വിചാരധാര അഥവാ ചരിത്രത്തിന്റെ ഇത്തിള്‍ക്കണ്ണി

(ഹിന്ദുത്വ ഭീകരതയുടെ കഥ: അദ്ധ്യായം 17)

 

ആര്‍.എസ്.എസിന്റെ ചരിത്രമെന്നത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ജനാധിപത്യ, മതേതര സ്വഭാവത്തെ അസ്ഥിരപ്പെടുത്താനുള്ള നിരന്തരശ്രമങ്ങളല്ലാതെ മറ്റൊന്നുമല്ല. സ്വാതന്ത്ര്യസമരത്തിന്റെ നാലയല്‍പക്കത്തു കൂടി പോയിട്ടില്ലെന്ന് മാത്രമല്ല, അതിന്റെ മതേതര സ്വഭാവത്തെ കലക്കാനായി വര്‍ഗ്ഗീയത വാരിവിതറാനുള്ള ശ്രമം തുടര്‍ച്ചയായി നടത്തിയ സംഘടനയാണത്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സ്തബ്ധരായിപ്പോയ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെപ്പറ്റി അതിനോട് അനുഭാവമുള്ള വ്യക്തിയായിട്ടു പോലും, ഡി.വി. കേല്‍ക്കര്‍ എഴുതിയിട്ടുണ്ട്. തുടര്‍ന്ന് ബീഹാറിലും കൊല്‍ക്കൊത്തയിലും ഡല്‍ഹിയിലും അവര്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളെയും കൊലകളെയും കുറിച്ച് ഏതാണ്ട് വിശദമായി തന്നെ നാം പരാമര്‍ശിച്ചു കഴിഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതിന് നിരോധിക്കപ്പെടുന്ന ആദ്യ സംഘടനയും ആര്‍.എസ്.എസ്. ആണെന്ന് നാം കണ്ടുകഴിഞ്ഞു. ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അതെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലിമെന്റിന് നേരെ നടത്തിയ ആദ്യത്തെ അക്രമസമരത്തില്‍ കലാശിച്ച ഗോ സംരക്ഷണ പ്രസ്ഥാനത്തിന് പിന്നിലും അവരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ദേശീയ പതാകയെയോ ഭരണഘടനാ അസംബ്ലിയെയോ ആദ്യകാലങ്ങളില്‍ അവര്‍ അംഗീകരിച്ചിരുന്നില്ല. നിരോധനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള കഠിനശ്രമങ്ങളുടെ ഭാഗമായി, സര്‍ക്കാര്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അവര്‍ ദേശീയ പതാകയെയും ഭരണഘടനാ നിര്‍മ്മാണത്തേയും അംഗീകരിക്കാന്‍ നിര്‍ബന്ധിതരായിതീര്‍ന്നത്.

പക്ഷെ, ഇന്ന് ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗത്തിലെ ഒരു വിഭാഗമെങ്കിലും കടകവിരുദ്ധമായ ഒരു ധാരണയാണ് ആര്‍.എസ്.എസിനെക്കുറിച്ച് പേറുന്നത്. ഇന്ത്യന്‍ ദേശീയതയുടെ പതാകാവാഹകരായി തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുന്ന വ്യാജചരിത്രം ആര്‍.എസ്.എസ്. നിര്‍മ്മിച്ചെടുത്തതിന്റെ വിജയമാണത്. ചരിത്രത്തിന് നേരെയുള്ള ഭീകരപ്രവര്‍ത്തനം എന്ന് നമുക്കതിനെ വിശേഷിപ്പിക്കാം. 1963ലെ റിപ്പബ്‌ളിക്ക്ദിന പരേഡില്‍ ആര്‍.എസ്.എസിനെ നെഹ്‌റു വിളിച്ചുവരുത്തി പങ്കെടുപ്പിച്ചു എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ആര്‍.എസ്.എസ്. ദേശീയോദ്ഗ്രഥനത്തിനും ദേശസ്‌നേഹത്തിനും വേണ്ടി നിലകൊള്ളുന്ന ഒന്നാണ് എന്ന തിരിച്ചറിവ് ഇന്ത്യന്‍ ഭരണകൂടത്തിനുണ്ടായതിന്റെ നിദര്‍ശനമായിട്ടാണ് ആര്‍.എസ്.എസ്. ഹാന്‍ഡിലുകള്‍ അതിനെ ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ കൈയ്യില്‍ പറ്റിയ ചോരയെ തുടച്ചു കളയാന്‍ ചരിത്രത്തെ ഒരു വലിയ തൂവാലയാക്കുന്ന തരത്തില്‍ ആര്‍.എസ്.എസ്. ആ സന്ദര്‍ഭത്തെ ഉപയോഗിക്കുകയായിരുന്നു, എന്ന് നമുക്ക്, സൂക്ഷ്മതയോടെ നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം.

1962, ഇന്ത്യയ്ക്കും നെഹ്‌റു സര്‍ക്കാരിനും ക്ഷീണം സമ്മാനിച്ച വര്‍ഷമായിരുന്നു. ചൈനയുമായുള്ള യുദ്ധമായിരുന്നു അതിന്റെ കാരണം. ചൈന, ഇന്ത്യയെ ആക്രമിച്ചത്, മുഖ്യധാരയിലേയ്ക്ക് കടന്നു വരാന്‍ കൊതിക്കുന്ന ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണ നിമിഷമായിരുന്നു. നെഹ്‌റുവിന്റെ പാര്‍ലിമെന്ററി എതിരാളികളായിരുന്നു, ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ എന്ന യാഥാര്‍ത്ഥ്യം ഉപയോഗിച്ചുള്ള മുതലെടുപ്പായിരുന്നു ആര്‍.എസ്.എസ്. ആദ്യം നടത്തിയത്. ചൈന ഒരു കമ്യൂണിസ്റ്റ് രാജ്യമായിരുന്നു എന്നത് അതിന് സഹായകമായി. ഗോള്‍വാള്‍ക്കര്‍ ചാടിക്കയറി ‘അധിനിവേശകരെ പുറത്താക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ’ പ്രഖ്യാപിക്കുന്ന പ്രസ്താവനയിറക്കി. 1962 ഡിസംബര്‍ 23ന് ഡല്‍ഹിയില്‍ നടത്തിയ റാലിയില്‍ അദ്ദേഹം പ്രസംഗിച്ചത്, ചൈനക്കാര്‍ വരുന്നത് അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷങ്ങളെ വിമോചിപ്പിക്കാനാണ് എന്ന് ബംഗാളിലും അസ്സമിലും കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്നു എന്നാണ്.

ചൈനീസ് ആക്രമണം നടക്കുന്നത് കൊണ്ട് 1963ലെ റിപ്പബ്ലിക്ക്ദിന പരേഡ് നടക്കുമോ എന്നത് ആദ്യം സംശയത്തിലായിരുന്നു. കാരണം സൈനികരുടെ മുന്‍കൈയ്യിലാണ് റിപ്പബ്ലിക്ദിന പരേഡ് നടക്കാറുള്ളത്. സൈനികരാകട്ടെ, യുദ്ധമുന്നണിയിലും. പക്ഷെ, പരേഡ് നടത്തണമെന്ന കാര്യത്തില്‍ നെഹ്‌റുവിന് സംശയമൊന്നു മില്ലായിരുന്നു. അദ്ദേഹം, രാജ്യരക്ഷാ മന്ത്രിയായിരുന്ന വൈ.ബി. ചവാന് ഇങ്ങനെയെഴുതി:

