിനെപ്പറ്റി സംസാരിക്കുന്നത് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. സംഘിന് ഈ പ്രസ്ഥാനങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന വസ്തുതയുടെ വിശദീകരണത്തിലേക്കായി രണ്ടു കാര്യങ്ങളാണ് പ്രധാനമായും ഞാന്‍ പരാമര്‍ശിച്ചത്. ആദ്യത്തേത്, പൊതുജനങ്ങളില്‍ വളര്‍ന്നുവരുന്ന പൊതുവായ അസംതൃപ്തിയുടെ ഫലമായിട്ടാണ് ഈ പ്രസ്ഥാനങ്ങള്‍ സംഭവിച്ചത്. അതിനാല്‍ താങ്കളും, നാമെല്ലാവരും അതിന് ഉത്തരവാദികളാണ്. രണ്ടാമതായി, ജയപ്രകാശ് നാരായണെ സി.ഐ.എ. ഏജന്റെന്നും, മുതലാളിത്തത്തിന്റെ പക്ഷക്കാരനെന്നും ചതിയനെന്നും വിളിക്കുന്നത് അനുചിതവും അനാദരവുമാണ്. അദ്ദേഹവും ഒരു രാജ്യസ്‌നേഹിയാണ്. അത്തരം ആശയങ്ങള്‍ താങ്കളുടെ പല പ്രഭാഷണങ്ങളിലും പ്രകടിപ്പിക്കപ്പെടുന്നുണ്ട്.
എപ്പോഴും എന്റെ പ്രഭാഷണങ്ങളില്‍ നമ്മുടെ രാജ്യത്തെ നിയമരാഹിത്യത്തെ ഞാന്‍ എതിര്‍ക്കാറുണ്ട്. സംഘും നിയമരാഹിത്യവും രണ്ട് എതിര്‍വാക്കുകളാണെന്നാണ്.
അരാജേഷു രാഷ്ട്രേഷു ധര്‍മ്മോ ന വ്യവധിഷ്ഠതേ
പരസ്പരം ചാ കദന്തി, തസ്മത്ത്, ദിക്ക് അരാജകം.
പുരാണത്തില്‍നിന്നും ഇത് ഉദ്ധരിക്കുക വഴി ഞാന്‍ അത്തരം വിധേയത്വരാഹിത്യത്തെ എതിര്‍ക്കുകയും നിരോധിക്കുകയും ചെയ്യുന്നു.
സംഘിനെതിരെയുള്ള എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയാനുള്ള സ്ഥലമല്ലിത്. അത് എഴുത്തുകളില്‍കൂടി സാധ്യമല്ല. നമ്മുടെ കൂടിക്കാഴ്ചയില്‍ അത് വ്യക്തമാക്കാന്‍ സാധിച്ചേക്കും. പക്ഷെ താങ്കളാല്‍ നിര്‍മ്മിക്കപ്പെട്ട ചട്ടം അഥവാ നിയമം, യാഥാര്‍ത്ഥ്യത്തില്‍നിന്നും അകന്നുനില്ക്കുന്ന ഒന്നാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. പാമ്പുണ്ടെന്ന വ്യാജേന നിലത്ത് തല്ലുന്നതിന് തുല്യമാണത്. താങ്കളുടെ നിയമനിര്‍മ്മാണം, ആധാരമാക്കിയിട്ടുള്ളത് വ്യാജമായ സങ്കല്പനത്തേയാണ്. രാഷ്ട്രീയത്തില്‍ താത്പര്യമുള്ള ഏതോ വ്യക്തികള്‍ താങ്കള്‍ക്കു തന്ന സാങ്കല്പികമോ തെറ്റോ ആയ വസ്തുതകളുടെ ഫലമായി താങ്കള്‍ക്ക് സംഭവിച്ച മാറ്റം കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്.
ആര്‍.എസ്.എസ്. ഭാരവാഹികളും സന്നദ്ധപ്രവര്‍ത്തകരും ബഹുമാന്യ പൗരരാണെന്ന് താങ്കളുടെ ഉദ്യോഗസ്ഥ സംവിധാനം താങ്കളെ അറിയിച്ചുകാണും എന്നാണ് എന്റെ വിശ്വാസം. തങ്ങളുടെ സ്വന്തം പ്രദേശങ്ങളില്‍ പൊതുപ്രവര്‍ത്തനം, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലകളിലാണ് അവര്‍ പ്രവര്‍ത്തനം തുടങ്ങിവെക്കുന്നത്. ഇക്കാലമത്രയും സംഘിന്റെ പ്രവര്‍ത്തനം കറയില്ലാത്തതും കളങ്കമറ്റതുമായിരുന്നു.
അതിനാല്‍ താങ്കളോടുള്ള എന്റെ അപേക്ഷ എന്തെന്നാല്‍, സംഘിനെപ്പറ്റിയുള്ള യഥാര്‍ത്ഥ ചിത്രം ദയവു ചെയ്ത് മനസ്സിലാക്കുക എന്നതാണ്. അതിനായി സംഘിനെതിരെയുള്ള താങ്കളുടെ ആഭിമുഖ്യം മാറ്റിവെച്ച് അതിന്റെ യഥാര്‍ത്ഥ നില പരിഗണിക്കണം. ആയിരക്കണക്കിന് വരുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ വിമോചിപ്പിക്കുകയും സംഘിനു മേലുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്യുക. അങ്ങനെ ചെയ്യുകയാണെങ്കില്‍ ലക്ഷക്കണക്കിന് വരുന്ന ആര്‍.എസ്.എസ്. സന്നദ്ധപ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ സേവനം ദേശീയാഭ്യുന്നതിക്ക് (സര്‍ക്കാരും സര്‍ക്കാരിതരവുമായ കാര്യങ്ങളില്‍) ഉപയോഗിക്കാനാകും. അതുവഴി ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത്, നമ്മുടെ രാജ്യം അഭിവൃദ്ധിപ്പെടുമെന്നാണ്.
