സൂര്യചന്ദ്രന്മാരെപ്പോലെ, വിദൂരസ്ഥാനങ്ങളിലിരുന്ന് നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ മനുഷ്യർ പ്രതീകങ്ങളുടെ രൂപം പ്രാപിച്ചാവും നമ്മുടെ മനസ്സിൽ നിറയുക. കലാമണ്ഡലം ഹരി ആർ നായർ ഒരു കൂട്ടം പ്രതീകങ്ങളുടെ പ്രതിരൂപമായിരുന്നു എനിക്ക്.
*******
വർഷം 2014. പമ്പാതീരത്തെ മണൽപ്പുറത്ത് സജ്ജമാക്കിയ സുന്ദരമായ വേദിയിൽ പത്തനംതിട്ട ജില്ലാ കഥകളിക്ലബ്ബ് പ്രതിവർഷം നടത്തിവരുന്ന കഥകളിമേളയുടെ അഞ്ചാം ദിവസം നടന്ന ദുര്യോധനവധം കഥകളി കണ്ടു കഴിഞ്ഞ് ഞാൻ തിരികെ നടക്കുകയാണ്. ഒരുവശം ഇരുട്ട് നിറഞ്ഞ പമ്പാനദി. രാത്രിത്തണുപ്പേറ്റു കിടക്കുന്ന പൊടിമണലും പഞ്ചാരമണലും കലർന്ന മണൽപ്പരപ്പിലൂടെ മനസ്സിൽ കഥകളി നിറഞ്ഞ് നടക്കുമ്പോഴാണ്
‘പാട്ടു കഴിഞ്ഞൊരു ഗാകയകൻ വെച്ചതാം
ചേങ്ങിലം പോലെ മയങ്ങുന്ന ഭൂതല’ത്തിന്റെ പ്രഭാവം ഞാൻ ആദ്യമായി അറിയുന്നത്. അന്ന് ശരിക്ക് ഉറക്കം വന്നില്ല. എന്തൊരനുഭവമായിരുന്നു അത്! ദുര്യോധനദുശ്ശാസന്മാരുടെ പടപ്പുറപ്പാട്, സ്ഥലജലഭ്രമം, ചൂതുകളി, ദൂത്, രൗദ്രഭീമൻ, ദുശ്ശാസനവധം, ദുര്യോധനവധം! അന്നാ ഒന്നാം ക്ലാസ്സുകാരൻ പയ്യൻ ഒരു കഥകളിഭ്രാന്തനാവാൻ തീരുമാനിച്ചു. കാർഷികവിളകൾപോലെ കാലം മാറുമ്പോൾ വിതയ്ക്കുന്ന ഇനം മാറുന്ന അവന്റെ സ്ഥിരം ഭ്രാന്തുകൾ പോലെയായിരുന്നില്ല അത്, കളിയോടുള്ള ഉത്സാഹം തലയിൽ ചിരപ്രതിഷ്ഠ നേടി.
കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനാശാന്റെ ദുശ്ശാസനനെയാണ് അന്നെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. താടിവേഷത്തിന്റെ ഗമയൊന്ന് വേറെയാണ്. വലിയ ശരീരം, ഇടയ്ക്കിടെ നന്നായി അലറാം, ബഹളം വെക്കാം, ഒരോ ചലനവും അരങ്ങിനെ പിടിച്ചുകുലുക്കും, വല്ലപ്പോഴും നല്ല തമാശയും കാണിക്കും, അങ്ങനെയങ്ങനെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. ഇപ്രകാരം അരങ്ങ് നിറഞ്ഞുനിൽക്കുന്ന വേഷം എങ്ങനെയാണ് ആകർഷണീയമാവാതെയിരിക്കുക, എങ്ങനെയാണതിന്റെ ആരാധകനാവാതെയിരിക്കുക? പിന്നെ അവസരം കിട്ടിയപ്പോഴൊക്കെ ഞാൻ കഥകളി കണ്ടു, ‘അലറുന്ന ഒരു വേഷമെങ്കിലും വേണം’ നിബന്ധന അതുമാത്രമായിരുന്നു. സ്വന്തം നൈപുണികളെക്കുറിച്ചും കഴിവുകളെക്കുറിച്ചും ആത്മജ്ഞാനമില്ലാത്ത പ്രായമായതിനാൽ, തകർപ്പനൊരു താടിക്കാരനായി കുറ്റിച്ചാമരമെടുത്ത് തലയിലേറ്റി അരങ്ങുകളിൽ ആടിക്കൊണ്ടേയിരിക്കണമെന്നായിരുന്നു അപ്പോഴത്തെ ഏറ്റവും വലിയ മോഹം. മോഹത്തിനു പിറകേ കഥകളിവേഷം പഠിക്കാനും ചേർന്നു. മെലിഞ്ഞ് വാരിയെല്ലുതെളിഞ്ഞുനിന്ന എന്റെ ആരോഗ്യമായിരുന്നു എല്ലാവരുടേയും പ്രധാന ആശങ്ക.