‘രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള സൈനിക വിഭാഗങ്ങള്‍ ഡല്‍ഹിയിലേക്ക് വരുന്നില്ലെങ്കില്‍കൂടി, പരേഡ് എന്തുകൊണ്ട് നടത്തപ്പെടുന്നില്ല എന്നത് എനിക്ക് മനസ്സിലാകുന്നില്ല. ഡല്‍ഹിയില്‍ തന്നെയുള്ള ചില സൈനിക വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതാകും ആ പരേഡ്. മാത്രമല്ല, മുഖ്യമായും അത് പൊതുജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരേഡ് ആയിരിക്കും. നമ്മുടെ ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ അതില്‍ ഉള്‍ച്ചേര്‍ക്കാവുന്നതാണ്. ഹോം ഗാര്‍ഡുകളും എന്‍.സി.സിയും തീര്‍ച്ചയായും അവിടെയുണ്ടാകും. അതോടൊപ്പം ഡല്‍ഹിയിലെ മറ്റ് സന്നദ്ധ യൂണിറ്റുകളും. കോളേജുകളിലേയും സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് അതില്‍ പങ്കെടുക്കാം. അതോടൊപ്പം തൊഴിലാളി സംഘടനകള്‍ അടക്കമുള്ള ഡല്‍ഹിയിലെ മറ്റ് എണ്ണമറ്റ സംഘടനകളെയും പങ്കെടുപ്പിക്കാവുന്നതാണ്. എല്ലാ ആളുകളും ഡ്രില്‍ നടത്തേണ്ട ആവശ്യമില്ല. എല്ലാവരും കൃത്യമായ കാല്‍വെയ്പുകളോടെ നീങ്ങേണ്ട ആവശ്യമില്ല. അതിനാല്‍ അവരെ അതിനു വേണ്ടി പരിശീലിപ്പിക്കേണ്ടതില്ല. അവര്‍ ഒറ്റക്കെട്ടായി മാര്‍ച്ച് ചെയ്യട്ടെ. അത് നന്നായിരിക്കും എന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്. അതില്‍ പങ്കെടുത്തവരിലും അത് കാണുന്നവരിലും ആ പരേഡ് ശക്തമായ ഒരു പ്രതിഫലനം സൃഷ്ടിക്കും.’

ഏതാണ്ട് ഈ കത്താണ് 1963ലെ റിപ്പബ്‌ളിക്ദിന പരേഡിനെ നിര്‍ണ്ണയിച്ചത്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സംഘാടനമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നതിനാല്‍ ഡല്‍ഹി മേയര്‍ ആയിരുന്ന നൂറുദ്ദീന്‍ അഹ്മദ് ആയിരുന്നു പരേഡില്‍ ആളെ കൂട്ടാനുള്ള ചുമതല വഹിച്ചിരുന്നത്. എല്ലാ തൊഴിലാളി സംഘടനകളെയും ക്ഷണിക്കുന്നതിന്റെ ഭാഗമായി നൂറുദ്ദീന്‍ അഹ്മദ്, സംഘപരിവാറിന്റെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘിനും ക്ഷണക്കത്ത് കൈമാറിയിരുന്നു. ഈ ക്ഷണം, മുഖ്യധാരയിലേയ്ക്കുള്ള പുനഃപ്രവേശനം കാത്തു നില്‍ക്കുന്ന ആര്‍.എസ്.എസിന് പിടിവള്ളിയായി. അവര്‍ ഡല്‍ഹിയിലെ കേഡര്‍മാരെ മാത്രമല്ല, അയല്‍സംസ്ഥാനമായ യു.പിയില്‍ നിന്നും കേഡര്‍മാരെ ഡല്‍ഹിയിലേക്ക് കൊണ്ടുവരികയുണ്ടായി. അങ്ങനെ സ്വരൂപിച്ച 2000 ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ ആര്‍.എസ്.എസിന്റെ യൂണിഫോം അണിയിച്ചുകൊണ്ടുതന്നെ പരേഡില്‍ പങ്കെടുപ്പിച്ചു. മറ്റ് സംഘടനകള്‍, അവര്‍ക്കൊന്നും തെളിയിക്കാനില്ലാത്തത് കൊണ്ട് സാധാരണ വേഷത്തിലാണ് പരേഡില്‍ അണിനിരന്നത്. അതിനാല്‍ താരമ്യേന ദൃശ്യത അവര്‍ക്ക് ലഭിച്ചു.

എങ്കിലും പിറ്റേന്നത്തെ പത്രങ്ങള്‍ പരിശോധിച്ചാല്‍, അവയില്‍ ഭൂരിഭാഗവും അക്കാര്യം ശ്രദ്ധിച്ചില്ല. ലക്ഷക്കണക്കിന് മനുഷ്യര്‍ പങ്കെടുത്ത റാലിയില്‍ 2000 പേര്‍ അത്ര വലിയ സാന്നിദ്ധ്യമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും അവര്‍ പങ്കെടുത്തത് യൂണിഫോമണിഞ്ഞും കാവിക്കൊടിയേന്തിയും ആയതിനാല്‍, അവര്‍ പങ്കെടുത്തു എന്നത് നിഷേധിക്കാന്‍ കഴിയാത്ത കാര്യമായി. അവരാകട്ടെ, പ്രചരിപ്പിച്ചത് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് പങ്കെടുത്തത് എന്നാണ്. തൊഴിലാളി സംഘടന എന്ന നിലയില്‍ ബി.എം.എസിനെ ക്ഷണിച്ചിരുന്നതിനാല്‍ സര്‍ക്കാരിന് ആ വസ്തുത നിഷേധിക്കാനും കഴിയുമായിരുന്നില്ല. ഹിന്ദുസ്ഥാന്‍ പോലുള്ള ഹിന്ദി പത്രങ്ങളില്‍ ചിലതില്‍ അത് വാര്‍ത്തയായി വന്നിട്ടുമുണ്ടായിരുന്നു. ആര്‍.എസ്.എസുകാര്‍ റാലിയില്‍ പങ്കെടുക്കുന്നു എന്ന വിവരം നേരത്തേ തന്നെ നെഹ്‌റുവിന് വിവരം ലഭിച്ചിരുന്നു. പിറ്റേന്ന് കൂടിയ കോണ്‍ഗ്രസ്സിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം അത് പറയുകയും ചെയ്തു. പൊതുജന റാലിയാണ് ഉദ്ദേശിച്ചിരുന്നത് എന്നതിനാല്‍ ആര്‍.എസ്.എസിനെ വിലക്കാന്‍ കഴിയുകയില്ലായിരുന്നു എന്നാണ് നെഹ്‌റു പ്രസ്താവിച്ചത്. അന്നു മുതല്‍ ഇന്നുവരെ ആര്‍.എസ്.എസിന്റെ പ്രചണ്ഡമായ പ്രചാരണവിഭാഗം ലക്ഷക്കണക്കിന് പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞുണ്ടാക്കിയ ഒന്നാണ് നെഹ്‌റുവിന്റെ ക്ഷണവും ആര്‍.എസ്.എസിന്റെ പങ്കുചേരലും.

അതിന് ശേഷവും നെഹ്‌റു ആര്‍.എസ്.എസിനെതിരെ സ്വീകരിച്ച കടുത്ത നിലപാടുകളെ പറ്റി ഗോള്‍വാള്‍ക്കറെ കുറിച്ചുള്ള പുസ്തകത്തില്‍ ധീരേന്ദ്ര കെ ഝാ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബര്‍മ്മ സന്ദര്‍ശിക്കാനുള്ള അനുമതിക്കായി ഗോള്‍വാള്‍ക്കര്‍ സര്‍ക്കാരിലേക്കെഴുതിയെങ്കിലും അനുമതി ലഭിക്കുകയുണ്ടായില്ല. ഗോള്‍വാള്‍ക്കര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാത്ത കാര്യം അന്ന് ജനസംഘിന്റെ പാര്‍ലമെന്റ് അംഗമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് സഭയിലുന്നയിച്ചു. വിദേശകാര്യ മന്ത്രിയായിരുന്ന ദിനേഷ് സിംഗ് മറുപടി പറഞ്ഞത്, അതിന്റെ കാരണങ്ങള്‍ പൊതുതാല്പര്യത്തില്‍ പെടുന്ന വിഷയമല്ലാത്തത് കൊണ്ട് വെളിവാക്കുന്നില്ല എന്നാണ്. അതേ തുടര്‍ന്ന് 1963 ആഗസ്റ്റ് മൂന്നിന് വാജ്‌പേയ്, നെഹ്‌റുവിനെ നേരിട്ട് കണ്ട് ഗോള്‍വാള്‍ക്കര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

‘എന്തുകൊണ്ട് ഹിന്ദുരാഷ്ട്രം’ എന്ന പേരില്‍ ഗോള്‍വാള്‍ക്കറുടെ പുസ്തകം പുറത്തിറങ്ങിയപ്പോഴും നെഹ്‌റു ജാഗരൂകമായ നിലപാടാണ് എടുത്തത്. അത് ഇഴകീറി പരിശോധിക്കണമെന്നും ആവശ്യമെങ്കില്‍ നടപടിയെടുക്കണമെന്നും നെഹ്‌റു ആഭ്യന്തര മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയോട് നിര്‍ദ്ദേശിക്കുന്നുണ്ട്. അങ്ങനെ 1964-ല്‍ ഭൂമിയിലെ വാസം വെടിയുന്നതുവരെ നെഹ്‌റു ആര്‍.എസ്.എസിന്റെ ഫാസിസത്തിനെതിരെ നിലകൊണ്ടു.