എന്റെ കത്തിന് മറുപടി പ്രതീക്ഷിച്ച്,
താങ്കളുടെ വിശ്വസ്തന്‍,
ഒപ്പ്
മധുകര്‍ ദത്താത്രേയ ദേവരസ്
സെന്‍ട്രല്‍ ജയില്‍
യെര്‍വാദ, പൂനെ

1976 ജൂലൈ 16നാണ് ഇന്ദിരാഗാന്ധിക്ക് അടുത്ത കത്ത് ദേവരസ് അയയ്ക്കുന്നത്. ആദ്യ രണ്ടുകത്തിനും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് മൂന്നാം കത്ത് അയയ്ക്കുന്നത്. ആദ്യ രണ്ടു കത്തിലും, ഇന്ദിരാഗാന്ധിക്ക് എതിരേ നീങ്ങുന്ന പ്രതിപക്ഷത്തിനൊപ്പം ആര്‍.എസ്.എസ്. ഇല്ല എന്ന സൂചനയാണ് ദേവരസ് നല്‍കുന്നത്. ജനസംഘ് അടക്കമുള്ള കക്ഷികളുടെ നേതാക്കളായ എ.ബി. വാജ്‌പേയും എല്‍.കെ. അദ്വാനിയുമടക്കം ജയിലില്‍ കഴിയുമ്പോഴാണ് ആര്‍.എസ്.എസ്., ഇന്ദിരാഗാന്ധിക്കെതിരെയല്ല തങ്ങള്‍ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ജയപ്രകാശ് നാരായണിന്റെ പ്രസ്ഥാനത്തെ ആള്‍ബലംകൊണ്ട് ചലിപ്പിച്ചതില്‍ ആര്‍.എസ്.എസ്സിന്റെ പങ്ക് ചെറുതായിരുന്നില്ലെങ്കിലും അത് നിഷേധിക്കാന്‍ യാതൊരു മടിയും ദേവരസ് കാണിക്കുന്നില്ല. ഹിന്ദു വംശീയവാദികള്‍ എക്കാലവും കാഴ്ചവെച്ച ഇരട്ടത്താപ്പ് ഒരിക്കല്‍കൂടി പ്രത്യക്ഷമാകുകയായിരുന്നു, ദേവരസിലൂടെ. ആ കത്തിന്റെ ഉള്ളടക്കം താഴെ കൊടുക്കുന്നു.
ബഹുമാന്യ ശ്രീമതി ഇന്ദിരാഗാന്ധി,
പ്രധാനമന്ത്രി, ഇന്ത്യാ സര്‍ക്കാര്‍, ന്യൂ ഡല്‍ഹി
സാദര നമസ്‌കാരം. ഞാന്‍ ഇതിനിടെ രണ്ടു കത്തുകള്‍ താങ്കള്‍ക്കെഴുതിയിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അത് താങ്കളുടെ പക്കല്‍ ലഭിച്ചെന്ന അറിയിപ്പോ മറുപടിയോ എനിക്ക് ലഭിക്കുകയുണ്ടായില്ല. താങ്കളും മറ്റ് ചില മുതിര്‍ന്നനേതാക്കളും ആര്‍.എസ്.എസ്സിനെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് ആ കത്തുകളില്‍ ചില വിശദീകരണങ്ങള്‍ ഞാന്‍ നല്‍കിയിരുന്നു. ആരോപണങ്ങളുടെയെല്ലാം സ്വഭാവം സമാനമെങ്കിലും അവയെ സാധൂകരിക്കാനായി യാതൊരു തെളിവും ഇതുവരെ നല്‍കിയിട്ടില്ല.
സംഘിനെ നിരോധിച്ചശേഷം അതിന്റെ പ്രധാനപ്പെട്ട ഓഫീസുകളെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്തു. കണ്ടെടുത്ത എല്ലാ കടലാസുകളും തീര്‍ച്ചയായും അന്വേഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ടാകും. ആ കടലാസുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആര്‍.എസ്.എസ്സിനെതിരെ എന്തെങ്കിലും കൃത്യമായ തെളിവുകള്‍ സമര്‍പ്പിക്കുമെന്ന് വിചാരിച്ചിരുന്നു. അതിന്റെ സ്ഥാനത്ത് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മെസ്സേഴ്‌സ് ഡി.ആര്‍. ഗോയലും സുഭദ്രാ ജോഷിയും പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുകയും വിതരണം ചെയ്യുകയുമായിരുന്നു സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ എന്തെങ്കിലും പുതിയ തെളിവ് നല്‍കുകയുണ്ടായില്ല.
പരേതനായ ലളിത് നാരായണ്‍ മിശ്രയുടെ ദാരുണമായ കൊലപാതകത്തിനും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജിത്ത് നാഥ് റേയ്ക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തിനും ശേഷം താങ്കളും മറ്റു ചിലരും സംഘിനെ ഇത്തരം ഹിംസാത്മക സംഭവങ്ങളുമായി ചേര്‍ത്ത് സംസാരിക്കുകയുണ്ടായി. ഇപ്പോള്‍ ഈ സംഭവങ്ങളുടെ അന്വേഷണം നടക്കുകയും കുറ്റവാളികളുടെ പേര് പ്രഖ്യാപിക്കുകയുമുണ്ടായി. അവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇതെല്ലാം സംഘിന്റെ ഹിംസാത്മക പ്രവൃത്തികള്‍ എന്നാരോപിച്ചതൊന്നും സത്യമായിരുന്നില്ലെന്ന് തെളിയിക്കുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് താങ്കള്‍ റഷ്യയിലും കിഴക്കന്‍ ജര്‍മ്മനിയിലും അഫ്ഗാനിസ്താനിലുമായിരുന്നു. അവിടെ നടത്തിയ പ്രഭാഷണങ്ങളിലും പ്രസ്താവനകളിലും ലോകത്തിലെ എല്ലാ രാജ്യങ്ങളോടും അവരുടെ രാഷ്ട്രീയ വിചാരങ്ങള്‍ക്കും സാമൂഹികഘടനയ്ക്കും ഉപരിയായി സംഘടിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. താങ്കളുടെ ഈ ആഹ്വാനം ഇന്ത്യന്‍ പാരമ്പര്യത്തോടും ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തോടും ലോക സമാധാനത്തോടും ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. പാകിസ്താനുമായും ചൈനയുമായുമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് താങ്കള്‍ എടുക്കുന്ന ശ്രമങ്ങളും പുകഴ്ത്തപ്പെടേണ്ടതാണ്.
രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ താങ്കളുടെ സ്വന്തം രാജ്യത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ലഘൂകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കാന്‍ താങ്കള്‍ക്ക് നിര്‍വ്വാഹമില്ല. നമ്മള്‍ ഒരു ജനാധിപത്യ രാഷ്ട്രമാണ് എന്നു മാത്രമല്ല അത് ജനാധിപത്യ രാഷ്ട്രമായി തുടരുകയും ചെയ്യേണ്ടതുണ്ട്. അതിനാല്‍ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങള്‍ക്കും അവയെ വഹിക്കുന്ന വ്യത്യസ്ത സംഘടനകള്‍ക്കുമിടയ്ക്കുള്ള സംഘര്‍ഷം ലഘൂകരിക്കേണ്ട ആവശ്യകതയോട് താങ്കളും യോജിച്ചേക്കും. ജനാധിപത്യത്തിന്റെ അര്‍ത്ഥം ഏകതയല്ല മറിച്ച് വ്യത്യസ്തതകളുടെ ഐക്യമാണ്.
അതിനാല്‍, സംഘിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ക്കപ്പുറം പോകാനും കാര്യങ്ങള്‍ പുനഃപരിശോധിക്കാനും സംഘിനുമേല്‍ അടിച്ചേല്പിച്ചിട്ടുള്ള നിരോധനം പിന്‍വലിക്കാനും ഞാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു. ലോകത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ലഘൂകരിക്കുന്നതിന് രാജ്യത്ത് നിലനില്‍ക്കുന്ന സംഘര്‍ഷം ലഘൂകരിക്കുക അത്യാവശ്യമാണ്. ഇത് താങ്കളുടെ ശ്രമങ്ങളുടെ യശസ്സിനെ ഉയര്‍ത്തുകയും അവയെ പ്രസക്തമാക്കുകയും ചെയ്യും.
താങ്കളില്‍നിന്നും മറുപടി പ്രതീക്ഷിച്ച്,
താങ്കളുടെ
ഒപ്പ്
എം.ഡി. ദേവരസ്
ഹിന്ദു വംശീയവാദികള്‍ എക്കാലത്തും എതിര്‍ത്തുപോന്നിരുന്ന കോണ്‍ഗ്രസ്സിന്റെ വിദേശനയത്തെ അകമഴിഞ്ഞ് പ്രശംസിക്കുന്ന ദേവരസിനെയാണ് നാം ഇവിടെ കാണുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിനെ ജാലിയന്‍ വാലാബാഗ് പോലുള്ള രക്തരൂഷിതമായ സംഭവങ്ങള്‍ക്കുശേഷവും, ജയില്‍ വിമോചിതനാകാന്‍ വേണ്ടി പുകഴ്ത്തിയ സവര്‍ക്കറെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് ദേവരസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ, തങ്ങള്‍ക്ക് യോജിപ്പില്ലാത്ത വിദേശനയത്തിന്റെ അടിസ്ഥാനത്തില്‍ പുകഴ്ത്തുന്നത്. അടിയന്തരാവസ്ഥയിലെ മനുഷ്യാവകാശ ലംഘനങ്ങളോടല്ല ദേവരസിന് പരാതി. ആര്‍.എസ്.എസ്സിനെ ‘തെറ്റിദ്ധാരണ’യുടെ പേരില്‍ നിരോധിച്ചതിനാണ്. ആത്യന്തികമായി ഒരു ഫാസിസ്റ്റ് സംഘടനയ്ക്ക് അതിനോടുതന്നെയാണ് പ്രതിബദ്ധത എന്നത് തെളിയിക്കുന്നു. അത് ഉയര്‍ത്തുന്ന ‘ജനാധിപത്യ, മനുഷ്യാവകാശ’ പൊയ്മുഖം എത്ര വേഗം അത് മാറ്റിവെക്കുന്നുവെന്നും.

ദേവരസ്, ജയിലില്‍നിന്നും ഇന്ദിരാഗാന്ധിക്ക് മാത്രമല്ല എഴുതിയത്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയായിരുന്ന ശങ്കര്‍ റാവു ചവാനും ആചാര്യ വിനോബഭാവെയ്ക്കും അദ്ദേഹം എഴുതുകയുണ്ടായി. തന്റെ കത്തുകള്‍ ഇന്ദിരാഗാന്ധിക്ക് അയച്ചുകൊടുത്തോ എന്നാരാഞ്ഞാണ് ആദ്യകത്ത് ചവാന്, 1975 നവംബര്‍ 24ന് എഴുതുന്നത്. ഏതാണ്ട് ഒരു മാസത്തിനുശേഷം 1975 ഡിസംബര്‍ 22ന് പക്ഷെ ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തിലെ വാദമുഖങ്ങള്‍ അണിനിരത്തിക്കൊണ്ടുള്ള ഒരു കത്താണ് ചവാനും അയയ്ക്കുന്നത്.

ബഹുമാനപ്പെട്ട ശങ്കര്‍ റാവുജി ചവാന്‍,
മുഖ്യമന്ത്രി, മഹാരാഷ്ട്ര,
ബോംബെ
നിരോധന ഉത്തരവിന്റെ ഫലമായി രാജ്യത്തെമ്പാടും ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനം നിശ്ചലതയില്‍ എത്തിയിരിക്കുകയാണ്. ഞാനും കരുതല്‍തടങ്കലിലാണ്.