“കുഞ്ഞ് നേരാവണ്ണം വല്ലതും കഴിക്കാൻ ശീലിക്കാതെ ഉടുത്തുകെട്ടാനൊന്നും പറ്റില്ല” – അതിനോടകം ഞാൻ പരിചയപ്പെട്ടുകഴിഞ്ഞിരുന്ന ഉണ്ണിത്താനാശാനും മറ്റനേകം മുതിർന്നവരും പറഞ്ഞു. ‘നീ കുചേലവേഷം കെട്ടും’ എന്ന് കളിയായിപ്പറഞ്ഞ മുതിർന്നഗണത്തിന്റെ വാക്കുകൾ എന്നെ കുറച്ചൊന്നുമല്ല പേടിപ്പെടുത്തിയതും സങ്കടപ്പെടുത്തിയതും. ആയിടയ്ക്കാണ് ‘താടിവേഷത്തിന്റെ രംഗശോഭ’ എന്ന പുസ്തകത്തിൽ ഞാൻ ‘ഇന്നത്തെ താടിവേഷക്കാർ’ക്കിടയിൽ കലാമണ്ഡലം ഹരി ആർ നായരെ കണ്ടുമുട്ടുന്നത്. വേഷത്തില്ലലാതെ ‘മനുഷ്യരൂപത്തിൽ’ പുസ്തകത്താളിൽ നിറഞ്ഞുനിന്ന, തണ്ടും തടിയുമുള്ള ആ ഒത്തമനുഷ്യനെ ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിൽ പിടിച്ചു. മുഖരോമം വടിച്ചുമിനുക്കിയ ആ മുഖത്ത് ആകർഷണീയമായ ഗൗരവ്വം, ചെറുപ്പത്തിന്റെ ഗർവ്വ്. അബോധതലത്തിലെവിടെയോ ഒരാരധന മിന്നി. മാതൃകയാക്കാവുന്ന ജ്യേഷ്ഠബിബം എന്ന നിലയ്ക്ക് ഹരി ആർ നായർ എന്റെ മനസ്സിൽ കയറി. ‘വലുതാവുമ്പോൾ ഞാനും ഇയാളെപ്പോലെ ഒരൊത്ത മനുഷ്യനായി ഒരു താടിക്കാരനാവും’, ആരാധനാപാത്രത്തെപ്പോലെ സമ്പൂർണ്ണനാകുന്നത് സ്വപ്നം കണ്ട് ഞാൻ മനസ്സിൽ കുറിച്ചിട്ടു.