1963 ഡിസംബറില്‍ വിദേശകാര്യ വകുപ്പിലെ ചെറുപ്പക്കാരായ നയതന്ത്രോദ്യോഗസ്ഥരോട് സംസാരിക്കുമ്പോള്‍ നെഹ്‌റു നടത്തിയ പരാമര്‍ശത്തെയും ധീരേന്ദ്ര കെ ഝാ അനുസ്മരിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു നെഹ്‌റു. ‘കമ്യൂണിസ്റ്റുകാര്‍, കമ്യൂണിസ്റ്റുകാര്‍, കമ്യൂണിസ്റ്റുകാര്‍…’ നെഹ്‌റു പ്രതിവചിച്ചത് ഇങ്ങനെയാണ്, ‘എന്തുകൊണ്ടാണ് നിങ്ങള്‍ കമ്യൂണിസത്തോടും കമ്യൂണിസ്റ്റുകളോടും ഇത്ര മാത്രം പ്രതിപത്തിപ്പെട്ടിരിക്കുന്നത്? ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തതും ചെയ്യാന്‍ പാടില്ലാത്തതുമായ എന്താണ് കമ്യൂണിസ്റ്റുകാര്‍ക്ക് ചെയ്യാന്‍ കഴിയുക? കേന്ദ്രത്തില്‍ എന്നെങ്കിലും കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തുമെന്ന് നിങ്ങള്‍ക്കെങ്ങനെ ചിന്തിക്കാന്‍ കഴിയുന്നു!’ പിന്നീട് അദ്ദേഹം കൂട്ടിച്ചേര്‍ത്തത് ഇതാണ്, ‘ഇന്ത്യയ്ക്ക് നേരെയുള്ള അപകടം, എഴുതി വെച്ചോളൂ, കമ്യൂണിസമല്ല. അത് ഹിന്ദു വലതുപക്ഷ വര്‍ഗ്ഗീയതയാണ്.

തങ്ങളുടെ ഹിന്ദുരാഷ്ട്ര സ്വപ്നം പൂവണിയിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിരവധി തിരിച്ചടികള്‍ നേരിട്ടെങ്കിലും അവര്‍ അവരുടെ രീതിയില്‍ മുന്നോട്ടുപോകാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആര്‍.എസ്.എസ്. നിരോധനത്തിലായ കാലത്ത്, 1948-ല്‍ അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തി (എ.ബി.വി.പി.) ന് രൂപം കൊടുത്തത് നാം കണ്ടു. പിന്നീട് അത് സംഘപരിവാര്‍ സംഘടനകളിലൊന്നായി തീര്‍ന്നു. 1955ലാണ് പരിവാര്‍ സംഘടനകളില്‍ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഭാരതീയ മസ്ദൂര്‍ സംഘി (ബി.എം.എസ്.) ന് രൂപം നല്‍കിയത്. വര്‍ഗ്ഗം എന്ന പരികല്പനയിലൂന്നി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിദുര്‍ഗ്ഗമായ തൊഴിലാളി പ്രസ്ഥാനത്തില്‍ വിള്ളലുണ്ടാക്കാനാണ് അത് സ്ഥാപിച്ചത്. അതിന് മുമ്പ് ഹിന്ദു വംശീയത എന്ന ആര്‍.എസ്.എസിന്റെ അടിസ്ഥാന ആശയം സാധിതപ്രായമാക്കുന്നതിന്റെ മുന്നോടിയായി, ആദിവാസികളെ ബ്രാഹ്മണ രാഷ്ട്രീയത്തോട് ചേര്‍ത്തു നിര്‍ത്തുന്നതിനായി 1952-ല്‍ തന്നെ വനവാസി കല്യാണ്‍ ആശ്രം (വി.കെ.എ.), ആര്‍.എസ്.എസ്. സ്ഥാപിച്ചിരുന്നു. 1964 മെയ് 27ന് ആര്‍.എസ്.എസിന്റെ നിതാന്തശത്രുവായിരുന്ന നെഹ്‌റു അന്തരിച്ചു. അതിന് പിന്നാലെ പൂര്‍ണ്ണമായും പരിവാര്‍ സംഘടനകളിലൊന്നല്ലെങ്കിലും ബന്ധുസംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി.) 1964 ആഗസ്റ്റ് 29ന് ഗോള്‍വാള്‍ക്കറും ചിന്മയാനന്ദനും ചേര്‍ന്ന് സ്ഥാപിച്ചു. ദ്വിതല സംഘടനയായിട്ടാണ് അത് വിഭാവനം ചെയ്തിരുന്നത്. ഒരു തലത്തില്‍ ആര്‍.എസ്.എസുകാരെയും മറുതലത്തില്‍ ഹിന്ദു സന്ന്യാസിമാരെയും കോര്‍ത്തിണക്കിയാണ് ആ സംഘടന രൂപീകരിച്ചത്. വി.എച്ച്.പിയുടെ ആദ്യ ജനറല്‍ സെക്രട്ടറി ആര്‍.എസ്.എസുകാരനായ എസ്.എസ്. ആപ്‌തേയും പ്രസിഡന്റ് സന്ന്യാസിയായിരുന്ന സ്വാമി ചിന്മയാനന്ദനുമായിരുന്നു. വി.എച്ച്.പി. രൂപീകരിച്ചതിന്റെ പിറ്റേദിവസം, അതിന്റെ രൂപീകരണ സ്ഥലിയായ ബോംബെയില്‍ വെച്ച് എസ്.എസ്. ആപ്‌തേ, അതിന്റെ നയം വ്യക്തമാക്കുകയുണ്ടായി: ‘ലോകം ക്രിസ്ത്യന്‍, ഇസ്ലാമിക്, കമ്യൂണിസ്റ്റ് എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഈ മൂന്നു കൂട്ടരും ഹിന്ദു സമൂഹത്തെ സദ്യയുണ്ണാനും തടിച്ചുകൊഴുക്കുന്നതിനുമുള്ള സമ്പന്നമായ തീറ്റിയായാണ് കരുതുന്നത്. അതിനാല്‍ മത്സരത്തിന്റെയും സംഘര്‍ഷങ്ങളുടെയും യുഗത്തില്‍ ഈ മൂന്നിന്റെയും തിന്മയാര്‍ന്ന കണ്ണുകളില്‍ നിന്നും ഹിന്ദുവിനെ രക്ഷിച്ചെടുക്കുന്നതിനെപ്പറ്റി ആലോചിക്കേണ്ടതും ഹിന്ദു ലോകത്തെ സംഘടിതമാക്കേണ്ടതുമുണ്ട്.’