ആര്‍.എസ്.എസ്സിനുമേലുള്ള നിരോധനം മുഴുവന്‍ രാജ്യത്തിന്റേയും കാര്യമായതിനാല്‍ ഞാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് രണ്ടു കത്തുകള്‍ എഴുതുകയുണ്ടായി. പക്ഷേ, അവ താങ്കളുടെ അടുത്തേക്ക് തിരിച്ചുവിട്ടു. അവ ഡല്‍ഹിയിലേക്ക് അയച്ചതിന് താങ്കളോട് നന്ദി പറയുന്നു. ഈ കത്തുകള്‍ അയച്ചതിനുശേഷം വളരെക്കഴിഞ്ഞിട്ടും എനിക്ക് അത് കിട്ടി എന്ന ഒരറിയിപ്പുപോലും പ്രധാനമന്ത്രിയില്‍നിന്ന് കിട്ടിയില്ല. ഇത് അത്ഭുതപ്പെടുത്തുന്നതും സങ്കടപ്പെടുത്തുന്നതുമാണ്.
നാഗ്പൂരിലാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തനമാരംഭിച്ചത്. അതിന്റെ കേന്ദ്ര കാര്യാലയവും അവിടെത്തന്നെയാണ്. ധാരാളം വര്‍ഷങ്ങളായി അതിന്റെ പ്രവര്‍ത്തനം നടന്നുവരുന്നു. അതിനാല്‍ ആ പ്രവര്‍ത്തനത്തിന്റെ സ്വഭാവം മുഴുവനായി താങ്കള്‍ക്കറിയാന്‍ കഴിയും. ഇതിന് വിരുദ്ധമായി, എന്തുകൊണ്ടോ പ്രധാനമന്ത്രിയുടെ മനസ്സില്‍ ആര്‍.എസ്.എസ്സിനെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ട്. അത് ഏറ്റവും വേഗം നീക്കംചെയ്യേണ്ടതുണ്ട്.
ആര്‍.എസ്.എസ്സിനുമേലുള്ള നിരോധനം അഞ്ചോ ആറോ മാസങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതിനാല്‍ ആയിരക്കണക്കിന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ വ്യത്യസ്ത ഇടങ്ങളിലായി തടങ്കലിലാണ്. താങ്കളുടെ സംസ്ഥാനത്തില്‍ അവരുടെ എണ്ണം 1200-ല്‍ അധികമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ആ പ്രവര്‍ത്തകരില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളില്‍നിന്നുമുള്ള മനുഷ്യരുണ്ട്. അവരില്‍ മിക്കവരും നേരായ സാഹചര്യങ്ങളില്‍നിന്നും വന്നവരാണ്. അവരില്‍ ചിലര്‍ വളരെ പ്രായമായവരും ക്ഷീണിതരും ആണ്. അനിശ്ചിത കാലത്തേക്ക് അവരുടെ വേദന വലിച്ചുനീട്ടുന്നത് ഒട്ടും ശരിയല്ല. ഞാന്‍ അതിനാല്‍ താങ്കളോട് അപേക്ഷിക്കുന്നതെന്തെന്നാല്‍, ആര്‍.എസ്.എസ്സിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ തെറ്റായ മനസ്സിലാക്കലുകള്‍ നീക്കംചെയ്യാന്‍ ശ്രമിക്കാനുള്ള ഉദ്യമം താങ്കള്‍ ഏറ്റെടുക്കണമെന്നാണ്. അതുവഴി വ്യത്യസ്തമായ ഉദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് അതിന്റെ ശക്തി ഉപയോഗിക്കണമെന്നും.
താങ്കളെ നേരില്‍ കണ്ട് ഇതേപ്പറ്റി സംസാരിക്കാന്‍ കഴിയുന്നതായിരിക്കും കൂടുതല്‍ ഉചിതം എന്ന് കരുതുന്നു.
താങ്കളുടെ
ഒപ്പ്
എം.ഡി. ദേവരസ്
ഇന്ദിരാഗാന്ധിക്ക് മുന്നില്‍ ആര്‍.എസ്.എസ്സിന്റെ ‘നിഷ്‌കളങ്കത’ വെളിവാക്കുക എന്നതാണ് ഈ കത്തിലേയും കേന്ദ്രപ്രമേയം എന്നു കാണാം. ചവാന്, ദേവരസ് രണ്ടാമത്തെ കത്തെഴുതുന്നത് 1976 ജൂലൈ 12നാണ്.
സ്വീകര്‍ത്താവ്,
ബഹു. ശ്രീ. ശങ്കര്‍ റാവു ചവാന്‍
മുഖ്യമന്ത്രി, മഹാരാഷ്ട്ര
ബോംബെ
സര്‍,
ഓരോ സമയത്തും കത്തുകള്‍ വഴി ഞാന്‍ താങ്കളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. 1976 ജൂണ്‍ 16ന് എഴുതിയ കത്തില്‍ താങ്കളോട് നേരിട്ട് ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി പരോളിന് ഞാന്‍ അപേക്ഷിച്ചിരുന്നു. പക്ഷെ അത് ഇപ്പോഴും മറുപടി കിട്ടാതെ നിലകൊള്ളുന്നു.
എന്തിനാണ് ഈ കത്ത് എഴുതുന്നതെന്ന കാര്യം ഞാന്‍ വിശദീകരിക്കാം. ധാരാളം മനുഷ്യര്‍ തടങ്കലിലായിട്ട് ഇപ്പോള്‍ ഒരു വര്‍ഷം തികയുകയാണ്. തടങ്കലിന്റെ കാലാവധി ഇത്ര നീളുമെന്ന് ഒരാള്‍പോലും വിചാരിച്ചിട്ടില്ല. താങ്കള്‍പ്പോലും കരുതല്‍തടങ്കലുകാര്‍ ഇപ്പോള്‍ വിമോചിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ടാകാം. അതിനുവേണ്ടിയുള്ള നടപടികള്‍ ഘട്ടംഘട്ടമായി എടുക്കാന്‍ താങ്കള്‍ ശ്രമിക്കുന്നതായി തോന്നുന്നുണ്ട്.