******
ആരാധനാപാത്രത്തെ ആദ്യമായി കാണുന്നത് ആവേശകരമായ പ്രണയത്തിലെന്നപോലെ, സന്തോഷവും ആവേശവും ആകാംക്ഷയും മനസ്സുനിറഞ്ഞുതുളുമ്പി ശരീരത്തിലേക്ക് കുളിരായി തൂവുന്നതുപോലെയുള്ള അനുഭവമുണ്ടാക്കുമെന്ന് ഞാനറിഞ്ഞത് പിന്നെയും നാലുവർഷം കഴിഞ്ഞാണ്. ഇതിനിടയിൽ മെല്ലിച്ചുതന്നെയിരുന്ന എന്റെ അരങ്ങേറ്റം കഴിഞ്ഞിരുന്നു. ഇത് അന്യാംരംഭം, രണ്ടാമത്തെ അരങ്ങ്. വേദി മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കഥ നിഴൽക്കുത്ത്. പുറപ്പാടിനുശേഷം എന്റെ മണികണ്ഠൻ, സാക്ഷാൽ കലാമണ്ഡലം ഹരി ആർ നായരുടെ ത്രിഗർത്തൻ. ഊട്ടുപുരയിലെ അണിയറയിൽ നിന്ന് തന്റെ ആറരയടിപ്പൊക്കമുള്ള ഉയരത്തിനുമേൽ കുറ്റിച്ചാമരവും വെച്ച് നിവർന്നിറങ്ങനാവാതെ, ത്രിഗർത്തന്റെ പ്രസിദ്ധമായ വളഞ്ഞുനിൽപ്പിന്റെ മിന്നലാട്ടം പ്രദർശിപ്പിച്ചുകൊണ്ട് വളഞ്ഞിറങ്ങി അമ്പലപ്പറമ്പിലൂടെ സ്ഥായിപിടിച്ചു നടക്കുന്ന ത്രിഗർത്തനെ, ഞാൻ ആവേശത്തോടെ നോക്കി നിന്നു. വേദിയിലെന്നപോലെ അണിയറയിയിലും ഹരി ആർ നായർ നിറഞ്ഞു നിന്നു, ബഹളബിന്ദുവായി.
പിന്നീടു കുറച്ചുകാലം കൂടിക്കഴിഞ്ഞാണ് ഒപ്പം അരങ്ങുപങ്കിടാനായത്. വീരഭദ്രനൊപ്പം എന്റെ ഭൂതം. അപ്പോഴേക്കും വേഷമിടുന്നതിൽ നിന്ന് ‘വിരമിച്ച്’ ആസ്വാദനത്തിൽ മാത്രം ശ്രദ്ധിക്കാൻ ചിന്തിച്ചുതുടങ്ങിയിരുന്ന ഞാൻ, വീരഭദ്രന്റെ വലിയ വട്ടം വെച്ചു കലാശം കണ്ട് അരങ്ങിൽ മതിമറന്നുനിന്നു. ഒരു നാലാമിരട്ടിയ്ക്കൊടുവിൽ അലർച്ചയ്ക്കിടയിലൊളിപ്പിച്ച ‘പിടിയെടാ’ എന്ന ആജ്ഞയോടെ എറിഞ്ഞുതന്ന മഴു പാത്രബോധം മറന്നുനിന്ന എന്റെ തലയിൽ തട്ടി പറന്നു. വീരഭദ്രൻ അന്നത്തെ അരങ്ങാളി. ‘പന്തലുപണിക്കാർക്കിനി വെറുതെ പൊക്കിക്കൊണ്ട് പോയാൽ മതി, തൂണും പന്തലുമെല്ലാം വീരഭദ്രനും പിള്ളേരും ചവിട്ടിയെളക്കി’ എന്നായിരുന്നു അന്നത്തെ സംസാരം. അന്ന് അണിയറയിൽ ഒന്നരലിറ്ററിന്റെ കുപ്പിയിൽ നിന്ന് വെള്ളം നിർത്താതെ കുടിച്ചുതീർത്ത് ഗാംഭീര്യമേറിയ ഒരേമ്പക്കവും വിട്ടിരുന്ന ഹരി ആർ നായർ പൗരുഷാരാധനയുടെ ദൗർബല്യമുള്ള ഒരു സാധാരണ കൗമാരക്കാരനായിരുന്ന എന്നെ വീണ്ടും ഉത്തേജിപ്പിച്ചു.