ഈ സമയത്തുതന്നെ ഹിന്ദു വംശീയതയെ സൈദ്ധാന്തികമായി മുന്നോട്ടു കൊണ്ടുവാനുള്ള ശ്രമവും ആര്‍.എസ്.എസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. 1964 ഡിസംബറില്‍ 42 പേജുകള്‍ മാത്രമുള്ള ഒരു പുസ്തകം സംഘദര്‍ശന്‍ എന്ന പേരില്‍ ആര്‍.എസ്.എസ്. പുറത്തിറക്കി. ഇക്കാലയളവില്‍ ആര്‍.എസ്.എസ്. ചെയ്തുകൊണ്ടിരുന്നത് അതിന്റെ ഫാസിസ്റ്റ് സ്വഭാവം മറച്ചുവെച്ച് ദേശീയ സംഘടനയായി സ്വയം പ്രതിഷ്ഠിക്കുക എന്നതായിരുന്നു. ഗാന്ധിവധത്തിന് ശേഷം ഉണ്ടായ സംഭവ വികാസങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്, 1964 നവംബറില്‍, ഗാന്ധിവധത്തിലെ പ്രതികളായി ജീവപര്യന്തം തടവ് അനുഭവിച്ച പ്രതികളുടെ മോചനമായിരുന്നു. 1964 ഒക്ടോബറിലായിരുന്നു, വിഷ്ണു കര്‍ക്കരേയും ഗോപാല്‍ ഗോഡ്‌സേയും മദന്‍ലാല്‍ പഹ്‌വയും ജയില്‍ വിമോചിതരായത്. 1964 നവംബര്‍ 12ന് അവര്‍ക്ക് ഹിന്ദു വംശീയവാദികള്‍ പൂനെയിലെ ഉദ്യാന്‍ കാര്യാലയില്‍ വെച്ച് സ്വീകരണം നല്‍കുകയുണ്ടായി. നാഥുറാം വിനായക് ഗോഡ്‌സേയെ ദേശഭക്ത് ആയാണ് അതിന്റെ ക്ഷണക്കത്തില്‍ വിശേഷിപ്പിച്ചിരുന്നത്. അതിലെ പ്രധാന അതിഥി തിലകിന്റെ കൊച്ചു മകനും ഹിന്ദുമഹാസഭാ നേതാവുമായിരുന്ന ജി.വി. കേത്ക്കര്‍ ആയിരുന്നു. ആര്‍.എസ്.എസ്. നേതാവായ അഭയങ്കറും ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അന്ന് കേത്ക്കര്‍ അവിടെ പ്രസംഗിച്ചപ്പോള്‍, ഗാന്ധിയെ കൊല്ലാന്‍ പോകുന്ന വിവരം ആഴ്ചകള്‍ക്ക് മുമ്പു തന്നെ നാഥുറാം വിനായക് ഗോഡ്‌സേ തന്നോട് വെളിപ്പെടുത്തിയിരുന്നു എന്ന് പറയുകയുണ്ടായി. ഇത് പത്രങ്ങളില്‍ വന്നപ്പോള്‍ വലിയ കോലാഹലം ഉണ്ടാകുകയും പിന്നീട് ഗാന്ധി വധത്തിന്റെ ഗൂഢാലോചന വീണ്ടും അന്വേഷിക്കാനായി ഒരു കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തു.

ഗാന്ധിവധം സൃഷ്ടിച്ച നൂലാമാലകള്‍ ഓര്‍മ്മയിലുള്ളത് കൊണ്ടാകാം, മേല്‍പ്പറഞ്ഞ പുതിയ പരിസ്ഥിതികളുടെ ഭീഷണി താങ്കളുടെ മേല്‍ വീഴാതിരിക്കാനുള്ള ഒരു ശ്രമം കൂടിയായിട്ടാണ് സംഘദര്‍ശന്റെ പ്രകാശനത്തെ കാണേണ്ടത്. ആര്‍.എസ്.എസിന്റെ സ്രഷ്ടാവായി ഹെഡ്‌ഗേവാറിനെ മാത്രമാണ് സംഘദര്‍ശന്‍ എണ്ണിയത്. അതില്‍ പങ്കുവഹിച്ച ബാബാ റാവു എന്ന ഗണേഷ് ദാമോദര്‍ സവര്‍ക്കറെയും ബി.എസ്. മുഞ്‌ജേയെപ്പോലുള്ളവരെയും അത് തമസ്‌ക്കരിച്ചു. ഗാന്ധിവധം വീണ്ടും ചര്‍ച്ചയായ അവസരത്തില്‍ അത്തരമൊരു ഓര്‍മ്മ പുതുക്കല്‍ നടത്തുന്നത് ഭീതിദമായി അവര്‍ക്ക് തോന്നിയിരിക്കണം. അതിന് മുമ്പേ തന്നെ ആര്‍.എസ്.എസിന്റെ രൂപീകരണത്തിലേക്ക് വഴി തെളിച്ച വി.ഡി. സവര്‍ക്കറുടെ ‘ഹിന്ദുത്വ’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആര്‍.എസ്.എസ്. അവസാനിപ്പിച്ചിരുന്നു. അതോടൊപ്പം തന്നെ, ലോകം ഫാസിസത്തെ വെറുപ്പിന്റെ തത്വശാസ്ത്രമായി അംഗീകരിച്ച കാലത്ത് ഗോള്‍വാള്‍ക്കര്‍ തന്നെ അദ്ദേഹം രചിച്ച, ഒരു കാലത്ത് ആര്‍.എസ്.എസിന്റെ ബൈബിള്‍ എന്ന് വിശേഷിപ്പിച്ചിരുന്ന, ‘വി ഓര്‍ അവര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്’ എന്ന ഫാസിസത്തെ പ്രഘോഷിക്കുന്ന പുസ്തകത്തെ തള്ളിപ്പറഞ്ഞിരുന്നു. 1963ലാണ് അത് സംഭവിക്കുന്നത്. ജി.ഡി. സവര്‍ക്കറുടെ ‘രാഷ്ട്രമീമാംസ’ എന്ന ഗ്രന്ഥത്തിന്റെ സംഗൃഹീത വിവര്‍ത്തനമായിരുന്നു അത് എന്ന് പറഞ്ഞാണ് ആ തള്ളിപ്പറയല്‍ നടത്തിയത്. ഈ ലേഖകന്റെ തന്നെ ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകത്തില്‍ ആ തള്ളിപ്പറയലിന്റെ പൊള്ളത്തരങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അങ്ങനെ ആദ്യകാലത്തെ പ്രകടമായ ഫാസിസ്റ്റ് ആഭിമുഖ്യത്തെ മറച്ചു പിടിച്ചാണ് ‘ഏകാത്മ മാനവവാദ’ത്തെ പോലെത്തന്നെ ‘സംഘദര്‍ശ’നും പുറത്തിറങ്ങുന്നത്. തങ്ങള്‍ക്ക് മറച്ചുപിടിക്കാനുള്ളതിനെ, ഒരു കള്ളച്ചരിത്ര നിര്‍മ്മാണത്തിലൂടെ പൂരിപ്പിക്കുകയാണ് സംഘദര്‍ശന്‍ ചെയ്യുന്നത്. ദേശീയബോധം ഉണര്‍ത്തുകയും ദേശീയ ഐക്യം സൃഷ്ടിക്കുകയുമാണ് ദേശീയമായ അതിജീവനത്തിനുള്ള ഏക ഉറപ്പ് എന്നതായിരുന്നു ഹെഡ്‌ഗേവാറിന്റെ അന്തിമ നിഗമനം എന്നതില്‍ രേഖപ്പെടുത്തി. ഇന്ത്യാ ചരിത്രം ഓടിച്ചു വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന വസ്തുത, ഇന്ത്യന്‍ ദേശീയതാ ബോധം ഉയര്‍ന്നു വന്ന സമരങ്ങളെ തകര്‍ക്കാനാണ് ആര്‍.എസ്.എസ്. ശ്രമിച്ചിരുന്നതെന്ന്. അങ്ങനെ ഇന്ത്യന്‍ ദേശീയത എന്ന സങ്കല്പനത്തെ ഹൈജാക്ക് ചെയ്യാന്‍ സംഘദര്‍ശന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഗാന്ധിവധം വീണ്ടും സജീവമായ സന്ദര്‍ഭത്തില്‍ ആര്‍.എസ്.എസിന്റെ ‘മതേതരത്വ’വും ‘രാഷ്ട്രീയ രാഹിത്യ’വും ഉറപ്പിക്കാനും സംഘദര്‍ശന്‍ ശ്രമിക്കുന്നു. ഹൈന്ദവേതരര്‍ക്കെതിരെ യാതൊരു വെറുപ്പും സംഘപ്രവര്‍ത്തകര്‍ക്കില്ലെന്ന് അത് പ്രഖ്യാപിക്കുമ്പോള്‍, ഹൈന്ദവേതര ഭക്ഷ്യരീതിക്കെതിരെ പാര്‍ലിമെന്റ് വരെ വളയാന്‍ തയ്യാറായ സന്ന്യാസിമാര്‍ക്ക് പിന്തുണ നല്‍കിയിട്ട് നാളുകള്‍ ഏറെയായിട്ടില്ല എന്ന കാര്യം ഒളിച്ചു വയ്ക്കുന്നു. ‘ശക്തി ഉണര്‍ത്താനുള്ള തരത്തില്‍ സ്വയം പുനഃസൃഷ്ടി നടത്തുക എന്നതിലാണ് സംഘ് ഉറ്റുനോക്കുന്ന’തെന്നും ‘നമ്മള്‍ തന്നെയാണ് നമ്മുടെ വീഴ്ചയുടെ കാരണക്കാരെ’ന്നും അത് കണ്ടെത്തുന്നു.