ഏതാണ്ട് ഏഴുമാസങ്ങള്‍ക്ക് മുമ്പ് അറുപത് വയസ്സ് കഴിഞ്ഞ കരുതല്‍തടങ്കലുകാരേയും നല്ല ആരോഗ്യത്തില്‍ അല്ലാത്തവരേയും വിമോചിപ്പിക്കണമെന്ന കാഴ്ചപ്പാട് താങ്കള്‍ പ്രകാശിപ്പിച്ചു. അതിനനുസരിച്ച് അത്തരം തടവുകാരുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു. മാത്രമല്ല, വേണ്ടത്ര അന്വേഷണത്തിനുശേഷം അവര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന സത്യവാങ്ങ്മൂലം എഴുതി വാങ്ങിക്കുകയും ചെയ്തു. 60 വയസ്സിന് മീതെയുള്ള 150 കരുതല്‍തടങ്കലുകാരില്‍ പത്തു മുതല്‍ പന്ത്രണ്ടു വരെ പേര്‍ വിമുക്തരാക്കപ്പെട്ടു. എന്റെ നിര്‍ദ്ദേശമനുസരിച്ച് 60 വയസ്സില്‍ താഴെയുള്ള കരുതല്‍തടങ്കലുകാരില്‍ ചിലര്‍ക്കും സമാനമായ ഇളവ് നല്‍കുകയുണ്ടായി. ഞാനെന്റെ മുന്‍കത്തില്‍ പറഞ്ഞപ്രകാരം സത്യവാങ്ങ്മൂലത്തിന്റെ അടിസ്ഥാനത്തിലുള്ള വിമോചനം രണ്ടു വിഭാഗക്കാരേയും സംതൃപ്തിപ്പെടുത്തുന്നതാണ്. സത്യവാങ്ങ്മൂലത്തെക്കുറിച്ചു പറയുകയാണെങ്കില്‍ ‘നല്ല സ്വഭാവം’ എന്ന ശൈലി ഉപയോഗിക്കുന്നത് അത്ര ശരിയല്ല. താങ്കള്‍ അതിനോട് യോജിക്കുമെന്നും ആ ശൈലി എടുത്തുമാറ്റുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.
1975 ജൂലൈ 6ന് ഡിഫന്‍സ് ഓഫ് ഇന്ത്യാ നിയമത്തിലെ ചട്ടം 33, ആര്‍.എസ്.എസ്സിന്റെ മേല്‍ പ്രയോഗിക്കുകയുണ്ടായി. അതിനെത്തുടര്‍ന്ന് സംഘിന്റെ ഭാരവാഹികളോട്, സംഘിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതായി അറിയിക്കുകയുണ്ടായി. അതിനാല്‍ ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരില്ല എന്നത് വിമോചനത്തിന്റെ ഒരു ഉപാധിയായി മാറ്റേണ്ടതില്ല. അതാണ് ഈ കത്തിന്റെ നിശ്ചയമായ ഉദ്ദേശ്യം. ഈ ചോദ്യത്തിനുമേല്‍ താങ്കളുടെ ചിന്ത പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
ഞങ്ങളുടെ നിലപാട് ഞാന്‍ മേലെഴുതിയതില്‍നിന്നും വ്യക്തമാണ്. സര്‍ക്കാരിനെതിരെ എന്തെങ്കിലും ദുഷ്‌വികാരം വെച്ചുപുലര്‍ത്തിക്കൊണ്ടല്ല ഞാനീ അപേക്ഷ സമര്‍പ്പിക്കുന്നത്. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ത്വരയെ ഏറ്റവും നന്നായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഒരുപാട് മനുഷ്യര്‍ വിചാരിക്കുന്നുണ്ട്. രാജ്യം ഇതില്‍നിന്നും ഒരുപാട് നേടും.
ശ്രീമതി ഇന്ദിരാഗാന്ധിയുടെ അവസാനത്തെ അഭിമുഖ സംഭാഷണം, കരുതല്‍തടങ്കലുകാരെ വിടാനുള്ള തീരുമാനം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരുക്കള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കാലതാമസം കൂടാതെ എല്ലാ കരുതല്‍തടങ്കലുകാരേയും വിമുക്തമാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. താങ്കളോട് നേരിട്ട് ഈ പ്രശ്‌നത്തെപ്പറ്റി സംസാരിക്കാനുള്ള ഒരു അവസരം എനിക്ക് നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചുകൊള്ളട്ടെ?
എം.ഡി. ദേവരസ്
യെര്‍വാദാ സെന്‍ട്രല്‍ ജയില്‍
പൂനെ
ആര്‍.എസ്.എസ്സിന്റേയും ദേവരസിന്റേയും ഏതാണ്ട് പരിപൂര്‍ണ്ണമായ കീഴടങ്ങല്‍ ഇതില്‍ കാണാം. ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ്ണ വിപ്ലവത്തെക്കുറിച്ചോ, ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തെക്കുറിച്ചോ, നടന്നുവരുന്ന സംഭവങ്ങളുടെ ഹിംസാത്മകതയെക്കുറിച്ചോ അല്ല ദേവരസ് സംസാരിക്കുന്നത്. തന്റെ സംഘടനയുടേയും സംഘടനാ പ്രവര്‍ത്തകരുടേയും വിമോചനത്തെക്കുറിച്ചു മാത്രമാണ് ദേവരസ് സംസാരിക്കുന്നത്. ആ പ്രക്രിയയുടെ ഭാഗമായി സര്‍ക്കാരിനോടുള്ള സമ്പൂര്‍ണ്ണ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. സവര്‍ക്കര്‍ ജയിലിലിരുന്ന് ബ്രിട്ടീഷുകാര്‍ക്കെഴുതിയ അവസാന കത്തുകളില്‍ എന്നപോലെ.