******
ഹരംപിടിപ്പിച്ച ആദ്യ കഥകളി അനുഭവത്തിനുശേഷം സ്ഥിരമായി കഥകളി കാണാറുണ്ടായിരുന്നെങ്കിലും സങ്കേതങ്ങളെ ഏതാണ്ട് പരിപൂർണ്ണമായി മനസ്സിലാക്കി കഥകളികാണാൻ തുടങ്ങി എന്ന് സ്വയം തോന്നിയത് കൊറോണക്കാലത്തിലാണ്. കലാമണ്ഡലം ഹരി ആർ നായർ അങ്ങനെ മറക്കാനാവാത്ത ആസ്വാദനാനുഭവങ്ങളും പകർന്നുതന്നു. അരങ്ങിലെ താമസഗുണ കഥാപാത്രങ്ങളുടെ ഉത്തമ പ്രതീകമായിരുന്നു ഹരി ആർ നായരുടെ താടിവേഷങ്ങൾ.
വെറും മൂന്നാംകിടവേഷമായി തഴയപ്പെട്ടിരുന്ന ചരിത്രമുള്ള, അരങ്ങത്തു കാര്യമായി ഒന്നും ചെയ്യാനില്ലാതെ ചത്തുവീഴാൻ മാത്രം യോഗമുണ്ടായിരുന്ന താടിവേഷങ്ങൾക്ക് ‘വ്യക്തിത്വം’ കൊടുത്ത ആശാന്മാരുടെ ജീവിതസായാഹ്നത്തിലാണ് ഞാൻ കഥകളി കാണാൻ തുടങ്ങുന്നത്. ഉണ്ണിത്താനാശാനെപ്പോലെയുള്ളവർ അപ്പോഴേക്കും സരസവൃദ്ധന്മാരായി പരിണമിച്ചു കഴിഞ്ഞിരുന്നതിനാൽ ഉദ്ധതകഥാപാത്രങ്ങളുടെ പൂർണ്ണപ്രഭാവത്തിലുള്ള ആവിഷ്കാരം ആസ്വദിപ്പിച്ച കലാകാരന്മാരിൽ പ്രധാനിയായിരുന്നു കലാമണ്ഡലം ഹരി ആർ നായർ. ദ്രുതതാളത്തിലുള്ള പദങ്ങളിൽ പോലും ഉഴപ്പിപ്പോകാത്ത വൃത്തിയായ ചൊല്ലിയാട്ടം, വലിപ്പവും ഭംഗിയുമുള്ള മുദ്രകൾ. ഇവയോടൊപ്പം താടി, കരി വേഷങ്ങളുടെ വലിപ്പമേറിയ ആഹാര്യവും അദ്ദേഹത്തിന്റെ അസാമാന്യ ഉയരവും ഒത്തുചേരുമ്പോൾ വൃത്തം എന്നതുപോലെയൊരു പൂർണ്ണത ആ വേഷങ്ങൾക്കു കൈവരും. വേഷത്തിന്റെ വലിപ്പം അരങ്ങിലെ അണുവിട തെറ്റാത്ത ആട്ടത്തിന് ഇരട്ടി സൗന്ദര്യം പകരും. ഒപ്പം വമ്പൻ മേളക്കൊഴുപ്പും ഇത്തരം വേഷങ്ങൾക്ക് മുദ്രപതിച്ച ഭീകരരാഗങ്ങളും കൂടിച്ചേരുന്ന തൗരത്രികാനുഭവത്തിൽ നാം മതിമറക്കുന്നു. വേദിയിൽ, തന്നേക്കാളും ഉയരത്തിൽ നിൽക്കുന്ന രൂപത്തിന്റെ മുന്നിൽ വലിപ്പത്തോടടുക്കുമ്പോൾ സ്വയം ചെറുതായിപ്പോകുന്ന, വിറളിപ്പോകുന്ന നമ്മുടെ ജീനോർമ്മകൾ സുരക്ഷിതമായ ഒരു ഭയാനുഭവം പകർന്ന് നമ്മെ അത്ഭുതസ്തബ്ധരാക്കുന്നു. ത്രിഗർത്തൻ, പെൺകരിവേഷങ്ങൾ പോലെയുള്ള ഇളകിയാട്ടപ്രധാനമായ വേഷങ്ങളിൽ ഈയനുഭവം എനിക്ക് കൂടുതൽ തോന്നിയിട്ടുണ്ട്. ഇടയ്ക്ക് നിലവാരം ചോരാത്ത നർമ്മം മേമ്പൊടിയ്ക്കും. എനിക്ക് താടിവേഷങ്ങൾ ആവേശകരമായ, രസകരമായ നേരംപോക്കിൽ നിന്നും മനോഹരമായ ആസ്വാദനാനുഭവമായതിൽ ഹരി ആർ നായരുടെ താടിവേഷങ്ങൾക്ക് വലിയ പങ്കാണുള്ളത്.