ഗോള്‍വാള്‍ക്കര്‍ തന്നെ എങ്ങനെയാണ് ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യസമരത്തെ വീക്ഷിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

‘ഓരോ കാലത്തും രാജ്യത്തില്‍ വികസിച്ചു വരുന്ന സ്ഥിതിവിശേഷങ്ങള്‍ക്കനുസരിച്ച് മനസ്സുകളില്‍ അസ്വസ്ഥത പടരാറുണ്ട്. 1942-ല്‍ അത്തരം ഒരു അസ്വസ്ഥത ഉണ്ടായിരുന്നു (ക്വിറ്റ് ഇന്ത്യാ സമരത്തെയാണ് ഗോള്‍വാള്‍ക്കര്‍ സൂചിപ്പിക്കുന്നത്). അതിന് മുമ്പ് 1930-31-ല്‍ ഒരു പ്രസ്ഥാനം ഉണ്ടായി (ഉപ്പു സത്യാഗ്രഹത്തെയാകും ഗോള്‍വാള്‍ക്കര്‍ സൂചിപ്പിക്കുന്നത്). ആ സമയത്ത് നിരവധി മറ്റാളുകള്‍ ഡോക്ടര്‍ജി (ഹെഡ്‌ഗേവാര്‍ )യുടെ അടുത്തേക്ക് പോകുകയുണ്ടായി. ഈ സമരം സ്വാതന്ത്ര്യം നേടിത്തരുമെന്നും സംഘ് അക്കാര്യത്തില്‍ പിന്നില്‍ പോകരുതെന്നും ആ ദൗത്യസംഘം ഡോക്ടര്‍ജിയോട് അഭ്യര്‍ത്ഥിച്ചു. ആ സമയത്ത് ഒരു ചെറുപ്പക്കാരന്‍ താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് ഡോക്ടര്‍ജിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതിവചിച്ചത് ‘തീര്‍ച്ചയായും പോകൂ, പക്ഷെ അപ്പോള്‍ നിന്റെ കുടുംബത്തെ ആര് സംരക്ഷിക്കും?’ എന്നാണ്. ആ മാന്യന്‍ മറുപടി പറഞ്ഞു, ‘രണ്ടുവര്‍ഷത്തേക്ക് കുടുംബ നടത്തിപ്പിനാവശ്യമായ പണം മാത്രമല്ല, ആവശ്യമെങ്കില്‍ അടയ്‌ക്കേണ്ടി വരുന്ന പിഴകള്‍ക്കുള്ള പണം പോലും ഞാന്‍ സമാഹരിച്ചിട്ടുണ്ട്.’ അപ്പോള്‍ ഡോക്ടര്‍ജി അദ്ദേഹത്തിനോട് പറഞ്ഞു, ‘താങ്കള്‍ പണം മുഴുവനായും സമാഹരിച്ചിട്ടുണ്ടെങ്കില്‍ രണ്ടു വര്‍ഷം സംഘിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വരൂ!’ വീട്ടില്‍ തിരിച്ചെത്തിയ ശേഷം ആ മാന്യന്‍ ജയിലില്‍ പോകുകയോ സംഘിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വരികയോ ചെയ്തില്ല.’

1930-ല്‍ രാജ്യമാകെ പടര്‍ന്ന പ്രക്ഷോഭത്തില്‍ നിന്ന് ഹെഡ്‌ഗേവാര്‍, ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തിയ പോലെത്തന്നെ 1942ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി. ‘1942ലും ഒരുപാടു പേരുടെ ഹൃദയങ്ങളില്‍ ശക്തമായ വികാരമുണ്ടായി. ആ സമയത്തു കൂടി, സംഘിന്റെ ദൈനംദിന പരിപാടികള്‍ തുടര്‍ന്നു. എന്തെങ്കിലും നേരിട്ട് ചെയ്യില്ലെന്ന് സംഘ് പ്രതിജ്ഞ ചെയ്തു. നമ്മള്‍ ഓര്‍ക്കേണ്ടത് നമ്മുടെ പ്രതിജ്ഞയില്‍ നാം സംസാരിച്ചത് മതത്തേയും സംസ്‌ക്കാരത്തേയും പ്രതിരോധിച്ചു കൊണ്ടുള്ള സ്വാതന്ത്ര്യത്തെയാണ്. അതില്‍ ബ്രിട്ടീഷുകാര്‍ ഇവിടം വിടണമെന്ന പരാമര്‍ശം ഉണ്ടായിരുന്നില്ല. ‘

സ്വാതന്ത്ര്യസമരത്തോടുള്ള വിമുഖതയെ, അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊക്കെ പരസ്യമായി വെളിവാക്കുകയും, സ്വാതന്ത്ര്യത്തിന് ശേഷം നാം നേരത്തെ കണ്ടപോലെ രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഘടന, വര്‍ഷങ്ങള്‍ക്ക് ശേഷം ദേശീയത എന്ന ചരിത്രാദര്‍ശത്തിന്റെ കുത്തക ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് വെറും പരിഹാസ്യമായി മാത്രം കണ്ടാല്‍പ്പോരാ. ഈ സത്യാനന്തരതയാണ് ഹിന്ദുവംശീയ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം എന്ന് മനസ്സിലാക്കുകയാണ് നാം ചെയ്യേണ്ടത്. ചരിത്രത്തിന്റെ കുതിപ്പുകളെ ലളിതമായ ചില പ്രക്രിയകളിലൂടെ തങ്ങളുടേതാക്കുക. അപ്പോള്‍ പോലും ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്കിനെ നിരന്തരം അസ്ഥിരപ്പെടുത്തിക്കൊണ്ട് ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായി നിരന്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍. അയോദ്ധ്യാപ്രക്ഷോഭവും പശുസംരക്ഷണ പ്രക്ഷോഭവുമൊക്കെ ഹിംസാത്മകമായി തന്നെയാണ് അവര്‍ നടത്തിയത് എന്ന് നാം കണ്ടു കഴിഞ്ഞു. ആ അര്‍ത്ഥത്തില്‍ രാഷ്ട്രീയത്തില്‍ അക്രമാസക്തമായി ഇടപെടുമ്പോഴും സംഘ്ദര്‍ശനില്‍ അവര്‍ അവകാശപ്പെടുന്നത് രാഷ്ട്രീയം തങ്ങളുടെ വിഷയമല്ലെന്നാണ്. ‘രാഷ്ട്രീയ ശത്രുതയ്‌ക്കോ അതിന്റെ കയ്പിനോ സംഘില്‍ ഒരു സ്ഥാനവുമില്ല. കാരണം സംഘ് ദൈനംദിന രാഷ്ട്രീയത്തില്‍ നിന്നും അതിനെതന്നെ ദയാരഹിതമായി മാറ്റിനിര്‍ത്തുന്നു. ദേശീയമായ ഏകത, തെരഞ്ഞെടുപ്പുകളില്‍ കൂടിയോ രാഷ്ട്രീയ പ്രചരണങ്ങളില്‍ കൂടിയോ നേടാന്‍ കഴിയുമെന്ന് അത് വിചാരിക്കുന്നില്ല.’