അടിയന്തരാവസ്ഥയില്‍ ആര്‍.എസ്.എസ്സുകാര്‍ മാത്രമല്ല ജയിലിലായത്. ഇന്ത്യയിലെ പ്രതിപക്ഷകക്ഷികളിലെ നേതാക്കള്‍ ഏതാണ്ട് മുഴുവനായും ജയിലിലടയ്ക്കപ്പെട്ടിരുന്നു. ജെ.പിയെപോലുള്ള ഐതിഹാസിക രാഷ്ട്രീയചരിത്രമുള്ളവര്‍പോലും ഒഴിവാക്കപ്പെട്ടിരുന്നില്ല. അവര്‍ ആരുംതന്നെ ഇന്ദിരാഗാന്ധിക്കോ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാര്‍ക്കോ കത്തെഴുതി, പുറത്തുവരാന്‍ തുനിഞ്ഞില്ല, ആര്‍.എസ്.എസ്. നേതാക്കള്‍ ഒഴികെ.
ജയില്‍വാസത്തിന്റെ ദൈര്‍ഘ്യം ഉണ്ടാക്കിയ മാനസാന്തരമായി മാത്രം ഇതിനെ കാണുന്നതില്‍ അര്‍ത്ഥമില്ല. ആര്‍.എസ്.എസ്. നിരോധിക്കപ്പെട്ട് അധികം കഴിയും മുമ്പേതന്നെ ആര്‍.എസ്.എസ്സിന്റെ മഹാരാഷ്ട്രാ പ്രചാരക് ആയ വി.എന്‍. ഭിഡേ, എസ്.ബി. ചവാന് എഴുതിയ കത്തില്‍നിന്നും അക്കാര്യം പിടികിട്ടും. 1975 ജൂലൈ 15നാണ് ഈ കത്ത് ഭിഡേ എഴുതുന്നത്. ആര്‍.എസ്.എസ്. നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് യെര്‍വാദ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഭിഡേ അവിടെനിന്നാണ് ആ കത്തെഴുതുന്നത്.
സ്വീകര്‍ത്താവ്,
ബഹു. ശ്രീ. ശങ്കര്‍ റാവു ചവാന്‍,
മുഖ്യമന്ത്രി,
മഹാരാഷ്ട്ര,
ബോംബെ
1975 ജൂലൈ 4ന് കേന്ദ്ര സര്‍ക്കാര്‍ ആര്‍.എസ്.എസ്സിനെ രാജ്യവ്യാപകമായി നിരോധിക്കുന്നത് വരെ ഞാനായിരുന്നു മഹാരാഷ്ട്ര (വിദര്‍ഭ ഒഴികെ) യിലെ ആര്‍.എസ്.എസ്സിന്റെ പ്രചാരക്. അങ്ങനെ സംഘിന്റെ പ്രവര്‍ത്തനങ്ങള്‍ മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ്ണമായി നിലയ്ക്കുകയും നിരോധനം നിലനില്‍ക്കുംവരെ അതങ്ങനെതന്നെ നിലനില്‍ക്കുകയും ചെയ്യും. ഡല്‍ഹിയിലെ കേന്ദ്ര ഓഫീസിലെ സംഘ് ഭാരവാഹികള്‍, നിരോധനം നിലനില്‍ക്കുന്ന കാലത്തോളം സംഘ് പ്രവര്‍ത്തിക്കുന്നതല്ല എന്ന് പ്രസ്താവിക്കുന്ന ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
1975 ജൂലൈ 6 മുതല്‍ കരുതല്‍തടങ്കലില്‍ എന്നെ ഇവിടെ പാര്‍പ്പിച്ചിരിക്കുകയാണ്. എന്നെപ്പോലെ സംസ്ഥാനത്തിലെ ഒരുപാട് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ തടവിലാക്കിയിട്ടുണ്ട്. ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍ അനുസരിച്ച് ചിലരുടെമേല്‍ കേസ് എടുത്തിട്ടുമുണ്ട്. ആ കേസുകള്‍ കോടതികളില്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. നിരോധനം ലംഘിക്കുന്ന വ്യക്തികളുടെ മേല്‍ സര്‍ക്കാര്‍ കൃത്യമായ നടപടി എടുക്കുന്നുണ്ട്. നിരോധനം നിലനില്‍ക്കുന്ന കാലത്തോളം ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കരുതല്‍തടങ്കലില്‍ വെക്കേണ്ടത് അത്യാവശ്യമോ അഭികാമ്യമോ അല്ല എന്ന് അടിയന്തിരമായി അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
മഹാരാഷ്ട്രയില്‍ ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനത്തിന്റെ സ്വഭാവത്തേയും പരിധിയേയും സംബന്ധിച്ച് താങ്കള്‍ സമ്പൂര്‍ണ്ണമായും ബോധവാനാണെന്ന് ഞാന്‍ കരുതുന്നു. താങ്കള്‍ മുഖ്യമന്ത്രി ആയതിനുശേഷം ബോംബെയില്‍വെച്ച് ഞാന്‍ താങ്കളെ കണ്ടിരുന്നു. തുടര്‍ന്ന് പൂനെ സന്ദര്‍ശിക്കുമ്പോള്‍, താങ്കളെ വന്നുകാണാന്‍ താങ്കള്‍ എന്നോടാവശ്യപ്പെട്ടിരുന്നു. പക്ഷേ, താങ്കളുടെ തിരക്കിട്ട ദിനസരികള്‍ മൂലം എനിക്കതിനുള്ള അവസരം ലഭിച്ചില്ല. എങ്കിലും, അത് അത്യാവശ്യമാണെന്ന് താങ്കള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍, ഏതൊരു സമയത്തും ഞാനതിന് ഒരുക്കമാണ്. സര്‍ക്കാരിനും സമൂഹത്തിനുമെതിരെ അതിവിദൂരമായ എന്തെങ്കിലും പ്രവൃത്തിപോലും സംഘ് ചെയ്തിട്ടില്ല. സാമൂഹികവും സാംസ്‌കാരികവുമായ പ്രവൃത്തികളില്‍ മാത്രമാണ് സംഘ് മുഴുകിയിട്ടുള്ളത്. സംഘിനെതിരെ ചില ആരോപണങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷെ അതെല്ലാം അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞിട്ടുള്ളതാണ്. ഇതെല്ലാം പരിഗണിച്ച്, എന്റെ ഉത്തമ വിശ്വാസത്തില്‍ കരുതല്‍തടങ്കലില്‍ വെച്ചിരിക്കുന്ന സംഘ് പ്രവര്‍ത്തകരെ വിടുതല്‍ ചെയ്യാന്‍ ഞാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു.