*******
ഒരു യാത്രയ്ക്കിടയിൽ ആ വാർത്ത കണ്ടപ്പോൾ ഞാൻ അക്ഷരാർഥത്തിൽ ഞെട്ടിഞെരുങ്ങി. കലാമണ്ഡലം ഹരി ആർ നായർ ജീവിതത്തിൽ നിന്നും അരങ്ങിൽ നിന്നും സ്വയം വിരമിച്ചിരിക്കുന്നു. മൂപ്പിളമ പിന്തുടരുന്ന കഥകളി സംസ്കാരത്തിൽ, അസ്സൽ ആശാനാവാൻ അദ്ദേഹത്തിന് ജീവിതമിനിയുമേറെ ബാക്കിയുണ്ടായിരുന്നു. ആവേശഭരിതരായി കളി കാണാൻ കാത്തിരിക്കുന്ന എന്നെപ്പോലെയുള്ളവരുടെ ആഗ്രഹങ്ങളും വെറുതെയായി. ഹരിയാശാനെന്നോ ഹരിയേട്ടനെന്നോ വിളിക്കാനുള്ള അടുപ്പമൊന്നും ഞങ്ങൾക്കിടയില്ലെങ്കിലും വ്യക്തിപരമായ നഷ്ടം തന്നെയാണിതെന്നു തോന്നി. മാതൃകാജ്യേഷ്ഠബിംബമായും താടിവേഷസൗന്ദര്യപ്രതീകമായും മനസ്സിലേക്ക് കയറിക്കൂടിയ ആളാണ് തകർന്നുപോയത് എന്നതുകൊണ്ടാവാം. ഹരി ആർ നായർ മൺമറഞ്ഞുപോയതും സ്വയമൊരു പ്രതീകമായി ആണ്, പലപ്പോഴും അവഗണിക്കപ്പെടുന്ന പുരുഷമാനസികാരോഗ്യത്തിന്റെ പ്രതീകം.
ഹരി ആർ നായരെ ആരാധനാപാത്രമായി കണ്ട് അദ്ദേഹത്തിന്റെ ആസ്വാദകനായി മാറിയ, കാലമുരുണ്ടപ്പോൾ മനഃശാസ്ത്രവിദ്യാർത്ഥിയായി മാറിയ എനിക്ക് ആ പ്രതീകത്തെക്കൂടി വിശദീകരിക്കാതെ പോകുന്നത് സാധ്യമായ കാര്യമല്ല. പുരുഷമേധാവിത്തം നിറഞ്ഞ വ്യവസ്ഥിതിയിൽ, പുരുഷൻ സമം കരുത്തൻ എന്ന സമവാക്യം നിലനിൽക്കുന്ന വ്യവസ്ഥിതിയിൽ ആറരയടിപ്പൊക്കമുള്ള ബഹളമയനായ ഒരുവനിൽ നാമൊരു ദുർബ്ബലമായ മനസ്സിനുടമയെ സങ്കൽപ്പിക്കില്ല. ഇങ്ങനെയാണ് കലാമണ്ഡലം ഹരി നായർ വിസ്മരിക്കപ്പെടുന്ന പുരുഷമാനസികാരോഗ്യത്തിന്റെ പ്രതീകമാകുന്നത്. ഈ പ്രസക്തിയേറിയ വിഷയത്തെ ഓർമ്മിപ്പിക്കുന്ന ജൂൺ മാസം കൂടി കടന്നുപോകുമ്പോൾ നാമിനിയും ശ്രദ്ധാലുകളാവേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുകയാണ് ഈ വേദനിപ്പിക്കുന്ന സംഭവം. അദ്ദേഹത്തിന് നീതി നടപ്പാക്കാനുള്ള പ്രായോഗികശ്രമങ്ങൾക്കൊപ്പം മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകിയുള്ള ഇടപെടലുകൾക്കും നാം ഊർജ്ജം പകരേണ്ടതുണ്ട്. കഥകളികലാകാരന്മാർക്കുള്ള ആശ്വാസക്കൂട്ടായ്മയായ ‘സ്വൈരവചനം’ പോലെയുള്ള ഉദ്യമങ്ങൾ നാം മാതൃകയാക്കേണ്ടതാണ്.