1965-ല്‍ ഗോള്‍വാള്‍ക്കര്‍ പ്രകൃതി ചികിത്സ ചെയ്യുന്നതിനായി കേരളത്തിലെ പട്ടാമ്പിയിലെത്തി. അവിടെയിരുന്നാണ് അദ്ദേഹം തന്റെ എഴുത്തുകളുടെ സമാഹാരമായ ‘വിചാരധാര’ (Bunch of Thoughts) യുടെ രൂപകല്പന അന്തിമമായി തീരുമാനിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ‘നമ്മള്‍ അഥവാ നമ്മുടെ നിര്‍വ്വചിക്കപ്പെട്ട ദേശീയാസ്തിത്വം’ എന്ന പുസ്തകം പച്ചയ്ക്ക് ഫാസിസം പറയുന്ന ഒന്നായതിനാല്‍, മാറിയ സാഹചര്യത്തില്‍ അതിന്റെ കര്‍ത്തൃത്വം ഉപേക്ഷിച്ചത് നാം കണ്ടു. എന്നാല്‍ വിചാരധാരയുടെ പേജുകളില്‍ അതേ വാദങ്ങള്‍ പൊയ്മുഖമണിഞ്ഞ് പ്രത്യക്ഷപ്പെട്ടു. ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും സ്ത്രീജീവിതത്തിന്റെ ആധുനികമാനങ്ങളോടുള്ള എതിര്‍പ്പും അതിലും ആവര്‍ത്തിച്ചു. അതിന്റെ രീതികള്‍ പക്ഷെ വ്യത്യസ്തമായിരുന്നു. നമുക്ക് ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം. ‘ഒരിക്കല്‍ ഞാന്‍ ഒരു ക്രിസ്ത്യന്‍ പ്രേഷിത പ്രവര്‍ത്തകനോട് അവരെന്തുകൊണ്ടാണ് നമ്മുടെ വിശുദ്ധലിഖിതങ്ങളെയും ദേവന്മാരേയും ദേവതകളെയും അപഹസിക്കുന്നതെന്ന് ചോദിക്കുകയുണ്ടായി. അയാള്‍ തുറന്നു പറഞ്ഞു, ‘ഞങ്ങളുടെ ലക്ഷ്യം ഹിന്ദുക്കളുടെ ഹൃദയത്തില്‍ നിന്നും വിശ്വാസത്തെ ചവിട്ടിപ്പുറത്താക്കുകയാണ്. അവന്റെ വിശ്വാസം തകര്‍ന്നാല്‍ അവന്റെ ദേശീയതയും തകര്‍ക്കപ്പെടും. അപ്പോള്‍ ആ ശൂന്യത ക്രിസ്ത്യന്‍ വിശ്വാസം കൊണ്ട് നികത്താന്‍ ഞങ്ങള്‍ക്കെളുപ്പമാകും.’
മറ്റൊരിടത്ത് ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ എഴുതുന്നു, ‘നിര്‍ണ്ണായകമായ കാര്യം എന്തെന്നാല്‍ അവര്‍ (ന്യൂനപക്ഷങ്ങള്‍) ഈ മണ്ണിന്റെ മക്കളാണെന്ന കാര്യം ഓര്‍ക്കണമെന്നുള്ളതാണ്. നമ്മള്‍ മാത്രം അക്കാര്യം ഓര്‍ത്തത് കൊണ്ട് എന്താണ് ഗുണം? ആ വികാരം, ആ ഓര്‍മ അവരാല്‍ പോഷിപ്പിക്കപ്പെടേണ്ടതാണ്. ആരാധനാരീതിയിലുള്ള മാറ്റം കൊണ്ടുമാത്രം ഒരാള്‍ മണ്ണിന്റെ മകനല്ലാതാകുന്നു എന്ന് പറയാന്‍മാത്രം ഞങ്ങള്‍ അത്ര ഉദാരരല്ല. ദൈവത്തെ എന്ത് പേര് ചൊല്ലി വിളിക്കുന്നതിനും ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല. പക്ഷെ, ഇസ്ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ പരിവര്‍ത്തനം ചെയ്യപ്പെട്ട ഈ ജനങ്ങളുടെ സമീപനം എന്താണ്? അവര്‍ ജനിച്ചത് ഈ രാജ്യത്താണ്, ഒരു സംശയവുമില്ല. പക്ഷെ, അവര്‍ അവരുടെ ധാതുക്കളോട് സത്യസന്ധരാണോ? അവരെ വളര്‍ത്തിയ ഈ രാജ്യത്തോട് അവര്‍ നന്ദിയുള്ളവരാണോ? ഈ രാജ്യത്തിന്റേയും അതിന്റെ പാരമ്പര്യത്തിന്റേയും കുട്ടികളാണവര്‍ എന്ന വികാരം അവര്‍ക്കുണ്ടോ? അതിനെ സേവിക്കുക എന്നത് അവരുടെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുണ്ടോ? അതിനെ സേവിക്കുന്നത് തന്റെ കടമയാണെന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? ഇല്ല. അവരുടെ വിശ്വാസത്തിനൊപ്പം രാഷ്ട്രത്തോടുള്ള അവരുടെ സ്‌നേഹവും അര്‍പ്പണ മനോഭാവവും പോയിരിക്കുന്നു.’

മുസ്ലീമിനേയും ക്രിസ്ത്യാനിയേയും രാജ്യസ്‌നേഹമില്ലാത്തവരായി വിധിക്കുക, അവര്‍ പ്രാഗ്ഹിന്ദുക്കളാണെന്ന ചരിത്രം മെനഞ്ഞുണ്ടാക്കുക തുടങ്ങി നിരവധി അധീശസ്വഭാവങ്ങള്‍ എല്ലാ ഹിന്ദുത്വ പുസ്തകങ്ങളില്‍ നിന്നെന്ന പോലെ ഇതിലും കാണാന്‍ കഴിയും. അതിനപ്പുറം രാജ്യാധികാരി എന്ന മട്ടിലാണ് ഗോള്‍വാള്‍ക്കര്‍ സംസാരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിലോ ദേശീയതാ നിര്‍മ്മാണത്തിലോ പങ്കുചേര്‍ന്നിട്ടില്ലെന്ന് മാത്രമല്ല, റിപ്പബ്ലിക്കിനെ അസ്ഥിരപ്പെടുത്താനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചിലപ്പോഴെങ്കിലും അതിനെതിരെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നടപടിയേറ്റു വാങ്ങേണ്ടിവരികയും ചെയ്ത ഒരു സംഘത്തിന്റെ തലവനാണ് താനെന്ന യാഥാര്‍ത്ഥ്യത്തിന്റെ ലാഞ്ഛന പോലും വിചാരധാരയിലെ ലേഖനങ്ങളില്‍ ഗോള്‍വാള്‍ക്കര്‍ നല്കുന്നില്ല. ആ എഴുത്തുവ്യക്തിത്വം സംസാരിക്കുന്നത് ഭരണഘടനയെ തരിമ്പും വിലവെയ്ക്കാത്ത ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രത്തിന്റെ അധിപതി എന്ന അബോധം കൊണ്ടാണ്. ദേശീയതയുടെ നിര്‍വ്വചിക്കപ്പെട്ട മാനങ്ങളുമായി തന്റെ വാദത്തെ-അവ ദേശീയതയെ കുറിച്ചാണുതാനും-തട്ടിച്ചു നോക്കാന്‍ ഒരിടത്തും ഗോള്‍വാള്‍ക്കര്‍ മെനക്കെടുന്നില്ല. ‘നമ്മള്‍ അഥവാ നമ്മുടെ നിര്‍വ്വചിക്കപ്പെട്ട ദേശീയാസ്തിത്വ’ത്തില്‍ ന്യൂനപക്ഷങ്ങളെ നേരിട്ട് ആക്രമിക്കുകയായിരുന്നെങ്കില്‍, വിചാരധാരയില്‍ ന്യൂനപക്ഷങ്ങളാല്‍ ആക്രമിക്കപ്പെടുന്ന ഹിന്ദുവിനെയാണ് അരങ്ങില്‍ പ്രതിഷ്ഠിക്കുന്നത്. എന്നാല്‍ ഹിന്ദുസംസ്‌കാരം = ദേശീയത എന്ന സമവാക്യം അങ്ങനെ തന്നെ നിലനിര്‍ത്തുന്നു. ഇനി ദളിത്, ആദിവാസി സംവരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വാദങ്ങള്‍ എന്താണെന്ന് നോക്കാം. വിചാരധാരയില്‍ ഇങ്ങനെ കാണാം:

‘ഭരണകൂടത്തിന്റെ സംവിധാനം പോലും ഈ ഭിന്നതകളെ വിപുലീകരിക്കുന്നതിനായി ദുരുപയോഗം ചെയ്യുന്നു. ഹരിജന്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗം എന്ന് വിളിക്കുക വഴി നമ്മുടെ ജനതയുടെ വിഭാഗങ്ങളില്‍ അസൂയയും വൈരുദ്ധ്യവും മൂര്‍ച്ഛിപ്പിക്കുന്ന തരത്തിലുള്ള വിഭാഗീയ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നു. പ്രത്യേക ഇളവുകളുടെ സമ്മാന പരമ്പര ഒരുക്കുക വഴി പണത്തിന്റെ തിളക്കത്തില്‍ അടിമകളാകാനുള്ള, ഒരു ലേലത്തില്‍ അവരെ തളച്ചിടുന്നു.’

‘ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള സവിശേഷ പരിഗണനകള്‍ തുടരുന്നത് പ്രത്യേക അസ്തിത്വമായി നിലനില്‍ക്കാനുള്ള നിക്ഷിപ്ത താത്പര്യം അവരില്‍ ഉളവാക്കും. അത് ബാക്കി വരുന്ന സമൂഹവുമായി കൂടിച്ചേരുന്നതില്‍ നിന്നും അവരെ തടയും. പാവപ്പെട്ടവരും അത്യാവശ്യക്കാരും പുറന്തള്ളപ്പെട്ടവരുമില്ലാത്തതായി ഒരു ജാതിയും ഇല്ല.’ ഈ വാദം മുന്നോട്ടുവെച്ച ശേഷം സാമ്പത്തിക സംവരണം പോംവഴിയായി ഗോള്‍വാള്‍ക്കര്‍ നിര്‍ദ്ദേശിക്കുന്നു. ‘മുന്‍ഗണനകള്‍ ജനതയുടെ സാമ്പത്തികാവസ്ഥയെ ആശ്രയിച്ചാകണം. അത്തരമൊരു പരിഹാരം കാര്യങ്ങളെയും മറ്റുള്ളവര്‍ക്കിടയിലെ ഹൃദയങ്ങളുടെ ചുട്ടുനീറ്റത്തെയും സുഗമമാക്കുകയും ഹരിജന്‍ എന്ന് വിളിക്കപ്പെട്ടവര്‍ മാത്രം മുന്‍ഗണനകള്‍ ആസ്വദിക്കുന്നതിനെ തടയുകയും ചെയ്യുന്നു.’

ബ്രാഹ്മണിസത്തിന്റെ കാലത്തെ അധികാര ആസ്വാദനം ആധുനിക കാലത്ത് അന്യമായി തീരുമെന്ന കുടില ചിന്തയാണ്, ഹിന്ദു വംശീയതയായി ബ്രാഹ്മണിസത്തെ വികസിപ്പിച്ചെടുക്കാന്‍, ഹിന്ദുത്വ എന്ന പുസ്തകത്തിന്റെ രചനയിലേയ്ക്ക് സവര്‍ക്കറെ പ്രേരിപ്പിച്ചതെന്ന് നാം കാണുകയുണ്ടായി. ആര്‍.എസ്.എസും ഹിന്ദുവംശീയ സംഘടന എന്ന നിലയിലാണ് ഇന്നും പ്രവര്‍ത്തിച്ചു വരുന്നത്. അതേ സമയം ഹിന്ദുവംശീയതയുടെ തൊലിയൊന്നു നീക്കിനോക്കിയാല്‍ ശ്രുതി, സ്മൃതി, പുരാണോക്തമായ ബ്രാഹ്മണിസം എന്നിവ തെളിഞ്ഞു കാണാമെന്ന് വിചാരധാരയിലെ മേലുദ്ധരിച്ച ഭാഗങ്ങള്‍ ന്യായമായ തെളിവു തരുന്നു. ബ്രാഹ്മണിസം പുറന്തള്ളിയ വിഭാഗങ്ങള്‍ ആധുനിക ലോകത്തിന്റെ നീതിബോധം സൃഷ്ടിച്ച സാമൂഹ്യനീതിയുടെ പടവുകള്‍ പിന്നിട്ട് സാമൂഹ്യ ചലനാത്മകത ആര്‍ജ്ജിക്കുന്നതിനെതിരെയുള്ള അസഹിഷ്ണുത ഇവിടെ തെളിഞ്ഞു കാണാം. സംവരണത്തെ സമ്പത്താര്‍ജ്ജിക്കാനുള്ള കുറുക്കുവഴിയായി ചിത്രീകരിക്കുമ്പോള്‍ സംവരണം എന്ന ആശയം യഥാര്‍ത്ഥത്തില്‍ അധികാരത്തിലെ പങ്കാളിത്തം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ആവിഷ്‌ക്കരിച്ചതാണ് എന്നത് ഗോള്‍വാള്‍ക്കര്‍ മറച്ചുവെയ്ക്കുന്നു.

ദളിതരെ സവര്‍ണ്ണര്‍ ആക്രമിച്ച സംഭവങ്ങളെ ഗോള്‍വാള്‍ക്കര്‍ വായിക്കുന്നതിങ്ങനെ:

‘വളരെ പെട്ടെന്ന്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ‘ഹരിജന’ങ്ങളെ ‘ജാതി ഹിന്ദുക്കള്‍’ അതിക്രമിക്കുന്നതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ വര്‍ത്തമാനപ്പത്രങ്ങളില്‍ കുത്തൊഴുക്കായി പ്രത്യക്ഷപ്പെടുന്നു. ഞാന്‍ ശക്തമായി വിശ്വസിക്കുന്നത് ഇത്തരം റിപ്പോര്‍ട്ടിങ്ങ് പ്രേരിതമാണെന്നാണ്. കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടതും സൂക്ഷ്മവുമായ ഈ പ്രചരണത്തിന് പിന്നില്‍ ഏതെങ്കിലും വിദേശക്കൈ ഉണ്ടെന്ന് എനിക്ക് സംശയമുണ്ട്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇത്തരം വാര്‍ത്താ ശകലങ്ങള്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.’

ജാതിപീഡനത്തെ, ഒരു ഹിന്ദു വംശീയവാദി എന്ന നിലയിലെങ്കിലും അപലപിക്കുന്നതിനും അതിനെതിരെ പ്രവര്‍ത്തിക്കുന്നതിനും പകരം അവയെ തള്ളിപ്പറയാനും അക്കാലത്തെ ശക്തമായ സംജ്ഞയായിരുന്ന വിദേശ ഹസ്ത പരാമര്‍ശം കൊണ്ട് അകറ്റി നിര്‍ത്താനുമാണ് ഗോള്‍വാള്‍ക്കര്‍ ശ്രമിക്കുന്നത്. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള ഇത്തരം പരാമര്‍ശങ്ങള്‍, ഹിന്ദു വംശീയതയെന്നത് പൊതിഞ്ഞുവെച്ച ബ്രാഹ്മണിസമല്ലാതെ മറ്റൊന്നുമല്ല എന്നത് തെളിയിക്കുന്നു. ഇനി സ്ത്രീകളെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ നോക്കാം.