ആശംസകളോടെ,
ഒപ്പ്,
വി.എന്‍. ഭിഡേ
യെര്‍വാദാ സെന്‍ട്രല്‍ ജയില്‍
പൂനെ – 6.
സംഘ് രാഷ്ട്രീയസംഘമല്ലെന്നും സാമൂഹിക, സാംസ്‌കാരിക സംഘടനയാണെന്നുമുള്ള വാദമാണ് ഭിഡേയും ഉയര്‍ത്തുന്നത്. ഒപ്പം, സംഘിന്റെ ഭൂതകാലത്തെ വഴികളില്‍നിന്നും ചോരക്കറ മായ്ച്ചുകളയാനും. ദേവരസിനെപ്പോലെത്തന്നെ ഭിഡേയും ഒരു എഴുത്തുകൊണ്ട് നിര്‍ത്തുന്നില്ല. രണ്ട് പേരും ഒരേ വാദഗതികളാണ് ഉയര്‍ത്തുന്നതെന്നും ശ്രദ്ധേയം. അതുകൊണ്ടുതന്നെ ഈ അടവുനയം ഏതെങ്കിലും വ്യക്തിയുടെ എന്നതിനേക്കാള്‍ ആര്‍.എസ്.എസ്. ഒന്നിച്ചു തീരുമാനിച്ചതാണെന്നുള്ള നിഗമനത്തില്‍ എത്തിപ്പെടാന്‍ പ്രയാസമില്ല. 1976 ജനുവരി 24ന് ഭിഡേ, ചവാനെഴുതിയ കത്ത് താഴെ കൊടുക്കുന്നു.
ബഹു. ശ്രീ. ശങ്കര്‍ റാവുജി ചവാന്‍,
മുഖ്യമന്ത്രി,
മഹാരാഷ്ട്ര
1975 ജൂലൈ 6 മുതല്‍ ഞാന്‍ കരുതല്‍തടങ്കലിലാണ്. ആദ്യം എന്നെ യെര്‍വാദാ സെന്‍ട്രല്‍ ജയിലില്‍ തടങ്കലില്‍ വെക്കുകയും 1976 ജനുവരി 19 മുതല്‍ ഇവിടെ നാസിക് റോഡ് ജയിലില്‍ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. ധാരാളം മറ്റ് പ്രവര്‍ത്തകരും ഇതേപോലെ കരുതല്‍തടങ്കലിലാണ്. ഈ കരുതല്‍തടങ്കലുകള്‍ യഥാര്‍ത്ഥത്തില്‍ അനാവശ്യമാണെന്ന് കാണിച്ച് ഞാന്‍ താങ്കള്‍ക്ക് ഇതിനകംതന്നെ എഴുതുകയുണ്ടായി. അതില്‍ താങ്കള്‍ അല്പം ആലോചിക്കുമായിരിക്കും.
ഈ കരുതല്‍തടങ്കലുകാരില്‍ വയസ്സായവരും രോഗികളും പോലുമുണ്ട്. അവരോട് താങ്കള്‍ക്കുള്ള സഹാനുഭൂതി എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ വിമുക്തരാക്കപ്പെടും മുമ്പ് അവരില്‍നിന്നും രാഷ്ട്രീയത്തെ സംബന്ധിച്ചും അടിയന്തരാവസ്ഥയെ സംബന്ധിച്ചും ഒരു സത്യവാങ്ങ്മൂലം വാങ്ങണമെന്ന് താങ്കള്‍ നിര്‍ദ്ദേശിച്ചതായി കാണപ്പെടുന്നു. എന്റെ നോട്ടത്തില്‍ അത്തരമൊരു സത്യവാങ്ങ്മൂലം ശരിയായിട്ടുള്ളതല്ല. ഈ വഴിയിലൂടെ വിമുക്തമാകാന്‍ ഒരാളും ഇഷ്ടപ്പെടില്ല. ആരെങ്കിലും നിരാശ പൂണ്ട് ഇത്തരം ഒരു സത്യവാങ്ങ്മൂലം നല്‍കുകയാണെങ്കില്‍ അത് മറ്റൊരു കാര്യമാണ്. വയസ്സായതിന്റെ അല്ലെങ്കില്‍ രോഗിയായതിന്റെ പേരിലുള്ള സഹാനുഭൂതിയുടെ അടിസ്ഥാനത്തില്‍ വിമുക്തമാക്കപ്പെടുന്ന ഒരാളോട് ഒരു സത്യവാങ്ങ്മൂലം ആവശ്യപ്പെടുന്നത് നന്മയുള്ള കാര്യമല്ല. അതിനാല്‍ പ്രവര്‍ത്തകരെ വിമുക്തമാക്കണമെന്നും എന്നാലത് നിബന്ധനകളുടെ അടിസ്ഥാനത്തിലാകരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ആശംസകളോടെ,
താങ്കളുടെ,
വി.എന്‍. ഭിഡേ
അഡ്വക്കേറ്റ്
തടവ് നമ്പര്‍ 2181
നാസിക് റോഡ് ജയില്‍
ഈ കത്തുകള്‍ കൂടാതെ ഗാന്ധിശിഷ്യനായ വിനോബാ ഭാവേയ്ക്കും ദേവരസ് കത്തുകള്‍ അയയ്ക്കുകയുണ്ടായി. ആദ്യത്തെ കത്ത് 1976 ജനുവരി 12നാണ് അയയ്ക്കുന്നത്. അടിയന്തരാവസ്ഥയോട് ആര്‍.എസ്.എസ്. സ്വീകരിച്ച സമീപനത്തെക്കുറിച്ചൊന്നും ആ കത്ത് പറയുന്നില്ല. മറിച്ച് ആര്‍.എസ്.എസ്. സാംസ്‌കാരിക സംഘടനയാണെന്നും അതിന് രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നുമുള്ള നുണ ആവര്‍ത്തിക്കുകയാണ് ദേവരസ് ചെയ്യുന്നത്. ‘എന്റെ നോട്ടത്തില്‍ സംഘിനുമേലുള്ള നിരോധനവും നിരവധി സംഘ്പ്രവര്‍ത്തകരുടെ അറസ്റ്റും തെറ്റായ മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിലാണ്,’ ദേവരസ് എഴുതുന്നു. ‘പ്രത്യേകിച്ച് ശ്രീമതി ഇന്ദിരാഗാന്ധിയുടെ ചുറ്റുമുള്ള നിരവധി ആളുകള്‍ സംഘിനെക്കുറിച്ചുള്ള തെറ്റായ ആശയം നിക്ഷേപിച്ചതായി തോന്നുന്നു.’