ഇളംപ്രായത്തിൽ തന്നെ സുരക്ഷിതവലയത്തിൽ നിന്ന് വിട്ടുമാറി ഗുരുകുലസമ്പ്രദായത്തിന്റെ ഭാഗമാകുന്നതിന്റെ മാനസികവേദനയ്ക്കൊപ്പം വലിയ ശാരീരികക്ലേശങ്ങളും സഹിച്ചാണ് ഒരാൾ കഥകളി നടനാവുന്നത്. ഈ അനുഭവങ്ങൾ അവരെ എങ്ങനെയാവും രൂപപ്പെടുത്തിയിട്ടുണ്ടാവുക? അവരുടെ വ്യക്തിത്വവികസനത്തെ ഇത് ഏതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ടാകുമോ? വേഷക്കാരനായി പുറത്തിറങ്ങിയതിനുശേഷം ഉറപ്പായ ഒരു വരുമാനമാർഗ്ഗമില്ലാത്ത ജീവിതസാഹചര്യം, സാധാരണക്കാർ ഉണരുമ്പോൾ ഉറങ്ങുകയും ഉറങ്ങുമ്പോൾ ഉണരുകയും ചെയ്യുന്ന വിരോധാഭാസം നിറഞ്ഞ ജീവിതം, ഇവയൊക്കെ കഥകളിക്കാരുടെ വ്യക്തിജീവിത്തേയും കുടുംബജീവിതത്തേയും എങ്ങനെയെല്ലാം സ്വാധീനിക്കുന്നു? കഥകളിസ്ഥലങ്ങളിലെ സാമൂഹികസ്വാധീനങ്ങളിൽ പെട്ട് ലഹരിയുപയോഗങ്ങൾക്ക് അടിമയാവുന്നവരുണ്ടോ? കലാമണ്ഡലം ഹരി ആർ നായരുടെ വിയോഗം കഥകളിക്കാരുടെ മനഃശാസ്ത്രത്തെക്കുറിച്ച് ഗൗരവതരമായ പഠനങ്ങൾ അർഹിക്കുന്ന ചോദ്യങ്ങളാണ് അവശേഷിപ്പിക്കുന്നത്. അദ്ദേഹത്തിനായി ഉടനടി ചേയ്യേണ്ടുന്ന പ്രായോഗികനടപടികൾക്കൊപ്പം നാം ശ്രദ്ധവെക്കേണ്ടുന്ന മേഖലയാണിതും. പഠനത്തിലൂടെ ഉരുത്തിരിയുന്ന അറിവുകൾക്ക് കഥകളിലോകത്തിന്റെ ജീവിതനിലവാരത്തെ അടിമുടി മാറ്റാനുള്ള ആശയങ്ങൾക്ക് വഴിവെട്ടം പകരാൻ സാധിച്ചേക്കും. ഒരുപക്ഷേ അതാവും കലാമണ്ഡലം ഹരി ആർ നായർക്കു നൽകാവുന്ന ഏറ്റവും വലിയ ആദരവും.







Be the first to write a comment.