യാഥാസ്ഥിതികര്‍ക്ക് രുചിക്കുന്ന വാദങ്ങളിലൂടെ സ്ത്രീകളുടെ സാമൂഹ്യ ചലനാത്മകത തടയുന്ന വാദങ്ങളും വിചാരധാരയില്‍ സുലഭമായി കാണാം. ‘ഗുണകാംക്ഷിയായ ഒരു വനിത അവളുടെ ശരീരം പൊതിഞ്ഞു സൂക്ഷിക്കുന്നു. പക്ഷെ ‘ആധുനിക’ സ്ത്രീകള്‍ ചിന്തിക്കുന്ന്, അവരുടെ ശരീരത്തെ പൊതുജനങ്ങളുടെ നോട്ടത്തിന് കൂടുതല്‍ കൂടുതല്‍ അനാവൃതമാക്കുന്നതിലാണ് ആധുനികത കിടക്കുന്നതെന്നാണ്. എന്തൊരു പതനം.’

മാതാവിനെ മമ്മി എന്ന് അഭിസംബോധന ചെയ്യുന്ന രീതിയേയും ഗോള്‍വാള്‍ക്കര്‍ പരിഹസിക്കുന്നു. അതിന്റെ പടിഞ്ഞാറന്‍ ചുവയാണ് ഗോള്‍വാള്‍ക്കറെ ചൊടിപ്പിക്കുന്നത്. എന്നാല്‍ പടിഞ്ഞാറന്‍ സംസ്‌കൃതിയുടെ അധിനിവേശത്തെ നേരിടാനല്ല അദ്ദേഹം ശ്രമിച്ചത്. അപഹാസ്യമായ ഒരു അസംബന്ധത്തിലൂടെയാണ്. ‘ആ പദം സംവേദനം ചെയ്യുന്നത് എന്തിനെയെന്ന് നമുക്കറിയാമോ? ഈജിപ്തില്‍ അവരുടെ പഴയ രാജാക്കന്മാരെ അടക്കം ചെയ്ത കൂറ്റന്‍ ശ്മശാനങ്ങള്‍ ഉണ്ട്. അവയെ പിരമിഡുകള്‍ എന്നാണ് വിളിക്കുന്നത്. അതിനുള്ളില്‍ അടക്കം ചെയ്ത ശവശരീരങ്ങളെ മമ്മികള്‍ എന്നു വിളിക്കുന്നു. ഇവിടെ നമ്മള്‍ നമ്മുടെ ജീവനുള്ള, സ്‌നേഹനിധിയായ അമ്മമാരെ മമ്മികള്‍ എന്നു വിളിക്കുന്നു.’

 

പാശ്ചാത്യ മാതൃകയിലുള്ള സ്ത്രീകളുടെ ക്ലബ്ബുകളേയും ഗോള്‍വാള്‍ക്കര്‍ വിമര്‍ശിക്കുന്നത് ധീരേന്ദ്ര കെ ഝാ, തന്റെ ‘ഗോള്‍വാള്‍ക്കര്‍: ദി മിത്ത് ബിഹൈന്‍ഡ് ദി മാന്‍, ദി മാന്‍ ബിഹൈന്‍ഡ് ദി മെഷീന്‍’ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘വിദ്യാസമ്പന്നരായ അമ്മമാര്‍ തങ്ങളുടെ സമയവും ഊര്‍ജ്ജവും വ്യയം ചെയ്യുന്നത് പൊങ്ങച്ചക്ലബ്ബുകളിലെ പരദൂഷണങ്ങളിലാണ്’ എന്ന് വിചാരധാരയിലെ ഒരിടത്ത് കാണാം. വേറൊരിടത്ത്, ‘ഇപ്പോള്‍ സ്ത്രീ സമത്വത്തിനും പുരുഷന്റെ ആധിപത്യത്തില്‍ നിന്നുള്ള അവരുടെ വിമോചനത്തിനുമായുള്ള കോലാഹലങ്ങള്‍ ഉണ്ടാകുന്നുണ്ട്. അധികാരത്തിന്റെ വിവിധ തലങ്ങളില്‍ ലിംഗവ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ആവശ്യപ്പെടുന്നുമുണ്ട്. അതുവഴി ജാതിസമ്പ്രദായ(castism)ത്തിന്റേയും വര്‍ഗ്ഗീയത(communalism)യുടേയും മറ്റു ഇസങ്ങളുടേയും നിരയില്‍ ഒരു ഇസം കൂടി ഉണ്ടായിരിക്കുന്നു- സെക്‌സിസം.’

അവസാനമായി, മുസ്ലീങ്ങള്‍ പാകിസ്ഥാന്റെ അഞ്ചാംപത്തിയായാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്ന അതിനീചമായ വാദവും ഗോള്‍വാള്‍ക്കര്‍ മുന്നോട്ടു വയ്ക്കുന്നു. ‘രാജ്യത്തിനുള്ളില്‍ ധാരാളമായി മുസ്ലീം പോക്കറ്റുകളുണ്ട് – അതായത് ചെറു പാകിസ്ഥാനുകള്‍.’ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ അതിനാവശ്യമായ തെളിവിന്റെ തുരുമ്പു പോലും ഗോള്‍വാള്‍ക്കര്‍ തരുന്നില്ല. മഹാരാഷ്ട്രയിലെ മാലേഗാവില്‍, 1963ലുണ്ടായ ലഹളയെപ്പറ്റി ഗോള്‍വാള്‍ക്കര്‍ പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്: ‘രാത്രി 9 മണിക്കാണ് ലഹളയുണ്ടായത് എന്ന് പറഞ്ഞതിന് ശേഷം പിറ്റേന്ന് രാവിലെ തന്നെ അവിടെ മുസ്ലീങ്ങളുടെ വംശഹത്യ നടന്നതായി പാകിസ്ഥാന്‍ റേഡിയോ അറിയിച്ചു. എങ്ങനെയാണ് പാകിസ്ഥാന്‍ ഇക്കാര്യങ്ങള്‍ ഏതാനും മണിക്കൂറുകള്‍ കൊണ്ടറിഞ്ഞത്? അവിടെ ഏതെങ്കിലും പാകിസ്ഥാന്‍ അനുകൂലിയായ മാന്യന്‍ ട്രാന്‍സ്മിറ്ററുമായി ഉണ്ടായിരുന്നിരിക്കണം. അയാള്‍ പാകിസ്ഥാനുമായി നിരന്തരം ബന്ധപ്പെട്ടിരിക്കണം.’ യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിനു ശേഷം ഗോള്‍വാള്‍ക്കര്‍ ഉപസംഹരിക്കുന്നു. ‘പ്രായോഗികമായി എല്ലാ ഇടത്തും പാകിസ്ഥാനുമായി ട്രാന്‍സ്മിറ്ററിലൂടെ നിരന്തരം ബന്ധം പുലര്‍ത്തുന്ന മുസ്ലീങ്ങളുണ്ട്. അയാള്‍ ഒരു ശരാശരി പൗരന്റെ അവകാശങ്ങള്‍ മാത്രമല്ല ആസ്വദിക്കുന്നത്, ന്യൂനപക്ഷങ്ങള്‍ ആയതു കൊണ്ടുള്ള അധിക മുന്‍ഗണനയും അധിക പരിഗണനയുമാണ്.’ ഏഴുപേര്‍ മരിക്കുകയും 80 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത ഒരു സംഭവത്തെയാണ്, 1963ലെ മലേഗാവ് വര്‍ഗ്ഗീയ ലഹളയെയാണ് ഗോള്‍വാള്‍ക്കര്‍ ന്യായീകരിക്കുന്നത് എന്നോര്‍ക്കണം. പില്‍ക്കാലത്ത് മലേഗാവില്‍ നടന്ന സ്‌ഫോടനത്തിന് പിന്നിലും ഈ വംശീയവാദികളുടെ കയ്യിനെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അത് വരും പേജുകളില്‍ നമുക്ക് ചര്‍ച്ച ചെയ്യാം.

സ്ത്രീകള്‍ക്കും ദളിതര്‍ക്കും രണ്ടാംകിട പരിഗണന കൊടുക്കുന്ന, ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വിഷം ചീറ്റുന്ന ഒരു വികൃത ബ്രാഹ്മണവാദിയെ മാത്രമല്ല, നമുക്ക് വിചാരധാരയില്‍ കാണാനാകുക, സ്വയം അധികാരാസനസ്ഥനാകുന്ന ദിനം കൊതിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റിനെ കൂടിയാണ്.

 

Comments

comments