സംഘ്, അടിയന്തരാവസ്ഥയ്ക്ക് എതിരായതുകൊണ്ടല്ല, മറിച്ച് തെറ്റിദ്ധാരണയുടെ പുറത്താണ് നിരോധനം സംഭവിച്ചത് എന്ന് പറയാനാണ് ദേവരസ് പണിപ്പെടുന്നത്. ഹിന്ദു സമുദായത്തിലുള്ള സംഘിന്റെ ഊന്നല്‍, വര്‍ഗ്ഗീയമായ അടിസ്ഥാനത്തിലുള്ള ഒന്നല്ല എന്ന് പറയാനും ദേവരസ് ഈ അവസരം വിനിയോഗിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ഇന്ത്യയില്‍ ഏറ്റവും വിഷം തുപ്പിയ നാവുകളില്‍ ഒന്നായ ഗോള്‍വാള്‍ക്കറെ, ദേവരസ് വിശേഷിപ്പിക്കുന്നത് ഖുര്‍ആനോടും പ്രവാചകന്‍ മുഹമ്മദിനോടും യേശുവിനോടും ബൈബിളിനോടും അങ്ങേയറ്റം ബഹുമാനമുള്ള ഒരാളായാണ്. രാഷ്ട്രീയത്തില്‍നിന്നും അധികാരത്തില്‍നിന്നും അകന്നുനില്‍ക്കുന്ന ഒരു സംഘടനയ്ക്ക് എങ്ങനെയാണ് ഫാസിസ്റ്റ് എന്ന വിശേഷണം ചേരുക എന്നും ദേവരസ് ചോദിക്കുന്നു. അതിനാല്‍ രാഷ്ട്രനിര്‍മ്മാണത്തിനായി തങ്ങളുടെ ശക്തി വിനിയോഗിക്കാന്‍ ആര്‍.എസ്.എസ്സിനുമേലുള്ള നിരോധനം നീക്കാന്‍ മുന്നില്‍നിന്നു പ്രവര്‍ത്തിക്കണം എന്നാണ് ദേവരസ്, വിനോബഭാവേയോട് അഭ്യര്‍ത്ഥിക്കുന്നത്.
ഇതിനുശേഷം ഒരു കത്തുകൂടി ദേവരസ്, വിനോബഭാവേയ്ക്ക് എഴുതുന്നുണ്ട്. ഇന്ദിരാഗാന്ധി, വിനോബഭാവേയുടെ പൗനാര്‍ ആശ്രമം സന്ദര്‍ശിക്കാന്‍ പോകുന്നു എന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ആ കത്ത് എഴുതുന്നത്. അപ്പോള്‍ ആര്‍.എസ്.എസ്സിന്റെ നിരോധനം നീക്കുന്നതിനായി ഇന്ദിരാഗാന്ധിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെടുന്നതാണ് ഈ കത്തിന്റെ കാതല്‍. ‘താങ്കളോടുള്ള എന്റെ അഭ്യര്‍ത്ഥന എന്തെന്നാല്‍ സംഘിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ തെറ്റിദ്ധാരണ നീക്കാനായി താങ്കള്‍ ദയവുചെയ്ത് ശ്രമിക്കേണ്ടതാണ്,’ ദേവരസ് തുടരുന്നു, ‘അതിന്റെ ഫലമായി സംഘിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ വിമുക്തരാകുകയും സംഘിന് മേലുള്ള നിരോധനം പിന്‍വലിക്കുകയും ചെയ്താല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യത്തിനുണ്ടാകുന്ന പുരോഗതിക്കും അഭിവൃദ്ധിക്കുംവേണ്ടിയുള്ള ആസൂത്രണ പദ്ധതികളില്‍ സംഘ്പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാകും.’

രണ്ടാം ലോകയുദ്ധക്കാലത്ത് ഒരേ സമയം ബ്രിട്ടീഷ് പക്ഷത്തേയും അവര്‍ക്ക് എതിര്‍നിന്നിരുന്ന ജര്‍മ്മന്‍ പക്ഷത്തേയും സേവിച്ച സവര്‍ക്കറുടെ തന്ത്രംതന്നെയാണ് ദേവരസും ആര്‍.എസ്.എസ്സും പയറ്റുന്നത്. പില്‍ക്കാലത്ത്, അടിയന്തരാവസ്ഥയെ അതുവരെയുള്ള ഇന്ത്യ കണ്ട കൊടിയ മനുഷ്യാവകാശ ലംഘനത്തിന്റേയും ജനാധിപത്യ വിരുദ്ധതയുടേയും കാലമായി വിധിയെഴുതിയപ്പോള്‍, അതിനെ പ്രതിരോധിച്ച വീരചരിത്രവുമായി ആര്‍.എസ്.എസ്. രംഗത്തുവന്നു. അവരുടെ ഏറ്റവും വലിയ നേതാവുതന്നെ എഴുതിയ കത്തുകളെ ചരിത്രത്തിന്റെ ഇരുട്ടില്‍ പൂഴ്ത്തിവെച്ചു.






Be the first to write a comment.